നന്മ നിറഞ്ഞ മനുഷ്യരാകാന്‍ ....(1)

വര്‍ഷങ്ങള്‍ക് മുമ്പ് ഒരു പത്രത്തിന്റെ വാരാന്ത്യപ്പേജില്‍ ഒരു സുബൈദയുടെ കഥ വന്നിരുന്നു . (പേര്‍ അവ്യക്തമായ ഓര്‍മയില്‍ നിന്ന് എഴുതിയതാണ്..) വിവാഹം കഴിഞ്ഞു നാല് മാസം കഴിഞ്ഞപ്പോള്‍ ഒരു അപകടം നടന്നു ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ പതിനെട്ടു വര്‍ഷമായി പരിചരിക്കുന്ന ഒരു ഭാര്യ..!
ഇന്നും പരസ്പരം കൈപിടിച്ച് നടക്കുന്ന വൃദ്ധരായ ദമ്പതിമാരെ കണ്ടാല്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം ഉണ്ടാകാറുണ്ട്..
വിവാഹ ജീവിതത്തെ കുറിച്ച് ചിന്തകള്‍ മനസ്സില്‍ ഉണ്ടാകുന്നതിനു മുമ്പ് കണ്ട, വായിച്ച ഇത്തരം സംഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..
പരസ്പ്പരം മനസ്സിലാക്കി ജീവിച്ചാല്‍ വിവാഹ ജീവിതം പോലെ സന്തോഷകരമായ ഒരു വിഷയവും ഇല്ലായെന്നാണ്.. സിഹിറിന്റെ ആയത് വിശദീകരിക്കുന്ന വേളയില്‍ ഇമാം നാസിറു സഅദി(رحمه الله) പറയുന്നുണ്ട് മറ്റൊരു സ്നേഹത്തോടും തുല്യപ്പെടുത്താന്‍ കഴിയാത്ത സ്നേഹമാണ് ദമ്പതിമാര്‍ തമ്മില്‍ ഉള്ളത് എന്ന്..
(പിശാചു എന്നും തെറ്റിക്കാന്‍ ശ്രമിക്കുക ദാമ്പത്യ ജീവിതമാണ്.. അള്ളാഹു ആസ്വാദനം അനുവദിച്ച ഇണയില്‍ വെറുപ്പ് ഉണ്ടാക്കുന്നത് അവനു സന്തോഷമാണല്ലോ ( إن الإلف من الله وإن الفرك من الشيطان ليكره إليه ما أحل الله له))
ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുവാന്‍ വേണ്ടിയല്ല, സന്തോഷകരമായ ജീവിതം നയിക്കുവാന്‍ ധനികരോ ആരോഗ്യമുള്ളവരോ ആകണം എന്നില്ലെന്നു പറയുവാന്‍ വേണ്ടിയാണ് മുകളിലെ സംഭവവം വിവരിച്ചത്....നമ്മുടെ മനസ്സിന്റെ തൃപ്തിയാണ് പ്രധാനം..പൂര്‍ണമായും നമ്മുടെ റബ്ബിനെ കുറിച്ച് നമുക്ക് ത്രുപ്തിയുണ്ടാകണം..അവന്റെ അടിമകളോടു വിട്ടുവീഴ്ചയോടെ പെരുമാറാന്‍ സാധിക്കണം..
മറ്റുള്ളവരുടെ മനസ്സിന്റെ നന്മകള്‍ കാണാന്‍ നമുക്ക് കഴിഞ്ഞാല്‍ തന്നെ ഒരാളോടും ഗൌരവത്തിലുള്ള വെറുപ്പുകള്‍ നമുക്ക് ഉണ്ടാകില്ല..
ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ മാത്രമല്ല ഏതൊരു വ്യക്തിയോടും നമ്മുടെ നിലപാട് നന്മ നിറഞ്ഞ നമ്മുടെ ദീന്‍ പഠിപ്പിച്ചതാകണം..
വെറുക്കുക എന്നത് നിരുപാധികം തിന്മയല്ല..അത് ചില സമയങ്ങളില്‍ നമ്മില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ് .. പക്ഷെ അത് ദീനിന്‍റെ വിഷയത്തിലാണ്, അഥവാ അത് പൂര്‍ണമായും റബ്ബിനു വേണ്ടി മാത്രമാകണം.. ആ വെറുപ്പ് നന്മയുമാണ്, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മറ്റും റബ്ബിനു വേണ്ടിയല്ലാതെ വെറുക്കുക എന്നത് നമ്മുടെ പിഴവാണ്..
