കുട്ടികളെ നമസ്കാരം പരിശീലിപ്പിക്കേണ്ടതെങ്ങനെ: റസൂല്‍ﷺ വിന്‍റെ സുന്നത്ത് നല്‍കുന്ന മാര്‍ഗദര്‍ശനം..




ഷെയ്ഖ്‌ സുലൈമാന്‍ ബ്ന്‍ സലീമുള്ള അര്‍റുഹൈലി حفظه الله.

"...മനുഷ്യന്‍ കടന്നു പോകുന്നത് (വിവിധ)ഘട്ടങ്ങളിലൂടെയാണ്, അത് ആരംഭിക്കുന്നത് കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ചെറിയ കുട്ടിയാകുമ്പോളാണ്. കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞത് പോലെ, കല്ലും കാരക്കയും തിരിച്ചറിയാന്‍ കഴിയാത്ത പ്രായം, നന്മയും തിന്മയും വേര്‍തിരിച്ചു അറിയാന്‍ കഴിയാത്ത പ്രായം. ഈ പ്രായത്തില്‍ അവന്‍ ഒന്ന് കൊണ്ടും കല്‍പ്പിക്കപ്പെട്ടിട്ടില്ല. ഒരു നിയമവും ബാധ്യതയാക്കപ്പെട്ടിട്ടില്ല. എന്നാല്‍ അവന്‍ വല്ലതിലും മികച്ചതായാല്‍ നാം അതിലേക്ക് അവനെ നയിക്കും. ഖുര്‍ആനില്‍ നിന്ന് വല്ലതും മനപ്പാഠമാക്കുവാന്‍ അവന്നു സാധിക്കുന്നുണ്ടെന്നു കണ്ടാല്‍ നാം അത് ചെയ്യിക്കും .. അത്പോലെ അവന്ന് നമസ്കരിക്കുവാന്‍ ഇഷ്ടമാണ് എന്ന് കണ്ടാല്‍ ഒരിക്കലും തടയില്ല. മറിച്ചു ആ നമസ്കാരത്തിലേക്ക് അവനെ പ്രോത്സാഹിപ്പിക്കും, പക്ഷെ നാം അതിനു അങ്ങോട്ട്‌ കല്‍പ്പിക്കുകയില്ല, കാരണം അവന്‍ കല്‍പ്പനകള്‍ ബാധകമായ ആളല്ല.

പിന്നീട് അവന്‍ തിരിച്ചറിവിന്‍റെ പ്രായത്തില്‍ എത്തുന്നു, തിരിച്ചറിവിന്‍റെ പ്രായം എന്നത്, ചില ഫുഖഹാക്കള്‍ പറഞ്ഞു , അതിന്നു പ്രതേക പ്രായ പരിധിയില്ല, പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് അതാകുക. തനിക്ക് ഉപകാരമുള്ളതും ഉപദ്രവമുള്ളതും വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ അതാണ്‌ തിരിച്ചറിവിന്റെ പ്രായം. മറ്റു ചില ഉലമാക്കള്‍ പറഞ്ഞു അത് ഏഴു വയസ്സാണ് , അതാണ്‌ (ശരിയോടു) അടുത്തത്. കാരണം നബിﷺ പറഞ്ഞിരിക്കുന്നു "ഏഴു വയസ്സായാല്‍ അവരെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക."

ഈ കല്‍പ്പന എന്നത് സൌമ്യതയും, ദയയും, വഴികാട്ടലും , ഭീഷണിപ്പെടുത്താതെ പ്രേരിപ്പിക്കലും ആണ്. (ഉദാഹരണത്തിന് ഇങ്ങനെ പറയുക) വരൂ, നമുക്ക് നമസ്കരിക്കാം...നീ നമസ്കരിച്ചാല്‍ നിനക്ക് അല്ലാഹുവില്‍ നിന്ന് (പ്രതിഫലം) ഉണ്ട് , - സഹോദരന്മാരെ ഇത് (ഇങ്ങനെ പറയല്‍) വളരെ പ്രധാനപ്പെട്ടതാണ്, വളരെ സുപ്രധാനമാണ്‌ -നീ നമസ്കരിച്ചാല്‍ നിനക്ക് അല്ലാഹുവില്‍ നിന്ന് സ്വര്‍ഗം ലഭിക്കും, അള്ളാഹു നിന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും, സ്വര്‍ഗത്തില്‍ ഇന്നയിന്ന കാര്യങ്ങള്‍ ഉണ്ട്....എന്നിങ്ങനെ പറയുക. മക്കളില്‍ ദുന്യാവിനു വേണ്ടി ഇബാദതുകള്‍ ചെയ്യുന്ന സ്വഭാവം ഉണ്ടാക്കരുത്.

തെറ്റായ കാര്യത്തില്‍ പെട്ടതാണ് ദുന്യാവിനു വേണ്ടി മാത്രമായി ഇബാദത്ത് ചെയ്യുന്ന ശൈലി കുട്ടിയില്‍ ഉണ്ടാക്കുക എന്നത്. നിങ്ങള്‍ പറയുന്നു, നീ നമസ്കരിക്ക്, ഞാന്‍ നിനക്ക് ഒരു ദിര്‍ഹം തരാം, അല്ലെങ്കില്‍ പത്ത് ദിര്‍ഹം തരാം, നിസ്കരിച്ചാല്‍ ഇന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ട് പോകാം, (തുടങ്ങിയവ). ഇവ അവന്‍റെ മനസ്സില്‍ ഭൌതികമായ ഉദ്ധേശം വര്‍ദ്ധിപ്പിക്കും.

അവന്‍റെ ലക്‌ഷ്യം സ്വര്‍ഗ്ഗവും അല്ലാഹുവിന്‍റെ തൃപ്തിയുമാക്കണം . അവനോടു പറയുക, നീ നമസ്കരിച്ചാല്‍ ചിലപ്പോള്‍ നിനക്ക് പത്ത് ദിര്‍ഹം തരാന്‍ അള്ളാഹു എനിക്ക് മാര്‍ഗം കാണിക്കും. അല്ലാഹുവുമായി ബന്ധിപ്പിക്കുക. കാരണം അവന്‍ കുട്ടിയാണ്, കാര്യങ്ങള്‍ സ്വീകരിക്കുന്നവനാണ്. നീ നമസ്കരിച്ചാല്‍ ചിലപ്പോള്‍ ഇന്നയിന്ന സ്ഥലത്തേക്ക് നിന്നെ കൊണ്ട് പോകാന്‍ അള്ളാഹു എളുപ്പമുണ്ടാക്കും..അവനെ അല്ലാഹുവുമായി ബന്ധിപ്പിക്കുക.

ഈമാനിക തര്ബിയ്യത്തില്‍ ഹൃദയത്തില്‍ ഇഖ്ലാസ് ഉണ്ടാക്കുന്നതിലും അല്ലാഹുവുമായി ബന്ധമുണ്ടാക്കുന്നതിലും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഈ കാര്യം. അത് കൊണ്ടാണ് നിങ്ങള്‍ക്ക് ചില കുട്ടികളെ കാണാം, അവര്‍ കളവ് പറയുകയില്ല..എന്ത് കൊണ്ടാണ് എന്ന് അവരോട് ചോദിച്ചാല്‍ അവര്‍ പറയും, കളവ് പറഞ്ഞാല്‍ മനുഷ്യന്‍ നരകത്തില്‍ പോകും എന്ന്..ഇങ്ങനെ കുട്ടിയെ വളര്‍ത്തണം..അത്(ആ സ്വഭാവം) അവന്‍റെ കൂടെ തന്നെ ഉണ്ടാകും.

നീ കളവ് പറയരുത്, പറഞ്ഞാല്‍ ഞാന്‍ ദേഷ്യം പിടിക്കും, എന്നിങ്ങനെയാണ് പറഞ്ഞതെങ്കില്‍ അവന്‍ നിന്നില്‍ നിന്ന് അകലെയായാല്‍ പിന്നെ അവന്നു (കളവ് പറയുക എന്നത് ) ഒരു പ്രശ്നമല്ല..! (അതിനാല്‍ ഈ വിഷയം) നിര്‍ബന്ധമായും ശ്രദ്ധിക്കണം..

നാം പറഞ്ഞു വന്നത്, ഏഴാം വയസ്സില്‍ പ്രോത്സാഹനങ്ങളിലൂടെ (നമസ്കരിക്കാന്‍) കല്‍പ്പിക്കണം. ഭീഷണിയില്ലാതെ, അടിക്കാതെ, ചീത്ത പറയാതെ,വഴക്ക് പറയാതെ, അങ്ങനെയുള്ള ഒന്നുമില്ലാതെ..

(അങ്ങനെ) പത്ത് വയസ്സ് വരെ..! മൂന്നു വര്‍ഷം.....,
നിന്‍റെ മേല്‍ വാജിബാണ്‌..സഹോദരന്മാരെ ഇത് പ്രതേകം ശ്രദ്ധിക്കുക..ഉപ്പമാരെ... ഉമ്മമാരെ... മൂന്നു വര്ഷം നമസ്കരിക്കാന്‍ കല്‍പ്പിക്കല്‍ നിങ്ങളുടെ മേല്‍ വാജിബാണ്‌ , അതേ സമയം, അവന്നു നമസ്കാരം വാജിബല്ല...!! അഥവാ കല്‍പ്പിക്കല്‍ നിന്‍റെ മേല്‍ വാജിബാണ്‌, എന്നാല്‍ നമസ്കരിക്കല്‍ അവന്ന് വാജിബല്ല. അതിന്‍റെ അര്‍ഥം, നിങ്ങള്‍ കല്പ്പിച്ചില്ലെങ്കില്‍ നിങ്ങള്‍ കുറ്റക്കാരന്‍ ആണ്, എന്നാല്‍ അവന്‍ നമസ്കരിച്ചില്ലെങ്കിലും അവന്‍റെ മേല്‍ കുറ്റമില്ല.

ഈ കാര്യം (നമസ്കരിക്കാനുള്ള കല്‍പ്പന) തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരിക്കണം. ഓരോ നമസ്കാര സമയം എത്തിയാലും പറയണം, കുട്ടീ നമസ്ക്കരിക്ക്..അങ്ങനെ പത്ത് വയസ്സ് വരെ.

അങ്ങനെ പത്ത് വയസ്സായാല്‍ (അപ്പോഴും) അവന്‍റെ മേല്‍ നമസ്കാരം വാജിബല്ല, നിസ്കരിച്ചില്ലെങ്കിലും അവന്ന് കുറ്റമില്ല..! എന്നാല്‍ പത്തു വയസ്സായിട്ടും നമസ്കരിച്ചില്ലെങ്കില്‍ അവനെ അടിക്കല്‍ നിര്‍ബന്ധമാണ്‌.. പ്രായപൂര്‍ത്തി ആകുമ്പോഴേക്ക് നമസ്കരിക്കാന്‍ തയ്യാറാകുന്നത് വരെ അങ്ങനെ ചെയ്യണം. പത്ത് വയസ്സ് മുതല്‍ പ്രായപൂര്‍ത്തി എത്തും വരെ (നമസ്കരിച്ചില്ലെങ്കില്‍) ഭീഷണി തുടങ്ങണം..അതില്‍ പെട്ടതാണ് അവന്‍ നമസ്കാരം കൃത്യമായി നിലനിര്‍ത്തും വരെ അടിക്കല്‍ എന്നുള്ളത്. [മൂന്ന് വര്‍ഷം ഓരോ നമസ്കാര സമയത്തും ക്ഷമയോടെ ദേഷ്യപ്പെടാതെ, നമസ്കരിക്കാന്‍ നിരന്തരം കല്‍പ്പിച്ചാല്‍ പത്ത് വയസ്സായാല്‍ അടിക്കേണ്ടി വരിക എന്നത് വളരെ വിദൂരമായ അവസ്ഥയാണ്.: വിവ ].
ഇതാണ് ഈ വിഷയത്തില്‍ നബിﷺ യുടെ സുന്നത് നമുക്ക് വഴികാണിക്കുന്നത്. (1)
(ശൈഖിന്റെ സംസാരം അവസാനിച്ചു.)
--------------------------------------------------------------------------------------------------
ചില അനുബന്ധം കൂടി കൂട്ടി ചേര്‍ക്കുന്നു.

