സ്ത്രീകളും അന്യ പുരുഷന്മാരും.




ഒരു സ്ത്രീയെ സംബന്ധിച്ച് അന്യ പുരുഷന്‍ ആരൊക്കെയാണ് എന്ന് അറിയല്‍ ദീനിയായ ബാധ്യതയാണ്. അത് പോലെ വിശ്വാസികളായ പുരുഷന്മാരും ഇത് അറിയേണ്ടതുണ്ട്.

ഒരു പെണ്ണിന് അന്യ പുരുഷര്‍ അല്ലാത്തവരായി വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത് താഴെ പറയുന്ന വിഭാഗത്തില്‍ പെടുന്നവരെയാണ് . ഇവരില്‍ പെടാത്ത എല്ലാവരും അന്യരാണ്. (അഥവാ വിവാഹ ബന്ധം അനുവദനീയവും ഹിജാബ് നിയമം പാലിക്കല്‍ നിര്‍ബന്ധവുമാണ് എന്നര്‍ത്ഥം.)

1. ഭര്‍ത്താവ്.

2. പിതാക്കള്‍ (തന്റെയും ഭര്‍ത്താവിന്റെയും പിതാക്കള്‍, തന്റെയും ഭര്‍ത്താവിന്റെയും ഉപ്പയുടെയോ ഉമ്മയുടെയോ പിതാക്കള്‍, അവരുടെ പിതാക്കള്‍. അങ്ങനെ മുകളിലോട്ട് ഉള്ളവര്‍ മുഴുവന്‍..)

3. മക്കള്‍ (സ്വന്തം മക്കള്‍, ഭര്‍ത്താവിന്റെ മറ്റു ഭാര്യമാരിലെ മക്കള്‍, പേരമക്കള്‍, അങ്ങനെ താഴോടുള്ള മുഴുവന്‍ പേരും, മക്കളുടെ ഭര്‍ത്താക്കന്മാര്‍, പേരമക്കളുടെ ഭര്‍ത്താക്കന്മാര്‍,)

4.സ്വന്തം സഹോദരന്മാര്‍ (ഒരേ ഉമ്മയുടെയും ഉപ്പയുടെയും മക്കള്‍, ഉപ്പയുടെ മറ്റു ഭാര്യമാരിലെ മക്കള്‍, ഉമ്മയുടെ മറ്റു ഭര്‍ത്താവിന്റെ മക്കള്‍) (ഭര്‍ത്താവ് മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ മറ്റു വിവാഹം പെണ്ണിന് ചെയ്യാമല്ലോ, അതിലൂടെ ഉണ്ടാകുന്ന മക്കള്‍ എന്നാണു ഉദ്ദേശം. )

5.സ്വന്തം സഹോദരീ സഹോദരന്മാരുടെ മക്കള്‍ (മുകളില്‍ പറഞ്ഞ രൂപത്തിലുള്ള സഹോദരീ സഹോദരന്മാരുടെ മക്കള്‍, അവരുടെ പേരമക്കള്‍, അങ്ങനെ താഴോടുള്ള മുഴുവന്‍ പേരും)

6.ഉമ്മയുടെയും ഉപ്പയുടെയും സഹോദരന്മാര്‍ (അത് പോലെ ഉപ്പപ്പമാരുടെയും ഉമ്മാമമാരുടെയും സഹോദരങ്ങള്‍.)

7.മുല കുടി ബന്ധത്തിലൂടെ അടുത്തവര്‍ (രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടി മറ്റൊരു ഉമ്മയുടെ മുല അഞ്ചോ അധികമോ തവണ കുടിച്ചാല്‍ ആ ഉമ്മയും അവരുടെ മക്കളും മക്കളുടെ മക്കളും തുടങ്ങി താഴോട്ട് ഉള്ളവരും, ആ ഉമ്മയുടെ സഹോദരങ്ങളും, ആ ഉമ്മയുടെ മാതാപിതാക്കളും, അവരുടെ മാതാപിതാക്കളും തുടങ്ങി മുകളിലോട്ട് ഉള്ളവരും, ആ ഉമ്മയുടെ ഭര്‍ത്താവും, ഭര്‍ത്താവിന്റെ സഹോദരങ്ങളും, അവരുടെ മാതാപിതാക്കളും ഒക്കെ വിവാഹം നിഷിധമായവരില്‍ പെട്ടൂ. മുല കുടിച്ച കുട്ടിക്ക് മാത്രം ബാധകമായതാണ് ഈ നിയമങ്ങള്‍.)