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു ആവശ്യത്തിനു വേണ്ടി തളിപ്പറമ്പ് സലഫി പള്ളിയില്‍ പോകുകയുണ്ടായി.. അന്ന് യോഗത്തില്‍ ഒരാളുടെ പെരുമാറ്റവും സംസാരവും വളരെ മോശമായ രീതിയില്‍ അനുഭവപ്പെട്ടു..
എന്റെ കൂടെയുണ്ടായിരുന്ന അന്നത്തെ സഹപ്രവര്തകനോട് ഈ വിഷയം വഴിമധ്യേ പറഞ്ഞു.. അപ്പോള്‍ അയാളിലെ ചില നന്മകളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു..ശേഷം ഒരു സുന്ദരമായ വാചകം കൂട്ടിച്ചേര്‍ത്തു..നാം ഒരാളിലെ തിന്മകള്‍ നോക്കിയാല്‍ നമുക്ക് ഒരിക്കലും അയാളെ ഇഷ്ടപ്പെടാന്‍ കഴിയില്ല, എന്നാല്‍ നാം നന്മകളിലേക്ക് നോക്കിയാല്‍ ഇഷ്ടമുണ്ടാക്കാനും കഴിയും.. മറ്റൊരാളെ വെറുത്തിട്ടു നമ്മുടെ മനസ്സിനെ എന്തിനു ചീത്തയാക്കണം എന്ന്..
അതിനു മുമ്പും ശേഷവും ഇത്തരം വാചകങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അന്ന് അദ്ദേഹം അത് പറഞ്ഞത് ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..(جزاه الله خيرا)
എന്നാല്‍ സംഘടനയുടെ പേരിലും കുടുംബത്തിന്റെ പേരിലും മറ്റു വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ പേരിലും ആളുകള്‍ പരസ്പരം വെറുക്കുന്നു.... അതിലൂടെ പലപ്പോഴും സ്വന്തം മനസ്സിനെ തന്നെ അസ്വസ്ഥമാക്കുന്നു..
ഒരാളെ വെറുത്തത് കൊണ്ട് നമുക്ക് ഒന്നും കിട്ടാനില്ല, എന്നാല്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നതിലൂടെ മനസ്സിനെ ഉന്നതമായ ഉയര്ച്ചകളില്‍ എത്തിക്കുവാന്‍ നമുക്ക് സാധിക്കും..
നമ്മുടെ റബ്ബിനെ കുറിച്ച് ഒന്ന് ആലോചിച്ചാല്‍ പോരെ.. എത്രമാത്രം പാപം ചെയ്തവന്‍ ആണെങ്കിലും പശ്ചാതപിച്ചാല്‍ മുഴുവന്‍ പൊറുക്കാന്‍ തയ്യാറായ റബ്ബ്..അടിമ തെറ്റ് ചെയ്തിട്ട് പിന്നീട് റബ്ബേ പൊറുക്കണം എന്ന് പറഞ്ഞാല്‍ അള്ളാഹു പറയുന്ന വാചകം റസൂല്‍(صلى الله عليه و سلم) വിവരിച്ചത് ഇങ്ങനെയാണ്.. "എന്റെ അടിമ പാപം ചെയ്തിരിക്കുന്നു, അവന്‍ തനിക്ക് പാപം പൊറുക്കുന്ന ഒരു റബ്ബുണ്ട് എന്ന് അറിയുകയും ചെയ്തിരിക്കുന്നു" ശേഷം അവന്റെ പാപങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്നു....(بخاري و مسلم )
അങ്ങനെയുള്ള അല്ലാഹുവിന്റെ അടിമകള്‍ ആയ നമുക്ക് പരസ്പരം പൊറുക്കാനും വിട്ടു വീഴ്ച ചെയ്യാനും കഴിയാത്തത് എന്ത് കൊണ്ടാണ്..
ഇമാം ഇബ്നുല്‍ ഖയ്യും (رحمه الله)പറഞ്ഞത് കണ്ടില്ലേ..
"ഓ ആദം സന്തതീ, നിനക്കും റബ്ബിനുമിടയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന തിന്മകളും പാപങ്ങളും ഉണ്ട്..അതൊക്കെയും റബ്ബ് നിനക്ക് പൊറുത്തു നല്‍കാന്‍ നീ ഇഷ്ടപ്പെടുന്നു , അങ്ങനെ നിനക്ക് പാപങ്ങള്‍ പോറുക്കപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അല്ലാഹുവിന്റെ അടിമക്ക് പൊറുത്തു നല്‍കൂ, നിനക്ക് വിട്ടു വീഴ്ച ചെയ്യപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അവന്റെ അടിമക്ക് വിട്ടു വീഴ്ച ചെയ്യൂ.. പ്രവര്തങ്ങളുടെ ഇനം അനുസരിച്ചാണ് പ്രതിഫലം.നീ ഇവിടെ വിട്ടു വീഴ്ച്ച ചെയ്‌താല്‍ അവിടെ (പരലോകത്) (നിനക്ക്) വിട്ടുവീഴ്ച്ച ചെയ്യും. ഇവിടെ നീ പ്രതികാരം ചെയ്‌താല്‍ അവിടെ പ്രതികാരം ചെയ്യപ്പെടും .."
