ഫലാഹുദ്ധീന് ബ്ന് അബ്ദുസ്സലാം
മാധ്യമങ്ങളും മറ്റും റിപ്പോര്ട്ട് ചെയ്തത് പോലെ മലയാളികള്ക്കിടയില് സാമൂഹ്യ മാധ്യമങ്ങള് വഴി ഐ എസ് പ്രചരണം നടക്കുന്നു എന്ന തിരിച്ചറിവില് നിന്നാണ് ഇത് എഴുതുന്നത്.
തങ്ങള് മറ്റുള്ള മുസ്ലിമീങ്ങള് പറയുന്നത് പോലെ പിഴച്ച കക്ഷിയായ ഖവാരിജോ മറ്റോ അല്ലെന്നും യഥാര്ത്ഥ ഇസ്ലാമാണ് തങ്ങള് പറയുന്നതെന്നും അതിനാല് തങ്ങളിലേക്ക് നിര്ബന്ധമായും എല്ലാവരും വരണം എന്നുമൊക്കെയാണ് അവര് ഇന്ന് പ്രചരിപ്പിക്കുന്നത്.
ഇതിനു ഉപോല്പകമായി കേരളത്തിലെ ചില മുസ്ലിം സംഘങ്ങള് തങ്ങളുടെ കൂട്ടായ്മയെ എതിര്ക്കുന്നു എന്നത് കൊണ്ടോ തങ്ങളുടെ കൂടെ നില്ക്കുന്നില്ല എന്നത് കൊണ്ടോ മാത്രം മറു വിഭാഗങ്ങളെ ഖവാരിജ് എന്ന് വിശേഷിപ്പിക്കുന്നതു പോലെയുള്ള കേവല ആക്ഷേപമാണ് ലോകത്തിലെ മുസ്ലിം ഉലമാക്കള് ഐ എസിനെ ഖവാരിജ് എന്ന് വിളിക്കുന്നതെന്നും അതില് വസ്തവമില്ല എന്നും അവരുടെ വലയില് പെട്ട് പോയ ആളുകള് കരുതുന്നു.
(കക്ഷിത്വത്തിന്റെ പേരില് വെളിവില്ലാതെ ഇത്തരം പദങ്ങള് ഉപയോഗിക്കുന്നത് വമ്പിച്ച അപരാധമാണ് എന്ന് മാത്രമല്ല യഥാര്ത്ഥത്തില് അതിനര്ഹിക്കുന്നവരെ വളര്ത്തുവാന് മാത്രമാണ് സഹായിക്കുക എന്ന് എല്ലാവരും ഓര്ക്കുക!)
ദീനിയായ വിഷയങ്ങള് സ്വന്തമായ വായനയുടെ അടിസ്ഥാനത്തില് അല്ല കൈകാര്യം ചെയ്യേണ്ടത് എന്നും, അതത് കാലഘട്ടങ്ങളിലെ ഉലമാക്കളിലൂടെയാണ് വിഷയങ്ങള് പഠിക്കേണ്ടത് എന്നുമുള്ള തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്.
ഐ എസ് എന്ന സാധനത്തെ മനസ്സ് കൊണ്ടെങ്കിലും അനുകൂലിക്കുന്ന ആളുകളോട് അവരുടെ ഖവാരിജിയ്യത് വ്യക്തമാക്കുന്നതിന് മുമ്പായി പറയുവാന് ഉള്ള പ്രധാന വിഷയവും ഇതാണ്.
നിങ്ങള് അല്ലാഹുവിനെ ഓര്ത്ത് അവിടെ നിന്നും ഇവിടെ നിന്നും ലഭിക്കുന്ന വിവരങ്ങള് വായിച്ചു അവര് ശരിയാണല്ലോ എന്ന് തീര്പ്പ് കല്പ്പിക്കരുത്,
അള്ളാഹു നമ്മോട് പറഞ്ഞത് കണ്ടില്ലേ..
وَإِذَا جَاءَهُمْ أَمْرٌ مِنَ الأَمْنِ أَوِ الْخَوْفِ أَذَاعُوا بِهِ وَلَوْ رَدُّوهُ إِلَى الرَّسُولِ وَإِلَى أُولِي الأَمْرِ مِنْهُمْ لَعَلِمَهُ الَّذِينَ يَسْتَنْبِطُونَهُ مِنْهُمْ وَلَوْلا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ لاتَّبَعْتُمُ الشَّيْطَانَ إِلا قَلِيلا
"സമാധാനവുമായോ ഭീതിയുമായോ ബന്ധപ്പെട്ട വല്ല വാര്ത്തയും അവര്ക്ക് വന്നുകിട്ടിയാല് അവരത് പ്രചരിപ്പിക്കുകയായി. അവരത് റസൂലിന്റെയും അവരിലെ കാര്യവിവരമുള്ളവരുടെയും തീരുമാനത്തിന് വിട്ടിരുന്നുവെങ്കില് അവരുടെ കൂട്ടത്തില് നിന്ന് നിരീക്ഷിച്ച് മനസ്സിലാക്കാന് കഴിവുള്ളവര് അതിന്റെ യാഥാര്ത്ഥ്യം മനസ്സിലാക്കിക്കൊള്ളുമായിരുന്നു. നിങ്ങളുടെ മേല് അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കില് നിങ്ങളില് അല്പം ചിലരൊഴികെ പിശാചിനെ പിന്പറ്റുമായിരുന്നു."
അതിനാല് ദീനിയായ വിഷയങ്ങള് ആ ദീനിനെ കുറിച്ച് നന്നായി അറിയുന്ന പണ്ഡിതന്മാരിലേക്ക് നാം മടക്കുക.
അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താല് ഇന്ന് ഷെയ്ഖ് സ്വലിഹ് അല് ഫൌസാനെ പോലുള്ള പണ്ഡിതര് ജീവിച്ചിരിപ്പുണ്ട്, അത് പോലെ മസ്ജിദു നബവിയിലെ ദീര്ഘ കാലമായി മുദരിസായ പ്രായം ചെന്ന ഷെയ്ഖ് അബ്ദുല് മുഹ്സിന് അല് അബ്ബാദിനെ പോലുള്ളവരും നിലവില് ജീവിച്ചിരിപ്പുണ്ട്.. അതിനാല് ഇത്തരം വിഷയങ്ങളില് അഹ്ലുസ്സുന്നയുടെ ഉലമാക്കളിലെക്ക് മടങ്ങുക. കാരണം നമ്മുടെ പൂര്വീകരുടെ രീതി ഇതായിരുന്നു..എന്നാല് എല്ലാ കാലത്തും ഖവാരിജുകള് ഇതിനെതിരുമായിരുന്നു...!
ഐ എസും, സിറിയ,ഇറാഖ്, നൈജീരിയ, തുടങ്ങിയ രാജ്യങ്ങളില് സമാനമായി പ്രവര്ത്തിക്കുന്ന മറ്റു സംഘങ്ങളും ഇസ്ലാമിക വിരുദ്ധമായ പ്രവര്ത്തനങ്ങള് ആണ് ചെയ്യുന്നതെന്നും അവര് ഖവാരിജാണ് എന്നും അവരുടെ ഉത്ഭവ സമയം മുതല് ഉന്നതരായ പണ്ഡിതന്മാര് വ്യക്തമാക്കിയിരുന്നു.
ഇവരുടെ ആശയങ്ങളില് ശരികളില്ലേ എന്ന് സംശയിക്കുന്ന, അല്ലെങ്കില് അതില് ശരികള് ഉണ്ടെന്നു കരുതുന്ന ആരെങ്കിലും ഇത് വായിക്കുന്നെങ്കില് അവരോടു അല്ലാഹുവിന്റെ പേരില് പറയുവാനുള്ളത് മുന്ധാരണകള് മാറ്റി വെച്ച് മറുപടികള് ആലോചിക്കാതെ നിഷകളങ്ക മനസ്സോടെ സത്യം അന്ഗീകരിക്കണം എന്ന ആഗ്രഹത്തോടെ ഇത് മുഴുവന് വായിക്കണം എന്നാണ്.
അള്ളാഹു സഹായിക്കട്ടെ. ആമീന്.
ക്ഷമയോട് കൂടി ഇനിയങ്ങോട്ട് വായിക്കണം എന്ന് അഭ്യര്ത്ഥിക്കുന്നു, എന്ത് കൊണ്ട് ഇവയൊക്കെ പറയുന്നു എന്നത് മുഴുവന് വായിക്കുമ്പോഴേക്കും മനസ്സിലാകും, ഇന്ഷാ അല്ലാഹ്..അതിനാല് ക്ഷമയോടെയുള്ള സമീപനം ആവശ്യപ്പെടുന്നു....
ആരാണ് ഖവാരിജ്. ഒരല്പം ചരിത്രം.
അല്ലാഹുവിറെ റസൂല്(صلى الله عليه وسلم) ഖവരിജുകളെ കുറിച്ച് വിശദീകരിച്ചത് പോലെ മറ്റൊരു പിഴച്ച കക്ഷിയെ കുറിച്ചും വിവരിച്ചിട്ടില്ല എന്നും, അവരെ ഉന്മൂലനം ചെയ്യാന് പറഞ്ഞത് പോലെ മറ്റാരെക്കുറിച്ചും പറഞ്ഞിട്ടില്ല എന്നും പണ്ഡിതന്മാര് പറഞ്ഞത് കാണാം.
മുസ്ലിമീങ്ങള്ക്കിടയില് ആദ്യമായി ഭിന്നത ഉണ്ടാക്കിക്കൊണ്ട് രംഗത്ത് വന്ന അവരുടെ പ്രവര്ത്തനങ്ങളും വാദങ്ങളും സലഫുകള് കൃത്യമായി വിവരിച്ചിട്ടുണ്ട്.
അനീതിക്കെതിരെ ശബ്ദിക്കുന്ന സത്യം വിളിച്ചു പറയുന്ന ആളുകള് ആയാണ് അവര് സ്വയം കരുതിയതും പ്രഖ്യാപിച്ചതും.
ഈ ചോദ്യം ചെയ്യലിന്റെ തുടക്കം ലോകത്തിന്റെ പ്രവാചകനും നീതിയുടെ വാഹകനും, സത്യസന്ധതയുടെ പര്യായവുമായ, ആകാശത്തുള്ളവന് ദൌത്യം ഏല്പ്പിച്ച സാക്ഷാല് മുഹമ്മദ് നബി (صلى الله عليه وسلم) യെ തന്നെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു...!!!!
അല്ലാഹുവിന്റെ റസൂല് (صلى الله عليه وسلم) ഗനീമത് സ്വത്ത് ഭാഗം വെക്കുന്ന സമയത്ത് തുറിച്ചു നില്ക്കുന്ന കണ്ണും ഇടതൂര്ന്ന താടിയും വിശാലമായ നെറ്റിയും മുണ്ഡനം ചെയ്യപ്പെട്ട തലയുമുള്ള ഒരു വ്യക്തി എഴുന്നേറ്റ് നിന്ന് കൊണ്ട് പറഞ്ഞു “അല്ലാഹുവിന്റെ റസൂലേ , നിങ്ങള് നീതി പാലിക്കുക” എന്ന്...! “നിനക്ക് നാശം, ഞാന് നീതി കാണിച്ചില്ലെങ്കില് പിന്നെയാരാണ് നീതി കാണിക്കുക” എന്ന് റസൂല് (صلى الله عليه وسلم) തിരിച്ചു പറഞ്ഞു. അയാളെ കൊല്ലട്ടെ എന്ന് സ്വഹബതിന്റെ ചോദ്യതിനു വേണ്ട എന്ന് പറഞ്ഞ തിരുദൂതര് അയാളില് നിന്നും പില്കാലത്ത് വരുന്ന ആ ദുഷിച്ച സമൂഹത്തെ കുറിച്ച് അവര്ക്ക് വിവരിച്ചു കൊടുത്തു. അതാണ് ഖവാരിജ് ..ഇസ്ലാമിക ലോകം കണ്ട ഏറ്റവും മോശമായ ജനത..!
