الحمدُ لله ربِّ العالمين، والصلاةُ والسلامُ على مَنْ أرسله اللهُ رحمةً للعالمين، وعلى آله وصَحْبِهِ وإخوانِه إلى يوم الدِّين، أمّا بعد
ഉമ്രയുടെ കര്‍മങ്ങള്‍ നാലെണ്ണം ആണ്.
1. ഇഹ്രാമില്‍ പ്രവേശിക്കുക.
2. തവാഫ്.
3. സ'ഇയ്യ്.
4. മുടി കളയുകയോ വെട്ടുകയോ ചെയ്യല്‍.
പ്രസ്തുത കാര്യങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാകുന്നതിനായി ക്രമത്തില്‍ കൊടുത്തിരിക്കുന്നു.
1. ഇഹ്രാമില്‍ പ്രവേശിക്കുവാനായി മീഖാതില്‍ വെച്ച് ഇഹ്രാമിന് വേണ്ടി കുളിക്കുക, ശേഷം മുഖത്തും തലയിലുമൊക്കെ സുഗന്ധം പൂശുക (ഇപ്രകാരം റസൂല്‍ﷺ ചെയ്തിട്ടുണ്ട്.)
എന്നാല്‍ അല്പം പോലും വസ്ത്രത്തില്‍ പൂശരുത്, ഇഹ്രമില്‍ പ്രവേശിച്ചാല്‍ ഒട്ടും സുഗന്ധം ഉപയോഗിക്കരുത്. അതിനു മുന്‍പ് ഉപയോഗിച്ചതിന്റെ വാസന ശേഷിച്ചാല്‍ കുഴപ്പമില്ല. ശേഷം ഇഹ്രമിന്റെ വസ്ത്രം ധരിക്കുക.
(വിമാനങ്ങളില്‍ പോകുന്നവര്‍ക്കും മറ്റും ആദ്യമേ കുളിക്കുകയും ഇഹ്രാമിന്റെ വേഷം ധരിക്കുകയും ചെയ്യാം, ഇഹ്രാമിന്റെ കുളി സുന്നത്താണ്, വലിയ അശുദ്ധിയുള്ള സ്ത്രീകളോടും റസൂല്‍(ﷺ )കുളിക്കാന്‍ പറഞ്ഞതായി കാണാം.)
2. ഇഹ്രാമിന്റെ വസ്ത്രം : പുരുഷന്മാര്‍ക്ക് അവയവങ്ങളുടെ അളവനുവനുസരിച്ചു ചേര്‍ത് തുന്നിയിട്ടില്ലാത്ത തരത്തിലുള്ള രണ്ടു വെള്ള തുണി, ഒന്ന് ഉടുക്കാനും മറ്റൊന്ന് പുതക്കാനും. ചെരുപ്പും ധരിക്കുക. ഷോക്സും ഷൂവും ധരിക്കരുത്.
സ്ത്രീകള്‍ക്ക് സാധാരണ ഇസ്ലാമിക വേഷം, എന്നാല്‍ നിഖാബ് കൊണ്ടോ ടവല്‍ പോലെയുള്ളവ മുഖത്ത് കെട്ടിയോ മുഖം മറക്കരുത്, മുഖമക്കന പോലെയുള്ളവ തലയില്‍ നിന്നും മുഖത്തേക്ക് താഴ്ത്തി കൊണ്ട് മറക്കാം. അത് പോലെ അവള്‍ കയ്യുറ ധരിക്കാന്‍ പാടില്ല.(ഷോക്സും ഷൂവും ധരിക്കാം.)
3. ഇഹ്രാമില്‍ പ്രവേശിച്ചാല്‍ നിഷിധമാകുന്ന കാര്യങ്ങൾ.
1. നഖം, മുടി തുടങ്ങിയവ നീക്കം ചെയ്യല്‍. (അറിയാതെ പറിഞ്ഞു പോകുന്നതോ, നഖം പൊട്ടിയാല്‍ അതിനെ എടുക്കന്നതോ തെറ്റല്ല).
2. സുഗന്ധം ഉപയോഗിക്കല്‍.