മഹാനായ സ്വഹാബി അബൂബക്കര്‍(رضي الله عنه) വിന്‍റെ ഉമ്മയുടെ സഹോദരി പുത്രനാണ് മുസ്തഹ് ബിന്‍ ഉസാസ (رضي الله عنه), ദരിദ്രനായ അദ്ദേഹത്തിന് സഹായം നല്‍കുന്നത് അബൂബക്കര്‍(رضي الله عنه) ആയിരുന്നു. ആയിഷ ബീവിക്കെതിരെ മുനാഫിഖുകളും മറ്റും വ്യഭിചാരോപണം നടത്തിയപ്പോള്‍ അത് വ്യാപകമായപ്പോള്‍ അതില്‍ ഇദ്ധേഹവും ഭാഗമായിപ്പോയി .. ഓര്‍ക്കുക, സ്വന്തം ചോരയില്‍ പിറന്ന മകളെ കുറിച്ച് താന്‍ ചിലവിനു കൊടുക്കുന്ന മനുഷ്യന്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ അപവാദം പറയുന്നു..അതും ഒരു പെണ്ണിന്റെ ജീവിതത്തില്‍ അവളെ തകര്‍ക്കുന്ന ഏറ്റവും വലിയ ആരോപണം.. ഏതു പിതാവിനാണ് സഹിക്കാന്‍ കഴിയുക.. അള്ളാഹു തന്നെ നമ്മുടെ ഉമ്മയുടെ നിരപരാധിത്വം വ്യക്തമാക്കി ആയത് ഇറക്കിയപ്പോള്‍ താന്‍ ഇനി അയാള്‍ക്ക് ഒന്നും കൊടുക്കില്ല എന്ന് അദ്ദേഹം പ്രക്യാപിച്ചു..അപ്പോള്‍ പരിശുദ്ധ ഖുര്‍ആനില്‍ വചനം അവതരിക്കുന്നു..
وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ
اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ
"നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ."
സഹോദരാ... റബ്ബ് പറഞ്ഞത് അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ എന്നാണു.. എന്നിട്ട് അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ എന്ന്....!!!!!!
ആയതു കേട്ടപ്പോള്‍ അബൂബക്കര്‍ (رضي الله عنه) പറഞ്ഞു.. വള്ളാഹി , എനിക്ക് എന്റെ റബ്ബ് പൊറുത്തു നല്‍കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു ..അദ്ധേഹം മസ്തഹിന്റെ അടുക്കലേക്ക് പോയി അദ്ധേഹത്തെ ഒരിക്കലും ഒഴിവാക്കില്ല എന്ന് പറഞ്ഞു.. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത് ....)
സ്വന്തം മകളെ കുറിച്ച് , അതും ചെറിയ പ്രായം മാത്രമുള്ള മകളെ കുറിച്ചുള്ള അപവാദ പ്രചാരണത്തില്‍ പങ്കാളിയായ വ്യക്തിക്ക് പൊറുത്തു കൊടുക്കാന്‍ റബ്ബ് കല്‍പ്പിക്കുന്നു.
ഈ ദീനിന്‍റെ അനുയായികളാണ് നാം.....ഈ വചനം അവരിപ്പിച്ച റബ്ബിനെയാണ് നാം ആരാധിക്കുന്നത്..
ആ നാം എങ്ങനെ നമ്മോട് പറഞ്ഞ വാചകങ്ങളുടെ മേല്‍ പിടിച്ചു നമ്മുടെ സഹോദരനെ വെറുക്കുന്നു.. നമ്മുടെ മനസ്സ് ഈമാന്‍ നിറഞ്ഞ മനസ്സായി മാറേണ്ടേ..
പറഞ്ഞ വാചകങ്ങളെ ആളുകള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ വരെയെടുത്തു വെറുപ്പോടെ എന്തിനു നാം നടക്കണം...നമ്മിലും ചിലപ്പോള്‍ അത്തരം തെറ്റുകള്‍ വരാറില്ലേ..എന്റെ സഹോദരന്‍ എന്നോട് പറഞ്ഞത് പോലെ തിന്മകള്‍ നോക്കിയാല്‍ നമുക്കിടയില്‍ ആരാണ് നല്ലവര്‍ ഉണ്ടാകുക.. എങ്ങനെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയും..നന്മ നിറഞ്ഞ ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാത്ത മനസ്സുമായി അല്ലാഹുവിന്റെ അടുക്കലേക്ക് മടങ്ങേണ്ടാവരല്ലേ നാം..