അവര് എല്ലാ കാലത്തും മുസ്ലിമീങ്ങളുടെ ഭരണാധികാരിയെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു രംഗപ്രവേശനം ചെയ്തിരുന്നത്.
ഉസ്മാന്(റ) വിന്റെ ഖിലാഫത്ത് കാലത്ത് അദ്ദേഹം സ്വജനപക്ഷപാതം കാണിക്കുന്നു എന്നാരോപിച്ച് കൊണ്ട് ആളുകളെ ഇളക്കിവിടുകയും ആ മഹാനായ സ്വഹാബിവര്യനെതിരെ വിപ്ലവം ഉണ്ടാക്കുകയും ചെയ്തു.. പിന്നീട് അദ്ധേഹത്തിന്റെ വീട് വളയുകയും ഉപരോധിക്കുകയും അവസാനം അതിനകത്തേക്ക് കൂട്ടമായി കയറി മുസ്ഹഫ് കയ്യിലേന്തിയ അദ്ധേഹത്തെ നിരവധി തവണ ആഞ്ഞു വെട്ടി കൊലപ്പെടുത്തുകയും ചെയ്തു....സ്വര്ഗം കൊണ്ട് സന്തോഷവാര്ത്ത അറിയിക്കപ്പെട്ട, രണ്ടു പ്രകാശത്തിന്റെ ഉടമ എന്ന് വിളിക്കപ്പെട്ട, നബി(صلى الله عليه وسلم) കഴിഞ്ഞാല് ഈ ഉമ്മത്തിലെ ഏറ്റവും നല്ല ആളുകളായി മൂന്നു പേരെ സ്വഹാബികള് എണ്ണുകയും നബി(صلى الله عليه وسلم) അത് അന്ഗീകരിക്കുകയും ചെയ്തവരില് പെട്ട മഹാനായ സ്വഹബിയാണ് ഉസ്മാന്(റ). അദ്ധേഹത്തിന്റെ ചോര ചിന്തിയ ആ അക്രമികള് പറഞ്ഞത് ഇന്നത്തെ ദിവസം കണ്ട കാഫിറിന്റെ മുഖത്തേക്കാള് നല്ലത് ഞാന് കണ്ടിട്ടില്ല എന്നാണു..!! സ്വര്ഗം കൊണ്ട് സന്തോഷവാര്ത്ത അറിയിക്കപ്പെട്ട ആ മഹാനായ സ്വഹാബിയെ കുറിച്ച് അവര് പറഞ്ഞത് കാഫിര് എന്നാണു... അതെ, മുസ്ലിമീങ്ങളെ, അവരിലെ ഭരണാധികാരികളെ, കാഫിറാക്കുക എന്നത് അവരുടെ അടയാളത്തില് പെട്ടതാണ്...!!
ശേഷം അധികാരത്തിലേറിയ അലി(റ)വിന്റെ ഭരണകാലത്താണ് പിന്നീട് അവര് വന്നത്.. ഉസ്മാന്(റ)വിന്റെ ഘാതകരെ പിടികൂടുന്ന വിഷയത്തില് വന്ന ഇജ്തിഹാദിയായ അഭിപ്രായഭിന്നത സ്വഹാബികള്ക്കിടയില് ഉണ്ടാവുകയും പ്രശ്നങ്ങള് ഉണ്ടാകുകയും ചെയ്തപ്പോള് തീര്പ്പ് കല്പ്പിക്കാന് അവരിലെ ഇല്മുള്ള പ്രായം ചെന്ന മൂന്ന് പേരെ ചുമതലപ്പെടുത്തി. ആ സന്ദര്ഭത്തില് വിധി കല്പ്പിക്കാന് അധികാരം അല്ലഹുവിനു മാത്രം എന്നും “ആര് , അള്ളാഹു വിധിച്ചത് കൊണ്ടല്ലാതെ വിധിക്കുന്നില്ലയോ അവര് കാഫിരാന്” എന്ന ഖുര്ആനിലെ ആയതു ഉദ്ധരിച്ചു കൊണ്ട് ഖവാരിജുകള് രംഗത്ത് വന്നു. അതിലൂടെ അലി(റ), മുആവിയ (റ) തുടങ്ങിയ ആ സംഭവത്തില് ഉള്പ്പെട്ട മുഴുവന് പേരും കാഫിറായി എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവര് സമൂഹത്തില് വന് ഫിത്ന ഉണ്ടാക്കി. (ശ്രദ്ധിക്കുക, പ്രസ്തുത ആയതിനെ അന്ന് മുതല് ഖവാരിജുകള് ദുര്വ്യക്യാനിച്ചു കൊണ്ട് മുസ്ലിം ഭരണാധികാരികളെ കാഫിറുകള് ആക്കുകയാണ് ചെയ്തത്.)
അത് അവസാനം അലി(റ)വിനെ ഫജര് നമസ്കാര സമയത്ത് ഒളിഞ്ഞിരുന്നു കുത്തി കൊല്ലുന്നതില് വരെയെത്തി...
അതെ ഇസ്ലാമിക ലോകത്ത് രക്തം ചിന്തിക്കൊണ്ട് ഫിത്ന ഉണ്ടാക്കിക്കൊണ്ട് കടന്നു വന്ന പിഴച്ച കക്ഷിയാണ് ഖവാരിജ്, അന്ന് മുതല് ഇന്ന് വരെയുള്ള മുഴുവന് ഭീകരവാദ പ്രസ്ഥാനങ്ങളുടെയും പ്രവര്ത്തനവും ആശയവും പരിശോധിച്ചാല് അതൊക്കെ ചെന്നെത്തുന്നത് ഇതേ ഖവാരിജിയ്യിത്തില് ആണ് എന്ന് മനസ്സിലാകും.
അവരെ കുറിച്ച് നബി(صلى الله عليه وسلم) പറഞ്ഞത്
يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ حَنَاجِرَهُمْ، يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ، يَقْتُلُونَ أَهْلَ الْإِسْلَامِ وَيَدَعُونَ أَهْلَ الْأَوْثَانِ، لَئِنْ أَدْرَكْتُهُمْ لَأَقْتُلَنَّهُمْ قَتْلَ عَادٍ "
അവര് വിശുദ്ധഖുര്ആന് പാരായണം ചെയ്യുന്നവരായിരിക്കും. പക്ഷെ അതവരുടെ തൊണ്ടക്കുഴിയില് നിന്നും (ഹൃദയത്തിലേക്ക്) ഇറങ്ങുകയില്ല. ഇരയില് അമ്പ് തറച്ച് പുറത്ത് പോകുന്നത് പോലെ അവര് ഇസ്ലാമില് നിന്നും പുറത്ത് പോകും. അവര് മുസ്ലിമീങ്ങളെ കൊന്നൊടുക്കുകയും ബിംബാരാധകരെ വെറുതെ വിടുകയും ചെയ്യും. ഞാന് അവരെ കണ്ടുമുട്ടുന്ന പക്ഷം ആദ് സമുദായം കൊല്ലപ്പെട്ട പോലെ ഞാന് അവരെ കൊന്നൊടുക്കും." - [സ്വഹീഹുല് ബുഖാരി: 7432].
നബി(صلى الله عليه وسلم) അവരെ വിശേഷിപ്പിച്ചു : “അവര് നരകത്തിലെ നായകള് എന്ന്” !.( ابن ماجة (173) ، وأحمد (19130))
നബി(صلى الله عليه وسلم) അവരെ വിശേഷിപ്പിച്ചു : മനുഷ്യരിലും മൃഗങ്ങളിലും വെച്ച് ഏറ്റവും നികൃഷ്ടര് ...(مسلم )...!
ഐ എസ് ഐ എസ് ഖവാരിജുകള് ആണ് എന്ന്എന്ത് കൊണ്ട് പറയുന്നു..?
ഖവാരിജുകളുടെ ചില വിശേഷണങ്ങള് മനസ്സിലായാല് തന്നെ ഐ എസും സമാന കക്ഷികളും അവരില് പെട്ടവരാണെന്ന് എളുപ്പത്തില് മനസ്സിലാക്കാം.
1. തക്ഫീര് (മറ്റുള്ളവരെ അന്യായമായി കാഫിറാക്കല്)
ശൈഖുല് ഇസ്ലാം ഇബ്നു തൈമിയ (റ) ഖവാരിജുകളെ കുറിച്ചു പറഞ്ഞു :
وَيُكَفِّرُونَ مَنْ خَالَفَهُمْ فِي بِدْعَتِهِمْ
"അവര് അവരുടെ ബിദ്അതിനോട് എതിര് നിന്നവരെ കാഫിറാക്കും.."
തങ്ങളുടെ പിഴച്ച വാദം അന്ഗീകരിക്കാത്ത ഉസ്മാന്(റ), അലി(റ), മുആവിയ(റ) തുടങ്ങിയ പ്രഗല്ഭരായ സഹാബികളെയടക്കം അധിക സ്വഹാബികളെയും അക്കാലത്ത് അവര് കാഫിര് എന്ന് വിളിച്ചിരുന്നു. തങ്ങളുടെ ചെയ്തിയില് അല്പം പോലും കുറ്റബോധം അവര്ക്ക് തോന്നിയിരുന്നില്ല.
ഐ എസ് , അല് ഖാഇദ തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങളും വിഭാവനം ചെയ്യുന്ന ആശയവും ഇത് തന്നെയാണ്. ഇന്ന് ലോകത്തുള്ള മുസ്ലിം രാജ്യങ്ങള് മുഴുവന് കുഫ്രിന്റെ രാജ്യമാണ് എന്നും തങ്ങള് സ്ഥാപിച്ച ദൌലത്തുല് ഇസ്ലാം മാത്രമാണ് ഇസ്ലാമികം എന്നും അവര് വാദിച്ചു. അവരുടെ ഖലീഫ എന്ന് വിളിക്കപ്പെടുന്ന അബൂബക്കര് ബാഗ്ദാദി മൌസിലില് തന്റെ ഖിലാഫത്ത് പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തില് പറഞ്ഞത് ഇതേ വിഷയമാണ്.
“ഇന്ന് ലോകം നിലകൊള്ളുന്നത് രണ്ടു ചേരിയിലാണ്, മൂന്നാമത് ഒന്ന് ഇല്ല, ഒന്ന് ഇസ്ലാമിന്റെയും ഈമാനിന്റെയും ചേരി, മറ്റൊന്ന് കുഫ്രിന്റെയും നിഫാഖിന്റെയും ചേരി...”
ശേഷം അയാള് വ്യക്തമായി പറയുന്നത് ഇങ്ങനെയാണ്.
“ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉള്ള മുസ്ലിമീങ്ങളെ.., നിങ്ങളില് കഴിവെത്തിയവര് ദൌലതുല് ഇസ്ലാമിലേക്ക് പലായനം നടത്തുക, ഇസ്ലാമിക രാജ്യത്തേക്ക് പലായനം ചെയ്യല് അത് വാജിബാണ്” (റഫറന്സ് കാണുക.)