3. പുരുഷന്‍ തലപ്പാവ്, തോപ്പി തുടങ്ങിയവ കൊണ്ട് തല മറക്കല്‍.
4. ഭാര്യ ഭര്‍തൃ ലൈംഗീക ബന്ധങ്ങള്‍ (വികാരത്തോടെയുള്ള ഒന്നും തന്നെ പരസ്പരം ചെയ്യരുത്,അത്തരത്തിലുള്ള സംസാരം പോലും).
5. വിവാഹം ചെയ്യല്‍ വിവാഹാലോചന നടത്തല്‍. (ഇഹ്റാമിൽ നികാഹ് ചെയ്താല് അത് ശരിയാകുകയില്ല.)
6. വേട്ട നടത്തല്‍.
7. പുരുഷന് അവയവങ്ങൾക്ക് അനുസരിച്ച് തുന്നിയ വസ്ത്രം ധരിക്കൽ.
8. സ്ത്രീകൾക്ക് കയ്യുറ, നിഖാബ് തുടങ്ങിയവ ധരിക്കൽ.
4. ഇഹ്രാമില്‍ പ്രവേശിക്കാനായി മീകാതില്‍ വെച്ച് ഇഹ്രം വസ്ത്രം ധരിച്ചതിന് ശേഷം ഉമ്ര ചെയ്യുക എന്ന നിയ്യത്തോടെ ഖിബ്ലക്ക് നേരെ നില്‍ക്കുക,
لبيك عمرة , അല്ലെങ്കില്‍ اللهم لبيك عمرة എന്ന് പറയുക.
5. പിന്നീട് തല്ബിയ്യത് ചൊല്ലുക
لَبَّيْكَ اللَّهُمَّ لَبَّيْكَ لَبَّيْكَ، لَا شَرِيكَ لَكَ لَبَّيْكَ، إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ لَا شَرِيكَ لَكَ
(അല്ലാഹുവെ നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു, നിനക്ക് ഒരു പങ്കുകാരനുമില്ല, നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു.. എല്ലാ സ്തുതിയും അനുഗ്രഹവും ആധിപത്യവും നിനക്കാകുന്നു, നിനക്ക് ഒരു പങ്കുകാരനുമില്ല).
6. തല്ബിയ്യത്തില്‍ ചില വര്‍ധനവ് സ്വഹാബികളെ തൊട്ട് സ്വഹീഹായി വന്നിട്ടുണ്ട്. (ഉദാ :
لبيك وسعديك والخير بين يديك والرغباء إليك والعمل)
അതിനാല്‍ അത് അനുവദനീയമാണ്. (മുസ്ലിം : 1184)
7. തല്ബിയ്യത് ചൊല്ലുമ്പോള്‍ ശബ്ദം ഉയര്‍ത്തുക. ജിബ്രീല്‍ എന്റെയടുത്ത് വരികയും എന്റെ കൂടെയുള്ളവരോട് തല്ബിയ്യത് കൊണ്ട് ശബ്ദം ഉയര്‍ത്താന്‍ കല്‍പ്പിക്കാന്‍ എന്നോട് കല്‍പ്പിച്ചു എന്ന് റസൂല്‍ ﷺ പറഞ്ഞിട്ടുണ്ട്. (സുനനുകളില്‍ ഉദ്ധരിച്ചത്, ഷെയ്ഖ് അല്‍ബാനിയുടെ സ്വഹീഹു അബുദാവൂദ് 1952.)
തല്ബിയ്യത് തവാഫ് ആരംഭിക്കും വരെ ആവര്‍ത്തിച്ചു കൊണ്ടിരിക്കുക.
8. സാധിക്കുന്നവര്‍ക്ക് മക്ക പ്രവേശനത്തിനായി കുളിക്കല്‍ സുന്നത്താണ്.
9. മസ്ജിദുല്‍ ഹറമില്‍ എത്തിയാല്‍ വലതു കാല്‍ വെച്ച് കയറുക.