ഈ വിഷയത്തിലെ തെളിവായ ഹദീസിന്‍റെ പൂര്‍ണ രൂപം ഇതാണ്..
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( مُرُوا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِينَ ، وَاضْرِبُوهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ ، وَفَرِّقُوا بَيْنَهُمْ فِي الْمَضَاجِعِ ) أخرجه ابن أبى شيبة وأبو داود وأحمد صححه الألباني في "الإرواء" (247)
നബി പറഞ്ഞു: "ഏഴു വയസ്സായാല്‍ നിങ്ങളുടെ കുട്ടികളെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക, പത്ത് വയസ്സായാല്‍ അതിന്മേല്‍ അവരെ അടിക്കുക, വിരിപ്പില്‍ നിന്ന് അവരെ വേറെ വേറെയാക്കണം. "

ഇവിടെ അടിക്കണം എന്ന കല്‍പ്പനയെ കുറിച്ച് ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍رحمه الله പറയുന്നു:
(اضربوهم عليها لعشر)الأمر للوجوب ، لكن يقيد بما إذا كان الضرب نافعاً ؛ لأنه أحياناً تضرب الصبي ولكن ما ينتفع بالضرب ، ما يزداد إلا صياحاً وعويلاً ولا يستفيد ، ثم إن المراد بالضرب الضرب غير المبرح ، الضرب السهل الذي يحصل به الإصلاح ولا يحصل به الضرر " انتهى .
"(പത്ത് വയസ്സായാല്‍ നിങ്ങള്‍ അവരെ അടിക്കുക.) ഇത് വാജിബാണ്‌. എന്നാല്‍ ഇത് നിര്‍ണയിക്കപ്പെടുന്നത് അടിക്കുക എന്നത് ഉപകാരപ്രദമാകുമ്പോള്‍ ആണ്. കാരണം ചിലപ്പോള്‍ കുട്ടിയെ അടിക്കുന്നു, എന്നാല്‍ ആ അടികൊണ്ട് കാര്യമുണ്ടാകില്ല. അത് കരച്ചിലും മുറവിളിയും അല്ലാതെ മറ്റൊന്നും വര്‍ദ്ധിപ്പിക്കുന്നില്ല , ഉപകാരം ഉണ്ടാകില്ല. അത് പോലെ അടി കൊണ്ട് ഉദ്ധേശിക്കുന്നത് പരിക്കേല്‍ക്കാത്ത അടിയാണ്. നന്നാക്കുവാന്‍ കഴിയുന്ന ഉപദ്രവം ഉണ്ടാക്കാത്ത ലളിതമായ അടിയാണത് . "(2)

മുകളില്‍ ഉള്ള വിഷയങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്ന ഗുണപാഠങ്ങള്‍ ഇവയാണ്.


1.ഏഴു വയസ്സിനു മുമ്പ് കുട്ടി നമസ്കാരത്തോടും മറ്റും താല്പര്യം കാണിച്ചാല്‍ അതില്‍ അവനെ/അവളെ പ്രോത്സാഹിപ്പിക്കണം. എന്നാല്‍ കല്‍പ്പനയോ മറ്റോ പാടില്ല.

2.ഏഴു വയസ്സ് മുതല്‍ കല്‍പ്പന തുടങ്ങണം , എല്ലാ നമസ്കാര സമയത്തും ഇത് ആവര്‍ത്തിക്കണം..ഇത് വാജിബാണ്‌.. ചെയ്തില്ലെങ്കില്‍ രക്ഷിതാവ് കുറ്റക്കാരന്‍ ആണ്. നിസ്കരിച്ചില്ലെങ്കിലും കുട്ടിക്ക് കുറ്റമൊന്നുമില്ല എന്ന് ഓര്‍ക്കണം. ഈ കാലയളവില്‍ അടിയോ ഭീഷണിയോ മറ്റോ പാടില്ല.

3.കേവലമായ ഭൌതിക സമ്മാനങ്ങളും മിട്ടായിയും മറ്റും വാഗ്ദാനം ചെയ്ത് കൊണ്ട് മാത്രം പരിശീലിപ്പിക്കരുത്, അല്ലാഹുവില്‍ നിന്നുള്ള സമ്മാനവും സ്വര്‍ഗ്ഗവും മറ്റും അറിയിക്കുക. അത് ചിലപ്പോള്‍ ഭൌതികമായും ലഭിച്ചെക്കാം എന്ന് കുട്ടിക്ക് മനസ്സിലാകുന്ന രീതിയില്‍ അല്ലാഹുവില്‍ ബന്ധിപ്പിച്ചു പറഞ്ഞു കൊണ്ട് ആവശ്യമെങ്കില്‍ സമ്മാനം നല്‍കാം.

4. പത്ത് വയസ്സ് മുതല്‍ നിസ്കരിച്ചില്ലെങ്കില്‍ ഉപദ്രവം ഇല്ലാത്ത രീതിയില്‍ അടിയും മറ്റു ഭീഷണികളും നടത്തണം. ഇതും വാജിബാണ്‌. നിസ്കരിച്ചില്ലെങ്കിലും കുട്ടിക്ക് കുറ്റമൊന്നുമില്ല. അതിനാല്‍ തന്നെ ഈ അടിയും ഭീഷണിയുമൊക്കെ പ്രായപൂര്‍ത്തി എത്തുമ്പോഴേക്ക് നമസ്കാരം കൃത്യമാക്കാന്‍ വേണ്ടിയാണ് എന്ന് പ്രത്യേകം ഓര്‍ക്കണം.

5. ഇങ്ങനെ വളര്‍ത്തിയാല്‍ പ്രായപൂര്‍ത്തി എത്തുന്നതോട് കൂടി, അഥവാ നമസ്കരിച്ചില്ലെങ്കില്‍ കുറ്റം ലഭിക്കുന്ന പ്രായം എത്തുമ്പോഴേക്കും നമസ്കാരം കൃത്യമായി നിര്‍വഹിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും..ഇന്ഷാ അല്ലാഹ്.

അള്ളാഹു തൌഫീഖ് നല്‍കട്ടെ.. ആമീന്‍.
-ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.-

NB:

"ഐ എസുകാരന്റെ ശബ്ദ സന്ദേശം : മുസ്ലിംകള്‍ക്ക് പറയുവാനുള്ളത്. "


അബുല്‍ അബ്ബാസ് മുഹമ്മദ്‌ ബ്ന്‍ യ'ഖൂബ് ബ്ന്‍ അല്‍അസം رحمه الله പറഞ്ഞു :
"രണ്ടു ഖവാരിജുകള്‍ ക'ബയില്‍ തവാഫ് ചെയ്തു,
അവരില്‍ ഒരാള്‍ മറ്റെയാളോട് പറഞ്ഞു :
ഈ സൃഷ്ടികളില്‍ ഞാനും നീയുമാല്ലാതെ മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കില്ല .
അപ്പോള്‍ രണ്ടാമത്തെയാള്‍ പറഞ്ഞു : ആകാശ ഭൂമിയോളം വിശാലമായ സ്വര്‍ഗം നിര്‍മിക്കപ്പെട്ടത് എനിക്കും നിനക്കും വേണ്ടിയോ..?
അയാള്‍ പറഞ്ഞു: അതെ
രണ്ടാമന്‍ പറഞ്ഞു : (എങ്കില്‍) അത് നിനക്ക് തന്നെ..!
അവന്‍ ഖവാരിജിയ്യത് ഉപേക്ഷിക്കുകയും ഹിദായത്തില്‍ ആകുകയും ചെയ്തു.. "
(شرح أصول اعتقاد أهل السنة للالكائي (2317)
ഒരു അപശബ്ദം കേട്ടു, ഐ എസ് എന്ന പൈശാചിക സംഘത്തിന്റ ആളെന്ന് സ്വയം പരിജയപ്പെടുത്തുന്ന ഒരു അപശബ്ദം..! ഇവര്‍ പിശാചിന്റെ കൂട്ടാളികള്‍ എന്ന് പറഞ്ഞാല്‍ അതിന്റെ പേരില്‍ പിശാച് പിണങ്ങിയെക്കുമോ എന്ന് തോന്നുമാറു ആ മനുഷ്യന്‍ തന്‍റെ അക്ഞ്ഞതയുടെ അന്ധകാരത്തിന്റെ ബലത്തില്‍ പലതും വിളിച്ചു പറഞ്ഞു...
കഴിവുള്ള എല്ലാവരും ഇവരുടെ നാട്ടിലേക്ക് ഹിജ്ര ചെയ്യണം എന്നാണു പുള്ളി ആദ്യം പറഞ്ഞത്..
ഐ എസുകാരന്റെ ഹിജ്ര എന്നാല്‍ നിങ്ങള്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും അവരുടെ നാട്ടിലേക്ക് പോകണം എന്നതാണ്.. അത് ലോകത്തിലെ ഏറ്റവും പരിശുദ്ധമായ സ്ഥലമായ മക്കയിലും മദീനയിലും ആയിരുന്നാലും ശരി..!
കാരണം അവരുടെ ഒരു ആചാര്യന്‍ പറഞ്ഞു വെച്ചത് ഇന്ന് ലോകത്തിലെ എല്ലാ നാടും കുഫ്രിന്റെ നാടാണ് ,മക്കയും മദീനയും വരെ കുഫ്രിന്റെ നാടാണ് എന്നാണു....! അതിനാല്‍ തന്നെ കുഫ്രിന്‍റെ രാജ്യത്ത് നിന്ന് പോകണം എന്നൊക്കെ വെറുതെ ഒന്ന് പൊലിപ്പിക്കാന്‍ പറയുന്നതാണ്..മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ മലയാളികളുടെ കൂട്ടത്തില്‍ തന്നെ ഇവരുടെ കൂടെ പോയവര്‍ അധികവും ഇസ്ലാമിക രാജ്യങ്ങളായ ഗള്‍ഫ് നാടുകളില്‍ നിന്ന് പോയവര്‍ ആണ്. ഇവര്‍ പ്രധാനമായും ഉന്നം വെക്കുന്നതാകട്ടെ ഇസ്ലാമിക രാജ്യങ്ങളിലെ ആളുകലെയുമാണ്.. അവിടെയാണ് നിങ്ങള്‍ തുടക്കത്തില്‍ വായിച്ച ഹിജ്ര 418ഇല്‍ വഫാതായ അഹ്ലുസ്സുന്നയുടെ മഹാ പണ്ഡിതന്‍ ഇമാം ലാലകാഇ ഉദ്ധരിച്ച അന്നത്തെ ഖവാരിജുകളുടെ സംഭാഷണം പ്രസക്തമാകുന്നത്.
ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ (رحمه الله) ഖവാരിജുകളെ കുറിച്ചു പറഞ്ഞു :
وَيُكَفِّرُونَ مَنْ خَالَفَهُمْ فِي بِدْعَتِهِمْ
"അവര്‍ അവരുടെ ബിദ്അതിനോട് എതിര് നിന്നവരെ കാഫിറാക്കും.."
ഇപ്പോള്‍ ശബ്ദ സന്ദേശം അയച്ച വ്യക്തി നാട്ടില്‍ നിന്ന് തന്നെ ജിഹാദ് ചെയ്യാനുള്ള വ്യത്യസ്ത വഴികള്‍ കൂടി പറഞ്ഞു തരുന്നുണ്ട്. അത് സമാധാനത്തിലും പരസ്പര വിശ്വാസത്തിലും കഴിഞ്ഞു കൂടുന്ന ഇവിടെയുള്ള അമുസ്ലിംകളെ കൊല്ലണം എന്നതാണ്. അതിനു വേണ്ടി അയാള്‍ അല്ലാഹുവിന്‍റെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ഒരു ആയത് ഓതിയിരുന്നു..യുദ്ധത്തിനു ആഹ്വാനം ചെയ്യുന്ന പ്രസ്തുത ആയത്തിനെ ഇന്നലകളിലെ ഖവരിജുകളും അവരുടെ ചിന്താഗതിക്കാരും ദുര്‍വ്യക്യാനിച്ചിരുന്നു.

