بسم الله الرحمن الرحيم
الحمد لله وصلى الله على محمد، اما بعد.
പരിശുദ്ധ റമദാനിൽ ദീനീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതും പഠിക്കുന്നതും പ്രോൽസാഹനീയം തന്നെയാണ്, എന്നാൽ മുൻഗാമികൾ വിശാലത കാണിച്ച വിഷയത്തിൽ ശിദ്ദത്ത് കാണിക്കുകയും പരസ്പരം ആക്ഷേപിക്കുകയും ചെയ്യുക എന്നത് ഗൗരവ പൂർവ്വം കാണേണ്ട വിഷയമാണ്.അത് പോലെ സലഫുകളുടെ ചര്‍ച്ച ഇതൊന്നുമല്ല, അത് വേറെയാണ് എന്ന രീതിയില്‍ പറഞ്ഞു ആശയക്കുഴപ്പം ഉണ്ടാക്കുന്നതും ശരിയല്ല. അതിനുത്തമ ഉദാഹരണമാണ് തറാവീഹിന്റെ എണ്ണത്തിന്റെ കാര്യത്തിലുള്ള മെസേജുകളും തർക്കങ്ങളും. ചില കാര്യങ്ങൾ സംക്ഷിപ്തമായി കൊടുക്കുന്നു.
1. തറാവീഹ് 11 റകഅത് നമസ്കരിക്കുന്നത് എണ്ണത്തെ വെട്ടിച്ചുരുക്കലോ ബിദ്അതോ അല്ല. അത് സുന്നത്തില്‍ പെട്ടതാണ്.
2. തറാവീഹ് അല്ലെങ്കില്‍ ഖിയാമുല്ലൈല്‍ എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട ഒരു നമസ്കാരമല്ല.
3. തറാവീഹ് 11 ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതോ 21,23,39 എന്നിങ്ങനെയുള്ള എണ്ണമോ അതില്‍ കൂടുതോ കുറവോ നമസ്കരിക്കുന്നതും ബിദ്അതല്ല. ഈ എണ്ണങ്ങള്‍ സ്വഹാബികള്‍ മുതല്‍ നിര്‍വഹിച്ച എണ്ണവുമാണ്.
വിശദീകരണം :
1. തറാവീഹ് 11 റകഅത് നമസ്കരിക്കുന്നത് എണ്ണത്തെ വെട്ടിച്ചുരുക്കലോ ബിദ്അതോ അല്ല.
പതിനൊന്നു നമസ്കരിക്കുന്ന ആളുകളെ ആക്ഷേപിക്കുന്ന ആളുകള്‍ ചെയ്യുന്നത് ന്യായീകരിക്കാന്‍ കഴിയുന്ന ഒരു പ്രവര്‍ത്തനമല്ല. ഇരുപതാണ് നല്ലത് എന്ന് പറഞ്ഞ ഫുഖഹാക്കള്‍ പോലും അങ്ങനെ ചെയ്തിട്ടില്ല. അല്ലാഹുവിന്‍റെ റസൂല്‍ നിര്‍വഹിച്ച ഒരു കാര്യത്തെ ചെയ്യുന്നവരെ ആര്‍ക്കാണ് ആക്ഷേപിക്കാന്‍ കഴിയുക. ഇമാം ബുഖാരി തന്‍റെ സ്വഹീഹില്‍ കിത്താബു തറാവീഹ് എന്ന അദ്ധ്യായത്തിനു കീഴില്‍ കൊടുത്ത ഹദീസ് കാണുക.
