1. സലഫിയ്യത്തിന്റെ അടിസ്ഥാനം പരിശുദ്ധ ഖുർആനും തിരുസുന്നത്തും സച്ചരിതരായ മുൻഗാമികളുടെ മാർഗത്തിൽ സ്വീകരിക്കലും പുത്തൻ ചിന്താഗതികളിൽ നിന്നും വിട്ടുനിൽക്കലുമാകുന്നു.
തീവ്രവാദ ചിന്താധാരകളുടെ അടിസ്ഥാനം ആധുനിക വിപ്ലവ ചിന്തകളും അതിൻറെ ഉൽപ്പന്നങ്ങളായ സ്ഫോടനങ്ങളും ചാവേർ ആക്രമണങ്ങളുമാണ്.
2. വാക്കുകൾക്കും പ്രവർത്തികൾക്കും മുമ്പായി അറിവ് നേടണമെന്നാണ് സലഫിയ്യത്ത് പഠിപ്പിക്കുന്നത്, പ്രഥമവും ഏറ്റവും പ്രധാനപ്പെട്ടതും അറിവ് നേടലാണെന്നും പ്രവർത്തനങ്ങളും പ്രബോധനങ്ങളും അവക്കനുസരിച്ചാണെന്നും ഇവയിലൊക്കെയും ക്ഷമ കൈക്കൊള്ളണമെന്നും അത് പഠിപ്പിക്കുന്നു.
എന്നാല് തീവ്രവാദ ചിന്താധാരകൾ അതിവൈകാരികതയിൽ ഊന്നി ആളുകളെ ഉത്തേജിപ്പിക്കുകയും ക്ഷമയോടെ അറിവ് നേടുന്നതിനു പകരം ധൃതിപ്പെടുവാനും അങ്ങനെ വലിയ തിന്മയിലേക്ക് സാധാരണക്കാരെ തള്ളിവിടുകയും ചെയ്യുന്നു.
3. മുസ്ലിം എന്നോ അമുസ്ലിം എന്നോ ഭേദമില്ലാതെ ആരോടും അക്രമം ചെയ്യരുതെന്നും അനീതി കാണിക്കരുത് എന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ഖുദ്സിയ്യായ ഹദീസില്‍ അള്ളാഹു പറഞ്ഞു :
"എന്റെ അടിമകളേ , ഞാന്‍ എന്നില്‍ അക്രമം നിഷിദ്ധമാക്കിയിരിക്കുന്നു, നിങ്ങള്‍ക്കിടയിലും അത് നിഷിദ്ധമാക്കിയിരിക്കുന്നു, അത് കൊണ്ട് നിങ്ങള്‍ പരസ്പരം അക്രമം ചെയ്യരുത്." (ബു,മു)
എന്നാൽ തീവ്രവാദികൾ അക്രമങ്ങളിൽ ഊന്നിയ പ്രവർത്തനങ്ങളിലാണ് വിശ്വസിക്കുന്നത്. മുസ്ലിമാകട്ടെ അമുസ്ലിമാകട്ടെ തങ്ങളോട് യോജിക്കാത്ത ആളുകളെ കൊന്നൊടുക്കുകയും ക്രൂരമായ രീതിയിൽ അക്രമങ്ങൾ അഴിച്ചുവിടുകയുമാണ് അവരുടെ പ്രവർത്തനശൈലി.
4. മുസ്‌ലിംകളുമായി പരസ്പരം സമാധാനത്തിലും കരാറിലുമായി ജീവിക്കുന്ന അമുസ്ലിമിനെ കൊല്ലുക എന്നത് സ്വര്‍ഗവാസന പോലും നിഷേധിക്കപ്പെടുന്ന മഹാപാപമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്
നബിﷺ പറഞ്ഞു: "ആരെങ്കിലും (മുസ്‌ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അവനില്‍ നിന്നും നാല്പത് വര്‍ഷത്തെ വഴിദൂരം അകലെയായിരിക്കും അതിന്‍റെ പരിമളം പോലുമുള്ളത്" -
[ബുഖാരി: 3166]. സലഫി പണ്ഡിതന്മാർ ലോകത്തോട് ഉറക്കെ വിളിച്ചു പറയുന്നതും ഇതേ കാര്യമാണ്.