اللهم صل على محمد وسلم ,اللهم افتح لي أبواب رحمتك
തുടങ്ങി സാധാരണ പള്ളിയില്‍ പ്രവേശിക്കുമ്പോള്‍ ചൊല്ലുന്ന ദിക്റുകള്‍ ചൊല്ലുക (ഹറമിന് പ്രതേകം ദിക്റുകള്‍ ഇല്ല )
10. ഹറമില്‍ പ്രവേശിച്ചു നേരെ ഉമ്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നുവെങ്കില് വുദു എടുത്ത ശേഷം തവാഫ് ചെയ്യാന്‍ മതാഫിലേക്ക് പോകുക, അല്ല എങ്കില്‍ തഹിയ്യത് നന്മസ്കരിക്കാം. (തവാഫ് ചെയ്‌താല്‍ അത് തഹിയ്യത് നിസ്കാരത്തിനു പകരമാണ്, അതിനാല്‍ പിന്നീട് വീണ്ടും തഹിയ്യത് നിസ്കാരമില്ല )
11. തവാഫ് തുടങ്ങേണ്ടത് ഹജറുല്‍ അസ്'വദ് ഉള്ള ഭാഗത്ത് നിന്നാണ് . അതിനു നേരെ തിരിഞ്ഞു ബിസ്മി ചൊല്ലി, അല്ലാഹു അക്ബര്‍ എന്ന് പറയുക, ശേഷം സാധിക്കുന്നവര്‍ അതിനെ തൊടുകയും ചുണ്ടുകള്‍ കൊണ്ട് ചുംബിക്കുകയും ചെയ്യുക, അങ്ങനെ പറ്റാത്തവര്‍ അതിനെ തൊടുകയും ആ കൈ ചുംബിക്കുകയും ചെയ്യുക , അതും കഴിയാത്തവര്‍ അതിനെ നേരെ കൈ ഉയര്‍ത്തുക. അപ്പോള്‍ കൈ ചുംബിക്കരുത്.
(ആദ്യം പറഞ്ഞ രണ്ടു കാര്യവും സാധാരണ പറ്റാത്തതാണ്. അത് ചെയ്യാന്‍ വേണ്ടി ശക്തിയുപയോഗിച്ച് തിക്കിത്തിരക്കി പോകുകയും ചെയ്യരുത്..) ഇപ്രകാരം ഏഴു ചുറ്റലിലും ആവര്‍ത്തിക്കുക.
12. പുരുഷന്മാര്‍ തവാഫിനു വേണ്ടി വലതു കക്ഷം വെളിവാക്കുകയും ഇടതു ചുമല്‍ മൂടുകയും ചെയ്യുന്ന രൂപത്തില്‍ തുണി പുതയ്ക്കുന്നത് സുന്നത്താണ് (ഇദ്’തിബാ’ എന്നാണു ഇതിനു പറയുക). തവാഫില്‍ മാത്രമേ ഇങ്ങനെ ചെയ്യേണ്ടതുള്ളൂ, മറ്റു സമയങ്ങളില്‍ അങ്ങനെ വെളിവാക്കുന്നത് നല്ലതല്ല.
13. ക'ബയെ ഇടതു വശം ആക്കി ചുറ്റല്‍ ആരംഭിക്കുക , ഹജറുല്‍ അസ്'വദില്‍ തുടങ്ങി വീണ്ടും അവിടെ എത്തുന്നതാണ് ഒരു തവണത്തെ ചുറ്റല്‍, ഇങ്ങനെ ഏഴു തവണ ചെയ്യുക.
14. ആദ്യത്തെ മൂന്നു ചുറ്റലില്‍ പുരുഷന്മാര്‍ റമല്‍ നടത്തം (അഥവാ ചുവടുകള്‍ അടുപ്പിച്ചു വെച്ച് വേഗത്തില്‍ പോകുക) സുന്നത്താണ്. (സ്ത്രീകള്‍ ഇങ്ങനെ ചെയ്യരുത് എന്ന കാര്യത്തില്‍ ഇജ്മാ ഉണ്ട് )
15. ഓരോ തവണ ചുറ്റുമ്പോഴും റുക്നുല്‍ യമാനിയുടെ അടുത്ത് എത്തിയാല്‍ (ഹജറുല്‍ അസ്'വദിന്റെ തൊട്ടു മുന്ബുള്ള മൂലയാണ് അത്) അവിടെ തടവല്‍ സുന്നത്താണ്. എന്നാല്‍ ചുംബിക്കരുത് , അതിനു സാധിക്കാതെ വന്നാല്‍ പ്രതേകം കൈ ഉയര്ത്തലോ മറ്റോ ഇല്ല.
