തൌഹീദും ശിര്‍ക്കും...

നിങ്ങള്‍ പറയാറില്ലേ...
ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിക്കാത്ത മക്കയിലെ മുശ്രിക്കുകളെ പോലെയല്ല..ഞങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് അംഗീകരിക്കുന്നവരാണ്, ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിക്കുന്നവര്‍ ആണ്, ഞങ്ങള്‍ മുഹമ്മദ്‌ നബി(സ) യില്‍ വിശ്വസിക്കുന്നവര്‍ ആണ്, അതിനാല്‍ ഞങ്ങളില്‍ ശിര്‍ക്ക് ആരോപിക്കരുത്... "
എന്റെ സുഹൃത്തേ.. കാഫിറാണ് എന്ന് നമുക്കിടയില്‍ തര്‍ക്കമില്ലാത്ത വിഭാഗം ആണല്ലോ കാദിയാനികള്‍, അവര്‍ ലാ ഇലാഹ ഇല്ലല്ലാഹ് അന്ഗീകരിക്കുന്നു എന്ന് പറയുന്നവര്‍ ആണ്, അവര്‍ ഖുര്‍ആന്‍ അല്ലാഹുവിന്റെ ഗ്രന്ഥമാണ് എന്ന് പറയുന്നവര്‍ ആണ്, അവര്‍ മുഹമ്മദ്‌ നബി(സ) റസൂല്‍ ആണ് എന്ന് അംഗീകരിക്കുന്നവര്‍ ആണ്..
അത് പോലെ മുസൈലിമയുടെ ബനൂ ഹുദൈഫക്കാര്‍, അവരോടു സ്വഹാബികള്‍ യുദ്ധം ചെയ്തു, അവരെ മുസ്ലിമായി കണ്ടില്ല..അഥവാ ലാ ഇലാഹ ഇല്ലല്ലാഹ് അംഗീകരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം കാര്യമില്ല എന്ന് വ്യക്തമല്ലേ.
താങ്കള്‍ എന്റെ അടുത്തുണ്ടെങ്കില്‍ ഒരുപക്ഷെ ഇങ്ങനെ പറഞ്ഞേക്കാം..
നിങ്ങള്‍ എന്താണ് സുഹൃത്തേ ഈ പറയുന്നത്, ഇവര്‍ രണ്ടു വിഭാഗവും വേറെ നബിയുണ്ട് എന്ന് പറഞ്ഞവര്‍ ആണ്, അത് മാത്രം പോരെ അവര്‍ കാഫിര്‍ ആണെന്ന് പറയുവാന്‍, ഞങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍(സ) അന്ത്യ പ്രവാചകന്‍ ആണെന്ന് പറയുന്നവര്‍ ആണ്.."
ശരി താങ്കള്‍ എനിക്ക് പറയുവാനുള്ളത് കേള്‍ക്കുമല്ലോ..
നിങ്ങള്‍ക്ക് പെട്ടെന്ന് മനസ്സിലാകാന്‍ വേണ്ടിയാണ് അവരുടെ ഉദാഹരണം പറഞ്ഞത്..നിങ്ങളെ അവരെ പോലെ ആക്കാനല്ല..
നിങ്ങള്‍ പറഞ്ഞത് ശരിയാണ്, അവര്‍ അവരിലെ ഒരാളെ നമ്മുടെ നബിയായ മുഹമ്മദ്‌ (സ)യുടെ സ്ഥാനത്തേക്ക് ഉയര്‍ത്തി, ആ ആളും നബിയാണ് എന്ന് പറഞ്ഞു..അതിലൂടെ കാഫിര്‍ ആയി..
എന്റെ സുഹൃത്തേ, അല്ലാഹുവിന്റെ രസൂലിന്റെ സ്ഥാനത്തേക്ക് ഒരാളെ ഉയര്‍ത്തുന്നത് ഇത്രയും വലിയ പാതകം ആണെങ്കില്‍ , ഒരാളെ അല്ലാഹുവിന്റെ സ്ഥാനത് ഉയര്‍ത്തുന്നത് എത്ര വലിയ പാതകമാണ്..!!
ഏത് ബുദ്ധിമുട്ട് ഉണ്ടായാലും, ഏത് സ്ഥലത്ത് വെച്ചും, ഏത് സമയത്തും,ഒരു മാധ്യമവും ഇല്ലാതെ മനസ്സറിഞ്ഞു ആ പ്രയാസം നീക്കാന്‍ നാം അല്ലാഹുവിനെ വിളിക്കുന്നു,
അതെ പോലെ നമ്മില്‍ ചിലര്‍ മുഹ്യുധീന്‍ ശൈഖിനെ വിളിക്കുന്നു..ബദരീങ്ങളെ വിളിക്കുന്നു, മമ്പുറത്തെ തങ്ങളെ വിളിക്കുന്നു,..
ഇനി പറയുമോ , അല്ലാഹുവിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തിയില്ല എന്ന്...
ഇനി അല്ലാഹുവിന്റെ ഈ വചനം കാണൂ..
أَمَّن يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ ۗ أَإِلَـٰهٌ مَّعَ اللَّـهِ ۚ قَلِيلًا مَّا تَذَكَّرُونَ
"പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ."[27:62]
അതിനാല്‍ നമ്മുടെ എല്ലാ തേട്ടങ്ങളും അവനോടു മാത്രമാക്കുക, പോലീസേ രക്ഷിക്കണേ എന്ന് പറയുന്നത് പോലെയല്ല മുകളിലെ രണ്ടു വിളികളും എന്ന് നമുക്ക് രണ്ടു പേര്‍ക്കും അറിയാമല്ലോ, തര്‍ക്കമാണ് ഉദ്ദേശിക്കുന്നത് എങ്കില്‍ ആര്‍ക്കും അങ്ങനെ പലതും പറയാം. നമ്മുടെ ലക്‌ഷ്യം തര്‍ക്കമല്ലല്ലോ.
നാം നമ്മുടെ പരലോകതെയല്ലേ ഉദ്ദേശിക്കുന്നത്..
നിങ്ങള്‍ക്ക് അള്ളാഹു നേര്‍മാര്‍ഗം കാണിച്ചു തരട്ടെ..ആമീന്‍. ((കശ്ഫുശ്ശുബുഹാത് അവലംബമാക്കി എഴുതിയത്.. ) )

മനുഷ്യരോട്....


ശൂന്യതയില്‍ ചിന്തകളെ വിഹരിക്കാന്‍ വിട്ടു സാദ മനുഷ്യന് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത വാക്കുകള്‍ ഉരുവിട്ട് താന്‍ ഒരു സംഭവമാണ് എന്ന് കരുതുന്ന ആളുകളോടല്ല, ഭൂമിയില്‍ നില്‍ക്കുന്ന നേര്‍ക്ക് നേരെ ചിന്തിക്കുന്ന മനുഷ്യരോടാണ് ചോദ്യം:
നാം, മനുഷ്യര്‍ , എങ്ങനെ ഉണ്ടായി..
മൂന്നു സാദ്ധ്യതകള്‍ മാത്രമാണ് ഉത്തരമായി ഉള്ളത്..
1. ഒന്നുമില്ലാതെ തനിയെ ഉണ്ടായി.
പറയുമ്പോള്‍ തന്നെ അറിയുന്നില്ലേ ഇത് മണ്ടത്തരമാണ് എന്ന്..!
നമ്മള്‍ ഉപയോഗിക്കുന്ന ഒരു വസ്തു പോലും തനിയെ ഉണ്ടായതല്ല, പിന്നെങ്ങനെ അതീവ സങ്കീര്‍ണമായ വ്യവസ്ഥകളും പ്രതെകതകളും ഉള്ള മനുഷ്യ വര്‍ഗം തനിയെ ഉണ്ടാകുന്നു..ഈ മഹാ പ്രപഞ്ചം തനിയെ ഉണ്ടാകുന്നു..?
ദയവു ചെയ്ത് ലളിതമായി നിങ്ങളുടെ നിഷ്കളങ്ക ബുദ്ധി കൊണ്ട് ചിന്തിക്കൂ..
അതെ ഈ ഉത്തരം അബദ്ധമാണ് ..
ഇനി രണ്ടാമത്തെ അവസ്ഥ.
2. നാം തന്നെ നമ്മെ ഉണ്ടാക്കി. :
ആദ്യം പറഞ്ഞ സാധ്യതയെക്കാള്‍ അങ്ങേയറ്റം വിഡ്ഢിത്തരമല്ലേ ഇത്..
നാം നമ്മെ ഉണ്ടാക്കുകയോ..ഈ പ്രപഞ്ചം തന്നെ പ്രപഞ്ചത്തെ ഉണ്ടാക്കുകയോ..
ചര്‍ച്ച ചെയ്യാന്‍ പോലും കഴിയാത്ത വിഡ്ഢിത്തരം ..
3. നമ്മെ നമ്മെ പോലെ ഉണ്ടായതല്ലാത്ത , ന്യൂനതകള്‍ ഇല്ലാത്ത സ്രഷ്ടാവ് സ്രഷ്ടിച്ചു..
ലളിതമാണ് ഈ ഉത്തരം, സത്യമാണ് ഈ ഉത്തരം,നമ്മുടെ മനസ്സ് നിഷ്കളങ്കമായ അവസ്ഥയില്‍ ഈ ഉത്തരം ശരി തന്നെ എന്ന് വ്യക്തമായി പറയും..
പരിശുദ്ധ ഖുര്‍ആന്‍ നമ്മോട് ചോദിച്ച ലളിതമായ ചോദ്യമാണ് ഇത്,
അള്ളാഹു പറയുന്നു :