എന്നാല് തീവ്രവാദികൾ എല്ലാ അമുസ്ലിമിനെയും കൊന്നൊടുക്കണമെന്നും നിരപരാധികളുടെ രക്തം ചിന്തുകയും അവർക്കിടയിൽ ചാവേറുകളായി മാറി സ്വയം പൊട്ടിത്തെറിക്കാനും ആഹ്വാനം ചെയ്യുന്നു.
5. ഇസ്ലാമിക രാജ്യങ്ങളിലെ പൗരന്മാരോട് ഇസ്ലാം പറയുന്നത് ഭരണാധികാരികളെ അനുസരിക്കണമെന്നും അവരുടെ തിന്മകൾ പ്രചരിപ്പിക്കുവാനോ അവർക്കെതിരെ സംഘടിക്കുവാനോ പാടില്ലെന്നാണ്. കാരണം നബിﷺ പറഞ്ഞു: "തന്‍റെ ഭരണാധികാരിയില്‍ നിന്നും താന്‍ വെറുക്കുന്ന വല്ലതും കാണാന്‍ ഇടയായാല്‍ അവന്‍ ആ വിഷയത്തില്‍ ക്ഷമിക്കട്ടെ. ആര് സുല്‍ത്താനില്‍ നിന്ന് ഒരു ചാണ്‍ വേറിട്ട് പോകുന്നുവോ അവന്‍ ജാഹിലിയ്യതിന്റെ മരണം കൈവരിച്ചിരിക്കുന്നു".
നബിﷺ അന്‍സാരികളോട് ഇപ്രകാരം പറഞ്ഞു: "നിങ്ങള്‍ എനിക്ക് ശേഷം സ്വാര്‍ത്ഥന്മാരായ ഭരണകര്‍ത്താക്കളെ കണ്ടുമുട്ടും. എന്നാല്‍ (പരലോകത്ത്) എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങള്‍ ക്ഷമിക്കുക. നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്യപ്പെട്ട സമയം ഹൗളിനരികിലാകുന്നു." - സ്വഹീഹുല്‍ ബുഖാരി: 3793, സ്വഹീഹ് മുസ്‌ലിം: 4885].
എന്നാൽ തീവ്രവാദികൾ ഇസ്ലാമിക ഭരണാധികാരികൾക്കെതിരെ വ്യാപകമായി പ്രചാരണങ്ങൾ അഴിച്ചുവിടുകയും അവർക്കെതിരെ തിരിയുവാൻ ആളുകളെ പ്രേരിപ്പിക്കുകയും അതിനു വേണ്ടി സായുധ സംഘങ്ങൾ രൂപീകരിക്കുകയും ചെയ്യുന്നു. അവർ ക്രമസമാധാന നിലയെ അട്ടിമറിക്കുകയും വ്യാപകമായി കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇവയൊക്കെയും പിഴച്ച കക്ഷികളായ ഖവാരിജുകളുടെ രീതിശാസ്ത്രമാണ്.
6. ജിഹാദ് എന്നത് ഒരു ഭരണാധികാരിയുടെ കീഴിൽ വ്യവസ്ഥാപിതമായി നടത്തേണ്ട ഒന്നാണെന്നും അതല്ലാത്തത് ഇസ്ലാമിന്റെ സുന്ദരമായ ദർശനത്തിന് വിരുദ്ധവുമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
നബിﷺ പറഞ്ഞു:
"തീര്‍ച്ചയായും ഭരണാധികാരി സംരക്ഷണ കവചമാകുന്നു. അദ്ധേഹത്തിന്റെ പിന്നില്‍ യുദ്ധം ചെയ്യപ്പെടുന്നു, അദ്ധേഹത്തെ കൊണ്ട് സംരക്ഷിക്കപ്പെടുന്നു". (ബുഖാരി,മുസ്ലിം).
എന്നാല് ഭീകരവാദികൾ ജിഹാദിനെ തെറ്റായി അവതരിപ്പിക്കുകയും സംഘങ്ങൾ രൂപീകരിച്ച് ആയുധങ്ങൾ കയ്യിലേന്തി തോന്നിയത് പോലെ അക്രമങ്ങൾ അഴിച്ചു വിടുകയും അതിൽ അഭിമാനം കൊള്ളുകയും ചെയ്യുന്നു.