16. റുക്നുല്‍ യമാനി മുതല്‍ ഹജറുല്‍ അസ്'വദ് എത്തുന്നത് വരെ
رَبَّنَا، آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ
(ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് ദുൻയാവിൽ നീ നല്ലത് തരണമേ, പരലോകത്തും നല്ലത് നൽകണമേ, ഞങ്ങളെ നരക ശിക്ഷയിൽ നിന്നും രക്ഷിക്കണമേ..)
എന്ന് പ്രാര്‍ത്ഥിക്കുക. ഇതല്ലാതെ തവാഫിനു പ്രത്യേകം പ്രാര്‍ത്ഥനകള്‍ ഇല്ല.
അതിനാല്‍ തവാഫ് ചെയ്യുമ്പോള്‍ അറിയുന്ന രൂപത്തിലുള്ള പ്രാര്‍ത്ഥനകളും ദിക്റുകളും ഖുര്‍ആന്‍ പാരായണവും ചെയ്യുക, പരലോകത്തിന് വേണ്ടിയും ഇഹലോകത്തിനു വേണ്ടിയും , അങ്ങനെ എന്തൊക്കെ ആവശ്യങ്ങളുണ്ടോ അതൊക്കെയും റബ്ബിനോട് ചോദിക്കുക, ധാരാളമായി ദുആ ചെയ്യുക, എന്നാല്‍ ഓരോ ചുറ്റലിനും പ്രത്തേകം ദുആ എന്നൊക്കെ പറഞ്ഞു ഇറങ്ങുന്ന പുസ്തകങ്ങള്‍ അവലംബിക്കരുത്..! അവയൊക്കെയും കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ ആണ്.
അത് പോലെ പ്രാര്‍ത്ഥനകളും ദിക്റുകളും പതുക്കെയാക്കുക, അറിവില്ലാതെ ചിലര്‍ ചെയ്യുന്നത് പോലെ ഉച്ചത്തിലും കൂട്ടമായും ഒരാള്‍ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റു ചൊല്ലുകയും ചെയ്യുന്ന രൂപത്തില്‍ ചൊല്ലരുത്.
17. ഏഴു ചുറ്റല്‍ കഴിഞ്ഞാല്‍ മകാമു ഇബ്രാഹീമിലെക്ക് പോകുക, അവിടെ നിന്ന് { وَاتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلًّى } എന്ന് പറയണം.
18. പിന്നീട് മകാമു ഇബ്രാഹീം തനിക്കും ക'ബക്കും ഇടയില്‍ വരുന്ന രൂപത്തില്‍ നിന്ന് കൊണ്ട് 2 റക'അത് നമസ്കരിക്കുക. ആദ്യ റക്അതില്‍ കാഫിറൂന്‍, രണ്ടാമതെതില്‍ ഇഖ്ലാസ് എന്നിവ ഓതൽ സുന്നത്താണ്.
19. പിന്നീട് സംസം ഉള്ള ഭാഗത്തേക്ക് പോയി അത് കുടിക്കുക, തലയില്‍ ഒഴിക്കുകയും ചെയ്യുക.
20 .ശേഷം വീണ്ടും ഹജറുല്‍ അസ്'വദിന്റെ ഭാഗത്തേക്ക് പോയി തക്ബീര്‍ ചൊല്ലി അതിനെ തടവുക.
21. ശേഷം സഇയു ചെയ്യാന്‍ വേണ്ടി സഫയിലെക്ക് പോകുക. (ഇന്ന് സഫായും മര്‍വയും പള്ളിയുടെ ഉള്ളില്‍ തന്നെയാണ് )
22. സഫയിലെക്ക് എത്തുമ്പോള്‍
إِنَّ الصَّفَا وَالْمَرْوَةَ مِن شَعَائِرِ اللَّـهِ ۖ فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا ۚ وَمَن تَطَوَّعَ خَيْرًا فَإِنَّ اللَّـهَ شَاكِرٌ عَلِيمٌ
എന്ന ആയതു ഒതുക, ശേഷം
أَبْدَأُ بِمَا بَدَأَ اللَّهُ بِهِ
(അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാനും ആരംഭിക്കുന്നു)
എന്ന് പറയുക. .