ഇസ്ലാമില്‍ യുദ്ധമുണ്ട്, അത് ജിഹാദിന്റെ ഒരു ഇനവുമാണ്..മഹത്തായ ഒരു ഇബാദത്തുമാണ്. ഏതൊരു ഇബാദതും ശരിയാകാന്‍ രണ്ടു ശര്തുകള്‍ ആവശ്യമാണ്. ഒന്ന് ഇഖ്ലാസ് അഥവാ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു ചെയ്യുക, രണ്ടു റസൂല്‍ﷺയുടെ മാതൃക അനുസരിച്ചാകുക. കാരണം റസൂല്‍ﷺ പറഞ്ഞത്
من عمل عملاً ليس عليه أمرنا فهو رد
"ആര് നമ്മുടെ ദീനില്‍ ഇല്ലാത്തത് പ്രവര്‍ത്തിച്ചുവോ അത് തള്ളപ്പെടും "(ബുഖാരി,മുസ്ലിം)
ഇസ്ലാമിലെ ജിഹാദ് എന്നത് ഒരു ഭരണാധികാരിയുടെ കീഴില്‍ നടത്തേണ്ട ഒരു കാര്യമാണ്.അല്ലാതെ തോന്നുന്ന രീതിയില്‍ ചെയ്യേണ്ട ഒരു കാര്യമല്ല. നബിﷺ പറഞ്ഞു:
إِنَّمَا الْإِمَامُ جُنَّةٌ يُقَاتَلُ مِنْ وَرَائِهِ وَيُتَّقَى بِهِ
"തീര്‍ച്ചയായും ഭരണാധികാരി സംരക്ഷണ കവചമാകുന്നു. അദ്ധേഹത്തിന്റെ പിന്നില്‍ യുദ്ധം ചെയ്യപ്പെടുന്നു, അദ്ധേഹത്തെ കൊണ്ട് സംരക്ഷിക്കപ്പെടുന്നു". (ബുഖാരി,മുസ്ലിം)
ഇസ്ലാം ദീന്‍ ഏറ്റവും നന്നായി അറിഞ്ഞ റസൂല്‍ യുടെ അനുചരന്മാര്‍ ഒരിക്കലും റസൂലിന്റെ അനുവാദമില്ലാതെ യുദ്ധം ചെയ്തിട്ടില്ല. ഭരണാധികാരിയുടെ കൂടെയാണ് ജിഹാദ് എന്ന വിഷയം അഹ്ലുസ്സുന്നയും പിഴച്ച കക്ഷികളും തമ്മില്‍ വേര്‍തിരിക്കുന്ന ഒരു വിഷയം കൂടിയാണ്. അതിനാല്‍ തന്നെ അഹ്ലുസ്സുന്നയുടെ അഖീദ പഠിപ്പിക്കുന്ന അടിസ്ഥാന കിതാബുകളില്‍ ഈ വിഷയം കാണാം..
ആദ്യകാല ഇമാമുമാരായ അബീ ഹാതിംرحمه الله(മരണം ഹിജ്ര 277). അബു സര്‍അرحمه الله (മരണം ഹിജ്ര 264) എന്നിവരോട് ഇസ്ലാമിന്‍റെ അടിസ്ഥാന അഖീദയെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ ഉത്തരത്തില്‍ ഇങ്ങനെ കാണാം.
ونقيم فرض الجهاد والحج مع أئمة المسلمين في كل دهر وزمان
"എല്ലാ സമയത്തും കാലത്തും നിര്‍ബന്ധമായ ഹജ്ജും ജിഹാദും മുസ്ലിം ഭരണാധികാരിയുടെ കൂടെയാണ് നാം നിര്‍വഹിക്കുക. " ( عقيدة الرازيين)
ഇമാം ഇബ്നു ഖുദാമرحمه الله പറഞ്ഞു :
وأمر الجهاد موكول إلى الإمام واجتهاده
ജിഹാദിന്റെ കാര്യം ഭരണധികാരിയിലും അദ്ധേഹത്തിന്റെ ഗവേഷണത്തിലും എല്പ്പിക്കപ്പെട്ടതാണ്. ( 9/202 المغني ).
ചുരുക്കത്തില്‍ ഇസ്ലാമിന്റെ ജിഹാദ് എന്നത് ആളുകളെ വിഷം കൊടുത്തു കൊല്ലലോ വണ്ടിയിടിച്ചു കൊല്ലലോ അല്ല, അത് ഒരു ഭരണാധികാരിയുടെ കീഴില്‍ അച്ചടക്കത്തോടെ നടത്തുന്ന യുദ്ധമാണ്. അത് പോലും വ്യക്തമായ നിബന്ധനകള്‍ അടങ്ങിയതുമാണ്.
ആരെങ്കിലും ഇത്തരക്കാരുടെ ശബ്ദം കേട്ട് അതില്‍ വല്ല വാസ്തവവും ഉണ്ടോന്നു കരുതുന്നുവെങ്കില്‍ അവര്‍ അറിയണം ഇത് ഇസ്ലാമിന്റെ ജിഹാദല്ല പിശാചിന്റെ ജിഹാദ് ആണ് എന്ന്..
കാരണം സ്വര്‍ഗത്തിന്റെ വാസന പോലും നിഷേധിക്കപ്പെടുന്ന കൊടിയ തിന്മയാണ് പരസ്പര കരാറില്‍ ജീവിക്കുന്ന അമുസ്ലിമിനെ കൊല്ലുക എന്നത്.
നബിﷺപറഞ്ഞു:
( مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا ).
"ആരെങ്കിലും (മുസ്‌ലിമീങ്ങളുമായി )പരസ്പര ധാരണയോടെ ഉടമ്പടിക്കരാറില്‍ ജീവിക്കുന്ന (അമുസ്ലിമായ) ഒരാളെ വധിച്ചാല്‍ അവന് സ്വര്‍ഗത്തിന്‍റെ പരിമളം പോലും ലഭിക്കുകയില്ല. അതിന്‍റെ പരിമളം നാല്പത് വര്‍ഷത്തെ വഴിദൂരത്തില്‍ നിന്ന് വരെ കണ്ടെത്താന്‍ കഴിയും.(അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്ന് അത്രയും അകലെയായിരിക്കും അവന്‍റെ സ്ഥാനം..!) " -[ബുഖാരി: 3166].
ആലോചിക്കൂ, എത്ര വലിയ തിന്മക്കാണ് ആ ശബ്ദത്തിന്റെ ഉടമ ആഹ്വാനം ചെയ്തത്..
മുസ്ലിംകളോടും ഇസ്ലാമിനോടും ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളില്‍ പോലും ഒരു മുസ്ലിം ചെന്ന് പെട്ടാല്‍ കുഴപ്പമുണ്ടാക്കരുത് എന്നതാണ് സലഫുകള്‍ പഠിപ്പിച്ചത്. ഇമാം ഷാഫിرحمه الله പറയുന്നു:
إذَا دَخَلَ قَوْمٌ مِنْ الْمُسْلِمِينَ بِلَادَ الْحَرْبِ بِأَمَانٍ فَالْعَدُوُّ مِنْهُمْ آمِنُونَ إلَى أَنْ يُفَارِقُوهُمْ أَوْ يَبْلُغُوا مُدَّةَ أَمَانِهِمْ وَلَيْسَ لَهُمْ ظُلْمُهُمْ وَلَا خِيَانَتُهُمْ
മുസ്ലിമീങ്ങളിലെ ഒരു വിഭാഗം ശത്രു രാജ്യത്ത് സംരക്ഷണ ഉടമ്പടിയോടെ  പ്രവേശിച്ചാല്‍ അവിടെ നിന്ന് പിരിയുന്നത് വരെയോ സംരക്ഷണ ഉടമ്പടിയുടെ കാലം വരേയോ അവരിലെ ശത്രുക്കള്‍ മുസ്ലിംകളില്‍ നിന്നും നിര്‍ഭയനായിരിക്കും. അവരോടു (ആ അമുസ്ലിംകളോട് ) അക്രമവോ ചതിയോ ചെയ്യാന്‍
ഇവര്‍ക്ക്(മുസ്ലിംകള്‍ക്ക് )പാടുള്ളതല്ല. ( الأم:4/263)
അദ്ദേഹം തന്നെ മറ്റൊരു സ്ഥലത്ത് പറയുന്നു.
إذَا أَمَّنُوهُ فَهُمْ فِي أَمَانٍ مِنْهُ وَلَا نَعْرِفُ شَيْئًا يُرْوَى خِلَافَ هَذَا
അവര്‍ (അമുസ്ലിംകള്‍) അവര്‍ക്ക്(മുസ്ലിംകള്‍ക്ക്) നിര്‍ഭയത്വം നല്‍കിയാല്‍ അമുസ്ലിംകളും മുസ്ലിംകളില്‍ നിന്ന് നിര്ഭയനാകണം. ഇതിനു വ്യത്യസ്തമായി ഒന്നും തന്നെ ഉധരിക്കപ്പെട്ടതായി നമുക്കറിയില്ല. ( الأم 4/292)
അഥവാ മുസ്ലിം ലോകത്ത് ഈ വിഷയത്തില്‍ ഒരു ഭിന്നത പോലുമില്ല എന്നര്‍ത്ഥം. ഇവരുടെ അക്ഞ്ഞതയുടെ ആഴം എത്ര ഭീകരമാണ്..!
തീര്‍ന്നില്ല, വിഷം കൊടുത്തോ വെടി വെച്ചോ എങ്ങനെയെങ്കിലും ആളുകളെ കൊല്ലണം എന്ന് പറയുന്നവര്‍ മുസ്ലിമീങ്ങളുടെ ഈ വിഷയത്തിലെ നിലപാട് ഇനിയും വായിക്കേണ്ടതുണ്ട്. ഇമാം ഇബ്നു ഖുദാമرحمه الله പറയുന്നു:
مَنْ دَخَلَ إلَى أَرْضِ الْعَدُوِّ بِأَمَانٍ، لَمْ يَخُنْهُمْ فِي مَالِهِمْ، وَلَمْ يُعَامِلْهُمْ بِالرِّبَا أَمَّا تَحْرِيمُ الرِّبَا فِي دَارِ الْحَرْبِ، فَقَدْ ذَكَرْنَاهُ فِي الرِّبَا، مَعَ أَنَّ قَوْلَ اللَّهِ تَعَالَى: {وَحَرَّمَ الرِّبَا} [البقرة: 275] وَسَائِرَ الْآيَاتِ وَالْأَخْبَارِ الدَّالَّةِ عَلَى تَحْرِيمِ الرِّبَا عَامَّةٌ تَتَنَاوَلُ الرِّبَا فِي كُلِّ مَكَان وَزَمَانٍ.
وَأَمَّا خِيَانَتُهُمْ، فَمُحَرَّمَةٌ؛ لِأَنَّهُمْ إنَّمَا أَعْطَوْهُ الْأَمَانَ مَشْرُوطًا بِتَرْكِهِ خِيَانَتَهُمْ، وَأَمْنِهِ إيَّاهُمْ مِنْ نَفْسِهِ، وَإِنْ لَمْ يَكُنْ ذَلِكَ مَذْكُورًا فِي اللَّفْظِ، فَهُوَ مَعْلُومٌ فِي الْمَعْنَى، وَلِذَلِكَ مَنْ جَاءَنَا مِنْهُمْ بِأَمَانٍ، فَخَانَنَا، كَانَ نَاقِضًا لِعَهْدِهِ. فَإِذَا ثَبَتَ هَذَا، لَمْ تَحِلَّ لَهُ خِيَانَتُهُمْ، لِأَنَّهُ غَدْرٌ، وَلَا يَصْلُحُ فِي دِينِنَا الْغَدْرُ، وَقَدْ قَالَ النَّبِيُّ «- صَلَّى اللَّهُ عَلَيْهِ وَسَلَّمَ -: الْمُسْلِمُونَ عِنْدَ شُرُوطِهِمْ». فَإِنْ خَانَهُمْ، أَوْ سَرَقَ مِنْهُمْ، أَوْ اقْتَرَضَ شَيْئًا وَجَبَ عَلَيْهِ رَدُّ مَا أَخَذَ إلَى أَرْبَابِهِ، فَإِنْ جَاءَ أَرْبَابُهُ إلَى دَارِ الْإِسْلَامِ بِأَمَانٍ أَوْ إيمَانٍ، رَدَّهُ عَلَيْهِمْ، وَإِلَّا بَعَثَ بِهِ إلَيْهِمْ؛ لِأَنَّهُ أَخَذَهُ عَلَى وَجْهٍ حَرَّمَ عَلَيْهِ أَخْذُهُ، فَلَزِمَهُ رَدَّ مَا أَخَذَ، كَمَا لَوْ أَخَذَهُ مِنْ مَالِ مُسْلِمٍ.
["(മുസ്ലിംകളില്‍ നിന്ന്) ആരെങ്കിലും ശത്രുവിന്റെ നാട്ടില്‍
സംരക്ഷണ ഉടമ്പടിയോടെ പ്രവേശിച്ചാല്‍ അയാള്‍ അവരുടെ സമ്പത്തില്‍ അവരെ വഞ്ചിക്കുവാന്‍ പാടില്ല,അവരുമായി പലിശ ഇടപാട് നടത്തുവാനും പാടില്ല.,........അവരെ വഞ്ചിക്കുക എന്നത് ഹറാം ആക്കപ്പെട്ടതാണ്. കാരണം സംരക്ഷണം നല്കപ്പെടത് അവരെ ചതിക്കുകയില്ലെന്നും അവനില്‍ നിന്ന് അവര്‍ക്ക് നിര്‍ഭയത്വം ഉണ്ടെന്നുമുള്ള നിബന്ധയുടെ മേല്‍ ആണ്. ഈ നിബന്ധന പ്രത്യേകം വാചകങ്ങളില്‍ പരാമര്‍ശിച്ചില്ലെങ്കിലും ആശയത്തില്‍ അത് അറിയപ്പെട്ടതാണ്.
അത് പോലെ അവരുടെ കൂട്ടത്തിലെ ആള്‍ നമ്മിലേക്ക് അഭയത്തില്‍ വരികയും പിന്നീട് നമ്മെ ചതിക്കുകയും ചെയ്‌താല്‍ അവന്‍ കരാര്‍ ലംഘിച്ചവനായി മാറും. ഈ വഞ്ചന സ്ഥിരപ്പെട്ടാലും അവനെ(ആ അമുസ്ലിമിനെ) ചതിക്കുവാന് അനുവാദമില്ല. കാരണം അത് വഞ്ചനയാണ്. നമ്മുടെ മതത്തിനു വഞ്ചന യോജിച്ചതല്ല .
തീര്‍ച്ചയായും റസൂല്‍ പറഞ്ഞിരിക്കുന്നു "മുസ്ലിമീങ്ങള്‍ തങ്ങളുടെ നിബന്ധനകളുടെ കൂടെയാണ്."
(മുസ്ലിമില്‍ പെട്ടയാള്‍ ) അവരെ (അമുസ്ലിമിനെ) ചതിക്കുകയോ അവരില്‍ നിന്ന് മോഷ്ടടിക്കുകയോ അതുമല്ലെങ്കില്‍ വല്ലതും കടമായി വാങ്ങുകയോ ചെയ്‌താല്‍ താന്‍ എടുത്തത് അതിന്റെ ഉടമസ്ഥന് തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്‌..! ഇനി ആ ഉടമസ്ഥന്‍ ഇസ്ലാമിക നാട്ടില്‍ അഭയത്തിലോ വിശ്വാസം സ്വീകരിച്ചു കൊണ്ടോ വന്നാല്‍ അവനു അത് തിരികെ നല്‍കുക, ഇല്ലെങ്കില്‍(അങ്ങനെ വന്നില്ലെങ്കില്‍) അത് അവന്നു ആരെങ്കിലും മുഖേനെ എത്തിച്ചു കൊടുക്കുക. കാരണം അത് എടുത്തത് നിഷിദ്ധമായ രൂപത്തില്‍ ആണ്. അതിനാല്‍ മറ്റൊരു മുസ്ലിമിന്‍റെ സ്വത്തില്‍ നിന്ന് എടുത്താല്‍ ചെയ്യുന്നത് പോലെ തിരികെ നല്‍കല്‍ നിര്‍ബന്ധമാണ്‌,"] ( المغني 9/295)
നോക്കുക...ഈ പരിശുദ്ധ ദീനിന്റെ നിയമം എത്ര വ്യക്ത്മായാണ് മുന്‍ഗാമികള്‍ എഴുതി വെച്ചത്. നമ്മെ ചതിച്ചവന്റെ പോലും സമ്പത്ത് അന്യായമായി നമുക്ക് എടുക്കാന്‍ പാടില്ല..പിന്നെങ്ങനെ അവനെ കൊല്ലുവാന്‍ കഴിയും..? പിന്നെങ്ങനെ നമ്മോട് സമാധാനത്തില്‍ വര്‍ത്തിക്കുന്ന ആളുകളെ കൊല്ലുവാന്‍ കഴിയും..!!എത്ര നിസ്സാരമായാണ് ഈ ആളുകള്‍ പൈശാചിക ജല്‍പ്പനം നടത്തുന്നത്..!!!അല്ലാഹുവില്‍ അഭയം..
കൊലപാതകം എന്നത് അതീവ ഗുരുതരമായ ഒരു വിഷയമായിട്ടാണ് അള്ളാഹു പഠിപ്പിക്കുന്നത്. അവന്‍ പറഞ്ഞു :
مِنْ أَجْلِ ذَٰلِكَ كَتَبْنَا عَلَىٰ بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعًا ۚ وَلَقَدْ جَاءَتْهُمْ رُسُلُنَا بِالْبَيِّنَاتِ ثُمَّ إِنَّ كَثِيرًا مِّنْهُم بَعْدَ ذَٰلِكَ فِي الْأَرْضِ لَمُسْرِفُونَ
"അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്‍റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്‌. എന്നിട്ട് അതിനു ശേഷം അവരില്‍ ധാരാളം പേര്‍ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്‌"[5:32]
നബി(صلى الله عليه وسلم)) അനിസ്ലാമിക വ്യവസ്ഥിതി ഉള്ള മക്കയില്‍ ചെയ്തത് പ്രബോധനം ആണ്, റസൂല്‍(صلى الله عليه وسلم) അവരെ തൌഹീദിലെക്ക് ക്ഷണിക്കുകയാണ് ചെയ്തത്, അല്ലാതെ അവിടെ കുഴപ്പം ഉണ്ടാക്കുകയോ അവരെ ഒളിഞ്ഞോ തെളിഞ്ഞോ കൊല്ലുകയല്ല ചെയ്തത്.ഒട്ടനവധി പീഡനങ്ങളും പ്രയാസങ്ങളും സഹിച്ചപ്പോഴും ഒളിഞ്ഞോ തെളിഞ്ഞോ കൊലപാതകങ്ങള്‍ നടത്തുവാനോ കുഴപ്പം ഉണ്ടാക്കുവാനോ അവര്‍ ശ്രമിച്ചിട്ടില്ല. കാരണം ഇത് വ്യക്തമായി നിയമങ്ങള്‍ ഉള്ള , ലോകത്തിന്റെ സൃഷ്ടാവിന്റെ മതമാണ്‌. ഏതോ കാടന്മാര്‍ തങ്ങളുടെ ചിന്താഗതിയില്‍ നിര്‍മിച്ച ഒന്നല്ല. ചുരുക്കത്തില്‍ നമ്മുടെ മാതൃക അല്ലാഹുവിന്റെ പ്രവാചകനില്‍ ആണ്, ഭ്രാന്തന്‍ ജല്പ്പനങ്ങളില്‍ അല്ല.
തീര്‍ച്ചയായും ഇവര്‍ പറയുന്നത് ജിഹാദല്ല..ഇത് ഫിത്ന ഉണ്ടാക്കാന്‍ ഉള്ള ആഹ്വാനമാണ്. രക്തം ചിന്തുകയും കുഴപ്പം ഉണ്ടാക്കുകയും അതിനു വേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ പിഴച്ച കക്ഷിയായ ഖവാരിജുകളുടെ പിന്‍ഗാമികള്‍ തന്നെ എന്ന് വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തനങ്ങള്‍ കൊണ്ടും തെളിയിക്കുന്നുണ്ട്.
ഇമാം ഇബ്നു കസീര്‍رحمه الله ഖവാരിജുകളെ കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ് ..
إِذْ لَوْ قَوُوا هَؤُلَاءِ لَأَفْسَدُوا الْأَرْضَ كُلَّهَا عِرَاقًا وَشَامًا، وَلَمْ يَتْرُكُوا طِفْلًا وَلَا طِفْلَةَ وَلَا رَجُلًا وَلَا امْرَأَةً ; لِأَنَّ النَّاسَ عِنْدَهُمْ قَدْ فَسَدُوا فَسَادًا لَا يُصْلِحُهُمْ إِلَّا الْقَتْلُ جُمْلَةً
"അവര്‍ ശക്തി പ്രാപിച്ചാല്‍ ഇറാഖിലും ശാമിലും ഭൂമി മുഴുവനും അവര്‍ കുഴപ്പം ഉണ്ടാക്കും. ചെറിയ ആണ്‍ കുട്ടികളെയോ പെണ്‍കുട്ടികലെയോ പുരുഷനെയോ സ്ത്രീയെയോ അവര്‍ വെറുതെ വിടില്ല..കാരണം അവരുടെ അടുക്കല്‍ ജനങ്ങള്‍ ദുഷിച്ചവരും മൊത്തമായി കൊന്നാലല്ലാതെ നന്നാക്കാന്‍ കഴിയാത്തവരും ആണ്."(“البداية والنهاية”(١٠/ ٥٨٤-٥٨٥)
ഐ എസിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇമാം ഇബ്നു കസീര്‍رحمه الله പറഞ്ഞത് ഇവരെ കണ്ടിട്ടാണോ എന്ന് തോന്നിയേക്കാം. അത്രമാത്രം വ്യക്തമാണ് പണ്ഡിതന്മാരുടെ നിരീക്ഷണം.
എത്ര സത്യമാണ് ഷെയ്ഖ്‌ മുഹമ്മദ് ബന്‍ ഹാദി അല്‍ മദ്ഖലീحفظه الله ഇവരെ കുറിച്ച് പറഞ്ഞത്.. അദ്ദേഹം പറഞ്ഞു :
أمّا هؤلاءِ فإنَّمَا هُمْ دُعاةُ فتنةٍ، وهذا الذي يُسمُّونَهُ جهادًا هذا فِتْنَة، وشاؤوا أَمْ أَبَوْا نحنُ نقولُهَا بمِلْئِ أفواهِنَا: هِيَ فِتْنَةٌ.
ഈ ആളുകള്‍ തീര്‍ച്ചയായും അവര്‍ ഫിത്നയുടെ(കുഴപ്പതിന്റെ) പ്രബോധകര്‍ ആണ്. ഈ ഫിത്നയെ ആണ് അവര്‍ ജിഹാദ് എന്ന് പേരിട്ടത്..അവര്‍ സമ്മതിച്ചാലും ഇല്ലെങ്കിലും നാം നമ്മുടെ വായ നിറയെ പറയുന്നു:ഇത് ഫിത്നയാണ്...!
ഭൂമിയില്‍ ഫിത്ന ഉണ്ടാക്കുന്ന ഇത്തരക്കാര്‍ അല്ലാഹുവിന്‍റെ ഈ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ എത്ര നന്നായേനെ..
وَمِنَ النَّاسِ مَن يُعْجِبُكَ قَوْلُهُ فِي الْحَيَاةِ الدُّنْيَا وَيُشْهِدُ اللَّـهَ عَلَىٰ مَا فِي قَلْبِهِ وَهُوَ أَلَدُّ الْخِصَامِ ﴿٢٠٤﴾ وَإِذَا تَوَلَّىٰ سَعَىٰ فِي الْأَرْضِ لِيُفْسِدَ فِيهَا وَيُهْلِكَ الْحَرْثَ وَالنَّسْلَ ۗ وَاللَّـهُ لَا يُحِبُّ الْفَسَادَ ﴿٢٠٥﴾
"ചില ആളുകളുണ്ട്‌. ഐഹികജീവിത കാര്യത്തില്‍ അവരുടെ സംസാരം നിനക്ക് കൗതുകം തോന്നിക്കും. അവരുടെ ഹൃദയശുദ്ധിക്ക് അവര്‍ അല്ലാഹുവെ സാക്ഷി നിര്‍ത്തുകയും ചെയ്യും. വാസ്തവത്തില്‍ അവര്‍ (സത്യത്തിന്റെ) കഠിനവൈരികളത്രെ.അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. കുഴപ്പം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല.
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