അത് പോലെ സ്ത്രീകളോടുള്ള വികാരങ്ങള്‍ നീങ്ങിയ പടു വൃദ്ധരേയും സ്ത്രീകളുടെ ഔറത്തുകള്‍ അറിയാത്ത,ലൈഗീക വികാരങ്ങള്‍ വന്നിട്ടില്ലാത്ത കുട്ടികളെയും മുകളില്‍ പറഞ്ഞവരെ പോലെയാണ് ഖുര്‍ആന്‍ പരിഗണിച്ചത്. (അവരുടെ മുന്ബിലും പൂര്‍ണമായ ഹിജാബ് ആവശ്യമില്ല എന്നര്‍ത്ഥം )
പൊതുവേ ഉള്ള വിവരണം ആണ് മുകളില്‍ ഉള്ളത്, ഇതിലും വിശദമായി വിവരിക്കേണ്ട അവസ്ഥകള്‍ ഉണ്ടായേക്കാം.
(വിശദമായ തെളിവുകള്‍ക്ക് സൂറത്ത് നൂര്‍ :31 ആയത്തും അതിന്റെ തഫ്സീരുകളും നോക്കുക.)

ഇവിടെ ശ്രദ്ധിക്കേണ്ടത് പൂര്‍ണമായ ഹിജാബ് ധരിക്കല്‍ നിര്‍ബന്ധമായ എന്നാല്‍ അടുത്ത ബന്ധുത്വമോ ഒന്നിച്ചു വളര്‍ന്നതോ കാരണം അന്യരല്ലെന്നു നാം കരുതുന്ന ചിലരുണ്ട്.

1.ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരീ സഹോദരന്മാരുടെ മക്കള്‍:
(ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരീ സഹോദരന്മാര്‍ക്ക് നമ്മുടെ ഉപ്പയുടെയും ഉമ്മയുടെയും സ്ഥാനം തന്നെയാണ്, എന്നാല്‍ അവരുടെ മക്കള്‍ നമുക്ക് അന്യരാണ്, അഥവാ വിവാഹം ചെയ്യല്‍ അനുവദനീയം ആണ്. വിശുദ്ധ ഖുര്‍ആന്‍ 33:50 ഇല്‍ നേരിട്ട് പറഞ്ഞതാണ് ഇത്. )

2. ഉമ്മന്റെയോ ഉപ്പാന്റെയോ സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍. (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ സഹോദരന്റെയോ സഹോദരിയുടെയോ മകളെ വിവാഹം ചെയ്യാം. )

3. സ്വന്തം സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ സഹോദരിമാരെ വിവാഹം ചെയ്യാം.)

4. പുരുഷന് സഹോദരന്മാരുടെ ഭാര്യമാര്‍

4. ഭര്‍ത്താവിന്റെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരന്മാര്‍

5.പുരുഷന് ഭാര്യയുടെ ഉമ്മയുടെയോ ഉപ്പയുടെയോ സഹോദരിമാര്‍. (തങ്ങളുടെ ഭാര്യ മരിക്കുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അയാള്‍ക് ആ ഭാര്യയുടെ ഉമ്മന്റെയോ ഉപ്പായുടെയോ സഹോദരിമാരെ വിവാഹം ചെയ്യാം. )