ഇവ രണ്ടും ആദ്യ തവണ മാത്രമാണ്. പിന്നീടു ആവര്‍ത്തിക്കരുത്.
23. പിന്നീട് ക'ബ കാണും വരെ സഫയിലെക്ക് കയറുക, ശേഷം ക'ബക്ക് നേരെ തിരിഞ്ഞു കൈകള്‍ ഉയര്‍ത്തുക ശേഷം
اللهُ أَكْبَرُ، اللهُ أَكْبَرُ، اللهُ أَكْبَرُ، لاَ إِلَهَ إِلاَّ اللهُ، وَحْدَهُ لاَ شَرِيكَ لَهُ، لَهُ المُلْكُ وَلَهُ الحَمْدُ، يُحْيِي وَيُمِيتُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، لاَ إِلَهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الأَحْزَابَ وَحْدَهُ
(അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരം അവനാണ്. എല്ലാ സ്തുതിയും നന്ദിയും അവനാണ്. അവന്‍ (അല്ലാഹു) സര്‍വ്വകാര്യത്തിനും കഴിവുള്ളവനാണ്. യാഥാര്‍ത്ഥത്തില്‍ അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല. അവന്‍ (അല്ലാഹു) ഏകനാണ്. അവന്‍ തന്റെ വാഗ്ദാനം പാലിച്ചു. അവന്‍ തന്റെ അടിമയെ സഹായിച്ചു. ശത്രു സേനകളെ അവന്‍ ഒറ്റക്ക് പരാജയപ്പെടുത്തി.)
എന്ന് മൂന്നു തവണ പറയുക, ഓരോ തവണയുടെ ഇടയിലും ധാരാളമായി ദുആ ചെയ്യുക.
24. പിന്നീട് മര്‍വയിലെക്ക് പോകുക, വഴിയില്‍ പച്ച ലൈറ്റ് കാണുന്ന സ്ഥലം മുതല്‍ അത് അവസാനിക്കുന്ന സ്ഥലം വരെ ശക്തിയോടെ നടക്കുക. (സ്ത്രീകള്‍ ഇങ്ങനെ ചെയ്യരുത് എന്ന കാര്യത്തില്‍ ഇജ്മാ ഉണ്ട് ).
25. ശേഷം മര്‍വയിലെക്ക് കയറുക, സഫായില്‍ ചെയ്തത് പോലെ തന്നെ കിബ്ലയ്ക്ക് നേരെ തിരിയുകയും മൂന്നു തവണ മുകളില്‍ പറഞ്ഞ ദിക്രും അതിനിടയില്‍ പ്രാര്‍ത്ഥനകളും നടത്തുക. ഇതോടെ ഒരു തവണ സ'യ് ആയി. (സഫായില്‍ നിന്ന് മര്‍വയിലെതിയാല്‍ ഒന്ന്, വീണ്ടും സഫയിലെതിയാല്‍ രണ്ടു, അങ്ങനെ ആണ് ഏഴുതവണ, അപ്പോള്‍ എഴാമാത്തെത് അവസാനിക്കുന്നത് മര്‍വയില്‍ വെച്ചാണ്)
26. സ'ഇയിന്റെ ഇടയിലും പ്രാര്‍ത്ഥനകളും ദിക്റുകളും വര്‍ധിപ്പിക്കുക.
27. പിന്നീട് പുരുഷന്മാര്‍ തല മുണ്ഡനം ചെയ്യുകയോ(മൊട്ടയടിക്കുക) ചെറുതാക്കുകയോ ചെയ്യുക. (തല മുണ്ഡനം ചെയ്യലാണ് ഏറ്റവും ഉത്തമം.) സ്ത്രീകള്‍ ഒരു വിരല്‍ തുമ്പോളം നീളത്തില്‍ മുടി മുറിക്കുക (എല്ലാ മുടിയും ചേര്‍ത്ത് പിടിച്ചു മുറിക്കാം. )
(താടി വടിക്കരുത്, അത് ഹറാം ആണ്, നിങ്ങള്‍ ചെയ്തത് മഹത്തായ ഇബാദത്ത് ആണ്. അല്ലാഹുവിനു വെറുപ്പുള്ളതു ചെയ്യരുത്.)