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ



"അതല്ല; സ്രഷ്ടാവില്ലാതെ സ്വയം ഉണ്ടായവരാണോ ഇവര്‍? അതോ ഇവര്‍ തന്നെയാണോ ഇവരുടെ സ്രഷ്ടാക്കള്‍!" [52:35]

രണ്ടു ചോദ്യത്തിനും അല്ല എന്ന് ഏത് കുതര്‍ക്കമില്ലാത്ത മനസ്സുകല്കും പറയാന്‍ കഴിയും..
അവിടെ നമ്മുടെ, മനുഷ്യരുടെ, ശുദ്ധ പ്രക്രതിയുടെ ഉത്തരം സ്രഷ്ടാവായ അള്ളാഹു എന്ന് തന്നെയാണ്.
അതറിയുന്നവന്‍ പിന്നെങ്ങനെ ആ സ്രഷ്ടാവായ അല്ലാഹുവിനെ പോലെ സ്രഷ്ടികളെ കാണും, അവനോട ചെയ്യുന്ന പ്രാര്‍ഥനകളും വഴിപാടുകളും അവനല്ലാതവര്‍ക്ക് അര്‍പ്പിക്കും..
നേര്‍ക്ക് നേരെ ചിന്തിക്കുന്ന മനുഷ്യരെ, നിങ്ങള്‍ സ്വന്തത്തോട് ചോദിച്ചു നോക്കൂ..
(സൂറത്ത് തൂരിലെ പ്രസ്തുത ആയതിനു ഇമാം അബ്ദുറഹ്മാന്‍ ബ്ന്‍ നാസിര്‍ സ'ദി നല്‍കിയ വിശദീകരണം ആണ് എഴുത്തിലെ ആശയം. )

എന്‍ എല്‍ പി എന്ന കപട ശാസ്ത്രത്തിന്റെ നിഗൂഡ മുഖങ്ങള്‍ ....!!!


എന്‍ എല്‍ പി എന്ന കപട ശാസ്ത്രത്തിന്റെ നിഗൂഡ മുഖങ്ങള്‍ ....!!!

ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

ശാന്തിയും സമാധാനവും എക്കാലത്തും മനുഷ്യര്‍ തേടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഞങ്ങളുടെ കൂടെ വരൂ സമാധാനം നേടൂ എന്നത് ആധുനിക കാലത്തെ ഏറ്റവും നല്ല മാര്‍ക്കറ്റിംഗ് വാചകം ആണ്. ഇന്ന് കാണുന്ന സകല ആള്‍ദൈവങ്ങളും സിദ്ധന്മാരും തങ്ങളുടെ ചൂഷണത്തിന് സമര്‍ത്ഥമായി ഉപയോഗിക്കുന്നത് ഇത്തരം വാചകങ്ങള്‍ ആണ്. എന്നാല്‍ ശാസ്ത്രത്തിന്റെ പേരുപറഞ്ഞു ഇതേ സംഭവങ്ങള്‍ ഓഫര്‍ ചെയ്തു കൊണ്ട് ആളുകള്‍ വന്നു കൊണ്ടിരിക്കുന്നു.. സുന്ദരമായ വാക്കുകള്‍ക്ക് കൊണ്ട് സാധാരണക്കാരെ മാത്രമല്ല വിദ്യാസമ്പന്നരെ വരെ ചൂഷണത്തിന് ഇരയാക്കുവാനു പലര്‍ക്കും കഴിഞ്ഞിരിക്കുന്നു..! സാമ്പത്തികപരമായും മതപരമായും വലിയ ചൂഷണം ആണ് ശാസ്ത്രത്തിന്റെയും ദീനിന്റെയും പേരില്‍ നടന്നു കൊണ്ടിരിക്കുന്നത്.

അത്തരത്തില്‍ ഇന്ന് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു കപട ശാസ്ത്രമാണ് NLP (Neuro-linguistic programming). അത് സന്ഖടിപ്പിക്കുന്നവരുടെ പരസ്യവാചകങ്ങള്‍ ഏതൊരു സാധാരണക്കാരനെയും ആകര്‍ഷിക്കാന്‍ കഴിവുള്ളവയാണ്‌..

"നിങ്ങള്‍ അനുഭവിക്കുന്ന മാനസിക പ്രശ്നങ്ങള്‍ മിനുട്ടുകള്‍ കൊണ്ട് മാറ്റിയെടുക്കുവാന്‍ പറ്റുന്ന ആധുനിക ലോകത്തെ ഏറ്റവും അത്ഭുതകരവും അതീവ രഹസ്യങ്ങളുമടങ്ങിയ NLP എന്ന മനശാസ്ത്ര കോഴ്സ്.."

"21ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതങ്ങളിലോന്ന് .."

"ആത്മാഭിമാനം, ആത്മശാന്തി എന്നിവ ലഭ്യമാകുന്നു.."

"വര്‍ഷങ്ങളായി പല ചികിത്സകളും നടത്തിയിട്ടും മാറാതിരുന്ന മാനസിക പ്രയാസങ്ങള്‍ മുതല്‍, ഇനി ഇതൊരിക്കലും മാറില്ലെന്ന് പലരും വിധിയെഴുതിയ പലവിധ മാനസിക പ്രശ്നങ്ങള്‍ വരെ ഒന്നോ രണ്ടോ സെഷനിലൂടെ അദ്ദേഹം മാറ്റിയെടുത്തു എന്ന് പറയുമ്പോള്‍ NLPയിലെ ടെക്നിക്കുകള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കുന്നത്, NLP ടെക്നിക്കുകളിലൂടെ നിരവധി പേരാണ് അദ്ധേഹത്തില്‍ നിന്ന് രോഗശാന്തി നേടിയത്, NLP യിലൂടെ എന്തും സാദ്ധ്യമാണ് എന്ന് അദ്ധേഹം പറയുന്നത് ഞങ്ങള്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്.."(1)

വായിക്കാനും കേള്‍ക്കാനും സുഖമുള്ള വരികള്‍, എന്നാല്‍ എന്താണ് യാഥാര്‍ത്ഥ്യം..?


പൂര്‍ണമായും ചില ഊഹങ്ങളുടെ അടിസ്ഥാനത്തിലും നിലവിലുള്ള ചില ഹൈപോതിസിസുകളുടെ  അടിസ്ഥാനത്തിലും ഉണ്ടാക്കപ്പെട്ട ഒന്നാണ് യാഥാര്‍ത്ഥ്യത്തില്‍ എന്‍ എല്‍ പി.

റിച്ചാര്‍ഡ് ബന്‍ട്ലര്‍, ജോണ്‍ ഗ്രിണ്ടെര്‍ എന്നീ രണ്ടു ജൂതരാണ് ഇതിന്റെ സ്ഥാപകര്‍.
എന്‍ എല്‍ പിയുടെ തത്വമായി പറയുന്നത്, നമ്മുടെ നാഡി വ്യവസ്ഥകളും   നാം സംസാരിക്കുന്ന  ഭാഷയും (ആശയ വിനിമയം)  നാം പഠിച്ചെടുക്കുന്ന പെരുമാറ്റ ഗുണങ്ങളും  പരസ്പരം ബന്ധിതമാണ്. ഇവയൊക്കെ  ഖടനകള്‍(structure) ആയി രൂപപ്പെടുകയാണ് ചെയ്യുന്നത്. ഇവ ഭൌതികമായ അവസ്ഥയിലാണ് ഉള്ളത്. പ്രസ്തുത ഖടനകള്‍ തിരികെ ഓര്‍മിച്ചെടുക്കാന്‍ നമുക്ക് സാധിക്കും. ഇതിനെ പഠിച്ചു കഴിഞ്ഞാല്‍  ഇതില്‍ മാറ്റങ്ങള്‍ വരുത്തി ജീവിതത്തിലെ ലക്ഷ്യങ്ങള്‍ നേടുവാന്‍ നമുക്ക് സാധിക്കും. അഥവാ നമ്മുടെ ജീവിതത്തിലെ സംഭവങ്ങള്‍ തീരുമാനിക്കാന്‍ നമുക്ക് സാധിക്കും. അതുപോലെ ജീവിതത്തില്‍ വിജയിച്ച കക്ഷികളുടെ ഈ വ്യവസ്ഥയെ പടിച്ചറിഞ്ഞു മോഡല്‍ ആക്കിയാല്‍ നമുക്കും അവരെ പോലെ ആകാന്‍ കഴിയും, ഈ സംഗതിയിലൂടെ എയിഡ്സ്, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരെ മാറ്റുവാന്‍ കഴിയും, ഒരു വേള നാം ആഗ്രഹിക്കുന്ന എന്തും കൈക്കലാക്കാന്‍ കഴിയും..!! (ഒട്ടും അതിശയോക്തി കലര്തിയതല്ല, നേര്‍ക്ക് നേരെ ഇതിന്റെ ഔദ്യോഗിക വക്താക്കള്‍ തന്നെ വിവരിച്ചതിന്റെ ചുരുക്കമാണ് ഇവ. )




ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതോ അംഗീകരിക്കപ്പെട്ടതോ ആയ ഒരു സംഗതി അല്ല ഇത്. അത് മാത്രമല്ല ശാസ്ത്രീയമായ യാതൊരു അടിത്തരയുമില്ലാത്ത ഒന്നാണ് എന്ന് ഇതിനെ കുറിച്ച് നടത്തിയ റിസേര്‍ച്ചുകള്‍ തെളിയിക്കുന്നു.(2).(3)

ബ്രിട്ടീഷ്‌ സൈക്കോളജിക്കല്‍ സൊസൈറ്റി പുറത്തിക്കുന്ന ജേര്‍ണലില്‍ ലോകത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള പത്ത് മനശാസ്ത്ര മിഥ്യകള്‍ എന്ന ലേഖനത്തില്‍ അവയിലോന്നായി എണ്ണിയത് എന്‍ എല്‍പിയെയാണ്..(4).

ശാസ്ത്രീയമായ ഒരു അവലോകനം നടത്തുവാന്‍ അല്ല ഈ എഴുത്തിന്റെ ഉദ്ദേശം എന്നതിനാല്‍ കൂടുതല്‍ ആ തരത്തില്‍ അപഗ്രധിക്കുവാന്‍ മുതിരുന്നില്ല.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത് ഒരു അംഗീകൃത മനശാസ്ത്ര അപഗ്രഥന ചികിത്സാ രീതിയാണ് എന്ന് പറയുന്നവര്‍ ശുദ്ധമായ കളവാണ് പറയുന്നത്.

പണ്ട് മുതലേ ഇത്തരം വാദഗതികള്‍ പറഞ്ഞു കൊണ്ട് പലരും രംഗത്ത് വന്നിടുണ്ട്, എല്ലാം ഇത് പോലെ സ്വന്തമായ കുറെ തിയറികളും നിഗമനങ്ങളും വെച്ച് വിശദീകരിക്കാനും അവര്‍ ശ്രമിക്കാറുമുണ്ട്. പലപ്പോഴും പൈശാചികമായ ഇടപെടലുകള്‍ വരെ പലതിലും കാണുവാനും കഴിയും. പലതരം യോഗകളും മുദ്രകളും നടത്തുന്നവരും സ്വാമിമാരും ഓഷോ, ശ്രീ ശ്രീ രവിശങ്കര്‍ പോലുള്ള ആളുകളും ഒക്കെ ഇങ്ങനെ പല ധ്യാന മുറകളും തെറാപ്പികളും ഉണ്ടാക്കി ആളുകളെ ആകര്‍ഷിച്ചവരാണ്. പലതും സൂക്ഷ്മമായി എത്തി നില്‍ക്കുക പിശാചു സേവകളിലും നിഗൂഡമായ പല ക്രിയകളിലും ആണ്. പിശാച് സേവ എന്നൊക്കെ പറയുമ്പോള്‍ ഹോമവും ബലിയും ഉച്ചത്തിലുള്ള മന്ത്രങ്ങളും ഉണ്ടാകണം എന്നില്ല, അത് നേര്‍ക്ക് നേരെയോ തന്റെ ഉള്ളിലെ ശക്തിയെ ഉത്തേജിപ്പിക്കുന്നു എന്ന് പറഞ്ഞിട്ടോ  അല്ലെങ്കില്‍ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്ത നിഗൂഡമായ പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടോ ഒക്കെ ആകാം.. ഇനി അങ്ങനെ ഒന്നും തന്നെ ഇല്ലാ എന്ന് ഏതെങ്കിലും സാധു വിചാരിക്കുന്നെങ്കില്‍ അത് ശരിയെന്നു താല്‍ക്കാലികമായി സമ്മതിച്ചാല്‍ തന്നെ സമാധാനത്തിനു അല്ലാഹുവിനെ അവലംബമാക്കുന്നതിനു പകരം കൃത്രിമ വഴികള്‍ ആണ് ഇവര്‍ ഉണ്ടാക്കുന്നത് എന്ന് അറിയാന്‍ കഴിയും.  

എന്‍ എല്‍ പിയെ കുറിച്ച് ഇസ്ലാമികമായി ചര്‍ച്ച ചെയ്യുമ്പോള്‍ സ്വാഭാവികമായും നാം നോക്കേണ്ടത് ഈ വിഷയത്തില്‍ ആധുനികരായ പണ്ഡിതന്മാര്‍ എന്ത് പറഞ്ഞു എന്നാണു. നമ്മുടെ സ്വന്തം വകയായി കാര്യങ്ങളെ വ്യക്യനിക്കലോ ഖുറാനും സുന്നത്തും നമ്മുടെ പരിമിതമായ അറിവ് കൊണ്ട് മനസ്സിലാക്കാന്‍ ശ്രമിക്കലോ അല്ല, ദീനിന്റെ വിഷയത്തില്‍ പണ്ടിതന്മാരിലെക്ക് മടങ്ങലാണ് ആഹ്ലുസ്സുന്നയുടെ രീതി. അതിനാല്‍ തന്നെ അത്തരം പണ്ഡിതന്മാര്‍ പറഞ്ഞത് എന്താണ് എന്നത് ഏറ്റവും പ്രധാനപ്പെട്ട വിഷയമാണ്.
ആധുനികരായ വലിയ  പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ ജനങ്ങളെ താക്കീത് ചെയ്തിട്ടുണ്ട്, ഷെയ്ഖ്‌ സ്വാലിഹുല്‍ ഫൌസാന്‍, മുഫ്തിയായ അബ്ദുല്‍ അസീസ്‌ ആല് ഷെയ്ഖ്‌, ഷെയ്ഖ്‌ സുലൈമാന്‍ അറുഹൈലി, ഷെയ്ഖ്‌ സ്വാലിഹ് അസ്സുഹൈമി, ഷെയ്ഖ്‌ അലി റിദാ, തുടങ്ങിയവരൊക്കെ ഇതിനെ തൊട്ടു താക്കീത് ചെയ്തവര്‍ ആണ്. (റെഫറന്‍സുകള്‍ നോക്കാം (5)). സലഫിയല്ലാത്ത യുസുഫുല്‍ ഖര്‍ദാവിയെ പോലുള്ളവര്‍ വരെ ഇതിനെ എതിര്‍ത്തവരാണ്. കാരണം അത്രയും സുവ്യക്തമാണ് ഇതിന്റെ പിഴവുകള്‍.  

ലളിതമായ ഉദാഹരണങ്ങളും ഉപമകളും  മനശാസ്ത്ര/കൌണ്‍സിലിംഗ് രംഗത്ത് നിലവിലുള്ള സാധാരണ രീതികളും   പറഞ്ഞു കൊണ്ടും വിശദീകരിച്ചു കൊണ്ടുമാണ് ഇത്തരം ആളുകള്‍ തുടങ്ങാറുള്ളത് എന്നത് കൊണ്ട് നിഗൂഡത എളുപ്പത്തില്‍ ബോധ്യമാകില്ല. (ഇതേ അടവ് പല ആള്‍ ദൈവങ്ങളും ചെയ്യാറുണ്ട്).
എന്‍ എല്‍ പി യുടെ അടിസ്ഥാന തത്വങ്ങള്‍ വളരെ വ്യക്തമായി ദീനിന് വിരുദ്ധമാണ്, ഒരു മുസ്ലിമിന് ആ തത്വങ്ങള്‍  അവലംബിക്കാനോ ആശ്രയിക്കാനോ പാടുള്ളതല്ല. മുകളില്‍ വിവരിച്ച അവരുടെ തത്വങ്ങള്‍ പരിശോധിച്ചാല്‍ തന്നെ പകല്‍ വെളിച്ചം പോലെ ഇത് ബോധ്യമാണ്. ഈ ബാത്വിലായ തത്വങ്ങളുടെ മേല്‍ നിര്‍മിച്ച ഇവരുടെ പ്രാക്റ്റിക്കല്‍ രീതികള്‍ അങ്ങേയറ്റം അപകടം നിറഞ്ഞതുമാണ്.