6. ഭര്‍ത്താവിന്റെ സഹോദരീ സഹോദരന്മാരുടെ മക്കള്‍
(ഒരു പെണ്ണിന് തന്റെ ഭര്‍ത്താവിന്റെ മക്കളോ, ഭര്‍ത്താവിന്റെ പിതാവോ ഉപ്പാപ്പമാരോ അല്ലാത്ത മുഴുവന്‍ പേരും അന്യരാണ്, റസൂല്‍(സ) കൂടുതല്‍ താക്കീത് ചെയ്ത വിഷയവുമാണ്‌ ഭര്‍ത്താവിന്റെ അടുത്ത ബന്ധുക്കളെ കുറിച്ച്. അവര്‍ മരണമാണ് എന്നാണു റസൂല്‍(സ) വിശേഷിപ്പിച്ചത്. (ബുഖാരി 4934,മുസ്ലിം 2172)
ഇതിലുമപ്പുറം വരെ അന്യരല്ലെന്നു കരുതുന്നവര്‍ വരെ ധാരാളം ഉണ്ട്.

ചുരുക്കി പറഞ്ഞാല്‍ ഖുര്‍ആനോ സുന്നതോ അന്യരല്ലെന്നു പഠിപ്പിക്കുന്ന ആളുകള്‍ ഒഴികെ ബാക്കിയുള്ള മുഴുവന്‍ പേരും അന്യരാണ്. കാരണം വിശുദ്ധ ഖുര്‍ആന്‍ ഈ വിഷയം പറഞ്ഞതിന് ശേഷം പറഞ്ഞത്
"അതിന്നപ്പുറമുള്ള സ്ത്രീകളുമായി നിങ്ങളുടെ ധനം (മഹ്‌റായി) നല്‍കിക്കൊണ്ട് നിങ്ങള്‍ (വിവാഹബന്ധം) തേടുന്നത് നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു."എന്നാണു.
ഇത്തരത്തില്‍ അന്യര്‍ ആയവരുടെ കൂടെ തുടക്കത്തില്‍ പറഞ്ഞ മഹ്'റമായ ആളുകള്‍ ഇല്ലാതെ യാത്ര ചെയ്യരുത്, അവരെ സ്പര്‍ശിക്കരുത്, അവരോടു കൂടെ ഒറ്റക്ക് ആകരുത്, ഔറത്തുകള്‍ പൂര്‍ണമായും മറക്കണം തുടങ്ങിയവ അല്ലാഹുവിനെ ഭയപ്പെടുന്ന ഓരോ സ്ത്രീയും പുരുഷനും ചെയ്യേണ്ടതാണ്.

കുടുംബ ബന്ധം പുലര്‍ത്തല്‍ നിര്‍ബന്ധമായവര്‍ ആണ് നാം, എന്നാല്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ കാറ്റില്‍ പറത്തുവാന്‍ നമുക്ക് അവകാശമില്ല. അതിനാല്‍ ഇത്തരം നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ട് ബന്ധുക്കളോട് ഏറ്റവും നല്ല നിലയില്‍ പെരുമാറുവാനും നീതി പാലിക്കാനും നാം ബാധ്യസ്ഥരാണ്. അവരുടെ പ്രയാസങ്ങള്‍ അറിഞ്ഞു കൊണ്ട് സഹായിക്കുകയും വേണം, അങ്ങനെ ചെയ്യുമ്പോള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നതിന്റെ മഹത്തായ പ്രതിഫലം ലഭിക്കുകയും ചെയ്യും.
തീര്‍ച്ചയായും ഉള്ബോധനങ്ങള്‍ ഉപകാരപ്പെടുക അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ക്ക്‌ മാത്രമാണ്.
അള്ളാഹു അനുഗ്രഹിക്കട്ടെ..

എഴുതിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം .

അവലംബം : ഷെയ്ഖ്‌ ഇബ്നു ബാസിന്റെ ഫത്വകള്‍ ,തഫ്സീര്‍ ഇബ്നു കസീര്‍, തഫ്സീര്‍ സ’ദി, അമാനി മൌലവിയുടെ ഖുര്‍ആന്‍ വ്യക്യാനം.

No comments:

Post a Comment