അതിനാല്‍ ബന്ധങ്ങള്‍ നന്നാക്കുക, മറ്റുള്ളവര്‍ പറയുന്നത് ഏറ്റവും നല്ല രീതിയില്‍ എടുക്കുക, നന്മകള്‍ ചിന്തിക്കുക..വിട്ടു വീഴ്ച ചെയ്യുക, അവരുടെ നന്മകളെ കാണാന്‍ ശ്രമിക്കുക.. നമ്മുടെ പ്രവര്‍ത്തനത്തിന്റെ രീതിയനുസരിച്ചാണ് നമുക്കുള്ള പ്രതിഫലം..
ഇമാം ശാഫിയുടെതായി(رحمه الله) വന്ന കവിതാ ശകലതിലെ രണ്ടു വരി ഇതാണ്..
لَمَّا عَفَوْتُ وَلَمْ أَحْقِدْ عَلَى أَحَدٍ * * أَرَحْتُ نَفْسِي مِنْ هَمِّ الْعَدَاوَاتِ
"ഞാന്‍ മാപ്പ് കൊടുക്കുകയും ആരെയും വെറുക്കാതിരിക്കുകയും ചെയ്തപ്പോള്‍
ശത്രുതയില്‍ നിന്നും നിന്നും എന്റെ മനസ്സിനെ ഞാന്‍ റാഹത്താക്കി .."
അതിനാല്‍ നമ്മുടെ മനസ്സിന് റാഹത് ഉണ്ടാകട്ടെ. ധാരാളമായി വിട്ടുവീഴ്ചകള്‍ ചെയ്യട്ടെ, പരസ്പരം സ്നേഹിക്കുന്ന വിശ്വാസികള്‍ ആകട്ടെ, അടിമകളുടെ നന്മകള്‍ തിരിച്ചറിഞ്ഞു നല്ലത് ചിന്തിക്കട്ടെ.. സ്വഭാവത്തിലും മറ്റും തിന്മകള്‍ ഉള്ളവരോട്
ഉള്ളുതുറന്ന് നസീഹത്തോടെ സംസാരിച്ചു പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ..എല്ലാവര്ക്കും നന്മകള്‍ വരാന്‍ പ്രാര്‍ത്ഥിക്കുന്ന നല്ല മനസ്സിന്റെ ഉടമകളായി നാം മാറട്ടെ..അതിനു വേണ്ടി ഈ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താന് നമുക്ക് സാധിക്കണം.. നമ്മുടെ റസൂല്‍(صلى الله عليه و سلم) നിയോഗിതനായത് സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനാണ് ..
അല്ലാഹുവിന്റെ ചോദ്യം നമ്മുടെ കാതുകളില്‍ അലയടിക്കട്ടെ..
"അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ....?"
അള്ളാഹു അനുഗ്രഹിക്കട്ടെ....
جعلنا الله من العافين عن الناس , ورزقنا عفو ورحمة رب الناس وجنبنا الزلل في القول والعمل .
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
NB:(മുസ്തഹ് (رضي الله عنه) ആയിഷ(رضي الله عنها)യുടെ നിരപരധിപത്യം വെളിപ്പെടുത്തി ആയത് ഇറങ്ങിയപ്പോള്‍ പശ്ചാത്തപിച്ചു. അദ്ദേഹം സ്വഹബിയാണ്..വിശ്വാസികള്‍ പോലും വിശ്വസിച്ചു പോകുന്ന അത്രയും വ്യാപകമായ പ്രചാരണം ആയിരുന്നു നമ്മുടെ ഉമ്മക്കെതിരെ ഉണ്ടായത്, ആയിഷ ബീവി തന്നെ വിശദമായി വിവരിച്ച ഹദീസില്‍ അങ്ങേയറ്റം വേദന നിറഞ്ഞ പെണ്ണിന്റെ ഹൃദയവും റബ്ബിനെ കുറിച്ച് പ്രതീക്ഷയര്‍പ്പിക്കുന്ന നിറഞ്ഞ ഈമാനും ഒരു പോലെ കാണാന്‍ കഴിയും , ഒരായിരം തവണ വായിച്ചാലും കണ്ണുകളെ ഈറനണിയിക്കുന്ന നീണ്ട ഹദീസാണത്..)

No comments:

Post a Comment