എല്ലാവരും ഏത് സമയത്തും മരിച്ചേക്കാം... ഞാന്‍ കുറച്ചു കാലം കൂടി ജീവിക്കാനാണ് സാധ്യത...!!!



മരണത്തെ കുറിച്ച് നാം ഇടയ്ക്കിടെ പറയാറുണ്ട്..ചര്‍ച്ച ചെയ്യാറുണ്ട്.. എല്ലാ ദിവസവും എല്ലാ പത്രങ്ങളും ഫുള്‍ പേജ് ചരമ വാര്‍ത്തകള്‍ നല്‍കുന്നത് കാണുന്നുണ്ട്.. സോഷ്യല്‍ മീഡിയയിലൂടെ ദിവസേനെ എന്നവണ്ണം ഇന്നാ ലില്ലാഹ് ടൈപ്പ് ചെയ്യുന്നുമുണ്ട്... പക്ഷെ വെള്ളത്തുണിയില്‍ പൊതിഞ്ഞ നമ്മുടെ സ്വന്തം രൂപത്തെ കുറിച്ച് ഓര്‍ക്കാന്‍ നാം ഒരുക്കമല്ല..
മരണം ഉറപ്പെങ്കിലും ഏത് സമയത്തും മരിക്കാമെങ്കിലും ഞാന്‍ കുറച്ചു കാലം കൂടി ജീവിക്കാന്‍ ആണ് സാധ്യത എന്ന് തന്നെയാണ് നമുക്ക് തോന്നുന്നത്.. സത്യമല്ലേ...???
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നു ഉറച്ചു വിശ്വസിച്ചിട്ടും അള്ളാഹു നിര്‍ബന്ധമാക്കിയ കാര്യങ്ങളില്‍ പലതും നാം ഇടക്കൊക്കെ ഒഴിവാക്കുന്നത്..പിന്നീട് ശരിയായി ചെയ്യാം എന്ന് ചിന്തിക്കുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് അള്ളാഹു നിഷിദ്ധമാക്കിയ ചിലതൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും ഭാവിയില്‍ അതൊക്കെ ഒഴിവാക്കണം എന്ന് ചിന്തിച്ചു കൊണ്ട് നിലവില്‍ അതില്‍ തന്നെ തുടരുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ഹറാം എന്ന് ഉറപ്പുണ്ടായിട്ടും പലിശയുമായി ഇപ്പോഴും ബന്ധം പുലര്‍ത്തുന്നത്..?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ഹറാം എന്ന് ഉറപ്പുണ്ടായിട്ടും അവിഹിതമായ ചില ബന്ധങ്ങളില്‍ ഇപ്പോഴും തുടരുന്നത്...?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് മൂന്നു ദിവസത്തിന് മുകളില്‍ പിണങ്ങി നില്‍ക്കരുത് എന്നും അങ്ങനെ പിണങ്ങി മരിച്ചാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചു എന്നുമുള്ള പ്രവാചകന്‍റെ ഹദീസ് കണ്ടിട്ടും പല പിണക്കങ്ങളും മാറ്റുവാനോ ബന്ധം പുലര്‍ത്താനോ നമുക്ക് സാധിക്കാത്തത്..
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് കച്ചവടത്തില്‍ കളവും വ്യാജവും കലര്‍ത്തുന്നത് ..? ഇന്നത്തെ കാലത്ത് ജീവിക്കണമെങ്കില്‍ ചില ഹറാമുകള്‍ ആവശ്യമെന്ന് ന്യായം പറയുന്നത്.. ?
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
അല്ലെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ്......
.
നമുക്ക് സ്വയം പൂരിപ്പിക്കാം...
മരണത്തെ ആഗ്രഹിക്കരുത് എന്ന് ദീന്‍ നമ്മെ പഠിപ്പിച്ചു.. അള്ളാഹു അനുവദനീയമാക്കിയ മേഖലകളിലൂടെ ദുന്യാവിന്റെ വിഭവങ്ങള്‍ തേടുവാനും എത്രയും സമ്പാദിക്കാനും അനുവദിച്ചു.. ആയുസ്സ് വര്‍ദ്ധിക്കുവാന്‍ ഉതകുന്ന കാര്യങ്ങള്‍ വരെ പറഞ്ഞു തന്നു..
പക്ഷെ അതോടൊപ്പം മരണത്തെ ഓര്‍ക്കുവാന്‍ വേണ്ടി പറഞ്ഞു..ഏത് സമയത്തും മരിക്കാം എന്ന് നിരവധിയായ വാര്‍ത്തകള്‍ നമ്മെ പഠിപ്പിച്ചു..
തിരുത്തുവാന്‍ പിന്നെയെന്താണ് തടസ്സം..?
അബ്ദുല്ലാഹിബ്നു ഉമർ رضي الله عنهما പറഞ്ഞു : റസൂൽﷺ എന്റെ ചുമലിൽ പിടിച്ച് പറഞ്ഞു: "നീ ഇഹലോകത്ത് ഒരു വിദേശിയെ പോലെ, അല്ലങ്കിൽ വഴിയാത്രക്കാരനെപ്പോലെ ആകുക"
ഇബ്നു ഉമർ പറയാറുണ്ടായിരുന്നു: "വൈകുന്നേരമായാൽ നീ പ്രഭാതത്തെ പ്രതീക്ഷിക്കരുത് . പ്രഭാതമായാൽ വൈകുന്നേരത്തെയും നീ കാത്തിരിക്കരുത്.
നിന്റെ ആരോഗ്യവസ്ഥയിൽ നിന്നും നിന്റെ രോഗവസ്ഥയിലേക്ക് വേണ്ടത് നീ എടുത്ത് വെക്കുക. നിന്റെ ജീവിതത്തിൽ നിന്നും മരണത്തിലേക്ക് വേണ്ടതും കരുതിവെക്കുക." (البخاري)
അലി رضي الله عنه പറഞ്ഞു "ഇന്ന് പ്രവര്‍ത്തനം ആണ്, വിചാരണ ഇല്ല..നാളെ വിചാരണ ആണ്, പ്രവര്‍ത്തനം ഇല്ല.!" (البخاري)
അല്ലാഹുവിന്‍റെ കലാം എത്ര മനോഹരം..
"(നബിയേ,) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട് അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക് നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌."(62:8).

അള്ളാഹു നമ്മെ കാക്കട്ടെ.. ആമീന്‍..
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം

1 comment:

  1. ഒന്നിനും സമയം ഇല്ല ,,
    ചെരുപ്പിന്റെ വാറിന്റെ അടുത്താന് മരണം

    ReplyDelete