എന്‍ എല്‍ പി എന്ന പേരില്‍ നടത്തുന്ന രണ്ടു ദിവസവും മൂന്നു ദിവസവുമോക്കെയുള്ള ക്ലാസ്സുകളില്‍ പങ്കെടുത്ത ചില ആളുകള്‍ അവരുടെ അനുഭവങ്ങള്‍ പറഞ്ഞപ്പോള്‍ ഇതിന്റെ പേരില്‍ ചെയ്തു കൊണ്ടിരിക്കുന്നത് പ്രൊഫെഷണല്‍ സിഹിര്‍ ആണെന്ന് വ്യക്തമായി മനസ്സിലാക്കാം. കണ്ണടച്ച് ധ്യാനത്തിന്റെ അവസ്ഥയില്‍ ആക്കുകയും മനസ്സിലേക്ക് വ്യത്യസ്ത ചിന്തകള്‍ കൊണ്ട് വരാന്‍ പറയുകയും, ദേഷ്യം, സന്തോഷം തുടങ്ങിയ വികാരങ്ങളെ അതിന്റെ മൂര്‍ധന്യ അവസ്ഥയില്‍ എത്തിക്കുകയും പിന്നീട് സ്വയം ചില വാചകങ്ങള്‍ പറഞ്ഞു പറഞ്ഞു ഒരു പ്രതേക അവസ്ഥയില്‍ എത്തിക്കുകയും പ്രതീകമായ ഫീലിങ്ങ്സ്‌, ഒരു ശക്തി (അതിനെ സൂപ്പര്‍ പവര്‍, പോസിറ്റീവ് എനര്‍ജി, മനസ്സിന്റെ പ്രവര്‍ത്തനം  എന്നിങ്ങനെ ആളും തരവും നോക്കി പല പേരില്‍ ഇവര്‍ പറയും) ഉണ്ടാക്കുകയും ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. പല ആള്‍ദൈവങ്ങളും ഇതേ സങ്കതി തന്നെയാണ് ചെയ്യാറുള്ളത്, പക്ഷെ അവര്‍ ഇന്ഗ്ലിഷ് പേരുകള്‍ക്ക് പകരം ചില മന്ത്രങ്ങളും മറ്റും പറയുകയും മതപരമായ ഒന്നായി ഇതിനെ പറയുകയും ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. ഇത്തരം രീതികള്‍ ചെയ്യുന്നതിലൂടെ തങ്ങള്‍ക് പ്രതേക ഉന്മേഷവും ശക്തിയും കഴിവും ലഭിക്കുന്നതായി ആളുകള്‍ക് തോന്നും.

തികച്ചും നിഗൂഡമായ ഒരിക്കലും നേര്‍ക്ക് നേരെ വിശദീകരിക്കുവാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങള്‍ ആണ് ഇവര്‍ ചെയ്യുന്നത്. ഇതിനെ ആന്തരിക ശക്തിയെന്നും ജിന്നുകളെ ഉപയോഗിക്കലെന്നും ആഭിചാരമെന്നും ഇതൊന്നുമല്ല  മനസ്സിന്റെ  പ്രവര്‍ത്തനത്തിലൂടെ ചെയ്യാന്‍ കഴിയുന്നതെന്നും ആളുകള്‍ക് അനുസരിച്ച് വ്യത്യസ്ത വിശേഷണങ്ങള്‍ നടത്തുന്നവരുടെ മതവും വിദ്യാഭ്യാസവും അനുസരിച്ച് പറയും. സത്യത്തില്‍ സംഗതി ഒന്ന് തന്നെയാണ്. കാരണം ഇവയൊന്നും ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയില്ല, നേര്‍ക്ക് നേരെ തെളിഞ്ഞ ഒരു കാര്യവുമല്ല. നമ്മുടെ മനസ്സ് അങ്ങനെ സൂപ്പര്‍ പവര്‍ ഉള്ള ഒന്നല്ല എന്നും ഇതിന്റെയൊക്കെ പിന്നില്‍ പൈശാചിക ഇടപെടല്‍ തന്നെയാണ് എന്നും ദീന്‍ അറിയുന്നവര്‍ക്ക് മനസ്സിലാകും.  

ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ മനസ്സിനെ പൂര്‍ണമായും കയ്യിലോതുക്കുവാന്‍ നമുക്ക് കഴിയുമെന്നും വലിയ ശക്തികള്‍ ലഭിക്കുമെന്നും , അസാധാരണ  കാര്യങ്ങള്‍ വരെ ചെയ്യുവാന്‍ തങ്ങള്‍ക്ക് കഴിയുമെന്നുമൊക്കെ ഇവര്‍ പറയാറുണ്ട്. ഇതിന്റെ സ്ഥാപകര്‍ തന്നെ ഇതിലൂടെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളുടെ വ്യാപ്തി വിശദീകരിക്കുന്നുണ്ട്. ഹിപ്നോസിസിന്റെ ചില വശങ്ങള്‍ കൂടി ഉപയോഗപ്പെടുത്തി ഇവര്‍ കാട്ടിക്കൂട്ടുന്ന ക്രിയകള്‍ തികച്ചും പൈശാചികവും നിഗൂടവുമാണ്.

ഇതില്‍ ഇസ്ലാമിക വിരുദ്ധമായ കാര്യങ്ങള്‍ വരുന്നത് എങ്ങനെ എന്ന് നോക്കാം.

മനുഷ്യന്റെ മനസ്സ് എന്നത് ലോകരക്ഷിതാവിന്റെ വിരലുകള്‍ക്കിടയില്‍ ഉള്ള ഒന്നാണെന്നും അതിനെ അവന്‍ ഉദ്ദേശിക്കുന്ന രൂപത്തില്‍ തിരിച്ചു കളയും എന്നും റസൂല്‍(സ)പഠിപ്പിച്ച കാര്യമാണ് . (إِنَّ الْقُلُوبَ بَيْنَ أُصْبُعَيْنِ مِنْ أَصَابِعِ اللَّهِ يُقَلِّبُهَا كَيْفَ يَشَاءُ).    (6)
ഹ്രദയം എന്നുള്ളത് മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് എന്ന് ഉപമകള്‍ പറഞ്ഞു കൊണ്ട് റസൂല്‍ (സ) വ്യക്തമാക്കിയത് ഹദീസുകളില്‍ കാണാം. അതിനാല്‍ ആണ് ഈമാന്‍ എന്നത് കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നായത്. ചുരുക്കത്തില്‍ അത് സ്ഥിരമായ അവസ്ഥയില്‍ ഉള്ള ഒന്നല്ല എന്നത് നമ്മുടെ അഖീദയുടെ അടിസ്ഥാന വിശ്വാസത്തില്‍ പെട്ട വിഷയമാണ്‌.  
അതിനാല്‍ എന്നും അല്ലാഹുവിനോട് എന്റെ മനസ്സിനെ നീ ഉറപ്പിക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയും എന്റെ മനസ്സിനെ നീ തെറ്റിച്ചു കളയല്ലേ എന്ന് തേടുകയും ചെയ്യുന്നവനാണ് സത്യ വിശ്വാസി. നമ്മുടെ പ്രാര്‍ത്ഥന തന്നെ
يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ
ഹൃദയങ്ങളെ തിരിച്ചു കളയുന്ന റബ്ബേ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിക്കണമേ എന്നാണു.
പരിശുദ്ധ ഖുര്‍ആന്‍ പഠിപ്പിച്ച പ്രാര്‍ത്ഥന ഇപ്രകാരമാണ്.
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
(ഞങ്ങളുടെ റബ്ബേ , ഞങ്ങളെ നീ സന്‍മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ. നിന്‍റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു)

ചുരുക്കത്തില്‍ നമ്മുടെ മനസ്സ് എന്നത് നമുക്ക് പൂര്‍ണമായും നിയന്ത്രിക്കാനും കയ്യിലോതുക്കാനും കഴിയുന്ന ഒന്നല്ല എന്നും അതിനാല്‍ റബ്ബിനോട് നിരന്തരം തേടുകയാണ് വേണ്ടത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.  എത്ര തെളിഞ്ഞതും ലളിതവുമാണ് വിഷയം..!  എന്നാല്‍ ഇത്തരം ക്രിയകള്‍ ചെയ്യുന്നവര്‍ ശ്രോതാക്കളെ ഇസ്ലാമിന്റെ വിശ്വാസങ്ങളില്‍ നിന്ന് പതുക്കെ അവര്‍ പോലും അറിയാതെ അകറ്റുകയാണ് ചെയ്യുന്നത്.