അഥവാ നിലവില് ഇസ്ലാമിക രാജ്യമായിട്ടുള്ളത് അവരുടേത് മാത്രം, ബാക്കിയൊക്കെ കുഫ്രിന്റെ രാജ്യം..!!
അത് പോലെ മുസ്ലിം ഭരണാധികാരികള് ഇവരുടെ ഭാഷയില് കാഫിറുകള് ആണ്. തങ്ങള് ഖവാരിജ് അല്ല എന്ന് പറഞ്ഞു കൊണ്ട് ഒരു ഐ എസ് കാരന് യൂടുബില് പോസ്റ്റിയ ചെറു ക്ലിപ്പില് അയാള് പറയുന്നത് തങ്ങള് മുസ്ലിമായ ഭരണാധികരിക്കെതിരെ ഖുറൂജ് നടത്തിയിട്ടില്ല എന്നാണു, അഥവാ അവര് ആയുധം കൊണ്ടും നാവു കൊണ്ടും ആക്രമിക്കുന്ന രാജ്യങ്ങളിലെ മുസ്ലിം രാജാക്കന്മാര് അവരുടെ ഭാഷയില് കാഫിര്...!(അയാളുടെ വിവരക്കേടിനു അവസാനം മറുപടി വരുന്നുണ്ട്..ഇന്ഷ അല്ലാഹ്).
ഇത് തന്നെയാണ് ഉസ്മാന്(റ)വിനെതിരെയും അലി(റ)വിനെതിരെയും ഫിത്ന ഉണ്ടാക്കിയ അന്നത്തെ ഖവാരിജും പറഞ്ഞത്. ചരിത്രം ആവര്ത്തിക്കുന്നതാണല്ലോ..!
തീര്ന്നില്ല, ഇവരുടെ ആചാര്യന് അല്അദ്നാനി ലോകത്തുള്ള മുഴുവന് മുസ്ലിം സൈനീകരും ഇസ്ലാമില് നിന്ന് പുറത്തു പോയവരും കാഫിര്കുകളും ആണെന്ന് പ്രക്യപിച്ചിരുന്നു..
“മുസ്ലിംകള് ഉള്ള സ്ഥലങ്ങള് ഭരിക്കുന്ന ഭരണാധികാരികളുടെ കീഴില് ഉള്ള സൈന്യം മൊത്തത്തില് കുഫ്രിന്റെയും മതത്തില് നിന്ന് പുറത്തു പോയവരുടെയും സൈന്യമാകുന്നു. ഇന്ന് ഈ സൈനികരുടെ കുഫ്രും അവര് ദീനില് നിന്ന് പുറത്ത് പോയവരാണെന്നും അവരെ കൊല്ലല് നിരബ്ന്ധവുമാണെന്നും - അതില് മുപന്തിയില് ഈജിപ്തിലെ സൈന്യമാണ്- അഭിപ്രായ വ്യത്യാസം ഉണ്ടാകാന് പാടില്ലാത്ത ദീനിലുള്ള വിഷയമാണ്.” (അതായത് ഇതില് സംശയത്തിനു പോലും അടിസ്ഥാനമില്ലാ എന്നര്ത്ഥം..!) : (ഓഡിയോ റഫറന്സ്)
അതെ ഇവര് മുസ്ലിമീങ്ങളെ കാഫിറുകള് ആക്കുന്നു, ശുദ്ധമായ ഖവാരിജിയ്യതിന്റെ ഭാഗമായി. (അതിനു പറയുന്ന ന്യായത്തിന് മറുപടി ശേഷം പറയുന്നുണ്ട്. ഇന്ഷ അല്ലാഹ്)
2.മുസ്ലിം ഭരണാധികാരികള്ക്ക് എതിരെ വിപ്ലവം നടത്തല്
ഇസ്ലാമിന്റെ അടിസ്ഥാന അഖീദയില് പെട്ടതാണ് ഭരണാധികാരി നീതിമാന് ആണെങ്കിലും അക്രമി ആണെങ്കിലും അദ്ധേഹത്തെ അനുസരിക്കല് നിര്ബന്ധമാണ് എന്നത്. എന്നാല് അവര് തിന്മ ചെയ്യാന് പറഞ്ഞാല് അതില് അനുസരണം ഇല്ലതാനും. ഇത് അല്ലാഹുവും റസൂലും പഠിപ്പിച്ച അടിസ്ഥാന നിയമങ്ങളില് പെട്ടതാണ്.
അള്ളാഹു പറയുന്നു:
يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنْتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا
“വിശ്വസിച്ചവരേ, അല്ലാഹുവെ അനുസരിക്കുക. ദൈവദൂതനെയും നിങ്ങളില്നിന്നുള്ള കൈകാര്യ കര്ത്താക്കളെയും അനുസരിക്കുക. ഏതെങ്കിലും കാര്യത്തില് നിങ്ങള് തമ്മില് തര്ക്കമുണ്ടായാല് അത് അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും മടക്കുക. നിങ്ങള് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരെങ്കില് ഇതാണ് ഏറ്റം നല്ലത്. മെച്ചപ്പെട്ട ഒടുക്കമുണ്ടാവുന്നതും ഇതിനുതന്നെ.”
നബി (صلى الله عليه وسلم) പറഞ്ഞു :
عَنْ أَبِى هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ -صلى الله عليه وسلم- عَلَيْكَ السَّمْعَ وَالطَّاعَةَ فِى عُسْرِكَ وَيُسْرِكَ وَمَنْشَطِكَ وَمَكْرَهِكَ وَأَثَرَةٍ عَلَيْكَ.
അബൂഹുറൈറ (റ) നിവേദനം: റസൂല് (സ) പറഞ്ഞു: " നിന്റെ പ്രയാസത്തിലും എളുപ്പത്തിലും, നിനക്ക് ഉത്സാഹം തോന്നുന്ന കാര്യങ്ങളിലും നിനക്ക് വെറുപ്പുളവാക്കുന്ന കാര്യങ്ങളിലും, നിന്റെ മേല് സ്വാര്ത്ഥത അടിച്ചേല്പിക്കുമ്പോഴും നീ നിന്റെ ഭരണാധികാരിയെ കേള്ക്കുകയും അനുസരിക്കുകയും ചെയ്യുക." - [സ്വഹീഹ് മുസ്ലിം: 4860].
عن أَنَسَ بْنَ مَالِكٍ رَضِيَ اللَّهُ عَنْهُ يَقُولُ: قَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلْأَنْصَارِ: إِنَّكُمْ سَتَلْقَوْنَ بَعْدِي أَثَرَةً فَاصْبِرُوا حَتَّى تَلْقَوْنِي وَمَوْعِدُكُمْ الْحَوْضُ
അനസ് ബ്ന് മാലിക്ക് (റ) പറയുന്നു: നബി (സ) അന്സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള് എനിക്ക് ശേഷം സ്വാര്ത്ഥന്മാരായ ഭരണകര്ത്താക്കളെ കണ്ടുമുട്ടും. എന്നാല് (പരലോകത്ത്) എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങള് ക്ഷമിക്കുക. നിങ്ങള്ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല് ബുഖാരി: 3793, സ്വഹീഹ് മുസ്ലിം: 4885].
عن ابْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ من كره من أميره شيئا فليصبر فإنه من خرج من السلطان شبرا مات ميتة جاهلية
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) പറഞ്ഞു: "തന്റെ ഭരണാധികാരിയില് നിന്നും താന് വെറുക്കുന്ന വല്ലതും കാണാന് ഇടയായാല് അവന് ആ വിഷയത്തില് ക്ഷമിക്കട്ടെ. ആര് സുല്ത്താനില് നിന്ന് ഒരു ചാണ് വേറിട്ട് പോകുന്നുവോ അവന് ജാഹിലിയ്യതിന്റെ മരണം കൈവരിച്ചിരിക്കുന്നു.
ഇങ്ങനെ നിരവധി ഹദീസുകള്.. മുന്കാല ഉലമാക്കള് തന്നെ വിവിധങ്ങളായ അഖീദ ഗ്രന്ഥങ്ങളില് എഴുതി വെച്ചതുമാണ്.
ഇമാം ഇബ്നു ഹജര്(റ) പറയുന്നു:
وقد أجمع الفقهاء على وجوب طاعة السلطان المتغلب، والجهاد معه، وأنّ طاعته خير من الخروج عليه
സുല്ത്താനെ അനുസരിക്കല് വാജിബാണ് എന്നതിലും , അവരോടു ഒന്നിച്ചു ജിഹാദ് ചെയ്യലും, അവര്ക്കെതിരെ തിരിയുന്നതിനേക്കാള് ഖൈര് അവരെ അനുസരിക്കലാകുന്നു എന്നതിലും ഫുഖഹാക്കള് ഏകോപിച്ചിരിക്കുന്നു. (فتح الباري ( 13 / 7 )
ഇമാം ഷൌകാനി പറയുന്നു
ولا يجوز لهم أن يطيعوه في معصية الله ولا يجوز لهم أيضا الخروج عليه ومحاكمته إلى السيف فإن الأحاديث المتواترة قد دلت على ذلك دلالة أوضح من شمس النهار
(ഭരണാധികാരിയെ) അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തില് അനുസരിക്കല് അനുവദനീയമല്ല, അത് പോലെ അവര്ക്കെതിരെ തിരിയലും വാളെടുത്ത് തീര്പ്പ്കല്പ്പിക്കലും (അനുവദീനയമല്ല). മുതവാതിറായ ഹദീസുകള് ഇക്കാര്യത്തിലേക്ക് പകലിലെ സൂര്യനെക്കാള് വ്യക്തമായ രൂപത്തില് വെളിച്ചം വീശിയിട്ടുണ്ട്. (السيل الجرار4/509)
ഇമാം ബുഖാരി, താന് ആയിരത്തിലധികം ഉലമക്കളെ കണ്ടിട്ടുണ്ടെന്നും അവര് എല്ലാവരും ഒരുപോലെ അങ്ങീകരിക്കുന്ന, ഒരാള് പോലും ഭിന്നിക്കാത്ത വിഷയങ്ങള് എന്ന് പറഞ്ഞു കൊണ്ട് വിവരിച്ചപ്പോള് അതിലൊന്ന് ഭരണാധികാരിയെ അനുസരിക്കലും അവരുടെ ജമാഅതിനെ മുറുകെ പിടിക്കലും ആണ്. ( وطاعة ولاة الأمر ، ولزوم جماعتهم )
) شرح الاعتقاد للآلكائي :176،172/1(
ഇതേ വിഷയം നിരവധി സലഫുകളായ ഇമാമീങ്ങള് അവരുടെ കിതാബുകളില് പഠിപ്പിച്ചതാണ്.
കൂടുതല് ഉദ്ധരണികള് ഇവിടെ ലഭിക്കും .
https://www.sahab.net/forums/index.php?app=forums&module=forums&controller=topic&id=126139
എന്നാല് വഞ്ചകരായ ചിലരുടെ മധുരമുള്ള വാക്കുകള് കേട്ട് ചില സഹോദരങ്ങള് കരുതിയത് ഇന്നുള്ള പണ്ഡിതന്മാര് സുല്ത്താനെ അനുസരിക്കണം എന്നും അവര്ക്കെതിരെ തിരിയരുത് എന്നുമൊക്കെ പറയുന്നത് കൊട്ടാര സുഖത്തിനും പണത്തിനും വേണ്ടിയുമാണ് എന്നൊക്കെയാണ്!! അല്ലാഹുവില് അഭയം..