തൌഹീദും ശിര്‍ക്കും..: ഖുര്‍ആന്‍ പറഞ്ഞ നാല് കാര്യങ്ങള്‍..






സുഹൃത്തേ, താങ്കളുടെ മേല്‍ അല്ലാഹുവിന്റെ കരുണയുണ്ടാകട്ടെ...
നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിന്റെ സഹായം നിങ്ങളില്‍ ഉണ്ടാകട്ടെ, അനുഗ്രഹം നല്‍കപ്പെട്ടാല്‍ നന്ദി ചെയ്യുകയും പരീക്ഷിക്കപ്പെട്ടാല്‍ ക്ഷമിക്കുകയും തെറ്റ് ചെയ്ത് പോയാല്‍ പശ്ചാത്തപിക്കുകയും ചെയ്യുന്ന ഭാഗ്യവാന്മാരില്‍ അള്ളാഹു നമ്മെ ഉള്പ്പെടുതട്ടെ...

നമ്മെ   അള്ളാഹു സൃഷ്ടിച്ചത്   അവനു മാത്രം ഇബാദത്ത് ചെയ്യുവാന്‍  

വേണ്ടിയാണ്..അവന്‍ പറഞ്ഞു :
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ
"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല."
അതറിഞ്ഞാല്‍ പിന്നെ നാം  അറിയേണ്ടത് ഇബാദത്ത് ശരിയാകണമെങ്കില്‍ 
നമ്മുടെ തൌഹീദ് ശരിയാകണം എന്ന സത്യമാണ്.....നമുക്കിടയില്‍ തര്‍ക്കമുണ്ടാകാന്‍ പാടില്ലാത്ത വിഷയമല്ലേ  അത്... വുദു ഇല്ലാതെ എത്ര മനോഹരമായി  നമസ്കരിച്ചാലും   അത് ബാതിലല്ലേ.. അത് പോലെ നമ്മില്‍ ശിര്‍ക്ക് വന്നാല്‍ നമ്മുടെ അമലുകള്‍ മുഴുവന്‍ ബാതിലാകും..അള്ളാഹു നമുക്ക് ഒരിക്കലും പൊറുത്ത് തരില്ല..നരകത്തില്‍ ശാശ്വതമായി അകപ്പെടും... അള്ളാഹു പറഞ്ഞതാണ് ഇത്..നോക്കൂ..
إِنَّ اللَّـهَ لَا يَغْفِرُ أَن يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَٰلِكَ لِمَن يَشَاءُ ۚ وَمَن يُشْرِكْ بِاللَّـهِ فَقَدِ افْتَرَىٰ إِثْمًا عَظِيمًا
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌."(4:48)

അപ്പോള്‍ ഇത് വലിയ പ്രാധാന്യമുള്ള വിഷയം തന്നെയാണ്..തൌഹീദും  ശിര്‍ക്കും അറിയേണ്ടത്   ഏറ്റവും വലിയ വിഷയം തന്നെയാണ്..