"അബൂസലമതു ബ്നു അബ്ദുറഹിമാന്‍ വിവരിക്കുന്നു: അദ്ദേഹം ആയിഷ(رضي الله عنها)യോട് റസൂല്‍ﷺ യുടെ റമദാനിലെ നമസ്കാരം എങ്ങനെയായിരുന്നുവെന്ന് ചോദിച്ചു. ആയിഷ(رضي الله عنها) പറഞ്ഞു. റമദാനിലും അല്ലാത്ത കാലത്തും പതിനൊന്ന് റക്അത്തിനേക്കാള്‍ അധികരിപ്പിച്ചിരുന്നില്ല. നബി(ﷺ) നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ഭംഗിയും ദൈര്‍ഘ്യവും ചോദിക്കേണ്ടതില്ല. പിന്നെയും നാല് റക്അത്ത് നമസ്കരിക്കും. അതിന്‍റെ ദൈര്‍ഘ്യവും ഭംഗിയും ചോദിക്കരുത്. പിന്നെ മൂന്ന് റക്അത്ത് നമസ്കരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു. അല്ലാഹുവിന്‍റെ റസൂലെ, വിത്റ് നമസ്കരിക്കുന്നതിന് മുന്‍പ് താങ്കള്‍ ഉറങ്ങുകയാണോ? റസൂല്‍ﷺ പറഞ്ഞു: ആയിശാ! എന്‍റെ രണ്ട് കണ്ണുകള്‍ മാത്രമാണ് ഉറങ്ങുന്നത്. ഹൃദയം ഉറങ്ങുന്നില്ല." (ബുഖാരി, മുസ്ലിം)
ഇത് ഒറ്റക്ക് നമസ്കരിക്കുമ്പോള്‍ മാത്രമാണ്, ജമാഅതായി പതിനൊന്നു നമസ്കരിക്കാന്‍ തെളിവില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കുള്ള മറുപടി സ്വഹാബികള്‍ തന്നെ അങ്ങനെ ജമാഅതായി പതിനൊന്നു നമസ്കരിച്ചിട്ടുണ്ട് എന്നാണു. അത് കാണുക.
مَالِكٌ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ؛ أَنَّهُ قَالَ: أَمَرَ عُمَرُ بْنُ الْخَطَّابِ أُبَيَّ بْنَ كَعْبٍ وَتَمِيماً الدَّيْرِيَّ أَنْ يَقُومَا لِلنَّاسِ بِإِحْدَى عَشْرَةَ رَكْعَةً
സാഇബ് ബ്നു യസീദ്رضي الله عنه പറഞ്ഞു: ഉമര്‍ തമീമു ദാരിയോടും ഉബയ്യ് ബ്നു കഅബിനോടും ജനങ്ങള്‍ക്ക് ഇമാമായി പതിനൊന്നു നമസ്കരിക്കാന്‍ കല്‍പ്പിച്ചു. (ഇമാം മാലിക്ക് അദ്ധേഹത്തിന്റെ മുവത്തയില്‍ സ്വഹീഹായി ഉദ്ധരിച്ചത്).
അതിനാല്‍ പതിനൊന്നു നമസ്കരിക്കല്‍ പുത്തന്‍വാദമോ ബിദ്അതോ അല്ല, അത് സുന്നത്തില്‍ പെട്ടതാണ്.
2) തറാവീഹ് അല്ലെങ്കില്‍ ഖിയാമുല്ലൈല്‍ എന്നത് എണ്ണം നിര്‍ണയിക്കപ്പെട്ട ഒരു നമസ്കാരമല്ല. 11 ൽ കൂടുതൽ വർദ്ധിപ്പിക്കുന്നതു ബിദ്അതോ തിന്മയോ അല്ല.
രാത്രി നമസ്കാരത്തെ കുറിച്ച് ചോദിച്ച ആളോട് റസൂൽﷺ പറഞ്ഞത് ഇപ്രകാരമാണ്.
صلاة الليل مثنى مثنى، فاذا خشى احدكم الصبح صلى ركعة واحدة توتر له ما قد صلى .
"രാത്രി നമസ്കാരം രണ്ട്, രണ്ട് റക്അത്കൾ ആണ് , ആരെങ്കിലും സുബ്ഹിനെ ഭയപ്പെട്ടാൽ അവൻ നമസ്കരിച്ചതിനെ വിത്റാക്കുന്ന ഒരു റക്അത് നമസ്കരിക്കുക" .(ബു: I 137,990. മു:749,519).