മനസ്സിന്റെ  നിയന്ത്രണം മനസ്സിന്റെ ചില കോഡുകള്‍ അറിയുന്നതിലൂടെ നമുക്ക് തന്നെ കൈക്കലാക്കാന്‍ കഴിയും എന്ന് പതുക്കെ പതുക്കെ പറയുന്നതിലൂടെ അല്ലാഹുവില്‍ നിന്ന് അകറ്റി എല്ലാം തനിക്ക് തന്നെ ചെയ്യാന്‍ പറ്റും എന്ന കുഫ്രിന്റെ വിശ്വാസമാണ് ഉള്ളില്‍ നിറയുക, പലപ്പോഴും പ്രത്യക്ഷമായി തോന്നണം എന്നില്ലെങ്കിലും പരോക്ഷമായി ഇത് അനുഭവപ്പെടാം..(അല്ലാഹു കാത്തു രക്ഷിക്കട്ടെ).

ഈ പ്രവര്‍ത്തനത്തിന് തന്നാല്‍ ആവും വിധം സഹായിക്കാന്‍ പിശാച് ശ്രമിക്കും എന്ന് വ്യക്തവുമാണ്. കാരണം അവന്റെ ലക്‌ഷ്യം നിങ്ങളെ അല്ലാഹുവില്‍ നിന്ന് അകറ്റല്‍ മാത്രമാണ്.

തികച്ചും നിഗൂഡമായ പ്രവര്‍ത്തനങ്ങള്‍ ഇവര്‍ ചെയ്യുന്നതിന്റെ ഉദാഹരണമാണ് മെലിഞ്ഞ ആളെ കിടത്തി, പിന്നീട് പലതും പറഞ്ഞു പ്രതേക അവസ്ഥയില്‍ എത്തിക്കുകയും അയാളുടെ നടുഭാഗം മുകളിലേക്ക് ഉയര്‍ത്തി ഒരു ആര്‍ച്ച് മോഡല്‍ ആക്കുകയും തലയും കാലും ഭൂമിയിലും മധ്യഭാഗം പൂര്‍ണമായും മുകളിലും ആയ ആ അവസ്ഥയില്‍ അയാളുടെ മുകളില്‍  നല്ല തടിയുള്ള വ്യക്തി കയറി നിന്ന് കൊണ്ട് ആളുകളെ ആശ്ചര്യ ഭരിതനക്കുകയും ചെയ്യുന്നത്, സാധാരണ അങ്ങനെ ഒരാള്‍ കയറിയാല്‍ നടുവൊടിഞ്ഞു കിടപ്പിലകുമെന്നു നമുക്കറിയാം..എന്നാല്‍ ഇവിടെ ഒന്നും സംഭവിക്കുന്നില്ല, ഇതിനെ ശാസ്ത്രീയമായി വിശദീകരിക്കാനും കഴിയില്ല, അവിടെയാണ് പ്രൊഫെഷണല്‍ സിഹിര്‍ എന്ന പദം പ്രസക്തമാകുന്നത്. നമ്മുടെ കേരളത്തിലെ ചില മുസ്ലിം പരിശീലകര്‍  വരെ ഇപ്രകാരം ചെയ്യുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു,..!  അല്ലാഹുവില്‍ അഭയം...!

കേരളത്തില്‍  തൌഹീദിന്റെ വക്താവ് എന്ന് അറിയപ്പെടുന്ന വ്യക്തി നടത്തുന്ന എന്‍ എല്‍ പി കാമ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞ അനുഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. തെറാപ്പി നടത്തുമ്പോള്‍ പലരും അലറുന്നതും അട്ടഹസിക്കുന്നതും ധാരാളമാണ് എന്ന് അനുഭവസ്ഥര്‍ പറയുന്നു. ദമ്പതിമാര്‍ ഇയാളുടെ പരിശീലനത്തില്‍ ഉന്മാദരായി പരസ്യമായി കെട്ടിപിടിക്കുന്ന സംഭവങ്ങള്‍ വരെ നടക്കാറുണ്ട്. നേര്‍ക്ക് നേരെ വിശദീകരിക്കാന്‍ കഴിയാത്ത കുറെ സംഗതികള്‍ തെറാപ്പി സെഷനുകളില്‍ ഉണ്ട് എന്ന് പങ്കെടുത്തവര്‍ തന്നെ  സമ്മതിക്കുന്നു. ഒരു കാര്യം നാം അറിയേണ്ടത് മന്ത്രവാദം എന്ന ബോര്‍ഡ് വെച്ചാല്‍ അല്പം ബോധമുള്ള ആരും ആ വഴിക്ക് പോകില്ല എന്ന് പിശാചിന് ഇന്നറിയാം, അവന്‍ അതിനു പകരം മനോഹരമായ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്ത് വെച്ച് അതിനെ ശാസ്ത്രമാക്കി ആളുകളെ വഞ്ചിക്കുകയാണ്.. ആ വഞ്ചനകള്‍ക്ക് നേതൃത്വം കൊടുക്കുന്നതോ അല്ലാഹുവിനെ കുറിച്ച് പറയുന്ന, എഴുതുന്ന തൌഹീദ് വാഹകര്‍ എന്ന ലാബല്‍ ഉള്ള  ചിലരും. വിശ്വാസം ഉണ്ടാകാന്‍ വേറെയെന്തെങ്കിലും വേണോ...!! സലഫി പണ്ടിതന്മാരോടുള്ള ഈ വിഷയത്തിലുള്ള ചോദ്യങ്ങളില്‍ തന്നെ ഇവര്‍ പിശാചിനെ സേവിക്കുന്നവര്‍ അല്ലെന്നും നല്ല ദീനുള്ളവര്‍ ആണെന്നും ഒക്കെ ചോദ്യകര്‍ത്താക്കള്‍ പറയുന്നുണ്ട്..അതിനുള്ള ഉത്തരങ്ങളില്‍ ആണ് ഇതിന്റെ ശൈത്താനിയത് ആ ഉലമാക്കള്‍ വിശദീകരിച്ചത്.

എന്‍ എല്‍ പിയിലൂടെ എന്തും ചെയ്യാന്‍ മനുഷ്യന് സാധിക്കും എന്ന് പറയുന്നത് കേവല അര്‍ത്ഥത്തില്‍ അല്ല എന്നാണു ഇവരുടെ വാദങ്ങള്‍ വായിച്ചാല്‍ മനസ്സിലാകുക. തീയിലൂടെ നടക്കുക, വായുവില്‍ നില്‍ക്കുക അങ്ങനെ പലതും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും പിശാച് അല്ലെന്നും മനസ്സിന്റെ ശക്തിയെ അറിയുന്നതിലൂടെ നേടുന്നതാണ് എന്നും ഇവര്‍ പറയുന്നു. ഇത്തരം അവകാശ വാദങ്ങളെ കുറിച്ച് ഷെയ്ഖ്‌ അബ്ദുല്‍ കരീം അല്‍ ഖുദൈര്‍ (ലജ്നത് ദായിമയിലെ അംഗം)പറഞ്ഞത് ഇതും സിഹിറും വ്യത്യാസം ഇല്ലെന്നാണ്.കാരണം സിഹിര്‍ എന്നത് ചിലപ്പോള്‍ ചതിയാകാം, ചിലപ്പോള്‍ ഉള്ളതാകാം. അതില്‍ ശിര്‍ക്ക് നേര്‍ക്ക് നേരെ ഉണ്ടാകണം എന്നില്ല, പിശാച് അവനു വഴിപാടുകള്‍ ചെയ്യാതെയും സഹായിക്കും, തുടക്കം അങ്ങനെയാകുകയും പിന്നീട് അതിന്റെ മധ്യത്തില്‍ എത്തുകയും ചെയ്‌താല്‍ തിരിച്ചു മടങ്ങാന്‍ പറ്റാത്ത രൂപത്തില്‍ അവന്‍ വലയിലാക്കിയിട്ടുണ്ടാകും...തീയിലൂടെ നടക്കുക എന്നത് മനുഷ്യ കഴിവില്‍ പെട്ടതല്ല, ഒന്നുകില്‍ അവന്‍ ഇബ്രാഹിം നബിയുടെ സ്ഥാനത് എത്തിയിട്ട് അള്ളാഹു അങ്ങനെ ചെയ്തേക്കാം, അല്ലെങ്കില്‍ പിശാച് അവനെ സഹായിച്ചേക്കാം , ഇവയല്ലെങ്കില്‍ തീയിന്റെ മേല്‍ അല്ലാഹുവിന്റെ നടപടി കരിക്കല്‍ ആകുന്നു..അതിനാല്‍ ഒന്നുകില്‍ അത്, അല്ലെങ്കില്‍ ഇത്..... അഥവാ ഇത്തരം കാര്യങ്ങള്‍ നമ്മുടെ മനസ്സ് വഴി നേടാന്‍ കഴിയുന്ന ഒന്നല്ല, ഇനി പിശാചിന് അവന്റെ പേരിനു പകരം മനസ്സ് എന്ന് വിളിക്കപ്പെട്ടാലും ഇതില്‍ പിടിച്ചു നിര്‍ത്തുക എന്ന ഉദ്ധേശം വിജയിക്കുകയാണ് ചെയ്യുന്നത്.