എന്നാല്‍ ഇന്ന് ഇതിന്‍റെ പേരില്‍  തര്‍ക്കമാണ്, ബഹളമാണ്, പരിഹാസമാണ്,വെല്ലുവിളികളാണ്, തോല്‍പ്പിക്കലാണ്...ദീന്‍ പഠിക്കേണ്ടത് ഇങ്ങനെയല്ലല്ലോ..നമുക്ക് ഒന്ന് ശാന്തമായി ഇരുന്നു കൂടെ, എല്ലാ കക്ഷികളെയും വിട്ടേക്കുക.. താങ്കളുടെ നിഷ്കളങ്ക മനസ്സിനോടാണ് സംവദിക്കാന്‍ ഉള്ളത്...

സഹോദരാ,  തൌഹീദും ശിര്‍ക്കും മനസ്സിലാക്കാന്‍ നാല് കാര്യങ്ങള്‍ പറയട്ടെ..

അള്ളാഹു അവന്‍റെ ഖുര്‍ആനിലൂടെ പറഞ്ഞ നാല് അടിസ്ഥാന വിഷയങ്ങള്‍ .. 


താങ്കള്‍ തര്‍ക്കത്തിന് മുതിരില്ല എന്ന് വിശ്വസിക്കുന്നു..നേര്‍ക്ക് നേരെ നാല് അടിസ്ഥാന വിഷയങ്ങള്‍ പറയാം..


1. അല്ലാഹുവിന്‍റെ   റസൂല്‍ﷺയുടെ കാലത്തെ മുശ്രിക്കുകള്‍,അഥവാ  അല്ലാഹുവിന്‍റെ ദൂതന്‍ ആരോടാണോ യുദ്ധം ചെയ്തത് ആ വിഭാഗം  സൃഷ്ടാവും രിസ്ഖ് നല്കുന്നവും എല്ലാം നിയന്ത്രിക്കുന്നവനും അള്ളാഹു ആണെന്ന് അംഗീകരിച്ചവര്‍ ആയിരുന്നു..എന്നാല്‍  ആ   അംഗീകാരം കൊണ്ട് മാത്രമായി അവര്‍ മുസ്ലിങ്ങള്‍  ആയില്ല .


ഒന്നാമത്തെ ഈ അടിസ്ഥാന വിഷയത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ വചനം ആകുന്നു..


قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّـهُ ۚ فَقُلْ أَفَلَا تَتَّقُونَ 

പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്‌? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്‌? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്‌? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്‌? അവര്‍ പറയും: അല്ലാഹു എന്ന്‌. അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?[10:31] 


2. അവര്‍ പറഞ്ഞിരുന്നത്, ഞങ്ങള്‍ അല്ലഹുവല്ലാത്തവരെ വിളിച്ചു തേടുന്നതും അവരിലേക്ക് തിരിയുന്നതും അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുവാനും ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യുവാനും വേണ്ടി മാത്രമാണ്...

രണ്ടാമത്തെ  ഈ അടിസ്ഥാന വിഷയത്തിനുള്ള തെളിവ് അല്ലാഹുവിന്റെ ഈ രണ്ടു വചനങ്ങള്‍  ആകുന്നു..


وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّـهِ زُلْفَىٰ إِنَّ اللَّـهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّـهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ
"അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങള്‍ക്ക് കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. അവര്‍ ഏതൊരു കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നുവോ അതില്‍ അല്ലാഹു അവര്‍ക്കിടയില്‍ വിധികല്‍പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല; തീര്‍ച്ച."[39:3].
وَيَعْبُدُونَ مِن دُونِ اللَّـهِ مَا لَا يَضُرُّهُمْ وَلَا يَنفَعُهُمْ وَيَقُولُونَ هَـٰؤُلَاءِ شُفَعَاؤُنَا عِندَ اللَّـهِ

"അല്ലാഹുവിന് പുറമെ, അവര്‍ക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ (ആരാധ്യര്‍) അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ് എന്ന് പറയുകയും ചെയ്യുന്നു."(10:18)



ശുപാര്‍ശയെ കുറിച്ച് പറഞ്ഞതിനാല്‍ ഒരു വിഷയം താങ്കളെ ഉണര്‍ത്തുന്നു...ശഫാഅതിനെ നാം നിഷേധിക്കരുത്, അത് സത്യമാണ്, എന്നാല്‍  ശുപാര്‍ശ അഥവാ ശഫാഅത് രണ്ടു വിധത്തില്‍ ഉണ്ട്.
ഇല്ലാത്ത  ശഫാഅതും സ്ഥിരപ്പെട്ട ശഫാഅഅതും..

സ്ഥിരപ്പെട്ട ശഫാഅത്തെന്നു പറഞ്ഞാല്‍ രണ്ടു ശര്തുകള്‍ അടങ്ങിയതാണ്..

1. അല്ലാഹുവിന്റെ അനുമതി ഉണ്ടാകുക,     
2. അവന്‍ തൃപ്തിപ്പെട്ട ആളുകള്‍ക്ക് മാത്രം ലഭിക്കുക..
ഈ രണ്ടു നിബന്ധനകള്‍ ചേര്‍ന്നാല്‍ മാത്രമേ ശഫാഅത് ശരിയാകുകയുള്ളൂ, അതല്ലാത്തവ മുഴുവന്‍ ബാതിലായ, ഇല്ലാത്ത ശഫാഅത് ആണ്.    

ഇതിനുള്ള തെളിവുകള്‍ ഇവയാണ്..



مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ
"അവന്റെ അനുവാദപ്രകാരമല്ലാതെ അവന്‍റെയടുക്കല്‍ ശുപാര്‍ശ നടത്താനാരുണ്ട് ?" (2:255)
وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ
"തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല."(21:28) 

എന്നാല്‍ ശിര്‍ക്ക് സംഭവിച്ചവര്‍ക്കും കാഫിറുകള്‍ക്കും ഒരു ശുപാര്‍ശയും ഉപകാരപ്പെടില്ല..

അള്ളാഹു പറഞ്ഞു :


 مَا لِلظَّالِمِينَ مِنْ حَمِيمٍ وَلَا شَفِيعٍ يُطَاعُ 
"അക്രമകാരികള്‍ക്ക് ഉറ്റബന്ധുവായോ സ്വീകാര്യനായ ശുപാര്‍ശകനായോ ആരും തന്നെയില്ല."(40:18)

അതിനാല്‍ നാം അറിയുക , അല്ലഹുവല്ലാതവരെ വിളിച്ചു തേടുകയും ആരാധനകള്‍ അര്‍പ്പിക്കുകയും ചെയ്യുന്നതിന് അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ശുപാര്‍ശ ചെയ്യാന്‍ വേണ്ടിയാണ് എന്ന ന്യായം പറഞ്ഞത് മുശ്രിക്കുകള്‍ ആയിരുന്നു.. 


3. റസൂല്‍ﷺ നേര്‍ക്ക് നേരെ പ്രബോധനം ചെയ്ത സമൂഹം ആരാധനയില്‍ വ്യത്യസ്തത ഉള്ളവര്‍ ആയിരുന്നു, അവരില്‍ മലക്കുകളെ ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, അമ്പിയാക്കളെയും സ്വാലിഹീങ്ങളെയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, കല്ലുകളെയും മരങ്ങളെയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു, സൂര്യനെയും ചന്ദ്രനേയും ആരാധിക്കുന്നവര്‍ ഉണ്ടായിരുന്നു.. റസൂല്‍ﷺ യുദ്ധം പ്രക്യാപിച്ചത് ഇവര്‍ എല്ലാവരോടും ആയിരുന്നു,  എല്ലാവരെയും  ഒരു പോലെ മുശ്രിക്കായി കണ്ടു.

 മരങ്ങളും വിഗ്രഹങ്ങളും ആണ് കുഴപ്പം, അമ്പിയാക്കളെയും സ്വലിഹീങ്ങളെയും ആരാധിക്കുന്നതില്‍ കുഴപ്പമില്ല എന്നല്ല പറഞ്ഞത്, 


وَاعْبُدُوا اللَّهَ وَلَا تُشْرِكُوا بِهِ شَيْئًا
"നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും ചെയ്യുക"  എന്നാണ് പറഞ്ഞ്ത്  

മലക്കുകളെയും അമ്പിയാക്കളെയും ആരാധിക്കുന്നതുമായി ബന്ധപ്പെട്ടു അള്ളാഹു പറഞ്ഞു: 

وَلَا يَأْمُرَكُمْ أَن تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا ۗ أَيَأْمُرُكُم بِالْكُفْرِ بَعْدَ إِذْ أَنتُم مُّسْلِمُونَ
"മലക്കുകളെയും പ്രവാചകന്‍മാരെയും നിങ്ങള്‍ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്‍പക്കുകയുമില്ല. നിങ്ങള്‍ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാന്‍ അദ്ദേഹം നിങ്ങളോട് കല്‍പിക്കുമെന്നാണോ (നിങ്ങള്‍ കരുതുന്നത്‌?)"[3:80] 

സ്വലിഹീങ്ങളെ ആരാധിച്ചവര്‍ ഉണ്ട് എന്നതിനുള്ള തെളിവ് 
أُولَٰئِكَ الَّذِينَ يَدْعُونَ يَبْتَغُونَ إِلَىٰ رَبِّهِمُ الْوَسِيلَةَ
അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത് ആരെയാണോ അവര്‍ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാര്‍ഗം തേടിക്കൊണ്ടിരിക്കുകയാണ്‌.[17:57].

സൂര്യനെയും ചന്ദ്രനേയും ആരാധിച്ചവര്‍ ഉണ്ട് എന്നതിനുള്ള തെളിവ് 


وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّـهِ الَّذِي خَلَقَهُنَّ إِن كُنتُمْ إِيَّاهُ تَعْبُدُونَ
അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.[41:37].

അല്ലാഹുവിന്‍റെ റസൂല്‍ വിന്‍റെ കാലത്ത് പുതുതായി ഇസ്ലാമിലേക്ക് വന്ന, തൌഹീദ് പൂര്‍ണമായും അറിയാത്ത ചിലരില്‍ സംഭവിച്ച ഒരു വിഷയം കൂടി ഉണര്‍ത്തുന്നു, തീര്‍ച്ചയായും അള്ളാഹു ഉധേഷിക്കുന്നവര്‍ക്ക് വിഷയം പെട്ടെന്നു മനസ്സിലാകും..
عن أبي واقد الليثي قال : خرجنا مع رسول الله صلى الله عليه و سلم إلى حنين ونحن حدثاء عهد بكفر وللمشركين سدرة يعكفون عندها وينوطون بها أسلحتهم يقال لها ذات أنواط قال : فمررنا بالسدرة فقلنا : يا رسول الله اجعل لنا ذات أنواط كما لهم ذات أنواط فقال رسول الله صلى الله عليه و سلم : الله أكبر إنها السنن قلتم والذي نفسي بيده كما قالت بنو إسرائيل { اجعل لنا إلها كما لهم آلهة } قال : إنكم قوم تجهلون لتركبن سنن من كان قبلكم 

(അബീ വാഖിദ്‌ അല്ലയ്സിയ്യ് നിവേദനം ചെയ്യുന്നു: ഞങ്ങള്‍ നബിﷺ യുടെ കൂടെ ഹുനൈനിലേക്ക്  പുറപ്പെട്ടു. ഞങ്ങള്‍ കുഫ്റില്‍ നിന്ന്  അടുത്ത കാലത്ത്‌ വിട്ടു പിരിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ. മുശ്‌രിക്കുകള്‍ക്ക് ദാത്തു അന്‍വാത്ത് എന്ന് വിളിക്കപ്പെട്ടിരുന്ന ഒരു വൃക്ഷമുണ്ടായിരുന്നു. അവര്‍ അതിനെ വണങ്ങുകയും അതില്‍ വാളുകള്‍ തൂക്കിയിടുകയും ചെയ്യാറുണ്ടായിരുന്നു. ഒരു വൃക്ഷത്തിന്റെ അടുത്തു കൂടെ നടന്ന സമയം ഞങ്ങള്‍ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, അവര്‍ക്ക്‌ ദാത്തു അന്‍വാത്ത്ഉള്ളത് പോലെ ഞങ്ങള്‍ക്കും  ഒരു ദാത്തുഅന്‍വാത്ത്’  ആക്കിത്തരേണമേ! 
അപ്പോള്‍ നബിﷺ പറഞ്ഞു : അള്ളാഹു അക്ബര്‍ ..! ഇതാണ് ചര്യകള്‍..എന്‍റെ ആത്മാവ് ആരുടെ കയ്യിലാണോ അവന്‍ തന്നെ സത്യം,നിങ്ങള്‍ പറഞ്ഞത് ബനൂ ഇസ്രായിലര്‍ (മൂസ നബിയോട് ) പറഞ്ഞത് പോലെയാകുന്നു. അവര്‍ പറഞ്ഞു:" ഇവര്‍ക്ക് ഇലാഹുകള്‍ ഉള്ളത് പോലെ ഞങ്ങള്‍ക്കും ഒരു ഇലാഹിനെ  നീ ഏര്‍പെടുത്തിത്തരണം. "[7:138] . നിങ്ങള്‍ അറിവില്ലാത്ത ജനതയാകുന്നു,നിങ്ങള്‍ക്ക് മുമ്പുള്ളവരുടെ ചര്യകള്‍ നിങ്ങള്‍ പിന്‍പറ്റുക തന്നെ ചെയ്യും..) (തിര്‍മിദി,ഇബ്നു മാജ, ഇബ്നു ഹിബ്ബാന്‍,തബ്രാനി തുടങ്ങിയവര്‍ ഉദ്ധരിച്ച സ്വഹീഹായ ഹദീസാണിത്, മുകളില്‍ ഉള്ള ലഫ്ധു ഇമാം തബ്രാനി ഉധരിച്ചതാണ്.).