(ഇപ്രകാരം പറഞ്ഞ /പറയുന്ന പണ്ഡിതന്മാരുടെ ജീവചരിത്രം ഒന്ന് മറിച്ചുനോക്കിയാല് മനസ്സിലാകും ഇവര് പറയുന്ന ഈ കൊട്ടാര സുഖം!)..
ഇത് അല്ലാഹുവിന്റെ റസൂലിന്റെ നിയമമാണ്, അഥവാ ഇസ്ലാമിന്റെ നിയമമാണ്.
എല്ലാ കാലത്തുമുള്ള ഖവരിജുകളെയും പോലെ ഐ എസും സമാന്തര കക്ഷികളും ഈ ഹദീസുകളെയും സലഫുകളുടെ ഉദ്ധരണികളെയുമൊക്കെ ധിക്കരിച്ചു കൊണ്ട് മുസ്ലിം രാജ്യങ്ങള്ക്കെതിരെ തിരിയുവാന് യുവാക്കളെ പ്രേരിപ്പിച്ചു, ഭരണാധികാരികളുടെ തെറ്റുകള് പരസ്യമായി പറഞ്ഞു ഊതിവീര്പ്പിച്ചു അവര്ക്കെതിരെ തിരിയാനും അവര്ക്കുള്ള അനുസരണത്തില് നിന്ന് പുറത്ത് പോകാനും അവര് ആഹ്വാനം ചെയ്തു..ജനങ്ങളെ അക്രമിക്കാത്ത ഖലീഫമാര്ക്കെതിരെയും മറ്റു തിന്മകള് കാരണമോ, അല്ലെങ്കില് തങ്ങളുടെ വികല വീക്ഷണത്തില് തിന്മയെന്നു തോന്നിയ, യഥാര്ത്ഥത്തില് തിന്മായല്ലാത്ത ചില വിഷയങ്ങള് കാരണമായി പറഞ്ഞു കൊണ്ടോ ആളുകളെ സംഘടിപ്പിച്ചു, ഇത് തന്നെയാണ് ഉസ്മാന്(റ)വിനും അലി(റ)വിനും എതിരെ അക്കാലത്തെ ഖവാരിജുകള് ചെയ്തതും.
അത് പോലെ മുല്ലപ്പൂ വിപ്ലവം എന്നും പറഞ്ഞു ദുര്ഗന്ധം വമിച്ച ആ അട്ടിമറികളെ കുറിച്ച് ആസ്വാദനം എഴുതിയ മുസ്ലിംകളെ, നിങ്ങള് ഇസ്ലാമിന്റെ അഖീദക്ക് വിരുദ്ധമായ കാര്യത്തെയാണ് അറിഞ്ഞോ അറിയാതെയോ പുകഴ്ത്തിയത് !. നിങ്ങളുടെ അറിവില്ലായ്മ അതീവ ഭീകരമാണ്.
ഇസ്ലാമിക ഭരണാധികാരികളില് തിന്മകള് ഉണ്ടെങ്കില് അവരോടു നസ്വീഹത്തോടെ ഉപദേശിക്കുക, അതിനു കഴിയില്ല എങ്കില് ക്ഷമിച്ചു കൊണ്ട് ജീവിക്കുക, അവര് നന്നാകാന് വേണ്ടി പ്രാര്ത്ഥിക്കുക, ഇതാണ് നബി(സ)പഠിപ്പിച്ച സുന്നത്തില് ഉള്ളതും സലഫുകളുടെ മാര്ഗവും.
3. അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ വിധിക്കുന്നു എന്ന് പറഞ്ഞു മുസ്ലിം രാജ്യങ്ങളെ കുഫ്രിന്റെ രാജ്യമാക്കി.
ഇന്നുള്ള മുസ്ലിം രാജ്യങ്ങള് മുഴുവന് കുഫ്രിന്റെ നാടാണ് എന്നും ഭരണാധികാരികള് കുഫ്രിലുമാണ് എന്ന് പറയുവാന് ഇത്തരക്കാര് പറയുന്ന പ്രധാന വിഷയം അവിടെയൊക്കെ അനിസ്ലാമിക നിയമങ്ങളും ഹറാമുകളും ഉണ്ടെന്നും അത് കൊണ്ട് അവര് കുഫ്രിലാണ് എന്നുമാണ്.
അതിനു അവര് പരിശുദ്ധ ഖുര്ആനിലെ
ومَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللهُ فَأُولئِكَ هُمُ الكافِرون
"ആര് അള്ളാഹു അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നില്ലയോ അവരാകുന്നു നിഷേധികള് "
എന്ന ആയത് തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഇത് ഇവര് ഖവാരിജുകള് തന്നെയാണ് എന്ന് തെളിയിക്കുന്ന ഒന്നാണ് .
കാരണം പ്രസ്തുത ആയതിനെ പൊതുവായ അര്ത്ഥത്തില് മനസ്സിലാക്കി അതിലൂടെ അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ വിധിക്കുന്ന മുഴുവന് ആളുകളെയും കാഫിറുകള് ആക്കിയത് ഖവാരിജുകള് മാത്രമാണ്.
ഇമാം ആജുരി (മരണം ഹിജ്ര 360) റഹിമഹുല്ലാഹ് പറയുന്നു.
ومما يتبع الحرورية من المتشابه قول الله عز وجل )وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ ( ويقرءون معها )ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ( فإذا رأوا الإمام الحاكم يحكم بغير الحق قالوا: قد كفر ، ومن كفر عدل بربه فقد أشرك، فهؤلاء الأئمة مشركون ، فيخرجون فيفعلون ما رأيت ؛ لأنهم يتأولون هذه الآية
ഹറൂറികള് (അഥവാ ഖവാരിജുകള്) പിന്തുടരുന്ന മുതശാബിഹായ ആയത്തില് പെട്ടതാണ് )وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُون
എന്നത്, അവര് അതിന്റെ കൂടെ ثُمَّ الَّذِينَ كَفَرُوا بِرَبِّهِمْ يَعْدِلُونَ
എന്ന ആയതും ഓതും, സത്യമല്ലാത്തതു കൊണ്ട് വിധിക്കുന്ന ഭരണാധികാരിയെ കണ്ടാല് അവര് പറയും “അയാള് കാഫിറായിരിക്കുന്നു, ആര് കാഫിറായിപ്പോയോ അവന് അവന്റെ റബ്ബില് നിന്നും തെറ്റിപ്പോകുകയും ശിര്ക്ക് ചെയ്യുകയും ചെയ്തിരിക്കുന്നു, അപ്പോള് ഈ നേതാക്കന്മാര് മുശ്രിക്കുകളാകുന്നു”. അങ്ങനെ അവര് (ഈ നേതാക്കന്മാര്ക്കെതിരെ) ഇറങ്ങിപുറപ്പെടും, എന്നിട്ട് നിങ്ങള് കണ്ടത് പോലെയുള്ള (നീച)പ്രവര്ത്തനങ്ങള് അവര് ചെയ്യും, കാരണം അവര് ഈ ആയതാണ് ദുര്വ്യാക്യാനിക്കുന്നത്.”
ഖവാരിജുകളുടെ ഈ ദുര്വ്യാഖ്യാനത്തെ കുറിച്ച് പരിശുദ്ധ ഖുര്ആന് വ്യക്യതാക്കളുടെ നേതാവായ മഹാനായ സ്വഹാബി അബ്ദുല്ലാഹ് ഇബ്നു അബ്ബാസ്(റ)പറയുന്നു :
:إنه ليس بالكفر الذي يذهبون إليه، إنه ليس كفرا ينقل عن الملة،كفردون كفر
തീര്ച്ചയായും ഇത് അവര്(ഖവാരിജുകള്)പറയുന്നത് പോലെയുള്ള കുഫ്ര് അല്ല, തീര്ച്ചയായും ഇത് മില്ലതില് നിന്ന് പോകുന്ന കുഫ്രല്ല, കുഫ്ര് അല്ലാത്ത കുഫ്ര് ആണിത്, (അഥവാ ദീനില് നിന്ന് പുറത്ത് പോകാത്ത ചെറിയ കുഫ്ര്)
أخرجه الحاكم ( 2/313،) وقال: "صحيح الإسناد" .ووافقه الذهبي والاباني
ഈ ആയത്തില് പറഞ്ഞ വിധി നിരുപാധികം അല്ല എന്ന് മുസ്ലിം ലോകം ഇജ്മാഒടെ അംഗീകരിച്ച വിഷയവുമാണ്. കാരണം ഇതില് ഭരണകര്തക്കളെ കുറിച്ച് മാത്രമല്ല, ഏത് തരം വിധിക്കുന്ന വ്യക്തിയും പെടും. ദുന്യവിനു വേണ്ടി പലിശ വാങ്ങുന്നവനും ഹറാമുകള് ചെയ്യുന്നവനും ഒക്കെ അല്ലാഹുവിന്റെ വിധിയെ അല്ലല്ലോ പിന്പറ്റുന്നത്.അങ്ങനെയുള്ള ഹറാമുകള് ചെയ്തതിന്റെ പേരില് മാത്രമായി ദീനില് നിന്ന് പുറത്ത് പോകും എന്ന് ഇസ്ലാം പഠിപ്പിച്ചിട്ടില്ല. അഥവാ ഇത് നിരുപാധികം അല്ല എന്നത് വ്യക്തമാണ്. (എന്നാല് ഹറാമുകള് എന്നത് അതീവ ഗുരുതരമായ വിഷയമാണ്.)
ആര് അല്ലാഹുവിന്റെ വിധി കൊണ്ട് വിധിക്കുന്നില്ലയോ അവര് കാഫിറുകള് ആണ് എന്ന ആയതിനെ വിശദീകരണം നല്കി കൊണ്ട് മാത്രമാണ് സലഫുകളും ആധുനികരുമായ ഉലമാക്കള് വിവരിച്ചത് .. അതിന്റെ ചുരുക്കം ഇങ്ങനെയാണ്.
1. ശറഇനു വിരുദ്ധമല്ലാത്ത വിധി ഈ ആയതില് പറഞ്ഞ വിഷയമല്ല, അഥവാ ട്രാഫിക് നിയമങ്ങള് പോലുള്ളവ , പൊതു നന്മക്ക് അത്തരം കാര്യങ്ങള് ഉണ്ടാക്കുക അനുവദനീയം ആണ്,
2. ഒരാള് താന് നിര്മിച്ച ശറഇനു വിരുദ്ധമായ വിധിയാണ് ഇസ്ലാമിക ശരീഅതിനെക്കാള് ഉത്തമം എന്ന് വാദിച്ചാല് അത് വലിയ കുഫ്രാണ്.
3.ഒരാള് താന് നിര്മിച്ച ശറഇനു വിരുദ്ധമായ നിയമവും ഇസ്ലാമിക ശരീഅത്തും ഒരു പോലെയാണ്, രണ്ടും ഒരു പോലെ അനുവദനീയം ആണ് എന്ന് പറഞ്ഞാലും അത് വലിയ കുഫ്രാണ്..,
4. ഒരാള് ഇസ്ലാമിക ശരീഅത് ആണ് ഉത്തമം, എന്നാല് ശറഇനു വിരുദ്ധമായ അല്ലാഹുവിന്റെ നിയമം അല്ലാത്തതും അനുവദനീയം ആണ് എന്ന് പറഞ്ഞാല് അത് വലിയ കുഫ്രാണ്..