عَنْ عَمْرِو بْنِ عَبَسَةَ السُّلَمِيِّ، أَنَّهُ قَالَ: قُلْتُ: يَا رَسُولَ اللَّهِ، أَيُّ اللَّيْلِ أَسْمَعُ؟ قَالَ: «جَوْفُ اللَّيْلِ الْآخِرُ، فَصَلِّ مَا شِئْتَ، فَإِنَّ الصَّلَاةَ مَشْهُودَةٌ مَكْتُوبَةٌ، حَتَّى تُصَلِّيَ الصُّبْحَ
അംറുബിൻ അബസ رضي الله عنه ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു: ഞാന്‍ ചോദിച്ചു : അല്ലാഹുവിന്‍റെ റസൂലേ , ഏറ്റവും അധികം (പ്രാത്ഥന) കേള്‍ക്കുന്ന രാത്രി ഏതാണ്?. റസൂല്‍ﷺ പറഞ്ഞു അത് രാത്രിയുടെ അവസാനത്തിലാണ്, അപ്പോൾ നീ ഉദ്ദേശിക്കുന്നരൂപത്തിൽ (രാത്രി) നമസ്കരിക്കുക , തീർച്ചയായും നീ സുബഹി നമസ്കരിക്കുന്നത് വരെ നിർവഹിക്കുന്ന നമസ്കാരം എഴുതിവെക്കപ്പെടുന്നതും സാക്ഷ്യം വഹിക്കപ്പെടുന്നതുമാണ്."(അബൂ ദാവൂദ് 1277)
ഷെയ്ഖ് മുഹമ്മദ് അലി ആദം അൽ എത്യോപി حفظه الله പറയുന്നത് കാണുക.
"ഇതില്‍ നിന്നും ചിലയാളുകള്‍ വാദിക്കുന്നതിനു എതിരായിക്കൊണ്ടു രാത്രി നമസ്കാരത്തിന് ഒരു നിര്‍ണിതമായ എണ്ണമില്ല എന്ന് മനസ്സിലാക്കാം".
ഇമാം ഇബ്നു അബ്ദിൽ ബറിന്റെ പ്രസ്താവന ശ്രദ്ധേയമാണ്.
فلا خلاف بين المسلمين ان صلاة اليل ليس فيها حد محدود وانها نافلة وفعل خير وعمل بر ، فمن شاء استقل، ومن شاء استكثر.
"മുസ്ലിമീങ്ങൾക്കിടയിൽ ഭിന്നതയില്ലാത്ത കാര്യമാണ് രാത്രി നമസ്കാരത്തിന് നിർണ്ണയിക്കപ്പെട്ട ഒരു എണ്ണമില്ല എന്നതും അത് സുന്നതായതും നന്മയും പുണ്യവുമുള്ള പ്രവർത്തനമാണ് എന്നതും. അതിനാൽ ഉദ്ദേശിക്കുന്നവൻ (എണ്ണം) ചുരുക്കട്ടെ, ഉദ്ദേശിക്കുന്നവൻ വർദ്ധിപ്പിക്കട്ടെ "(التمهيد: ٦/١٤٣)
നബി (സ) പതിനൊന്നിൽ കൂടുതൽ നമസ്കരിച്ചിട്ടുണ്ട്.