അ'റാഫിലെ  പ്രസ്തുത ആയത് വിശദീകരിച്ചു കൊണ്ട് ഇമാം സംആനി(ഹിജ്ര 489ഇല്‍ വഫാതയത് ) പറഞ്ഞത് കൂടി ഉദ്ധരിക്കട്ടെ..
ولم يكن ذلك من بني إسرائيل شكا في وحدانية الله - تعالى - وإنما معناه : اجعل لنا شيئا نعظمه ونتقرب بتعظيمه إلى الله - تعالى - وظنوا أن ذلك لا يضر الديانة ، وكان ذلك من شدة جهلهم 
ബനൂ ഇസ്രായീല്യര്‍ അല്ലാഹുവിന്റെ എകത്വതില്‍ സംശയിച്ചവര്‍ അല്ലായിരുന്നു, ഇങ്ങനെ പറഞ്ഞതിന്‍റെ ഉദ്ദേശം, ഞങ്ങള്‍ക്ക് ബഹുമാനിക്കാനും ആ ബഹുമാനം കൊണ്ട് ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കാനും വല്ലതും ഞങ്ങള്‍ക്ക് ഏര്‍പ്പാടാക്കണം എന്നാണു..അവര്‍ കരുതിയത് അങ്ങനെ ചെയ്യുന്നതില്‍ പ്രശ്നമില്ല എന്നാണു, അവരുടെ അങ്ങേയറ്റത്തെ വിവരമില്ലായ്മയാണ് കാരണം ..
അതിനാല്‍ കേവലം വിഗ്രഹതെയോ കല്ലിനെയോ ആരാധിക്കല്‍ മാത്രമല്ല ശിര്‍ക്ക്, അള്ളാഹു അല്ലാത്ത എന്തിനും ആരാധനയുടെ ഇത് കാര്യവും സമര്‍പ്പിച്ചാല്‍ ശിര്‍ക്ക് സംഭവിച്ചു, അതിനെ പ്രതെകമായി ഇലാഹക്കണം എന്നോ ഞങ്ങള്‍ ആരാധിക്കുന്നില്ല എന്ന കേവല വാക്കുകള്‍ കൊണ്ടോ കാര്യമില്ല.. 


4. ഇന്നത്തെ കാലത്തെ ശിര്‍ക്ക് ചെയ്യുന്നവര്‍ ആദ്യകാലത്തെ മുശ്രിക്കുകളെക്കാള്‍ അധപ്പതിച്ചവര്‍ ആണ്, കാരണം  റസൂല്‍ﷺ  നിയോഗിതനായ കാലത്തെ മുശ്രിക്കുകള്‍ സന്തോഷമുള്ള ഖട്ടത്തില്‍ മാത്രം ശിര്‍ക്ക് ചെയ്യുന്നവര്‍ ആയിരുന്നു, അവര്‍ക്ക് പ്രയാസങ്ങള്‍ ബാധിച്ചാല്‍ അവര്‍ തൌഹീദില്‍ ഇഖ്ലാസ് ഉള്ളവര്‍ ആയിരുന്നു.. 

അതിനുള്ള   തെളിവുകള്‍ :
 

 فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّـهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ
എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്കളങ്കമാക്കികൊണ്ട് അവനെ വിളിച്ച് പ്രാര്‍ത്ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ (അവനോട്‌) പങ്കുചേര്‍ക്കുന്നു.[29:65]


وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلَّا إِيَّاهُ ۖ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ ۚ وَكَانَ الْإِنسَانُ كَفُورًا 
 കടലില്‍ വെച്ച് നിങ്ങള്‍ക്ക് കഷ്ടത (അപായം) നേരിട്ടാല്‍ അവന്‍ ഒഴികെ, നിങ്ങള്‍ ആരെയെല്ലാം വിളിച്ച് പ്രാര്‍ത്ഥിച്ചിരുന്നുവോ അവര്‍ അപ്രത്യക്ഷരാകും. എന്നാല്‍ നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി കരയിലെത്തിക്കുമ്പോള്‍ നിങ്ങള്‍ തിരിഞ്ഞുകളയുകയായി. മനുഷ്യന്‍ ഏറെ നന്ദികെട്ടവനായിരിക്കുന്നു.[17:67]. 

ഈ നാല് അടിസ്ഥാന വിഷയവും നേര്‍ക്ക് നേരെ അള്ളാഹു പറഞ്ഞതാകുന്നു, ഇത് വ്യക്തവും തെളിഞ്ഞതുമാകുന്നു..  അള്ളാഹു താങ്കളെ നേരായി ചിന്തിക്കാന്‍ സഹായിക്കട്ടെ..

അതിനാല്‍ ..എല്ലാ വിധ ആരാധനകളും അല്ലാഹുവിനു മാത്രമാക്കുക, പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോള്‍  അവനോടു മാത്രം തേടുക , നേര്‍ച്ചകളും വഴിപാടുകളും അവനു മാത്രമാക്കുക, അവനില്‍ മാത്രം എല്ലാം  ഭരമേല്‍പ്പിക്കുക..

وَلَا يَصُدُّنَّكَ عَنْ آيَاتِ اللَّـهِ بَعْدَ إِذْ أُنزِلَتْ إِلَيْكَ ۖ وَادْعُ إِلَىٰ رَبِّكَ ۖ وَلَا تَكُونَنَّ مِنَ الْمُشْرِكِينَ ﴿٨٧ وَلَا تَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ ۘ لَا إِلَـٰهَ إِلَّا هُوَ ۚ كُلُّ شَيْءٍ هَالِكٌ إِلَّا وَجْهَهُ ۚ لَهُ الْحُكْمُ وَإِلَيْهِ تُرْجَعُونَ

"
അല്ലാഹുവിന്‍റെ വചനങ്ങള്‍ നിനക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ നിന്നെ അതില്‍ നിന്ന് തടയാതിരിക്കട്ടെ. നിന്‍റെ രക്ഷിതാവിങ്കലേക്ക് നീ ക്ഷണിക്കുക. നീ ശിര്‍ക്ക് ചെയ്യുന്നവരുടെ കൂട്ടത്തിലായിപ്പോകരുത്‌.  അല്ലാഹുവോടൊപ്പം വേറെ യാതൊരു ഇലാഹിനെയും നീ വിളിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യരുത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍റെ തിരുമുഖം ഒഴികെ എല്ലാ വസ്തുക്കളും നാശമടയുന്നതാണ്‌. അവന്നുള്ളതാണ് വിധികര്‍ത്തൃത്വം. അവങ്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും."(28:87,88).


أسأل الله  تعالى أن يُمِيتَنا على توحيده، وأن يتولانا برحمته، إنه سميع مجيب


وصلى الله على محمد، وعلى آله وصحبه وسلم.

✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.
NB: അല്‍ ഖവാഇദുല്‍ അര്‍ബഅ   അവലംബമാക്കി എഴുതിയത്, ഇത് പ്രസ്തുത കിതാബിന്റെ  വിവര്‍ത്തനമല്ല, ചില ഭാഗങ്ങള്‍ക്ക് ഷെയ്ഖ്‌ സ്വലിഹുല്‍ ഫൌസാന്‍ നല്‍കിയ ശറഹിനെയും അവലംബമാക്കിയിട്ടുണ്ട്.  

ശനിയാഴ്ച്ച സുന്നത് നോമ്പ് അനുഷ്ടിക്കാമോ..?



മനാറുസ്സബീലിൻ്റെ ദർസ് നടത്തവേ ശനി മാത്രമായി നോമ്പെടുക്കല്‍ കറാഹതാണ് എന്ന ഭാഗം വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു..



"നബി صلى الله عليه وسلم പറഞ്ഞു
لا تصوموا يوم السبت إلا فيما افتُرِض عليكم
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ". "ഇമാം തുര്‍മിദി ഉദ്ധരിച്ചു, അദ്ദേഹം ഹസന്‍ ആണെന്ന് പറഞ്ഞു, ഷെയ്ഖ്‌ അല്‍ബാനി സ്വഹീഹാക്കുകയും ചെയ്തു, ചില താലിബുല്‍ ഇല്‍മും അപ്രകാരം പറഞ്ഞു.


ഈ ഹദീസ് പ്രശ്നമാണ്..! "നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ."എന്നാണു ഉള്ളത്, അതിനാല്‍ ഉലമാക്കള്‍ ഇത് സ്വഹീഹാണോ ദുര്‍ബലമാണോ എന്നതില്‍ ഭിന്നിച്ചിരിക്കുന്നു. ചില ഉലമാക്കള്‍ പറഞ്ഞു അത് ദുര്‍ബലമാണ്, കാരണം അത് ഷാദ് ആകുന്നു, ഇപ്രകാരമാണ് ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയയും ഇമാം ഇബ്നുൽ ഖയ്യിമും പറഞ്ഞത്. എന്ത് കൊണ്ടാണ് അത് ഷാദ് ആയത്..? കാരണം നിരവധി സ്വഹീഹായ ഹദീസുകള്‍ ശനിയാഴ്ച നോമ്പ് അനുവദനീയം ആണെന്ന് തെളിയിക്കുന്നു, ഈ ഹദീസ് ഇതിനു വിരുദ്ധമാണ്. അത് വിശ്വസ്തനായ ഒരു റാവി ഒരു പാട് വിശ്വസ്തരായ റാവിമാര്‍ക്ക് എതിരാകുന്നത് പോലെയാണ്. അതിനാല്‍ അത് ശാദ് ആണ്.

ഇമാം തിര്‍മിദിയെ പോലുള്ള ചില പണ്ഡിതന്മാര്‍ പറഞ്ഞു , ഇത് മന്സൂഖാണ് (അഥവാ ഈ വിധി ദുര്‍ബലപ്പെട്ടതാണ്.)അവരുടെയും തെളിവ് ആ ദിവസം നോമ്പ് എടുക്കാം എന്നു തെളിയിക്കുന്ന സ്വഹീഹായ ഹദീസുകള്‍ ആണ്.


എന്നാല്‍ ശരിയായത്(നിലപാട്) പ്രസ്തുത ഹദീസ് സ്വഹീഹു ആണ്, അത് മന്സൂഖുമല്ല മുഹ്കമാണ് എന്നതാണ്.(കാരണം സനദ് സ്ഥിരപ്പെട്ടതും ജംഉ ചെയ്യാന്‍ കഴിയുന്നതും  മന്സൂഖ് എന്ന് പറയാന്‍ നേര്‍ക്ക് നേരെ തെളിവ് ഇല്ലാത്തതും ആണ് ഇത്.)..

എന്നാല്‍ അതിന്റെ അര്‍ത്ഥത്തിലേക്ക് നാം നോക്കേണ്ടതുണ്ട്.

لا تصوموا يوم السبت إلا فيما افتُرض عليكم
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ 
ഫർദാക്കപ്പെട്ടതല്ലാതെ."

لا تصوموا يوم السبت
"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്" എന്ന് (മാത്രം) പറയുമ്പോള്‍ അതില്‍ ഏതൊക്കെ ഉള്‍പ്പെടും..?
അതില്‍ ഫര്‍ദ് ഉള്‍പ്പെടും, അതില്‍ ഒറ്റയായ നോമ്പുകള്‍ ഉള്‍പ്പെടും, അതില്‍ തുടര്‍ച്ചയായ നോമ്പും ഉള്‍പ്പെടും, എല്ലാം അതില്‍ പെടുന്നു, ശരി, അതില്‍ ഫര്‍ദ് ഉള്‍പ്പെടില്ല എന്നു പ്രത്യേകമാക്കി നബിﷺപറഞ്ഞു,(إلا بما افترض عليكم) "നിങ്ങളുടെ മേല്‍ ഫർദാക്കപ്പെട്ടതല്ലാതെ".

അത് പോലെ (നിരോധനത്തില്‍ നിന്നും) തുടര്‍ച്ചയായ നോമ്പും പുറത്ത് കടക്കും. കാരണം നബിﷺ പറഞ്ഞു:
لا يصومن أحدكم يوم الجمعة إلا أن يصوم يوماً قبله أو يوماً بعده
നിങ്ങളില്‍ ആരും തന്നെ വെള്ളിയാഴ്ച നോമ്പ് എടുക്കരുത്, അതിന്‍റെ മുമ്പോ ശേഷമോ നോമ്പ് എടുത്താല്‍ അല്ലാതെ, (ബുഖാരി,മുസ്ലിം).
 