5.ഒരാള് ഇസ്ലാമിക നിയമം തന്നെയാണ് ഉത്തമം, അല്ലാഹുവിന്റെ വിധി കൊണ്ട് മാത്രമേ വിധിക്കാവൂ എന്ന് വിശ്വസിക്കുകയും എന്നാല് അലസത കൊണ്ടും ദുന്യവിന്റെ നേട്ടത്തിനും മറ്റും ശറഇനു വിരുദ്ധമായി അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ വിധിച്ചാല് അവന് വന് പാപം ചെയ്തവന് ആണ്, കാഫിറല്ല. (മദ്യപിക്കലും വ്യഭിച്ചരിക്കലും നിഷിദ്ധമാണ് എന്ന് അറിഞ്ഞിട്ടും ആ വിധി തന്നെയാണ് ശരി എന്ന് സമ്മതിച്ചിട്ടും, ഹവയുടെ അടിസ്ഥാനത്തില് അങ്ങനെ ചെയ്യുന്നവര് ഹറാം ചെയ്തിരിക്കുന്നു എന്നാല് ദീനില് നിന്ന് പുറത്ത് പോകുന്നില്ല.)
ഇതാണ് പണ്ഡിതന്മാര് പറഞ്ഞതിന്റെ ചുരുക്കം.
മുകളില് കണ്ടത് പോലെ ഖവാരിജുകള് മാത്രമാണ് അതിനെ പൊതുവായി കണ്ടു ഭരണാധികാരികളെ അതിന്റെ പേരില് കാഫിര് എന്ന് വിളിച്ചത്. ഐ എസും സമാന്താര ഭീകര പ്രസ്ഥാനങ്ങളും ചെയ്യുന്നത് ഇതേ കാര്യം തന്നെയാണ്.
പ്രസ്തുത ആയത് അവതരിച്ചത് ജൂതരുടെ വിഷയത്തിലാണ് എന്ന് വ്യക്തമാക്കിയ ശേഷം ഷെയ്ഖ് അല്ബാനി പറഞ്ഞ വാചകം കൂടി ചേര്ത് കൊണ്ട് ഈ ഭാഗം അവസാനിപ്പിക്കാം.
إذا عرفت هذا، فلا يجوز حمل هذه الآيات على بعض الحكام المسلمين وقضاتهم الذين يحكمون بغير ما أنزل الله من القوانين الأرضية،أقول: لايجوز تكفيرهم بذلك ،وإخراجهم من الملة،إذا كانوا مؤمنين بالله ورسوله،وإن كانوا مجرمين بحكمهم بغير ما أنزل الله،لا يجوز ذلك ،لأنهم وإن كانوا كاليهود من جهة حكمهم المذكور،فهم مخالفون لهم من جهةأخرى،ألا وهي إيمانهم وتصديقهم بما أنزل الله،بخلاف اليهود الكفار،فإنهم كانوا جاحدين له
(ഈ അവതരണ പശ്ചാത്തലം ) അറിഞ്ഞു കഴിഞ്ഞാല് അള്ളാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധിക്കുന്ന ചില മുസ്ലിം ഭരണാധികാരികളുടെയും ജഡ്ജിമാരുടെയും മേല് ഈ ആയത് വെക്കരുത്. ഞാന്(ഷെയ്ഖ് അല്ബാനി)പറയുന്നു: ഈ ആയത് കൊണ്ട് അവരെ കാഫിറാക്കരുത്. അവര് അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നെങ്കില്,അല്ലാഹുവിന്റെ വിധി കൊണ്ടല്ലാതെ വിധിച്ചത് കൊണ്ട് അക്രമി ആണെങ്കിലും ദീനില് നിന്ന് പുറത്താക്കരുത്, അത് അനുവദനീയമല്ല. കാരണം പരാമര്ശിച്ചത് പോലെ അവരുടെ വിധിക്കുന്ന കാര്യത്തില് ജൂതനെ പോലെയാണെങ്കിലും മറ്റു ഭാഗത്ത് ജൂതന്മാരില് നിന്നും അവര് വിഭിന്നരാണ്, അതെന്തെന്നാല് അവര് അള്ളാഹു ഇറക്കിയതില് വിശ്വസിക്കുകയും അവയെ സത്യപ്പെടുത്തുകയും ചെയ്യുന്നു എന്നത് തന്നെ, എന്നാല് അവിശ്വാസികളായ ജൂതന്മാര് അവയെ (അള്ളാഹു ഇറക്കിയതിനെ) നിഷേധിക്കുന്നവരാണ് .
വളരെ വ്യക്തമാണ് വിഷയം. ലോകത്തുള്ള മുസ്ലിം പേരുള്ള സര്വ തീവ്രവാദികളും അവര്ക്ക് ബീജവാഹം നല്കിയവരും പിഴച്ചു പോയ ഒരു ഭാഗമാണ് ഇത്.
ഇതാണ് നബി(صلى الله عليه وسلم)പറഞ്ഞത്:
يقرءون القرآن يحسبون أنه لهم، وهو عليهم
"അവര് ഖുര്ആന് ഓതും, അവര് വിചാരിക്കും അത് അവര്ക്കുള്ളതാണ് എന്ന്, എന്നാല് യഥാര്തത്തില് അത് അവര്ക്കെതിരെ ഉള്ളതാകും."
3. മുസ്ലിമീങ്ങളെ കൊല്ലല്
നബി(صلى الله عليه وسلم) ഖവരിജുകളെ കുറിച്ച് പറഞ്ഞു:
يقتلون أهل الإسلام ويدعون أهل الأوثان
"അവര് മുസിലീങ്ങളെ കൊല്ലും, ബഹുദൈവാരാധകരേ ഒഴിവാക്കും."
അന്ന് മുതല് ഇന്ന് വരെയുള്ള ഖവാരിജുകള് ഏറ്റവും അധികം കൊന്നത് മുസ്ലിമീങ്ങളെ ആണ്.
ഇന്ന് ഐ എസും കൂട്ടു കക്ഷികളും ഏറ്റവും അധികം നാശം വിതക്കുന്നതും സ്ഫോടനങ്ങള് നടത്തുന്നതും മുസ്ലിം രാജ്യങ്ങളില് ആണ്. നിരവധി പള്ളികളില് വരെ അവര് ബോംബുകള് വര്ഷിച്ചു, അതും വിശ്വാസികള് നമസ്കരിച്ചു കൊണ്ടിരിക്കെ..!
ശൈഖുല് ഇസ്ലാം പറയുന്നു.
الخوارج شرٌ على المسلمين من اليهود والنصارى, فإنهم مجتهدون في قتل كل مسلم لم يوافقهم,
ഖവാരിജ് ജൂതനെക്കാളും നസ്സാറയെക്കാളും മുസ്ലിമിന്റെ മേല് വിപത്താണ്. അവര് അവരോട് യോജിക്കാത്ത മുഴുവന് മുസ്ലിമീങ്ങളെയും കൊല്ലാന് പരിശ്രമിക്കും.
4. അധികവും ചെറുപ്പക്കാര് ആണ്. പണ്ഡിതന്മാരെ അപഹസിക്കും.
നബി (صلى الله عليه وسلم) ഇവരെ കുറിച്ച് പറഞ്ഞത്
حدثاء الأسنان، سفهاء الأحلام
"പ്രായത്തില് ചെറുപ്പമാണ്, (ബുദ്ധി കുറഞ്ഞ) അവിവേകികളുമാണ്".
ഇന്ന് ഐ എസിലേക്ക് പോകുന്നതില് മഹാഭൂരിപക്ഷവും ചെറുപ്പക്കാര് ആണ്, അവരുടെ ഭാഗം സംസാരിക്കാന് വരുന്നവരും അങ്ങനെ തന്നെ,സലഫുകളുടെ അഖീദയെ കുറിച്ചോ ഖവാരിജുകളെ കുറിച്ചോ പഠിക്കാത്ത, പത്രങ്ങളും മറ്റും വായിച്ചു വികാരം കൊള്ളുന്ന, പെട്ടെന്ന് ഒരിടത്ത് നിന്ന് ഉയര്ന്ന് വന്ന ഒരാളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് ബൈഅത് ചെയ്ത അവര് ബുദ്ധി കുറഞ്ഞവര് തന്നെയാണ്.
ഇബ്നു അബ്ബാസ് (റ) അക്കാലത്തെ ഖവാരിജുകളുടെ അടുതു പോയി പറഞ്ഞ വാചകം ശ്രദ്ധേയമാണ്.
أتيتُكم من عند أصحاب النبي - صلَّى الله عليه وسلَّم - المهاجرين والأنصار، ومن عند ابن عمِّ النبي - صلَّى الله عليه وسلَّم - وصهره، وعليهم نزل القرآن، فهم أعلم بتأوِيله منكم، وليس فيكم منهم أحدٌ
“ഞാന് വരുന്നത് റസൂലുള്ളയുടെ മുഹാജിറുകളും അന്സാറുകളുമായ സ്വഹബതിന്റെ അടുത്ത നിന്നാണ്, നബി(സ)യുടെ പിത്രവ്യ പുത്രന്റെയും മരുമകന്റെയും അടുത്ത് നിന്നാണ്, അവരിലാണ് ഖുര്ആന് അവതരിച്ചത്, അവര്ക്കാണ് നിങ്ങളെക്കാള് അതിന്റെ വ്യക്യാനം അറിയുന്നതും , അവരില് ഒരാള് പോലും നിങ്ങളില് ഇല്ല.”
ഇന്നും അതെ അവസ്ഥയാണ്..മുസ്ലിം ലോകത്ത് നിരവധി പണ്ഡിതന്മാര് ഇന്നുണ്ട്, പരിശുദ്ധ ഖുര്ആനും ഹദീസും പഠിപ്പിക്കുന്ന, നിരവധി കിതാബുകള് എഴുതിയ ലോക മുസ്ലിമീംകള്ക്കിടയില് അറിയപ്പെട്ട മഹാ പണ്ഡിതന്മാര്, അവരില് ഒരാള് പോലും ഇവരെ അനുകൂലിച്ചില്ല എന്ന് മാത്രമല്ല അവരൊക്കെയും ഇവര് ഖവാരിജുകള് തന്നെയാണ് എന്ന് വ്യക്ത്മാക്കിയവരുമാണ്.
ഇതിനാല് തന്നെ ഉന്നതരായ പണ്ഡിതന്മാരുടെ മേല് പണത്തിനു വേണ്ടി ഫത്വ പറയുന്നവര് എന്ന പച്ചക്കള്ളം ആരോപിക്കുവാന് വരെ ഇവര് മുതിര്ന്നു. ദീന് അറിയുന്ന ആര്ക്കും അറിയാം, അവര് പറയുന്നത് ഇസ്ലാമിന്റെ അഖീദയും സലഫുകളുടെ മന്ഹജുമാണ് എന്ന്..എന്നാല് അറിവ് കുറഞ്ഞ വികാരം കൈമുതലയവര്ക്ക് എങ്ങനെ മനസ്സിലാകാന്..!
അള്ളാഹു നമ്മോടു പറഞ്ഞത് ഉലമാക്കളോട് ചോദിക്കുവാന് ആണ്, എന്നാല് ഉന്നതരായ ഉലമാക്കളെ യാതൊരു തെളിവ് പോലും ഇല്ലാതെ ക്രൂരമായി ആക്ഷേപിക്കുമ്പോള് ആ വാതില് തങ്ങളുടെ മേല് സ്വയം അടക്കുകയാണ് ഇവര് ചെയ്യുന്നത്. ( ശിര്ക്കും ഖുരാഫാതും പ്രചരിപ്പിക്കുന്നവര് വരെ ഉലമാക്കള് എന്ന് അറിയപ്പെടുന്ന കേരളീയ സാഹചര്യത്തില് അല്ല ഇത് പറയുന്നത്, അഹ്ലുസ്സുന്നയുടെ പരിഗണനീയരായ ഉലമാക്കളെ കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചത്.)