സുബ്ഹിന്റെ സുന്നത് കൂടാതെ 13 നമസ്കരിച്ചതായി ബുഖാരിയിൽ തന്നെയുണ്ട്. അത്തരത്തിൽ വന്ന ഒരു ഹദീസിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്. "ഇബ്നു അബ്ബാസ്(رضي الله عنهما) ഉദ്ധരിക്കുന്നു: ...... അങ്ങനെ രാത്രിയുടെ പകുതി വരെ റസൂൽﷺ ഉറങ്ങി, പിന്നീട് എഴുന്നേറ്റു, മുഖം തടവി, പിന്നെ ആലു ഇമ്രാനിലെ പത്ത് ആയതുകൾ ഓതി, ശേഷം നന്നായി വുദു എടുത്തു, നമസകരിക്കാനായി നിന്നു.........പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു , പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ രണ്ട് റക്അത് നമസ്കരിച്ചു , പിന്നെ രണ്ട് റക്അത് നമസ്കരിച്ചു. പിന്നെ ഒറ്റയാക്കി, പിന്നെ ബാങ്ക് കൊടുക്കുന്നത് വരെ ഇരുന്നു. ശേഷം രണ്ട് റക്അത് നമസ്കരിച്ചു, പിന്നെ (പള്ളിയിലെക്ക് ) പുറപ്പെട്ടു, സുബഹി നമസ്കരിച്ചു.
(ബു: 992, മു: 763) . 👆സുബ്ഹിന്റെ രണ്ട് കൂടാതെ 13 റക്അതാണ് ഇതിലുള്ളത്.
ഒന്ന് കൂടെ വ്യക്തമായി ഇബ്നു അബ്ബാസ്(رضي الله عنهما) തന്നെ ഇക്കാര്യം പറയുന്നുണ്ട്.
كانت صلاة النبي (ص) ثلاثة عشرة ركعة، يعني بالليل.
"നബിﷺയുടെ രാത്രി നമസ്കാരം 13 റക്അത് ആണ് "(ബു: I 138, മു: 764).
ഇതേ കാര്യം ആയിശ ബീവിയും വ്യക്തമാക്കുന്നു;
كان رسول الله(ص)يصلى بالليل ثلاث عشرة ركعة، ثم يصلى اذا سمع النداء بالصبح ركعتين خفيفتين.
"നബിﷺയുടെ രാത്രി നമസകാരം 13 റക്അതാണ്, പിന്നീട് സുബഹി യുടെ ബാങ്ക് കേട്ടാൽ ചെറുതായി 2 രക്അത് നമസ്കരിക്കും".
(ബു: 1170, മു: 737) . ഇവിടെ സുബഹിയുടെ രണ്ട് കൂടാതെ 13 നമസ്കരിച്ചതായി വ്യക്തമാണ്.
➡സ്വാഭാവികമായും 11 ൽ കൂടുതൽ വർദ്ധിപ്പിച്ചിട്ടില്ല എന്ന ആയിശ ബീവിയുടെ തന്നെ വാചകത്തിന് ഈ റിപ്പോർട്ടുകൾ വിരുദ്ധമല്ലേ എന്ന സംശയം വന്നേക്കാം. അതിനു രണ്ട് മറുപടിയാണ് പ്രധാനമായും ഉള്ളത് .
ദീർഖമായ നമസ്കാരം തുടങ്ങും മുമ്പ് ചെറുതായി രണ്ട് റക്അത് നബി(സ) നമസ്കരിച്ചിരുന്നു. ആയിശ ബീവി തന്നെ പറയുന്നു." റസൂൽﷺ രാത്രി നമസ്കാരത്തിനായി നിന്നാൽ രണ്ട് ചെറിയ റക്അത് കൊണ്ട് തുടങ്ങുമായിരുന്നു. (മു: 767). അങ്ങനെ 11+2 = 13 കിട്ടും. ഇമാം ഇബ്നു ഹജർ (റ) തിരഞ്ഞെടുത്തത് ഈ അഭിപ്രായമാണ്.
നബിﷺ ചിലപ്പോൾ 11, മറ്റു ചിലപ്പോൾ 13 എന്നിങ്ങനെ നമസ്കരിക്കും. ഇമാം ഖുർതുബിയെ തൊട്ട് ഇബ്നു ഹജർ ഉദ്ധരിക്കുന്നത് അതാണ്. (2 റക്അത് ഇശാഇന്റെ സുന്നതാണ് എന്ന് പറഞവരും ഉണ്ട് എന്നാൽ ഹദീസിന്റെ ദാഹിറായ അർത്ഥവുമായി അത് യോജിക്കുന്നില്ല.)