എന്താണ് വെള്ളിയാഴ്ചയുടെ ശേഷം?, അത് ശനിയാണ്. അപ്പോള്‍ മറ്റൊരു ദിവസത്തോട് ചേര്‍ത്ത് നോമ്പ് എടുക്കുന്ന ശനി നസ്സിന്റെ അടിസ്ഥാനത്തില്‍ ഈ നിയമത്തില്‍ നിന്ന് പുറത്തായി, പിന്നെ ശേഷിക്കുന്നത് ശനി മാത്രം നോമ്പ് എടുക്കലാണ്. അപ്പോള്‍ ഹദീസിലെ നിരോധനം ബാധകമാകുക ശനി മാത്രം നോമ്പ് എടുക്കുന്നതിനാണ്.

ഇനി ഒരാള്‍ പറയുന്നു , ഈ അര്‍ഥം പ്രശ്നമാണ്, കാരണം ഹദീസ് ,"നിങ്ങള്‍ ശനിയാഴച്ച നോമ്പേടുക്കരുത്, നിങ്ങളുടെ മേല്‍ ഫര്‍ദ് ആയതല്ലാതെ." എന്നാണു, ഫര്‍ദിന്റെ കാര്യത്തില്‍ ഒറ്റയെന്നോ അല്ലാത്തതെന്നോ വ്യത്യാസമില്ല,മാത്രമല്ല ഫര്‍ദ് ഒറ്റയായി വരികയില്ല, നമ്മുടെ മേല്‍ ഫര്‍ദ് ആക്കപ്പെട്ടത് റമദാന്‍ ആണ്, അതാകട്ടെ ശനി മാത്രമായി വരുകയില്ല, അതിനാല്‍ നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് 
ഫർദാക്കപ്പെട്ടതല്ലാതെ എന്ന അര്‍ഥം പ്രശനമാണ്..!
 
നാം പറയുന്നു, ഇതില്‍ ഒരു പ്രശ്നവും ഇല്ല, കാരണം ഹദീസ് സ്വഹീഹായ അര്‍ത്ഥത്തില്‍ തന്നെയാണ് ബാധകമാക്കിയത്. നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് ഫർദാക്കപ്പെട്ടതല്ലാതെ, ഫര്‍ദ് നിങ്ങള്‍ എടുത്തോളൂ, അത് ഫര്‍ദ് ആണ് എന്ന കാരണത്താല്‍ ആണ്, അല്ലാതെ ഒറ്റയല്ല എന്നതിനാല്‍ അല്ല. ഇവിടെ ഫര്‍ദും സുന്നത്തും തമ്മിലുള്ള വ്യത്യാസം , സുന്നത് നോമ്പ് ശനി മാത്രമായി എടുക്കരുത്, ഫര്‍ദ് മാത്രമായോ അല്ലാതെയോ എടുക്കാം കാരണം അത് ഫര്‍ദ് ആണ്.


ഇനി എങ്ങനെയാണ് ഫര്‍ദ് ശനി മാത്രമായി വരിക എന്ന് ചോദിച്ചാല്‍ നമുക്ക് പറയാനുള്ളത്, ഒരു മനുഷ്യന്‍ രോഗിയാകുകയും റമദാന്‍ അവസാന ദിവസം ശിഫയാകുകയും ആദിനം ശനി ആകുകയും ചെയ്‌താല്‍ ആ ശനി നോമ്പ് ഒറ്റയായ നോമ്പ് ആയില്ലേ, അത് ഫര്‍ദ് ആണ്, അത് പോലെ ഞായര്‍ യാത്ര പോയ ആള്‍ വെള്ളി തിരിച്ചു വന്നു, അപ്പോള്‍ ശനി നോമ്പെടുക്കേണ്ടെ..?, ഞായര്‍ വീണ്ടും യാത്രയിലാണ്, അപ്പോള്‍ ശനി മാത്രമായില്ലേ, അപ്പോള്‍ ഫര്‍ദും ശനി മാത്രമായി. അതിനാല്‍ അര്‍ഥം നിങ്ങള്‍ ഒറ്റയായി ശനി നോമ്പ് എടുക്കരുത് ഫര്‍ദ് അല്ലാതെ ഫര്‍ദ് നിങ്ങള്‍ എടുത്തോളൂ, അത് ഫര്‍ദ് ആണ് എന്നതിനാല്‍. ഇപ്രകാരമാണ് തെളിവുകളെ യോജിപ്പിക്കുന്നത്. പണ്ഡിതന്മാര്‍ പറഞ്ഞു: റാജിഹിനേക്കാള്‍ മുന്ഗണന ജംഉപയോഗിച്ച് ചെയ്യുന്നതിനാണ്. (അഥവാ ഒരു ഹദീസിനെക്കാൽ കൂടുതൽ ശരിയായത് മറ്റൊന്നാണ് എന്ന് പറയുന്നതിനേക്കാൾ മുൻഗണ രണ്ടും തമ്മിൽ യോജിപ്പിച്ച് മനസ്സിലാക്കുന്നതിലാണ് , അങ്ങനെ പറ്റാത്ത സന്ദർഭങ്ങളിൽ മാത്രമേ മറിച്ച് മനസ്സിലാക്കാവൂ..)


ഇത് തെളിയിക്കുന്നതാണ് ഇമാം ഇബ്നു ഖുസൈമ അദ്ധേഹത്തിന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഹദീസ്: 
إن رسول الله صلى الله عليه و سلم أكثر ما كان يصوم من الأيام يوم السبت و الأحد كان يقول : إنهما يوما عيد للمشركين و أنا أريد أن أخالفهم
"നബിﷺ 
ശനിയും ഞായറും നോമ്പ് എടുക്കുന്നത് വര്‍ദ്ധിപ്പിച്ചിരുന്നു، അവിടുന്ന്  പറയുമായിരുന്നു, "തീര്‍ച്ചയായും ഇത് രണ്ടും മുശ്രിക്കുകളുടെ ഈദ് ആകുന്നു, ഞാന്‍ അവരോടു വ്യത്യാസപ്പെടാന്‍ ഉദ്ദേശിക്കുന്നു".(ഇബ്നു ഖുസൈമ:2167) ഷെയ്ഖ്‌ അല്‍ബാനി ഇതിനെ കുറിച്ച് പറഞ്ഞു, ഇത് ഹസന്‍ ആണ്.


അപ്രകാരം 
നബിﷺയെ തൊട്ട് സ്ഥിരപ്പെട്ടതാണ്, സ്വഹാബിമാര്‍ നബിﷺ നോമ്പ് ഒഴിവാക്കില്ല എന്ന് പറയുമാറു നബിﷺ നോമ്പ് എടുത്തു കൊണ്ടിരിക്കും, അതുപോലെ ഇനി ഈ വര്ഷം നോമ്പ് എടുക്കില്ല എന്ന് പറയുമാറു നോമ്പ് ഒഴിവാക്കുകയും ചെയ്യും. (ആയിഷ ബീവിയില്‍ നിന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീസിന്റെ ആശയമാണ് ഇത്.), എന്താണ് ഇതിന്‍റെ അര്‍ഥം..? ഇനി ഈ വര്ഷം നോമ്പ് ഒഴിവാക്കില്ല എന്ന് പറയുമാറു നബിﷺ തുടര്‍ച്ചയായി നോമ്പ് എടുത്തിരുന്നു, ഇത് ശനിയാഴ്ച ഉള്‍പ്പെടെ നോമ്പ് എടുത്താല്‍ അല്ലാതെ ശരിയായുകയില്ല. കാരണം അഞ്ചു ദിവസം നോമ്പ് എടുക്കുകയും ആറാം നാള്‍ ഒഴിവാക്കുകയും ചെയ്‌താല്‍ ഇനി നോമ്പ് ഒഴിവാക്കുകയെ ഇല്ല എന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ സ്വഹീഹായ ഹദീസിലൂടെ സ്വഹാബിമാര്‍ അപ്രകാരം പറഞ്ഞതിലൂടെ നാം അറിയുന്നു ഇത് നോമ്പിനെ വിവരിക്കുന്നു എന്ന്..


അത് പോലെ ഇബ്നു ഉമര്‍ رضي الله عنهما വിനോട് 
നബിﷺ ഒരു ദിവസം നോമ്പ് എടുക്കാനും ഒരു ദിവസം നോമ്പ് ഒഴിവാക്കാനും കല്‍പ്പിച്ചു, നബിﷺ ക്ക് അറിയാം ഇത് ശനി നോമ്പ് എടുക്കുന്നതുമായി ഒത്തുചേരും എന്ന്, എന്നാല്‍ അവിടുന്ന് ശനിയാഴ്ച ഒഴികെ എന്ന് ഇബ്നു ഉമറിനോട് പറഞ്ഞിട്ടില്ല. 

ശനിയാഴ്ച്ച എന്ന കാരണത്താല്‍ അല്ലാതെ അന്ന് മാത്രം നോമ്പ് എടുക്കുന്നതിലും തെറ്റില്ല എന്നും ഇതിൽ തെളിവുണ്ട് 

ഉദാഹരണത്തിന്, അന്ന് അറഫ ദിനം ആയാൽ..  ഒരു ദിവസം നോമ്പ് എടുക്കുകയും ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്‌താല്‍ ശനി മാത്രം നോമ്പ് ആകും, എന്നാലത് ദാവൂദ് നബിയുടെ നോമ്പ് ആണ് എന്നതിനാല്‍ ആണ് (അങ്ങനെ നോമ്പ് എടുക്കുന്നത്.), ഇതില്‍ ശരിയായ ഒരു ഇഷ്കാലുമില്ല, 

അത് പോലെ അങ്ങനെയെങ്കിൽ ഒരു ദിവസം നോമ്പ് എടുക്കുകയും ഒരു ദിവസം നോമ്പ് ഉപേക്ഷിക്കുകയും ചെയ്‌താല്‍ പെരുന്നാളിനും നോമ്പ് എടുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യാം എന്നും പറയാമല്ലോ എന്ന ഇഷ്കാലും നിലനില്‍ക്കില്ല, പെരുന്നാളിന് നോമ്പ് എടുക്കല്‍ ഹറാമാണ് എന്നതില്‍ ഇജ്മാ ഉണ്ട്. നോമ്പ് കഴിഞ്ഞുള്ള പെരുന്നാള്‍ ആകട്ടെ ഈ ഉദാഹരണത്തില്‍ വരില്ല, അതിനു മുമ്പ് റമദാന്‍ നോമ്പും ഉണ്ട്.

അപ്രകാരമാണ് മാസത്തില്‍ മൂന്ന് നോമ്പ് എടുക്കാനുള്ള പ്രോത്സാഹനം അതിലും ശനിയാഴ്ച വന്നേക്കാം, അതിനാല്‍ തെളിയുന്നത് നിരോധനം ശനി മാത്രമാക്കി നോമ്പ് എടുക്കുന്നതിനാണ്. അതാണ്‌ തെളിവുകള്‍ യോജിക്കുന്നത്. "
شرح منار السبيل؛ الشريط التاسع والأخير

ചുരുക്കത്തിൽ : ശറഇയ്യായ കാരണങ്ങൾ ഇല്ലാതെ ശനിയാഴ്ച്ച മാത്രമായി നോമ്പെടുക്കുന്നത് നിഷിദ്ധമാണ്. എന്നാല് കാരണങ്ങൾ ഉണ്ടായാൽ , ഉദാഹരണത്തിന് അറഫാ നോമ്പ്, ആശുറാ നോമ്പ്, വെള്ളിയാഴ്ചയുടെ കൂടെ ചേർത്ത് നോമ്പെടുക്കൽ, ഒന്നിടവിട്ടുള്ള ദിവസത്തിലെ നോമ്പ്, തുടങ്ങിയ ശറഇയ്യായ കാരണങ്ങൾ ഉണ്ടായാൽ ശനിയാഴ്ച്ച നോമ്പെടുക്കാം. 
(ശൈഖ് സുലൈമാൻ അർ റൂഹൈലി തന്നെ നൽകിയ വിശദീകരണമാണ് ഇതും.) 

ചില ഭാഗങ്ങള്‍ ആശയ വിവര്‍ത്തനം ആണ്.
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

 

നല്ല ചിന്തകള്‍ , നല്ല മനുഷ്യര്‍...