5. ക്രൂരമായ പ്രവര്ത്തനങ്ങള്.
മുസ്ലിം ലോകത്ത് തുല്യതയില്ലാത്ത ക്രൂരമായ പ്രവര്ത്തനങ്ങള് ചെയ്തത് ഖവാരിജുകള് ആണ്. അവരുടെ ക്രൂരതകള് ഇസ്ലാമിക ചരിത്ര ഗ്രന്ഥങ്ങളില് വിശാലമായി വന്നതുമാണ്.
ലോകത്തിനു മുഴുവന് കാരുണ്യമായി നിയോഗിക്കപ്പെട്ട തുല്യതയില്ലാത്ത വിധം വിട്ടു വീഴ്ച്ചയും മാപ്പും കൊടുത്ത് മാതൃകയായ അല്ലാഹുവിന്റെ റസൂല്(സ)യുടെ ഉമ്മതിനു ഉള്ക്കൊള്ളാന് പോലും കഴിയാത്ത ക്രൂരമായ പ്രവര്ത്തനങ്ങള്.
ക്രൂരകൃത്യങ്ങള് ചെയ്യുക മാത്രമല്ല, അത് വീഡിയോ എടുത്ത് ലോകത്തിനു കാണിച്ചു കൊടുത്ത് ഇതാണ് ഇസ്ലാമിക രാജ്യം എന്ന് പറയുന്ന ഹീനമായ പ്രവര്ത്തനമാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
അങ്ങനെ അവര് തന്നെ പുറത്ത് വിട്ട ഒരു രംഗമാണ് ഒരു മനുഷ്യനെ ഇരുമ്പ് കൂട്ടില് ഇട്ടു കൊണ്ട് ജീവനോട് കത്തിച്ചു കളഞ്ഞത്..!!!!! അല്ലാഹുവില് അഭയം..!!!
അതുപോലെ മനുഷ്യരെ മൃഗത്തെ അറുക്കുന്നത് പോലെ അറുക്കുക, (മഹാനായ സ്വഹാബി അബ്ദുല്ലാഹ് ബ്നു ഖബ്ബാബിനെ ആടിനെ അറുക്കുന്നത് പോലെയാണ് അന്നത്തെ ഖവാരിജുകള് അറുത്ത് കൊന്നത്. )
അവരുടെ തല കയ്യിലെന്തുക...
ഇതൊക്കെ വീഡിയോ എടുത്തു ലോകത്തിനു കാണിച്ചു കൊടുക്കുക...!! എന്നിട്ട് അതിനു അവര് നല്കിയ പേര് ദൌലതുല് ഇസ്ലാം (ഇസ്ലാമിക രാജ്യം) എന്നും..സുബ്ഹാനല്ലാഹ്..
എപ്പോഴാണ് ആയുധം എടുക്കേണ്ടത് എന്നും എപ്പോഴാണ് ആയുധം താഴെ വെക്കേണ്ടത് എന്നും പഠിപ്പിച്ച ദീനിന്റെ അനുയായികള് ആണ് നാം. തീര്ച്ചയായും ഇസ്ലാം യുദ്ധം അനുവദിച്ചിട്ടുണ്ട്, അതിന്റെ അവസരങ്ങളില്, നിലവിലുള്ള ഒരു ഭരണാധികാരിയുടെ കീഴില്, സ്വാഭാവികമായും അതില് ശത്രുപക്ഷത്തുള്ളവരെ വധിക്കും, എന്നാല് അത് ഇത് പോലെ ക്രൂരമായല്ല, അതിന്റേതായ നിയമ നിര്ദ്ദേശങ്ങള് ഉണ്ട്. എതിര്ഭാഗം യുദ്ധം നിര്ത്തിയാല് പിന്നെ അവരോടു യുദ്ധം ചെയ്യരുത് എന്ന് വരെ പഠിപ്പിച്ച മതമാണ് ഇസ്ലാം....
ഭക്ഷിക്കാന് മൃഗങ്ങളെ അറുക്കുന്നത് പോലും നല്ല രീതിയില് അറുക്കണം എന്നാണു നബി(സ)പറഞ്ഞത്.
إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ ، وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُതീര്ച്ചയായും അള്ളാഹു എല്ലാത്തിനും മേലെ നന്മ കല്പ്പിച്ചിരിക്കുന്നു. അതിനാല് നിങ്ങള് കൊല്ലുമ്പോള് അതില് നന്മ പാലിക്കുക, നിങ്ങള് അറുക്കുമ്പോള് അതില് നന്മ പാലിക്കുക, ഒരാള് തന്റെ കത്തിയുടെ അറ്റം മൂര്ച്ച കൂട്ടട്ടെ, അങ്ങനെ അറവ് മൃഗത്തിന് ആശ്വാസം നല്കട്ടെ..(مسلم (1955)
നബി(صلى الله عليه وسلم) പറഞ്ഞു : ഞാന് നിയോഗിതനായത് നല്ല സ്വഭാവത്തിന്റെ പൂര്ത്തീകരണതിനാണ്.لأدب المفرد" (273) وصححه الألباني في "السلسلة الصحيحة" (45)
(ക്രൂരകൃത്യങ്ങള് ന്യായീകരിക്കാന് അവര് പറയുന്ന ചില വാദങ്ങളും അതിനുള്ള മറുപടിയും ദൈര്ഖ്യം ഭയന്ന് ഉദ്ധരിക്കുന്നില്ല.)
ശുബുഹാതുകള് :
1. ഞങ്ങള് വന്പാപങ്ങള് ചെയ്തവര് കാഫിര് ആണെന്ന് പറയുന്നില്ല, കള്ള് കുടിച്ചവനോ വ്യഭിജരിച്ചവനോ കാഫിര് എന്ന് പറയുന്നില്ല, അതാണ് ഖവരിജിയ്യത് എന്ന് ഇവര് പറയാറുണ്ട്.
തങ്ങള് ഖവാരിജ് അല്ല എന്ന് പറഞ്ഞു കൊണ്ട് അവര് തന്നെ പുറത്ത് വിട്ട ഒരു വീഡിയോയില് പ്രത്യക്ഷപ്പെട്ട വ്യക്തി വല്യ വിഷയമായി ഇത് ഉദ്ധരിക്കുന്നുമുണ്ട്.അയാളുടെ തനിച്ച ജഹാലത് ആണ് ഇതിലൂടെ തെളിയുന്നത്.
A. ഖവാരിജുകളുടെ വിശേഷണം എന്നത് അന്യായമായി മറ്റുള്ളവരെ കാഫിര് ആക്കുന്നു എന്നതാണ്. ഇവര് ചെയ്യുന്നതും അങ്ങനെ തന്നെ.
B. ആദ്യമായി ഖവാരിജായി കടന്നു വ്യക്തി നബി(صلى الله عليه وسلم)യെ ചോദ്യം ചെയ്ത വ്യക്തിയാണ്. അയാള് വന് പാപം ചെയ്തവരെ കാഫിര് ആക്കിയതായി തെളിവുകള് ഇല്ല. അതിനാല് ഖവാരിജ് ആകണമെങ്കില് അതൊരു ശര്തായി പറയുന്നതില് അടിസ്ഥാനമില്ല.
C. നബി(صلى الله عليه وسلم)അവരെ വിശേഷിപ്പിച്ചത് അവര് മുസ്ലിം ജമാഅതില് നിന്ന് പുറത്ത് പോകും എന്നും മുസ്ലിമീങ്ങളെ കൊല്ലും എന്നുമൊക്കെയാണ്. ഇന്നത്തെ ഐ എസ് വിഭാഗവും ചെയ്യുന്നത് അത് തന്നെ.
D. ചരിത്രങ്ങളില് തന്നെ വന്പാപം ചെയ്യുന്നവരെ കാഫിര് ആക്കാത്ത ഖവാരിജുകളിലെ വിഭാഗം ഉണ്ടായിട്ടുണ്ട്. (ഉദാഹരണത്തിന് നജ്ദിയാത് വിഭാഗം.)
ഇമാം ആജുരി ഖവാരിജുകളെ കുറിച്ച് സംഗ്രഹിച്ചു പറഞ്ഞത് ഇപ്രകാരമാണ്.
فلا ينبغي لِمَن رأى اجتهادَ خارجيٍّ، قد خرَج على إمامٍ، عدلاً كان الإمام أو جائراً، فخرج وجمع جماعةً، وسلَّ سيفَه،واستحلَّ قتالَ المسلمين، فلا ينبغي له أن يَغتَرَّ بقراءتِه للقرآن، ولا بطولِ قيامِه في الصلاة، ولا بدوامِ صومِه، ولا بِحُسن ألفاظِه في العلم، إذا كان مذهبُه مذهبَ الخوارج
“ഒരാള് ഭരണധികാരിക്കെതിരെ പുറപ്പെട്ടാല്-അത് നീതിമാണോ അക്രമിയോ ആയ ഭരണാധികരിയാനെങ്കിലും- അങ്ങനെ പുറപ്പെടുകയും സംഘം ഉണ്ടാക്കുകയും വാള് ഊരുകയും മുസ്ലിമീങ്ങളെ കൊല്ലല് അനുവദനീയമാക്കുകയും ചെയ്താല് അവന് ഖുര്ആന് ഒതുന്നതിലോ ദീര്ഖമായി നമസ്കരിക്കുന്നത് കണ്ടിട്ടോ നോമ്പ് എടുക്കുന്നത് കണ്ടിട്ടോ, മതവിജ്ഞാനീയങ്ങളില് വാചാലമാകുന്നതിലോ നീ വഞ്ചിതനാകരുത്. അവന്റെ മദ്ഹബ് ഖവാരിജിന്റെ മദ്ഹബ് ആകുന്നു.”
അഥവാ ഇതാണ് ഖവാരിജുകളുടെ അടിസ്ഥാന വിശേഷണം. സന്ഖങ്ങള് ഉണ്ടാക്കി രക്തം ചിന്തുന്നവര് പറയുന്ന വാചകതിലോ അവരില് കാണുന്ന ഇസ്ലാമിന്റെ ചിന്ഹങ്ങളിലോ വഞ്ചിതരാകരുതെന്നു വ്യകതമായി നമ്മുടെ മുന്ഗാമികള് പഠിപ്പിക്കുകയാണ്.
ഇത് മാത്രം പഠിച്ചാല് ലോകത്തിലെ സര്വ തീവ്രവാദ സന്ഖങ്ങളില് നിന്നും മാറി നില്ക്കുവാന് മുസ്ലിമിന് സാധിക്കും.
ചുരുക്കത്തില് വന്പാപം ചെയ്യുന്നവരെ കാഫിര് ആക്കുന്നില്ല എന്നത് കൊണ്ട് മാത്രം ഖവാരിജ് അല്ലാതെയാകുന്നില്ല. മാത്രമല്ല അവര് മുസ്ലിമീങ്ങളെ കാഫിര് ആക്കിയത് നേരെത്തെ തെളിവ്വി സഹിതം വിശദീകരികുകയും ചെയ്തു.
2. ഈ പറഞ്ഞതൊക്കെ അറബ് രാജ്യങ്ങളില് നിന്ന് ഐ എസില് ചേര്ന്നവര്ക്ക് മാത്രം ബാധകമല്ലേ, ഞങ്ങള് അനിസ്ലാമിക രാജ്യമായ ഇന്ത്യയില് നിന്നല്ലേ ചേരുന്നത്,അപ്പോള് എന്താണ് കുഴപ്പം. ?