ഇതിന്റെ അങ്ങെ തലക്കലില്‍ കടന്നു പരിശോധിച്ചാല്‍ ഇതില്‍ അദ്വൈത വാദം വരെ കടന്നു വരുന്നത് കാണുവാന്‍ കഴിയും..

നമ്മുടെ ഉള്ളില്‍ നാം അറിയാതെ പോയ ഒരു ശക്തിയുണ്ടെന്നും അതൊരു സൂപ്പര്‍ പവര്‍ ആണെന്നും നാം അതിനെ അറിഞ്ഞാല്‍ നമുക്ക് ജീവിതത്തില്‍ അനായാസം വിജയിക്കാന്‍ കഴിയുമെന്നും ഒരു വേള ചെയ്യാന്‍ പറ്റാത്തതായി ഒന്നും ഉണ്ടാകില്ല എന്നുമൊക്കെ ഇവര്‍ പറയാറുണ്ട്. മുസ്ലിംകള്‍ അല്ലാത്ത ചിലര്‍ നമ്മുടെ ഉള്ളിലെ ദൈവിക ശക്തി എന്ന് വരെ പറയാറുണ്ട്. (മുസ്ലികലായ പരിശീലകര്‍ നേര്‍ക്ക് നേരെ അങ്ങനെ പറയാന്‍ സാദ്ധ്യത ഇല്ല, എന്നാല്‍ തത്വത്തില്‍ ഒന്ന് തന്നെ ). സൂക്ഷ്മമായി നോക്കിയാല്‍ ഇതിന്റെ അങ്ങേയറ്റം ചെന്ന് മുട്ടുന്നത് നാം തന്നെയാണ് ദൈവം എന്നതിലോ നമ്മുടെ ഉള്ളില്‍ ദൈവിക അംശമുണ്ട് എന്നതിലോ ഒക്കെയാണ്..! നമ്മുടെ ദുരബലമായ മനസ്സിനെ വിഗ്രഹവല്‍ക്കരിച്ചു വികൃതമായ അദ്വൈത വാദം ആക്കുകയാണ് ചെയ്യുന്നത്.  
യുസുഫുല്‍ ഖര്‍ദാവി ഇതിനെ കുറിച്ച് പറഞ്ഞപ്പോള്‍ ഈ വിഷയം പരാമര്‍ശിക്കുന്നുണ്ട്.(സലഫിയ്യല്ലാത്ത അദ്ദേഹം വരെ ഈ വിഷയത്തില്‍ താക്കീത് ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാകുമ്പോള്‍ ആണ് സലഫിയെന്നു പറയുന്ന ചിലര്‍ ഇതിന്റെ പിന്നാലെ പോകുന്നതിന്റെ ഗൌരവം ബോധ്യമാകുക.)

അത് പോലെ ഇവര്‍ സ്ഥാപിക്കുന്നത് ഒരു മനുഷ്യന്‍ തന്റെ മനസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കി അതിനെ കീഴ്പ്പെടുത്തി അതിന്റെ ശക്തി മനസ്സിലാക്കി പ്രവര്‍ത്തിച്ചാല്‍ അവന്നു എന്തും സാധ്യമാണ് എന്നാണു. അവന്‍ ഉദ്ദേശിക്കുന്നത് കരസ്ഥമാക്കാന്‍ കഴിയും എന്നുമാണ് (എന്നും ഞാന്‍ വിജയിക്കും, എന്ന് സ്വയം പറഞ്ഞു കൊണ്ട് തുടങ്ങുവാനും ഞാന്‍ അത് നേടും നേടും എന്നിങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞു മനസ്സിനെ ബോധ്യപ്പെടുത്താനും ഒക്കെ ഇവര്‍ പറയാറുണ്ട്..) സാധാരണ ആത്മ വിശ്വാസം ഉണ്ടാക്കുക എന്ന പ്രവര്‍ത്തനം അല്ലേയെന്നു തോന്നാമെങ്കിലും യാഥാര്‍ത്ഥ്യത്തില്‍ അവന്നു  സ്വയം പര്യാപ്തത തോന്നുകയും താന്‍ ഉദ്ദേശിക്കുന്നത് നടക്കും എന്ന് അറിയാതെ മനസ്സില്‍ വിശ്വസമുണ്ടാക്കുകയുമാണ് അവ ചെയ്യുന്നത്.

ഒരു വ്ശ്വാസിക്ക് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണിത്. നേര്‍ക്ക് നേരെ അല്ലാഹുവിന്റെ റുബൂബിയത്തില്‍ കൈകടത്തുന്ന ഒന്നാണിത്..  ഏതൊരു കാര്യത്തിന്റെയും അന്ത്യം എങ്ങനെയാകും എന്നതിനെ കുറിച്ച് നമുക്ക് അറിയില്ല, അത് അല്ലാഹുവിന്റെ തീരുമാനം മാത്രമാണ്. അത് കൊണ്ട് എന്ത് പറയുമ്പോഴും ഇന്ഷാ അല്ലാഹ്, (അള്ളാഹു ഉദ്ദേശിച്ചാല്‍) എന്ന് പറയാന്‍ കല്പ്പിക്കപ്പെട്ടവര്‍ ആണ് നാം.

അള്ളാഹു പറഞ്ഞത് കാണുക.
وَلَا تَقُولَنَّ لِشَيْءٍ إِنِّي فَاعِلٌ ذَٰلِكَ غَدًا ﴿٢٣﴾ إِلَّا أَن يَشَاءَ اللَّـهُ ۚ
("യാതൊരു കാര്യത്തെപ്പറ്റിയും നാളെ ഞാനത് തീര്‍ച്ചയായും ചെയ്യാം എന്ന് നീ പറഞ്ഞുപോകരുത്‌.അല്ലാഹു ഉദ്ദേശിക്കുന്നവെങ്കില്‍ (ചെയ്യാമെന്ന്‌) അല്ലാതെ.").

ചുരുക്കത്തില്‍ വിധി വിശ്വാസം എന്ന നമ്മുടെ ഈമാനിന്റെ രുക്നുകളില്‍ പെട്ട വളരെ പ്രധാനപ്പെട്ടതും ഏറ്റവും പെട്ടെന്നു പിഴക്കുവാന്‍ സാദ്ധ്യത ഉള്ളതുമായ വിഷയത്തിലാണ് ഇത് ചെന്നെത്തുന്നത്. വിധി വിശ്വാസത്തെ അങ്ങീകരിക്കുന്ന ആര്‍ക്കും ഇത്തരം പ്രയോഗങ്ങള്‍ വാചികമായി പോലും പറയാന്‍ കഴിയില്ല. എന്റെ കഴിവോ പ്രവര്‍ത്തനമോ അല്ല റബ്ബിന്റെ തീരുമാനം ആണ് എന്റെ ജീവിതത്തില്‍ സംഭവിക്കുക എന്നറിയുന്നവന്‍ എങ്ങനെ ഇത് അംഗീകരിക്കും. നാം പ്രവര്‍ത്തിക്കാന്‍ കഴിവ് നല്‍കപ്പെട്ടവര്‍ ആണ്, എന്നാല്‍ നമ്മുടെ ഭാവി തീരുമാനിക്കുവാന്‍ കഴിവുള്ളവര്‍ അല്ല. അത് അല്ലാഹുവിന്റെ അധികാരത്തില്‍ പെട്ട വിഷയമാകുന്നു.

ഈ ഉമ്മത്തില്‍ സംഭവിച്ച ആദ്യത്തെ  ശിര്‍ക്ക്  വിധി വിശ്വാസത്തില്‍ ആണെന്നതും വിഷയത്തിന്റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ,

അത് പോലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തവക്കുലിനെ നശിപ്പിക്കുന്നതാണ് . നാം നമ്മുടെ ജീവിതത്തിന്റെ നിഖില വിഷയങ്ങളും അല്ലാഹുവില്‍ അര്‍പ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുക്ക് ചെയ്യാന്‍ കഴിയുന്ന, അനുവദനീയമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും പൂര്‍ണമായും അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുകയുമാണ് നമ്മുടെ രീതി. കാരണം അല്ലാഹുവിന്റെ സഹായമില്ലാതെ നമുക്ക് ഒന്നും നേടാന്‍ കഴിയില്ല, അവന്‍ ഉദ്ദേശിക്കാത്ത ഒരു നന്മയും തിന്മയും ലോകത്തിലെ ആര് വിചാരിച്ചാലും നമുക്ക് ഉണ്ടാകുകയും ചെയ്യില്ല. രാവിലെയും വൈകീട്ടും ചൊല്ലുവാന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനകളില്‍ ഒന്ന് ഇപ്രകാരമാണ്..
يا حي يا قيوم برحمتك أستغيث ، أصلح لي شأني كله ، ولا تكلني إلى نفسي طرفة عين
"السلسلة الصحيحة" (رقم/227)
(എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!),നിന്‍റെ പരമകാരുണ്യം കൊണ്ട് ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, എന്‍റെ എല്ലാ കാര്യങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്ര നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.”)