(فتح الباري ٣/٢١)
3⃣). 11 ൽ കൂടുതൽ വർദ്ധിപ്പിച്ചില്ല എന്ന ഹദീസ് കൊണ്ട് IIൽ കൂടുതൽ വർദ്ധിപ്പിക്കരുത് എന്ന് കിട്ടില്ല. റസൂൽﷺ ഒരു ഹജജ് മാത്രമേ ചെയ്തുള്ളൂ എന്ന് പറഞ്ഞാൽ രണ്ട് ഹജജ് ചെയ്യരുത് എന്ന് കിട്ടാത്തത് പോലെ . മാത്രവുമല്ല മുൻഗാമികളുടെ വ്യാഖ്യാനത്തിനു വിരുദ്ധവുമാണിത്.
🔹ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ പറയുന്നു.
ومن ظن ان قيام رمضان فيه عدد موقت عن النبي ص..لا يزاد ولا ينقص فقد اخطأ..
" ഖിയാമു റമദാന്റെ കാര്യത്തിൽ നബി(സ)യെ തൊട്ട് എണ്ണം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്നും അതിൽ കൂട്ടാനോ കുറക്കാനോ പാടില്ല എന്നും ആരെങ്കിലും കരുതുന്നു എങ്കിൽ അവന്ന് തെറ്റ് പറ്റിയിരിക്കുന്നു."
(مجموع الفتاوى ٢٢/٢٧٢-٢٧٣).
21,23,39 എന്നിങ്ങനെയുള്ള എണ്ണമോ അതില്‍ കൂടുതലോ കുറവോ നമസ്കരിക്കുന്നതും ബിദ്അതല്ല. ഈ എണ്ണങ്ങള്‍ സ്വഹാബികള്‍ മുതല്‍ നിര്‍വഹിച്ച എണ്ണവുമാണ്.
സ്വഹാബികള്‍ തന്നെ ഇരുപത് നമസ്കരിച്ച സ്വഹീഹായ റിപ്പോര്‍ട്ടുകള്‍ കാണുക.
1.
عَنْ دَاوُدَ بْنِ قَيْسٍ، وَغَيْرِهِ، عَنْ مُحَمَّدِ بْنِ يُوسُفَ، عَنِ السَّائِبِ بْنِ يَزِيدَ، " أَنَّ عُمَرَ: جَمَعَ النَّاسَ فِي رَمَضَانَ عَلَى أُبَيِّ بْنِ كَعْبٍ، وَعَلَى تَمِيمٍ الدَّارِيِّ عَلَى إِحْدَى وَعِشْرِينَ رَكْعَةُ يَقْرَءُونَ بِالْمِئِينَ وَيَنْصَرِفُونَ عِنْدَ فُرُوعِ الْفَجْرِ "
സാഇബു ബ്നു യസീദ്رضي الله عنه പറയുന്നു : ഉമര്‍ ജനങ്ങളെ ഉബയ്യ് ബ്നു കഅബിന്‍റെയും തമീമു ദാരിയുടെയും കീഴില്‍ ഇരുപത്തിയൊന്നു നമസ്കാരത്തിന്മേല്‍ ഒരുമിച്ചു കൂട്ടി. നൂറു കണക്കിന് ആയത്തുകള്‍ അവര്‍ ഓതും സുബ്ഹിയോടു അടുത്ത സമയം ആയിരുന്നു അവര്‍ പിരിഞ്ഞിരുന്നത്.
(ഇമാം അബ്ദുറസാഖ് തന്‍റെ മുസന്നഫില്‍ ഉദ്ധരിച്ചത്. ദാവൂദ് ഇബ്നു ഖൈസ് സിഖതാണ്, ബുഖരിയുടെയും മുസ്ലിമിന്റെയും റാവിയാണ്,. ഇത് സ്വഹീഹ് ആണെന്ന് ഷെയ്ഖ് അഹമദ് നജ്മി കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ട്.)
2.