28. ഇതോടെ ഉമ്ര കഴിഞ്ഞു. ഇഹ്രാമില്‍ നിന്ന് മോചിതനായി, പിന്നീട് ഇഹ്രാമില്‍ പ്രവേശിച്ചാല്‍ പ്രത്തേകം നിഷിദ്ധമാകുന്ന എല്ലാം (സുഗന്ധം പൂശുക, സാധാരണ വസ്ത്രങ്ങള്‍ ധരിക്കുക, തുടങ്ങിയവ ) ഹലാല്‍ ആയിത്തീരുന്നു.
29. മക്കയില്‍ ഉള്ളപ്പോള്‍ സൗകര്യം കിട്ടുമ്പോഴൊക്കെ തവാഫ് ചെയ്യാം, അത് മഹത്തായ അവിടെ നിന്ന് മാത്രം ചെയ്യാന്‍ കഴിയുന്ന ഒരു സ്വതന്ത്രമായ അമല്‍ കൂടിയാണ്. എന്നാല്‍ സ'ഇയ് എന്നത് ഇങ്ങനെ സ്വതന്ത്രമായ അമല്‍ അല്ല. അത് ഹജ്ജിനോ ഉമ്രക്കോ വേണ്ടി മാത്രമുള്ള ഒന്നാണ്.
30. ശ്രദ്ധിക്കുക ഹറമില്‍ വെച്ച് തന്നെ മുടി മുറിക്കണം എന്ന് നിയമമില്ല. അതിനാല്‍ അന്യരുടെ മുന്പില്‍ വെച്ച് ഒരു കാരണത്താലും സ്ത്രീകള്‍ ഇത് ചെയ്യരുത്. ഹറമില്‍ വെച്ച് ചെയ്യുന്ന ഓരോ തെറ്റും വലിയ തിന്മയാണ് ,അത് പോലെ ചില സ്ത്രീകള്‍ പരസ്യമായി വുദു ചെയ്യുന്നതും പുരുഷന്മാരുടെ കൂടെ നിന്ന് നമസ്കരിക്കുകയും ചെയ്യുന്നുണ്ട്,ഇതൊക്കെ തികച്ചും തെറ്റായ പ്രവര്‍ത്തനങ്ങള്‍ ആണ്.
തയ്യാറാക്കിയത് :ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.
NB: ഷെയ്ഖ് അല്‍ബാനിയുടെ مناسك الحج والعمرة എന്ന ബുക്ക് മലയാളത്തില്‍ അഹ്ലുസ്സുന്ന ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്, കഴിയുന്നവര്‍ അത് ഉപയോഗപ്പെടുത്തുക. മുകളില്‍ പറഞ്ഞ അധിക വിഷയങ്ങളുടെയും തെളിവുകളും മറ്റു വിശദീകരണവും അതില്‍ ലഭിക്കും.ഇന്ഷ അല്ലാഹ്. പ്രസ്തുത ഗ്രന്ഥം കൂടാതെ ഷെയ്ഖ് ഇബ്നു ഉസൈമീന്റെ സിഫത് ഉംറയും , ഷെയ്ഖ് സഈദ് അല്‍ ഖഹ്താനിയുടെ മനാസികു ഹജ്ജു വല്‍ ഉമ്ര , ഷെയ്ഖ് ഇബ്നു ബാസ് , ഷെയ്ഖ് മുഹമ്മദ് അലിയ്യ് ഫര്‍കൂസ് തുടങ്ങിയവരുടെ ഫത്വകളും ആണ് മറ്റു പ്രധാന അവലംബങ്ങള്‍ )
وآخر دعوانا أن الحمد لله ربِّ العالمين، وصلَّى الله على محمَّدٍ وعلى آله وصحبه وإخوانه إلى يوم الدين وسلَّم تسليمًا.