പ്രയാസങ്ങള്‍ ഉള്ളയാളോട് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത് ഇപ്രകാരമാണ്..

( دَعَوَاتُ الْمَكْرُوبِ اللَّهُمَّ رَحْمَتَكَ أَرْجُو فَلَا تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ أَصْلِحْ لِي شَأْنِي كُلَّهُ لَا إِلَهَ إِلَّا أَنْتَ ) .
صحيح الجامع (3388)

അല്ലാഹുവേ നിന്റെ കാരുണ്യം ഞാന്‍ പ്രതീക്ഷിക്കുന്നു, കണ്ണിമവെട്ടുന്നത്ര നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്‍റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ. എന്‍റെ എല്ലാ കാര്യങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ, നീയല്ലാതെ ഒരു ആരാധ്യനില്ല..)


എന്നാല്‍ നമ്മുടെ ഉള്ളിലെ പോസിറ്റീവ് എനര്‍ജി എന്നൊക്കെ പറഞ്ഞു കാര്യങ്ങളില്‍ സ്വയം പര്യാപ്തത തോന്നിക്കുകയും പതുക്കെ തവക്കുല്‍ തന്നില്‍ തന്നെ അര്‍പ്പിക്കുകയുമാണ് ഇതിലൂടെ സംഭവിക്കുന്നത്.  

എല്ലാം റബ്ബില്‍ സമര്‍പ്പിക്കുന്ന വിശ്വാസിയും കാര്യങ്ങള്‍ തന്റെ കഴിവില്‍ അര്‍പ്പിക്കുന്ന എന്‍ എല്‍ പി ജീവികളും തമ്മില്‍ വലിയ വ്യത്യാസം തന്നെയുണ്ട്. ഏറ്റവും സത്യസന്ധവും സുന്ദരവുമായ വാചകം അല്ലഹുവിന്റെതാണ്..അവന്‍ പറയുന്നു.
يَا أَيُّهَا النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّـهِ ۖ وَاللَّـهُ هُوَ الْغَنِيُّ الْحَمِيدُ
(മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു.)

അല്ലാഹുവിലേക്ക് ആശ്രിതനാണ് എന്ന് പറഞ്ഞാല്‍ എല്ലാ നിലക്കും നാം ആശ്രിതനാണ്. എല്ലാ സമയത്തും ആശ്രിതനാണ് .ഇതിന്റെ ഒരു പാട് ഇനങ്ങള്‍ പണ്ഡിതന്മാര്‍ ആയത് വിശദീകരിച്ചപ്പോള്‍ എണ്ണിപ്പറഞ്ഞതായി കാണാം..(തഫ്സീര്‍ സഅദി കാണുക.).

മദീനയിലെ  പ്രമുഖ  പണ്ടിതനായ ഷെയ്ഖ്‌ അലി റിദാ എന്‍ എല്‍ പിയെ കുറിച്ച് വിശദീകരിച്ചപ്പോള്‍ ഇസ്ലാമിലെ ഒരു അടിസ്ഥാന നിയമം കൂടി ഉദ്ധരിച്ചു കൊണ്ട് അതിനും  വിരുദ്ധമാണ് ഇത് എന്ന് പറഞ്ഞിട്ടുണ്ട്.
അത് ഇപ്രകാരമാണ്.

"പ്രാപഞ്ചികമോ മതപരമോ ആയി അറിയപ്പെട്ട മാര്‍ഗങ്ങളല്ലാത്ത/ കാരണങ്ങളല്ലാത്ത ഒരു കാര്യത്തെ വിശ്വസിക്കല്‍ /അവലംബിക്കല്‍ ചെറിയ ശീര്‍ക്കില്‍ പെട്ടതാകുന്നു". (അഥവാ നേര്‍ക്ക് നേരെ അറിയാന്‍ കഴിയുന്നതോ ശറഇല്‍ പറയുന്നതോ ആയ വിഷയങ്ങള്‍ അല്ലാത്ത നിഗൂഡമായ അവസ്ഥകള്‍ ഉള്ളവ, അവയുടെ കാരണം നമുക്ക് അവ്യക്തമാണ്..അതിനാല്‍ അതില്‍ പലപ്പോഴും പൈശാചികത ഉണ്ടായേക്കാം, അവ വലിയ ശിര്‍ക്കിലേക്ക് വരെ എത്തിച്ചേക്കാം..).


ഷെയ്ഖ്‌ അല്‍ബാനി ഹിപ്നോടിസത്തെ കുറിച്ച് ചോദിക്കപ്പെട്ടപോഴും സമാനമായ നിയമം പറഞ്ഞതായി കാണാം. ഇപ്രകാരമുള്ള ഏത് വിഷയത്തെയും ഈയൊരു അടിസ്ഥാന നിയമം അറിഞ്ഞാല്‍ നമുക്ക് തിരിച്ചറിയാന്‍ കഴിയും.

ഇനി നമ്മുടെ നാട്ടിലെ ചിലര്‍ ഇതിനെ ഇസ്ലാമീകരിക്കുന്നു എന്നും ഇത് തസ്കിയ്യതും മറ്റും നേടാന്‍ ഉള്ള നല്ല വഴിയാണ് എന്നും പറഞ്ഞു ആളുകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

ഇസ്ലാമിക മദ്യം എന്നൊക്കെ പോലെയുള്ള ഒരു പ്രയോഗം മാത്രമാണ് ഇത്. തികച്ചും ദീനി വിരുദ്ധമായ, നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരായ തത്വങ്ങളില്‍ നിര്‍മ്മിക്കുകയും കുഫ്രിന്റെയും മറ്റും പ്രവര്‍ത്തനങ്ങളിലൂടെ പ്രാവര്‍ത്തിക രംഗത്തും അപകടം വരുത്തുകയും ചെയ്യുന്ന ഈ തിന്മ നിറഞ്ഞ കപട ശാസ്ത്രത്തെ ഇസ്ലാമിക വല്‍ക്കരിക്കുക എന്നത് എത്രമാത്രം ദുര്‍ബലമായ വാദമാണ്.
മുകളില്‍ സൂചിപ്പിച്ചതും അല്ലാത്തതുമായ നിരവധി തിന്മകളിലെക്ക് എത്തുവാന്‍ എമ്പാടും സാദ്ധ്യത ഉള്ള നൂറു കണക്കിന് തിന്മയുടെ വാതിലുകള്‍ ഉള്ള ഈ സാധനത്തെ എങ്ങനെ ഇസ്ലാമികരിക്കും, അതിന്റെ എന്ത് ആവശ്യമാണ്‌ ഇസ്ലാമിനുല്ലത്..(അവര്‍ക്ക് വരുമാനമാണ് എന്നത് മാത്രമാണ് ശരി.)

പിന്നെ തസ്കിയ്യതിന്റെ കാര്യം, ഇവര്‍ പറയുന്ന മനസ്സും പ്രവര്‍ത്തനങ്ങളും ഒക്കെ എല്ലാ കാലത്തും ഉണ്ട്, എന്തെ ഇങ്ങനെയൊരു രീതി റസൂല്‍(സ)സ്വീകരിച്ചില്ല..?ഏറ്റവും അധമരായ ഒരു സമൂഹത്തെ സംസ്കരിച്ചു ഏറ്റവും ഉത്തമാരാക്കിയ ആ ലോകനെതാവിന്റെ പ്രബോധന മേഖലയില്‍ ഇത്തരം ധ്യാനങ്ങള്‍ ഉണ്ടായില്ല..അതല്ല ഇവര്‍ രസൂളിനെക്കാള്‍ വലിയ ആളുകള്‍ ആണോ..? ആ റസൂല്‍(സ) യെ ലോകത്തിലേക്ക് നിയോഗിച്ച അല്ലാഹുവിനു ഇത് അറിയില്ലേ..മനുഷ്യന്‍ സംസ്കരിക്കപ്പെടാന്‍ ഉള്ള നല്ല മാര്‍ഗം അല്ലാഹുവും റസൂലും പഠിപ്പിച്ചില്ല എന്നാണോ.? അതെ ഇത് പൈശാചികമാണ് എന്നത് ഒന്നുകൂടി ഈ വാദത്തിലൂടെ വ്യക്തമാണ്. (അവര്‍ നടത്തുന്ന പ്രോഗ്രാമുകളില്‍ നമസ്കരങ്ങള്‍ പോലും പലപ്പോഴും സമയത്ത് നടക്കാറുമില്ല,).