7. വ്യവസ്ഥാപിത യുദ്ധത്തിനു പോകുമ്പോൾ പോലും സ്ത്രീകളേയോ കുട്ടികളെയോ വൃദ്ധന്മാരെയോ വധിക്കരുത് എന്നും ഒരു തരത്തിലും അതിരു കവിയുവാൻ പാടില്ലെന്നുമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ഇസ്ലാമിക പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ച അഭിപ്രായമുള്ള വിഷയമാണ് ഇതെന്ന് ഇമാം നവവിയെ പോലുള്ള ഉലമാക്കൾ രേഖപ്പെടുത്തിയത് കാണുവാൻ കഴിയും.
എന്നാൽ ഭീകരവാദികൾ പലപ്പോഴും ലക്ഷ്യംവെക്കുന്നത് സ്ത്രീകളെയും കുട്ടികളെയുമാണ്, ചാവേർ ആക്രമണങ്ങളിൽ നിരപരാധികളായ നിരവധി സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പെടെയുള്ള ആളുകൾ ഇരയാകുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. തീർച്ചയായും മനുഷ്യ-പിശാചുക്കൾക്ക് മാത്രമേ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുവാൻ സാധിക്കുകയുള്ളൂ.
8. മുസ്ലിംകളോടും ഇസ്ലാമിനോടും ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പോലും ഒരു മുസ്ലിം ചെന്ന് പെട്ടാല്‍ കുഴപ്പമുണ്ടാക്കരുത് എന്നാണ് സലഫുകള്‍ പഠിപ്പിച്ചത്. ഇമാം ഷാഫിرحمه الله പറയുന്നു:
"മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ശത്രു രാജ്യത്ത് സംരക്ഷണ ഉടമ്പടിയോടെ പ്രവേശിച്ചാല്‍ അവിടെ നിന്ന് പിരിയുന്നത് വരെയോ സംരക്ഷണ ഉടമ്പടിയുടെ കാലം വരേയോ അവരിലെ ശത്രുക്കള്‍ മുസ്ലിംകളില്‍ നിന്നും നിര്‍ഭയനായിരിക്കും. അവരോടു (ആ അമുസ്ലിംകളോട് ) അക്രമവോ ചതിയോ ചെയ്യാന്‍
ഇവര്‍ക്ക്(മുസ്ലിംകള്‍ക്ക് )പാടുള്ളതല്ല. ( الأم:4/263).
എന്നാൽ തീവ്രവാദികൾ മുസ്ലീങ്ങളെ സമാധാനത്തിൽ ജീവിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളിൽപോലും കുഴപ്പമുണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നു. അവരുടെ ചിന്തകൾ ഇസ്ലാമിൻറെ ചിന്തയുമായി അത്രയധികം അകലം പാലിക്കുന്നു.
ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാരണങ്ങളാൽ യഥാർത്ഥ സലഫിയ്യതും അതിൻറെ വക്താക്കളും എല്ലാവിധ തീവ്രവാദ കക്ഷികളിൽ നിന്നും വേറിട്ട് നിൽക്കുകയും അവയോട് വ്യക്തമായ ശത്രുത പ്രഖ്യാപിക്കുകയും ചെയ്യുന്നു. അഥവാ അത് അനിസ്ലാമികമാണെന്ന് തെളിവുകളോടെ സ്ഥാപിക്കുന്നു. തീവ്രവാദികൾക്കെതിരെ ഏറ്റവും കർശനമായ നടപടികൾ കൈകൊള്ളുന്നത് സൗദി അറേബ്യ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളാണ് എന്നത് നാം വാർത്തകളിലൂടെ അറിയുന്നതാണ്. തീവ്രവാദത്തെ ഏറ്റവും കടുത്ത ഭാഷയിലും കൃത്യമായ തെളിവുകളോടെയും എതിർക്കുന്നത് സലഫി പണ്ഡിതന്മാരാണ് എന്നുള്ളതും ഒരു സത്യമാണ്, എന്നിരുന്നാലും ചോര തന്നെ കൊതുകുകൾക്ക് മുഴുവൻ കൗതുകം... !
✍🏻ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം.

No comments:
Post a Comment