حَدَّثَنَا عَلِيٌّ، أنَا ابْنُ أَبِي ذِئْبٍ، عَنْ يَزِيدَ بْنِ خُصَيْفَةَ، عَنِ السَّائِبِ بْنِ يَزِيدَ قَالَ: «كَانُوا يَقُومُونَ عَلَى عَهْدِ عُمَرَ فِي شَهْرِ رَمَضَانَ بِعِشْرِينَ رَكْعَةً، وَإِنْ كَانُوا لَيَقْرَءُونَ بِالْمِئِينَ مِنَ الْقُرْآنِ»
സാഇബു ബ്നു യസീദ്رضي الله عنهما പറയുന്നു : ഉമര്‍ വിന്‍റെ കാലത്ത് ഇരുപത് റകഅത് അവര്‍ നമസ്കരിച്ചിരുന്നു. ഖുര്‍ആനില്‍ നിന്നും നൂറു കണക്കിന് ആയത്തുകള്‍ അവര്‍ ഓതിയിരുന്നു.
(ഇമാം അലിയ്യ് ബ്നു ജു'ദു തന്‍റെ മുസ്നദില്‍ ഉദ്ധരിച്ചത്( 2825), അദ്ധേഹത്തില്‍ നിന്ന് ഇമാം ബൈഹഖി സുനനിലും ഉദ്ധരിക്കുന്നുണ്ട് (2/ 496). ഇതിന്‍റെ സനദു സ്വഹീഹാണ്, എല്ലാവരും സിഖാതുകള്‍ ആണ്, ഇമാം നവവി, ഇമാം സുയൂതി, അബൂ സര്‍അ അല്‍ ഇറാഖി, ശൈഖുല്‍ ഇസ്ലാം തുടങ്ങിയവരൊക്കെ ഇതിനെ സ്ഥിരപ്പെടുത്തിയവര്‍ ആണ്. യസീദ് ബ്നു ഖുസൈഫ ബുഖാരിയുടെയും മുസ്ലിമിന്റെയും റാവിയാണ്. ഇതിനു ഉപോല്പകമായി വ്യത്യസ്ത രിവായതുകള്‍ കാണാം.ഷെയ്ഖ് ഇസ്മായില്‍ അല്‍ അന്‍സാരി ഇതിനെ സ്ഥിരപ്പെടുത്തിക്കൊണ്ട് ഒരു രിസാല തന്നെ എഴുതിയിട്ടുണ്ട്. )
3.ഉമര്‍رضي الله عنه വിന്‍റെ കാലത്ത് ഇരുപത് ആയിരുന്നു എന്ന് യഹ്യ ബ്നു സഈദ്, യസീദ് ബ്നു റുമ്മാന്‍, അബ്ദുല്‍ അസീസ് ബ്നു റുവൈഫ് എന്നീ താബിഈങ്ങളും വ്യക്തമാക്കിയതായി അവരെ തൊട്ടു സ്വഹീഹായി വന്നിട്ടുണ്ട്.
ഫീദുല്‍ ബാരിയില്‍ ഉള്ളത് ഇങ്ങനെയാണ്,
نعم اتفقوا على ثُبوتها عشرين ركعة عن عمر ـ رضي الله عنه
(അതെ, ഉമര്‍ വിനെ തൊട്ടു ഇരുപത് സ്ഥിരപ്പെട്ടതായി (ഉലമാക്കള്‍) ഇത്തിഫാഖില്‍(അഭിപ്രായ വ്യത്യാസമില്ലാതെ അന്ഗീകരിച്ചത്) ആണ്. )
فيض الباري شرح البخاري” (4/ 23).