ഷെയ്ഖ്‌ സുലമാന്‍ രുഹൈലി എന്‍ എല്‍ പിയുടെ  അടിസ്ഥാന നിയമങ്ങള്‍ ദീനിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് വിരുദ്ധമാണ് എന്നും വിശദീകരിച്ച ശേഷം പറഞ്ഞത് ഇപ്രകാരമാണ്..

"ഇന്ന് ചില ആളുകള്‍ മുസ്ലിമീങ്ങളെ വഞ്ചിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്, തങ്ങള്‍ നന്മയുടെ ആളാണ്‌ എന്ന് കാണിക്കുവാന്‍ വേണ്ടി അവര്‍ ഖുര്‍ആന്‍ ആയത്തുകളും ഹദീസുകളും  തങ്ങളുടെ സംസാരത്തിനിടയില്‍ ഉദ്ധരിക്കും,..ഒരു സംശയവുമില്ല, ഈ അറിവ് ബാതിലാകുന്നു, അതില്‍ പെട്ടവര്‍ അല്ലാഹുവിലേക്ക് തൌബ ചെയ്ത് മടങ്ങേണ്ടാതാകുന്നു..അവരെ തൊട്ട് നാം താക്കീത് ചെയ്യുന്നു.."(7)

ചില അമുസ്ലിം പരിശീലകര്‍ നേര്‍ക്ക് നേരെ ഇത് ഫലിക്കണമെങ്കില്‍ നിങ്ങളുടെ മതം അല്‍പ്പ സമയം മാറ്റിവെക്കണം എന്ന് വരെ പറയാറുണ്ട്. ഒരര്‍ത്ഥത്തില്‍ അവര്‍ ആ വിഷയത്തില്‍ സത്യം പറയുന്നുണ്ട്. ഹൃദയത്തില്‍ ഈമാന്‍ ഉള്ള ഏതൊരാളും ഇത് ശരിയാകില്ല എന്ന് ചിന്തിച്ചു അതിലൂടെ പിന്മാറാം.  

എന്നാല്‍ തൌഹീദും അല്ലാഹുവിനെ കുറിച്ചും പറയുന്ന ചിലര്‍ ഇതിന്റെ ആളുകളായി രംഗത്ത് വന്നത് വലിയ ഫിത്നയായാണ് നാം കാണേണ്ടത്. കാരണം തൌഹീദിന്റെ സംസാരം എന്ന് പറഞ്ഞു പിശാചിന്റെ തിയറികള്‍ പഠിപ്പിക്കുന്ന ഇവര്‍ ജനങ്ങളെ വ്യക്താമായ കുഫ്രിലും ശിര്‍ക്കിലും അവര്‍ പോലും അറിയാതെ എത്തിക്കുന്നു..അള്ളാഹു രക്ഷിക്കട്ടെ..

തത്വ ചിന്തകളായി രംഗത്ത് വന്നു മുസ്ലിമിന്റെ വിശ്വസങ്ങളെ നശിപ്പിക്കാന്‍ അങ്ങേയറ്റം പ്രവര്‍ത്തിച്ച ഇല്‍മുല്‍ കലാമിന്റെ ആളുകളും സത്യവും അസത്യവും കൂട്ടിയായിരുന്നു സംസാരിച്ചത്.



എന്‍ എല്‍ പി എന്ന തിന്മകള്‍ നിറഞ്ഞ ഒരു കപട ശാസ്ത്രത്തിന്റെ ചില അപകടങ്ങളെ കുറിച്ചാണ് ഇവിടെ വിവരിച്ചത്, ഇതില്‍ എല്ലാം എല്ലാവരിലും ഉണ്ടാകണം എന്നില്ല, എന്നാല്‍ ഇതൊക്കെയും ഇതിലൂടെ വരാന്‍ ധാരാളം അവസരങ്ങള്‍ ഉള്ള ഒരു നിഗൂഡമായ ഒന്നാകുന്നു ഇത്. അത് കൊണ്ടാണ് ആധുനികരായ പണ്ഡിതന്മാര്‍ ഇതിനെ തൊട്ട് താക്കീത് ചെയ്തത്, ഇത് ഇസ്ലാമിന്റെ അസ്ലിനു വിരുദ്ധമാണ് എന്ന് വ്യക്തമാകി ജനങ്ങളെ താക്കീത് ചെയ്തത്, എന്നാല്‍ ദൌര്ഭാഗ്യതാല്‍ നമ്മുടെ നാട്ടിലെ പലരും ഇതില്‍ പോയിക്കൊണ്ടിരിക്കുകയാണ്.. വിഷയങ്ങള്‍ പണ്ടിതന്മാരിലെക്ക് മടക്കാതെ മുന്നോട്ട് പോയാല്‍ വലിയ അപകടങ്ങള്‍ ആണ് ഉണ്ടാകുക എന്നതിന്റെ ഉദാഹരണമാണ് തൌഹീദിന്റെ ആളുകള്‍ വരെ ശിര്‍ക്കിന്റെയും കുഫ്രിന്റെയും വാതിലുകള്‍ തുറന്നു കൊണ്ട് ഇതിലേക്ക് പ്രവേശിക്കുന്നത്..അല്ലാഹു രക്ഷിക്കട്ടെ.

നാം അല്ലാഹുവിന്റെ വിനീതരായ ദുര്‍ബലരായ അടിമകള്‍ ആണ്, നമ്മുടെ ഔന്നത്യം എന്നത് അവന്റെ ദീന്‍ അനുസരിച്ച് ജീവിക്കുമ്പോള്‍ ലഭിക്കുന്നതാണ്..യഥാര്‍ത്ഥ സന്തോഷവും സമാധാനവും ഉണ്ടാകുന്നത് അവനിലേക്ക് എല്ലാം അര്‍പ്പിക്കുമ്പോള്‍ മാത്രമാണ്.. എല്ലാം അറിയുന്നവനും കഴിവുള്ളവനും അവന്‍ മാത്രമാണ്.അതിനാല്‍ എന്ത് വിഷയവും അവനോട് തേടുക, അവന്റെ തീരുമാനങ്ങളില്‍ പൂര്‍ണ തൃപ്തി ഉണ്ടാകുക, അങ്ങനെ ഈമാനികമായ ഉയര്‍ച്ചയില്‍ എത്തുന്ന വിശ്വാസിക്ക് ഒരു കപടഷസ്ത്രതിന്റെയും ആവശ്യമില്ലാതെ സുന്ദരമായി ജീവിക്കുവാനും സമാധാനത്തോടെ ഉറങ്ങുവാനും കഴിയും..അള്ളാഹു അനുഗ്രഹിക്കട്ടെ...ആമീന്‍,,,

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ ۗ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ
അതായത് വിശ്വസിക്കുകയും അല്ലാഹുവെ പറ്റിയുള്ള ഓര്‍മ കൊണ്ട് മനസ്സുകള്‍ ശാന്തമായിത്തീരുകയും ചെയ്യുന്നവരെ. ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓര്‍മ കൊണ്ടത്രെ മനസ്സുകള്‍ ശാന്തമായിത്തീരുന്നത്‌. (8).


ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹു ആകുന്നു.
(ഇത് എഴുതുവാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ ഷമീം ഹാഷിം , മുനീര്‍ കോട്ടക്കല്‍ എന്നിവര്‍ക്കും വിവരങ്ങള്‍ നല്‍കി സഹായിച്ച ഒരു കൂട്ടം സഹോദരങ്ങള്‍ക്കും അള്ളാഹു പ്രതിഫലം നല്‍കട്ടെ, ഇതിനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒന്നാക്കി അള്ളാഹു മാറ്റി തീര്‍ക്കട്ടെ..ആമീന്‍ )


وآخر دعوانا أن الحمد لله رب العالمين ، والصلاة والسلام على أشرف الأنبياء والمرسلين






References :

1.കേരളത്തില്‍ എന്‍ എല്‍ പി ട്രയിനിങ്ങുമായി സഞ്ചരിക്കുന്ന ഒരു മുസ്ലിമിന്റെ പരസ്യങ്ങലാണിവ.

2. Science and Psudscience in social work practice. Springer Publishing Company. (courtesy: wikipedia)
3.  Witkowski, Tomasz (1 January 2010). "Thirty-Five Years of Research on Neuro-Linguistic Programming. NLP Research Data Base. State of the Art or Pseudoscientific Decoration?" (courtesy: wikipedia)

4. https://digest.bps.org.uk/2016/07/29/10-of-the-most-widely-believed-myths-in-psychology/

5.  യൂടുബില്‍ حكم البرمجة اللغوية العصبية എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ ഈ പണ്ഡിതന്മാരുടെ എന്‍ എല്‍ പിയെ കുറിച്ചുള്ള ഫത്വകള്‍ ലഭിക്കും .

6. رواه الترمذي (رقم/2140)  صححه الشيخ الألباني رحمه الله في " صحيح الترمذي

7.  https://www.youtube.com/watch?v=sBHLTNsgzYo
8. വിശുദ്ധ ഖുര്‍ആന്‍: 13:26