അതിനു രണ്ടു മറുപടികള് പ്രധാനമായും ഉണ്ട്.
1. മുകളില് പറഞ്ഞതും ഇവിടെ പരാമര്ഷണത്തിന് വിധയമാക്കതതുമായ നിരവധി കാരണം കൊണ്ട് ഐ എസും സമാന കക്ഷികളും പിഴച്ച കക്ഷികളും തീവ്രവാദികളും ആണ്, അതിനാല് അവരുടെ കൂടെ ഒരിക്കലും മുസ്ലിമിന് ചേരാന് പാടില്ല.
2. അനിസ്ലാമിക രാജ്യമായാലും ഇസ്ലാമിക രാജ്യമായാലും ഫസാദ് അഥവാ കുഴപ്പം എവിടെയും ഉണ്ടാക്കാന് പാടില്ല. പരസ്പര കരാറിലും വിശ്വാസതയിലും ജീവിക്കുന്ന അമുസ്ലിമിനെ ഒരു മുസ്ലിം കൊല്ലുക എന്നത് സ്വര്ഗവാസന പോലും നിഷേധിക്കപ്പെടുന്ന വിഷയം ആയിട്ടാണ് നബി(സ)പറഞ്ഞത്.
عَنْ عَبْدِ اللَّهِ بْنِ عَمْرٍو رَضِيَ اللَّهُ عَنْهُمَا عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا ).
നബി (صلى الله عليه وسلم) പറഞ്ഞു: "ആരെങ്കിലും (മുസ്ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില് ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല് അവന് സ്വര്ഗത്തിന്റെ പരിമളം പോലും ലഭിക്കുകയില്ല. അവനില് നിന്നും നാല്പത് വര്ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്റെ പരിമളം പോലുമുള്ളത്" -
[ബുഖാരി: 3166].
ഖുദ്സിയ്യായ ഹദീസില് അള്ളാഹു പറഞ്ഞു :
എന്റെ അടിമകളേ , ഞാന് എന്നില് അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു, നിങ്ങള്ക്കിടയിലും അത് നിഷിദ്ധമാക്കിയിരിക്കുന്നു, അത് കൊണ്ട് നിങ്ങള് പരസ്പരം അക്രമം ചെയ്യരുത്."
ഒരു മനുഷ്യനും മറ്റൊരു മറ്റൊരു മനുഷ്യനെ ആക്രമിക്കരുത്, ഇത് അല്ലാഹുവിന്റെ നിയമമാണ്
നബി(صلى الله عليه وسلم)) അനിസ്ലാമിക വ്യവസ്ഥിതി ഉള്ള മക്കയില് ചെയ്തത് പ്രബോധനം ആണ്, അതിനാല് അഹ്ലുസ്സുന്നയുടെ മന്ഹജ് എന്നത് മുസ്ലിമായി ജീവിക്കലും പ്രബോധനം ചെയ്യലുമാണ്. റസൂല്(صلى الله عليه وسلم) അവരെ തൌഹീദിലെക്ക് ക്ഷണിക്കുകയാണ് ചെയ്തത്, അല്ലാതെ അവിടെ ഇസ്ലാമിക ഭരണം ഉണ്ടക്കാന് അല്ല ആദ്യം ശ്രമിച്ചത്. നമ്മുടെ മാതൃക അല്ലാഹുവിന്റെ പ്രവാചകനില് ആണ്. ഈ വിഷയം വിശദമായി ആധുനിക ലോകത്തെ മുഹദ്ദിസും മഹാ പണ്ഡിതനും ആയ ഷെയ്ഖ് നാസരുദ്ധീന് അല്ബാനി അമുസ്ലിം നാടുകളില് അവിടുത്തെ ഭരണകൂടത്തിനെതിരെയും രാഷ്ട്രതിനെതിരെയും തിരിയുന്നതിന്റെ ഇസ്ലാമിക വിധി വിശദീകരിച്ചു കൊണ്ട് വിവരിക്കുന്നുണ്ട്. (റഫറന്സ് കാണുക.)
ചുരുക്കത്തില് ഇസ്ലാമിക ഭരണമല്ല എന്ന കാരണത്താല് നിരുപാധികം ഖുറൂജ് നടത്താമെന്ന് വിവരമുള്ള ആരും പറയില്ല.
3. ഇന്ത്യ പോലുള്ള രാജ്യത്ത് സമാധാനം നശിപ്പിക്കുന്ന പ്രവര്ത്തനം ഒരു മുസ്ലിമും ചെയ്യില്ല, തീവ്രവാദികള് അല്ലാതെ . ഒരു ശര്റിനെ അതിനേക്കാള് വല്യ ശരര് കൊണ്ട് നീക്കല് ഹറാം ആണ് എന്നത് അടിസ്ഥാന നിയമത്തില് പെട്ടതാണ്. നിരപരാധികളെ കൊന്നു കൊണ്ട് യൂറോപ്യന് രാജ്യങ്ങളിലും മറ്റും നടത്തുന്ന എല്ലാതരം വിധ്വംസക-തീവ്രവാദ പ്രവര്ത്തനങ്ങളും തിന്മയാണ് എന്ന് ഇസ്ലാമിന്റെ ബാലപാഠം അറിയുന്നവര്ക്ക് പോലും മനസിലാക്കാം.
4. ജിഹാദ് എന്നത് ഒരു ഇബാദത്ത് ആണ്, അത് ശരിയാകുന്നത് അതിന്റെ ശര്തുകള് പാലിക്കുമ്പോള് മാത്രമാണ്.ശര്തുകള് പാലിക്കാതെ ജിഹാദ് എന്നും പറഞ്ഞു ഇറങ്ങിയാല് അത് തീവ്രവാദം മാത്രമാണ് ആകുക, സംഘങ്ങള് ഉണ്ടാക്കി ജിഹാദ് എന്ന് പേരും പറഞ്ഞു ചാവേറുകള് ആയി ആയിരക്കണക്കിന് ആളുകള് കൂടുന്ന സ്ഥലങ്ങളില് പോയി പോട്ടിത്തെറിക്കുന്നത് ഇസ്ലാമിലെ ജിഹാദ് അല്ല അത് പൈശാചികമായ ജിഹാദ് ആണ്. നബി(صلى الله عليه وسلم)യോ സ്വഹബതോ മക്കയില് ജീവിച്ചത് ഭീരുവായിട്ടല്ല, മരിക്കാന് പേടിയുണ്ടായിട്ടുമല്ല, എന്നാല് അവര് അവിടെ ആയുധം എടുത്തില്ല, കൊലപാതകം നടത്തിയില്ല, ഒരു ഭരണം മദീനയില് ഉണ്ടായി ഖുവ്വത് ലഭിച്ചത് മുതലാണ് യുദ്ധം അനുവദിച്ചത്, ഈ തര്തീബ് റസൂലിനെ പിന്പറ്റുന്ന വിശ്വാസികള് പാലിക്കുന്നു, വികാരത്തെയും സ്വന്തം ചിന്തകളെയും പിന്പറ്റിയ ആളുകള് ചാവേറുകള് ആയി പൊട്ടിതെറിക്കുന്നു.അല്ലാഹുവില് അഭയം..!
ഷെയ്ഖ് അല്ബാനി പറഞ്ഞത് പോലെ നാം ചെയ്യേണ്ടത് തസ്ഫിയ്യതും തര്ബിയ്യത്തുമാണ്(അഥവാ ദീനിയായ ഇല്മു നേടി ജീവിതത്തെ ശുദ്ധിയാക്കുകയും സംസ്കരിക്കുകയും ചെയ്യല്. .)
(ജിഹാദ് എന്നും പറഞ്ഞു ആവേശത്തില് ഇറങ്ങി മുസ്ലിം സമൂഹത്തെ മുഴുവന് കുഴപ്പത്തിലാക്കുന്ന ആളുകളെ ഒരു പാട് ഉപദേശിച്ച മഹാ പണ്ഡിതന് ആണ് ഷെയ്ഖ് അല്ബാനി(റ), ആയുധം കൊണ്ടുള്ള ജിഹാദ് ഭരണകൂടത്തിനു കീഴില് മാത്രമേ നടത്താവൂ എന്ന് ആവര്ത്തിച്ചു പഠിപ്പിച്ച അദ്ദേഹം നിലവില് ഉള്ള തീവ്രവാദങ്ങളെ ശക്തമായി തന്റെ സംസാരങ്ങളിലും കിതാബുകളിലും എതിര്ത്തത് ഇത്തരക്കാര് അറിഞ്ഞിരുന്നെങ്കില് എത്ര നന്നായേനെ..!! ) (റഫറന്സ് കാണുക.)
ചുരുക്കത്തില് അല്ലാഹുവിന്റെ ദീനിനെതിരെയുള്ള വിശ്വാസങ്ങളും
പ്രവര്ത്തനവുമാണ് അവര് നടത്തുന്നത് .
3 ഞങ്ങള് ചെയ്യുന്നത്ഷെയ്ഖ് മുഹമ്മദ് ബ്നു അബ്ദുല് വഹാബിന്റെ രീതിയാണ്:
പച്ചക്കള്ളമാണ് ഇത്. ഒന്നുകില് ശൈഖിനെ കുറിച്ച് ഒന്നുമറിയില്ല, അല്ലെങ്കില് പച്ചയായ കളവ് പറയുന്നു. ശിര്ക്കും ഖുരാഫാതും നിറഞ്ഞ സമൂഹത്തില് ഷെയ്ഖ് സ്വീകരിച്ച മാര്ഗം അന്നാട്ടില് വിപ്ലവം ഉണ്ടാക്കലോ രക്തം ചിന്തലോ ആയിരുന്നില്ല , ശുദ്ധമായ തൌഹീദ് ജനങ്ങള്ക് പഠിപ്പിക്കുവാന് വേണ്ടി പരിശ്രമിക്കലായിരുന്നു. അതിനു ഉതകുന്ന തരത്തില് നിരവധി ഗ്രന്ഥങ്ങള് എഴുതുകയും ആളുകളെ തൌഹീദിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്തത്.
അദ്ദേഹം ആരെയും അന്യായമായി കാഫിര് ആക്കിയിട്ടുമില്ല. അദ്ദേഹം തന്നെ പറയുന്നത് കാണുക. :
، وإذا كنا لا نكفر من عبد الصنم الذي على عبد القادر والصنم الذي على قبر أحمد البدوي وأمثالهما لأجل جهلهم وعدم من ينبههم فكيف نكفر من لم يشرك بالله ولم يهاجر إلينا أو لم يكفر ويقاتل سبحانك هذا بهتان عظيم
“ഞങ്ങള് അബ്ദുല് ഖാദിര് ജീലനിയെയും അഹ്മദ് അല് ബദവിയുടെയും അതുപോലെയുള്ള മറ്റുള്ളവരുടെയും ഖബറിനെ/വിഗ്രഹത്തെ ആരാധിക്കുവരെ പോലും അവരുടെ ജഹാലത് കാരണത്താലും അവര്ക്കിടയില് അതേക്കുറിച്ച് ഉണര്ത്തുന്ന ഒരാളുടെ അഭാവം ഉണ്ടായതിനാലും കാഫിര് ആക്കുന്നില്ല, പിന്നെങ്ങനെ ശിര്ക്ക് ചെയ്യാത്ത എന്നാല് ഞങ്ങളിലേക്ക് ഹിജ്ര ചെയ്യാത്തവരെ ഞങ്ങള് കാഫിര് ആക്കും..!അല്ലെങ്കില് എങ്ങനെ അവരെ കാഫിര് ആക്കാതിരിക്കുകയും ശേഷം കൊല്ലുകയും ചെയ്യും. ഇത് തീര്ച്ചയായും വമ്പിച്ച ആരോപണം തന്നെ.!!! ”
(الدرر السنية (1/66)
അത് പോലെ ഷെയ്ഖ് വ്യക്തമായി ഭരണാധികാരിയുടെ വിഷയത്തില് സലഫുകളുടെ അഖീദ പഠിപ്പിച്ചിട്ടുമുണ്ട്.