സ്വഹാബികളും താബിഈങ്ങളും ഇപ്രകാരം ഇമാമായി ഇരുപത് നമസ്കരിച്ചതായി നിരവധി റിപ്പോര്‍ട്ടുകള്‍ സ്വഹീഹായി വന്നിട്ടുണ്ട്. ഷെയ്ഖ് അബ്ദുല്‍ ഖാദര്‍ ജുനൈദ് അവയും അവയുടെ സിഹ്ഹതും വിശദീകരിച്ചു കൊണ്ട് ഒരു രിസാല എഴുതിയിട്ടുണ്ട്. (അവലംബം കാണുക)
▪ഉമർ (رضي الله عنه) തന്നെ 11 നമസ്കരിക്കാൻ കൽപ്പിച്ചതായി സ്വഹീഹായ റിപ്പോര്‍ട്ടും ഈ റിപ്പോര്‍ട്ടും യാതൊരു വൈരുദ്ധ്യവും ഇല്ല. കാരണം തറാവീഹ് എന്നത് ഒരിക്കല്‍ മാത്രം നടന്ന കാര്യമോ ഒരു എണ്ണം മാത്രം അനുവദനീയമായ കര്‍മമോ അല്ല. ഉമര്‍ വാകട്ടെ പത്തു വര്‍ഷത്തോളം ഭരണം നടത്തിയതുമാണ്. അതിനാല്‍ ഇവ ജംഉ ചെയ്യല്‍ എളുപ്പവുമാണ്. മുന്‍ഗാമികള്‍ അങ്ങനെ ചെയ്തിട്ടുമുണ്ട്. ആദ്യം 11 പിന്നീടുള്ള വർഷം 23 എന്നിങ്ങനെയാണ് ഇമാം ബൈഹഖിയെ പോലുള്ളവർ ജംഉ ചെയ്തത്. ദീർഖമെങ്കിൽ 11 ഉം ദൈർഖ്യം കുറവെങ്കിൽ 23 ഉം എന്ന് ഇമാം ഇബ്നു ഹജറും വ്യാഖ്യാനിച്ചതായി കാണാം. ]
ആധുനികരിൽ ശൈഖ് അൽബാനിയല്ലാത്ത മറ്റു കിബാറുകൾ ( ശൈഖ് ഇബ്നു ബാസ്, ശൈഖ് ഇബ്നു ഉസൈമീൻ ,ശൈഖ് സ്വലിഹുല്‍ ഫൗസാൻ,തുടങ്ങി ഏതാണ്ട് എല്ലാ ഉലമാക്കളും) ഇതേ നിലപാട് സ്വീകരിച്ചവരാണ്. 11 ൽ കൂടുതൽ വർദ്ധിപ്പിക്കരുത് എന്ന ശൈഖ് അൽബാനിയുടെ ഇജ്തിഹാദിന് മറുപടിയുമായി ഒന്നിലധികം ഗ്രന്ഥങ്ങൾ തന്നെ സലഫി ലോകത്ത് എഴുതപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ചില ആളുകള്‍ പ്രചരിപ്പിക്കുന്നത് മുന്‍ഗാമികളിലെ ചര്‍ച്ച ഇന്നുള്ള വിഷയങ്ങളില്‍ അല്ല, അവര്‍ എല്ലാവരും പതിനൊന്നു സുന്നത്താണ് എന്ന് പറഞ്ഞവരും എന്നാല്‍ അതില്‍ വര്‍ദ്ധിപ്പിക്കാമോ അല്ലയോ എന്നതിലാണ് ചര്‍ച്ച എന്നുമാണ്. അത് പോലെ ഒരാള്‍ നമസ്കരിച്ചു കൊണ്ടിരിക്കെ ക്ഷീണമോ മറ്റോ കാരണത്താല്‍ ദൈര്‍ഖ്യം കുറച്ചു, പിന്നെ വീണ്ടും നമസ്കരിച്ചു, പിന്നെ വീണ്ടും നമസ്കരിച്ചു, അങ്ങനെ പതിനന്ജോ ഇരുപതോ മറ്റോ ആയാല്‍ അതില്‍ കുഴപ്പമില്ല എന്നേ മുന്‍ഗാമികള്‍ പറഞ്ഞുള്ളൂ , എത്ര റകഅതാണ് എന്ന കാര്യത്തില്‍ അവര്‍ക്കിടയില്‍ ചര്‍ച്ചയെ ഇല്ല എന്നുമൊക്കെയാണ്. തികച്ചും വാസ്തവ വിരുദ്ധമായ കാര്യമാണ് ഇത്.
സലഫുകള്‍ ചര്‍ച്ച ചെയ്തത് എണ്ണത്തെ കുറിച്ച് തന്നെയാണ്. ഷാഫി, ഹനഫി, ഹന്ബലി മദ്ഹബിന്‍റെ ആളുകള്‍ പറഞ്ഞത് ഇരുപത് ആണ്. ഇമാം ഷാഫി തനിക്കേറ്റവും ഇഷ്ടം ഇരുപതാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം മാലിക് താന്‍ ഇഷ്ടപെടുന്നത് മുപ്പത്തി ഒമ്പതാണ് എന്ന് പറഞ്ഞു. അദ്ദേഹം സ്വന്തത്തില്‍ തിരഞ്ഞെടുത്തത് പതിനോന്നാണ് എന്നും കാണാം. എന്നാല്‍ ഏതെങ്കിലും ഒരു എണ്ണം മാത്രമേ പാടുള്ളൂ എന്നൊരു വാദം സലഫുകള്‍ക്ക് ഉണ്ടായിരുന്നില്ല.
പണ്ഡിതന്മാര്‍ക്കിടയിലെ ചര്‍ച്ചയെ കുറിച്ച് ഷെയ്ഖ് ഇബ്നു ഉസൈമീന്‍ പറയുന്നു.
اختلف العلماء في عدد ركعات التراويح، فمنهم من قال: إحدى عشرة ركعة، ومنهم من قال: ثلاث عشرة ركعة، ومنهم من قال: ثلاث وعشرون ركعة، ومنهم من قال أكثر من ذلك.
والأمر في هذا واسع، لأن السلف الذين اختلفوا في هذا، لم يُنكر بعضهم على بعض، فالأمر في هذا واسع،
തറാവീഹിന്‍റെ റക്അതിന്‍റെ എണ്ണത്തില്‍ ഉലമാക്കള്‍ ഭിന്നിച്ചിരിക്കുന്നു. പതിനൊന്നു റക്അതാണ് എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, പതിമൂന്ന് റക്അതാണ് എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, , ഇരുപത്തിമൂന്നു റക്അതാണ് എന്ന് പറഞ്ഞവര്‍ അവരില്‍ ഉണ്ട്, അതിനേക്കാള്‍ അധികം പറഞ്ഞവരും ഉണ്ട്. ഇതില്‍ വിഷയം വിശാലമാണ്. കാരണം സലഫുകള്‍ ഇതില്‍ (റകഅത്തിന്‍റെ എണ്ണത്തില്‍ ) ഭിന്നിച്ചിരിക്കുന്നു, ആരും പരസ്പരം ആക്ഷേപിച്ചില്ല, അപ്പോള്‍ ഇതില്‍ കാര്യം വിശാലമാണ്. (شرح رياض الصالحين” (5 / 218))
വിവാദമാക്കാനല്ല, അവസാനിപ്പിക്കാനാണ് ഇത്രയുമെഴുതിയത്. തെറ്റുകളെ തൊട്ട് അല്ലാഹുവിനോട് കാവൽ തേടുന്നു . നന്നായി അറിയുക അല്ലാഹുവിനാകുന്നു .
എഴുതിയത്:
ഫലാഹുദ്ധീൻ ബ്ൻ അബ്ദുസ്സലാം.
അവലംബങ്ങള്‍:
تذكير أهل الاقتداء بما جاء عن السلف الصالح في قيام التراويح بعشرين ركعة
الشيخ عبد القادر بن محمد بن عبد الرحمن الجنيد.
تصحيح حديث صلاة التراويح عشرين ركعة
الشيخ إسماعيل بن محمد الأنصاري
بحث في عدد ركعات قيام الليل، الشيخ مصطفى العدوى.
وصلي الله على نبينا محمد وعلى اله اصحبه وسلم.
----------------------------