അദ്ദേഹം പറയുന്നു :وأرى وجوب السمع والطاعة لأئمة المسلمين برّهم وفاجرهم ما لم يأمروا بمعصية الله
മുസ്ലിമീങ്ങളുടെ ഭരണാധികാരിയെ അവര് നല്ലവരോ മോശമോ ആയാലും അല്ലാഹുവിനെ ധിക്കരിക്കുന്ന കാര്യത്തില് അല്ലാതെ(മറ്റുള്ളവയില്)നിരബന്ധമായും കേള്ക്കുകയും അനുസരിക്കുകയും ചെയ്യണം എന്ന് ഞാന് പറയുന്നു.مجموعة مؤلفات الشيخ " ( 5 / 11 )
അദ്ധേഹം ഇവര് നടത്തുന്നത് പോലെയുള്ള അന്യായമായ കൊലപാതകം ഒന്നും നടത്തിയിട്ടുമില്ല. അദ്ദേഹം തന്നെ അത് വിശദീകരിക്കുന്നുമുണ്ട് (الدرر السنية 1/51)
അദ്ധേഹത്തിന്റെ മേല് കെട്ടിയുണ്ടാക്കുന്ന സര്വ ആരോപനനങ്ങള്ക്കും പണ്ഡിതന്മാര് വ്യക്തമായ മറുപടി നല്കിയിട്ടുമുണ്ട്. കൂടുതല് ഇവിടെ ചര്ച്ചയാക്കുന്നില്ല.
ദൈര്ഖ്യം കാരണത്താല് മറ്റു ശുബുഹാതുകള് ഒഴിവാക്കുകയാണ്..
ഇങ്ങനെ നിരവധി ബുദ്ധിപരവും പ്രമാണപരവുമായ തെളിവുകള് കൊണ്ട് സ്ഥിരപ്പെട്ട ലളിതമായ ഈ വിഷയത്തെ സന്ദര്ഭങ്ങള് പരിഗണിച്ചു കൊണ്ട് വ്യാഖ്യാനം ആവശ്യമായ ചില ആയതുകളും ഹദീസുകളും ബാഹ്യമായ അര്ത്ഥതലത്തില് എടുത്തിട്ടുകൊണ്ടും , ശുബുഹാതുകള് നിറഞ്ഞ വാദങ്ങള് പറഞ്ഞു കൊണ്ടും തെളിഞ്ഞ ദീനിനെ പിന്തള്ളി സംശയത്തിന്റെ പിന്നാലെ പോകുന്നവര് അല്ലാഹുവിന്റെ ഈ വചനം ഓര്ക്കേണ്ടതുണ്ട്. (ഖവാരിജുകളെ ബന്ധപ്പെടുത്തിയാണ് സഹാബികള് മുതലുള്ള മുഫസ്സിരീങ്ങള് ഈ ആയതിനെ വിശദീകരിച്ചത്.)
هُوَ الَّذِي أَنزَلَ عَلَيْكَ الْكِتَابَ مِنْهُ آيَاتٌ مُّحْكَمَاتٌ هُنَّ أُمُّ الْكِتَابِ وَأُخَرُ مُتَشَابِهَاتٌ ۖ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ۗ وَمَا يَعْلَمُ تَأْوِيلَهُ إِلَّا اللَّهُ ۗ وَالرَّاسِخُونَ فِي الْعِلْمِ يَقُولُونَ آمَنَّا بِهِ كُلٌّ مِّنْ عِندِ رَبِّنَا ۗ وَمَا يَذَّكَّرُ إِلَّا أُولُو الْأَلْبَابِ
അവനാണ് നിനക്ക് ഈ വേദം ഇറക്കിത്തന്നത്. അതില് വ്യക്തവും ഖണ്ഡിതവുമായ വാക്യങ്ങളുണ്ട്. അവയാണ് വേദഗ്രന്ഥത്തിന്റെ കാതലായ ഭാഗം. തെളിച്ചു പറഞ്ഞിട്ടില്ലാത്ത ചില വാക്യങ്ങളുമുണ്ട്. മനസ്സില് വക്രതയുള്ളവര് കുഴപ്പമാഗ്രഹിച്ച് ആശയവ്യക്തതയില്ലാത്ത വാക്യങ്ങളുടെ പിറകെ പോവുകയും അവയെ വ്യാഖ്യാനിക്കാന് ശ്രമിക്കുകയും ചെയ്യുന്നു. എന്നാല് അവയുടെ ശരിയായ വ്യാഖ്യാനം അല്ലാഹുവിനും അറിവില് പാകത നേടിയവര്ക്കുമേ* അറിയുകയുള്ളൂ. അവര് പറയും: "ഞങ്ങളതില് വിശ്വസിച്ചിരിക്കുന്നു. എല്ലാം ഞങ്ങളുടെ നാഥനില് നിന്നുള്ളതാണ്." ബുദ്ധിമാന്മാര് മാത്രമേ ആലോചിച്ചറിയുന്നുള്ളൂ.
നബി(صلى الله عليه وسلم)പറഞ്ഞു :(പരസപ് രം സാദൃശ്യമുളള) മുതശാബിഹായതിന്റെ പിന്നാലെ കൂടുന്നവരെ നിങ്ങള് കണ്ടാല്, അക്കൂട്ടര് തന്നെയാണ് (ഹൃദയങ്ങളില് വക്രതയുള്ളവര് എന്ന്) അല്ലാഹു പേരുവെച്ച കൂട്ടര്, അത് കൊണ്ട് നിങ്ങള് അവരെ സൂക്ഷിക്കണം..(ബുഖാരി ).
നേര്വഴിക്ക് ചിന്തിച്ചു നല്ല വിശ്വാസിയാകാന് അള്ളാഹു അനുഗ്രഹിക്കട്ടെ.
وآخر دعوانا أن الحمد لله ربِّ العالمين، وصلَّى الله على محمَّدٍ وعلى آله وصحبه وإخوانه إلى يوم الدين وسلَّم تسليمًا.
കുറിപ്പുകള്:
*അല്ലാഹുവിനു മാത്രമേ അറിയുകയുള്ളൂ എന്ന് അര്ഥം വെച്ച് കൊണ്ട് അറിവുള്ളവരെ അടുത്ത വാചകത്തില് ചേര്ത്ത് പറഞ്ഞവരും മുകളില് നല്കിയത് പോലെ അര്ഥം നല്കിയവരും മുഫസ്സിരീങ്ങളില് ഉണ്ട്. അവ രണ്ടും ശരിയുമാണ് എന്ന് പണ്ഡിതന്മാര് വ്യത്യസ്ത സാഹചര്യങ്ങള് വിശദീകരിച്ചു കൊണ്ട് വ്യക്തമാക്കിയിട്ടുണ്ട്.
***ലേഖനം കോപ്പി പേസ്റ്റ് ചെയ്യരുത്, ആവശ്യമായ എഡിറ്റിങ്ങുകളോ കൂട്ടിചെര്ക്കലുകളോ നടത്തിയേക്കാം, അതിനാല് ഷയര് ഓപ്ഷന് ഉപയോഗപ്പെടുതലാണ് നല്ലത്.
വിഷയത്തെ കൂടുതല് പഠിക്കാന് ആഗ്രഹിക്കുന്നവര്ക്ക് ഉപകാരപ്പെടുന്ന (ഇതെഴുതുവാന് സഹായകമായ) പണ്ഡിതന്മാരുടെ ക്ലാസ്സുകള്.:
ഷെയ്ഖ് റസ്ലാന് അബൂബക്കര് ബാഗ്ദാദിയുടെ വാചകം ഉദ്ധരിച്ചു കൊണ്ട് അവര് ഖവാരിജു തന്നെയാണ് എന്ന് സ്ഥാപിക്കുന്ന ഷോര്ട്ട് ക്ലിപ്പ്.
داعش خوارج بنص كلام أميرها أبوبكر البغدادي .. (موثق )(https://www.youtube.com/watch?v=Z0KZg_Giwxc&t=131s)
അമുസ്ലിം നാടുകളില് ഖുറൂജ് നടത്തുന്നതിനെ കുറിച്ച് ഷെയ്ഖ് അല്ബാനി വിശദമായി പ്രതിപാതിക്കുന്ന ഓഡിയോ
الشيخ الالباني حكم خروج عن الحاكم الكافر ,(من هم الخوارج)
https://www.youtube.com/watch?v=V6cDTsAFyII&t=782s
ഇമാം ആജുരിയുടെ അശരീഅ: യില് ഖവാരിജുകളെ കുറിച്ച് പറഞ്ഞ ഭാഗത്തിന് ഷെയ്ഖ് അബ്ദുറസാഖ് അല് ബദര് നല്കിയ ശരഹ്. (https://www.youtube.com/watch?v=irFPUcfdtJU&t=75s).
ഷെയ്ഖ് മുഹമ്മദ് ബ്നു ഹാദി ഐ എസിനെ കുറിച്ച് വിശദീകരിച്ച ക്ലാസ്.
( حقيقةُ داعش ) لفضيلة الشيخ د. محمد بن هادي المدخلي حفظه الله(https://www.youtube.com/watch?v=pOhQG7zPylc).
ഷെയ്ഖ് സുലമാന് അര് റുഹൈലി ഐ എസിന്റെ അപകടത്തെ വിശദീകരിച്ചു കൊണ്ട് നടത്തിയ ദര്സ്
خطر تنظيم داعش وطرق محاربته لفضيلة الشيخ/أ.د. سليمان بن سليم الله الرحيلي
(https://www.youtube.com/watch?v=aFtPu-IMfn0&t=468s).
ഷെയ്ഖ് മുഹമ്മദ് ബന് റംസാന് അല് ഹാജിരി ഐ എസിന്റെ അടിസ്ഥാന നിയമങ്ങളും അവരുടെ ഭീകരതയും വിശദീകരിച്ചു കൊണ്ട് നടത്തിയ പഠനക്ലാസ്.
القاعدة وداعش وتكفير المسلمين.. للشيخ محمد بن رمزان الهاجري
(https://www.youtube.com/watch?v=nTnyIOGXoL8&t=269s).
ഐ എസ് വിഭാഗം നടത്തുന്ന തെട്ടിധരിപ്പിക്കലുകള്ക്ക് ഷെയ്ഖ് മുഹമ്മദ് ബാസ്മൂല് നല്കിയ മറുപടി .
الرد على شبهات داعشي (الشيخ محمد بازمول)
http://alsalaf.org/book/daishi.pdf
തീവ്രവാദവുമായി ബന്ധപ്പെട്ടു ഷെയ്ഖ് സ്വാലിഹുല് ഫൌസാന് നല്കിയ നസീഹത്. تعليق الشيخ صالح الفوزان على تنفيذ حكم الإرهابيين
https://www.youtube.com/watch?v=CoKUNtqA-zs