ഏറ്റവും നല്ല മനുഷ്യര്‍ സത്യവിശ്വാസികള്‍ ആണ്, അവന്‍റെ വിശ്വാസം യാതൊരു കലര്പ്പുമില്ലാത്ത ശുദ്ധമായതാണ് , അവന്‍റെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിനു ഇഷ്ടമുള്ള ആരാധന കര്‍മങ്ങള്‍ ആണ്, അത് പോലെ പ്രധാനപ്പെട്ടതാണ് അവന്‍റെ സ്വഭാവം ഏറ്റവും നല്ലതാണ് എന്ന്. കാരണം ഈ ലോകത്തിലെ ഏറ്റവും നല്ല മനുഷ്യന്‍ ഏറ്റവും നല്ല സ്വഭാവമുള്ള നമ്മുടെ നേതാവ് മുഹമ്മദ്‌ﷺ ആണ്.
ആയിഷ ബീവി പറയുന്നു :
ما كان أحد أحسن خلقا من رسول الله صلى الله عليه وسلم
റസൂല്‍ നേക്കാള്‍ നല്ല സ്വഭാവം ഉള്ള ഒരാളുമില്ല എന്ന്..

ആ റസൂല്‍ യുടെ അനുയായികള്‍ ആയ നാം നമ്മുടെ സ്വഭാവത്തെയും ആ രീതിയില്‍ ആക്കേണ്ടതുണ്ട്.. ആരോടും വെറുപ്പോ വിദ്വേഷമോ ഇല്ലാതെ നല്ല രീതിയില്‍ നാം പെരുമാറണം..
സ്വാഭാവികമായും ആളുകള്‍ വ്യത്യ്സതരാണ് , പെരുമാറ്റവും വ്യത്യസ്തമാണ്..അത് വേര്‍തിര്ച്ചു അറിഞ്ഞു അവരിലെ നന്മകള്‍ മനസ്സിലാക്കി ജീവിക്കണം. 

അള്ളാഹു കല്‍പ്പിച്ചത് ഇപ്രകാരമാണ്..
خُذِ الْعَفْوَ وَأْمُرْ بِالْعُرْفِ وَأَعْرِضْ عَنِ الْجَاهِلِينَ
"നീ വിട്ടുവീഴ്ച സ്വീകരിക്കുകയും നന്മ കല്‍പിക്കുകയും, അവിവേകികളെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്യുക."

ആയത് വിശദീകരിച്ചു കൊണ്ട് ഇമാം നാസിര്‍ അസ്സഅദിرحمه الله പറഞ്ഞത് ശ്രദ്ധേയമാണ്.

"ഈ വചനം ജനങ്ങളോടുള്ള നല്ല സ്വഭാവത്തിന്റെ മുഴുവന്‍ കാര്യങ്ങളും അവരോടുള്ള ഇടപാടുകളില്‍ എന്ത് ചെയ്യണം എന്നതും ഉള്‍ക്കൊള്ളുന്നതാണ്.........ആരെങ്കിലും വാക്ക് കൊണ്ടോ പ്രവര്‍ത്തി കൊണ്ടോ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ അവരെ അങ്ങനെ ചെയ്യരുത്. നിങ്ങളെ തടഞ്ഞാല്‍ നിങ്ങള്‍ അവരെ തടയരുത്, നിങ്ങളോട് ബന്ധം മുറിച്ചാല്‍ നിങ്ങള്‍ അവരോടു ബന്ധം ചേര്‍ക്കുക, നിങ്ങളോട് അക്രമം ചെയ്‌താല്‍ നിങ്ങള്‍ നീതി ചെയ്യുക."(തഫ്സീര്‍ സഅദി)."

നമ്മുടെ സ്വഭാവം നാം ആണ് തീരുമാനിക്കേണ്ടത്, അത് മറ്റുള്ളവര്‍ നമ്മോടു എങ്ങനെ എന്നതിനെ അടിസ്ഥാനമാക്കിയല്ല, നമ്മോട് അല്ലാഹുവും റസൂലും എന്ത് പറഞ്ഞു എന്നതിനെ അടിസ്ഥാനമാക്കിയാണ്.
കാരണം നാം വിശ്വാസികള്‍ ആണ്.

ഇവിടെ റബ്ബ് കല്‍പ്പിച്ച പ്രധാനപ്പെട്ട വിഷയമാണ് വിട്ടുവീഴ്ച്ച എന്നത്. ആ സ്വഭാവം നമ്മില്‍ ഇല്ലെങ്കില്‍ ജനങ്ങള്‍ നമ്മില്‍ നിന്ന് അകലുകയും ഒറ്റപ്പെടുകയും എല്ലാവരോടും ദേഷ്യവും വെറുപ്പുമായി നടക്കേണ്ടിയും വരും. കാരണം നാ ഇടപെടുന്നത് പച്ചയായ മനുഷ്യരുമായാണ്.

ജനങ്ങളുടെ നന്മകള്‍ കാണുവാനും നമ്മുടെ തിന്മകള്‍ കാണാനും ആണ് നാം ശ്രമിക്കേണ്ടത്. അപ്പോഴാണ്‌ നമുക്ക് നല്ല മനുഷ്യര്‍ ആകുവാന്‍ കഴിയുക.

മറ്റുള്ളവരെ കുറിച്ച് നല്ലത് ചിന്തിക്കുക എന്നത് പ്രധാനപ്പെട്ട വിഷയമാണ്.

നമ്മില്‍ പലരും സ്വന്തം വാക്കുകളെ നിസ്സാരമായും മറ്റുള്ളവര്‍ പറഞ്ഞതിനെ ഗൌരവതിലും കാണുന്നു. മറ്റുള്ളവരുടെ വാക്കുകളും പ്രവര്‍ത്തനവും താന്‍ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല എന്ന് പറയുന്നു, എന്നാല്‍ നമ്മുടെ വാക്കും പ്രവര്‍ത്തനവും എല്ലാവരും മറക്കാനും പൊറുക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നു.. അതീവ വിചിത്രമാണ് വിഷയം..!

നമ്മള്‍ മറ്റുള്ളവരോട് കാണിക്കുന്ന ഈ മനോഭാവം നമ്മോട് അള്ളാഹു കാണിച്ചാല്‍ നമ്മുടെ അവസ്ഥ എന്താകും..!? നമ്മുടെ തിന്മകളും അപാകതകളും റബ്ബ് ഒരിക്കലും പൊറുക്കാതെ നിന്നാല്‍ എന്താകും നമ്മുടെ സ്ഥിതി..(അള്ളാഹു കാത്തു രക്ഷിക്കട്ടെ..)

നമ്മുടെ പ്രവര്‍ത്തനത്തിന്റെ ഇനം അനുസരിച്ചാണ് നമ്മുക്കുള്ള പ്രതിഫലം എന്നത് എന്ത് കൊണ്ടാണ് നാം മറന്നു പോകുന്നത്..

അതിനാല്‍ മറ്റുള്ളവരോട് ഏറ്റവും നന്നായി പെരുമാറുക, വിശാലത കാണിക്കുക, ജനങ്ങളെ കുറിച്ച് മോശം പറയാതിരിക്കുക..

റസൂല്‍ﷺ പറഞ്ഞത്
إذَا سَمِعْتَ الرَّجُلَ يَقُولُ : هَلَكَ النَّاسُ ، فَهُوَ أَهْلَكُهُمْ.
ഒരാള്‍ ജനങ്ങള്‍ നശിച്ചിരിക്കുന്നു എന്ന് പറയുന്നത് നീ കേട്ടാല്‍ (അറിയുക) അവനാണ് അവരില്‍ ഏറ്റവും നശിച്ചവന്‍.

അതിനാല്‍ ആളുകളെ കുറിച്ച് നന്മ ചിന്തിക്കുക..

നമ്മുടെ മുന്‍ഗാമികള്‍ അങ്ങനെയായിരുന്നു.

അബു ദുജാന رضي الله عنه രോഗിയയിരിക്കെ അദ്ധേഹത്തിന്റെ മുഖം തിളങ്ങുന്നത് കണ്ട ആളുകള്‍ കാരണം ചോദിച്ചപ്പോള്‍ പറഞ്ഞത് എന്റെയടുക്കല്‍ ഏറ്റവും ബലമുള്ള രണ്ടു കാര്യങ്ങള്‍ അല്ലാതെ മറ്റൊന്നുമില്ല. ഒന്ന് ഞാന്‍ അനാവശ്യമായത് സംസരിക്കലില്ല, രണ്ടു എന്റെ ഖല്‍ബില്‍ മുസ്ലിമീങ്ങള്‍ രക്ഷപ്പെട്ടവരാണ്‌.." (അഥവാ അവരെ കുറിച്ച് വെറുപ്പോ മോശം ചിന്തയോ ഇല്ല. )

ഇമാം അബൂ ഖുലാബرحمه الله പറഞ്ഞു

إذا بلغك عن أخيك شيء تكرهه فالتمس له العذر جهدك؛ فإن لم تجد له عذراً فقل في نفسك: لعلَّ لأخي عذراً لا أعلمه

നിന്റെ സഹോദരനെ കുറിച്ച് വെറുപ്പ് ഉണ്ടാക്കുന്ന വല്ല വാര്‍ത്തയും എത്തിയാല്‍ നിന്‍റെ പരിശ്രമത്തിലൂടെ (അവന്‍ അങ്ങനെ ചെയ്യാനുള്ള ) കാരണം അവനു വേണ്ടി നീ ബോധിപ്പിക്കുക, ഇനി നിനക്ക് അവനു വേണ്ടി ഒരു ന്യായവും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നീ നിന്നോട് തന്നെ പറയുക, എനിക്ക് അറിയാത്ത വല്ല ന്യായവും എന്‍റെ സഹോദരന് ഉണ്ടായേക്കാം..الحلية لأبي نعيم (2/285):

സുബ്ഹനല്ലാഹ്..നമ്മുടെയും നമ്മുടെ മുന്‍ഗാമികളുടെയും ചിന്തഗതിയിലെ വ്യത്യാസം നോക്കൂ..

ഒരാളില്‍ ഒരു തെറ്റ് കണ്ടാല്‍ , അല്ലെങ്കില്‍ നമ്മോടു ഒരാള്‍ തിന്മ ചെയ്‌താല്‍ അയാളുടെ ഭാഗത്ത് നിന്ന് കൊണ്ട് ആലോചിച്ചു ഇന്നയിന്ന കാരണം കൊണ്ടാകാം എന്ന് പറഞ്ഞു വിട്ടു കൊടുക്കാന്‍ നമുക്ക് കഴിയലുണ്ടോ.. പലപ്പോഴും നമുക്ക് കാരണവും അറിയാം, എന്നിട്ടും അവന്‍ അങ്ങനെ ചെയ്തില്ലേ, ഞാന്‍ ഒരിക്കലും മറക്കില്ല എന്ന് നാം പറയുന്നു...ശേഷം അവര്‍ക്കെതിരെ അതൊക്കെ പരാതിയും പരിഭവവുമായി അവയെ കൂട്ടിവേക്കുന്നു.. അള്ളാഹു നന്നാക്കട്ടെ..

ഇമാം ഷാഫിرحمه الله പറഞ്ഞു

من أحب أن يختم له بخير فليحسن الظن بالناس".

ആരെങ്കിലും നന്മ കൊണ്ടുള്ള പര്യവസാനം ഇഷ്ടപ്പെടുന്നെങ്കില്‍ അവന്‍ ജനങ്ങളെ കൊണ്ട് നല്ലത് ചിന്തിക്കട്ടെ..

പലപ്പോഴും ആളുകളുടെ വാക്കുകള്‍ ആണ് നാം പ്രധാന വിഷയം ആക്കുന്നത്..അവര്‍ ചിലപ്പോള്‍ ഒന്നും ഉദ്ദേശിക്കാതെ പറഞ്ഞതാകാം..പക്ഷെ നാം അതിനെ ആ തരത്തില്‍ കാണാതെ ഗോരവമായി എടുക്കുന്നു..അവരോടു വെറുപ്പ് കാണിക്കുകയും ചെയ്യുന്നു..

ഉമര്‍رضي الله عنه വിനെ തൊട്ടു വന്ന ഒരു വാചകം ശ്രദ്ധേയമാണ്..

لا تظن بكلمة خرجت من أخيك المؤمن شرًّا، وأنت تجد لها في الخير محمل

നിന്‍റെ വിശ്വാസിയായ സഹോദരനില്‍ നിന്ന് പുറത്ത് വന്ന വാചകം മോശമാണ് എന്ന് നീ കരുതരുത്, നിനക്കത് നന്മയില്‍ കണ്ടെത്താന്‍ കഴിയും.
ശൈഖുല്‍ ഇസ്ലാം رحمه الله പറഞ്ഞു
وليس لأحد أن يحمل كلام أحد من الناس إلا على ما عُرف أنه أراده،

ഒരാളും തന്നെ മറ്റൊരാളുടെ വാചകത്തെ അവന്‍ എന്താണ് ഉദേശിച്ചത് എന്നറിയാതെ എടുക്കരുത്,

അതിനാല്‍ നമ്മുടെ കാഴ്ചപ്പാടുകള്‍ നാം തിരുത്തണം.. ഒരാളില്‍ നന്മകളും തിന്മകളും ഉണ്ടെങ്കില്‍ ആ തിന്മകളെ കുറിച്ച് ചിന്തിച്ചു അയാളെ കുറിച്ച് നമ്മുടെ മനസ്സ് മോശമാക്കാതെ നന്മകളെ കുറിച്ച് ഓര്‍ക്കുക..

ഒരു വാക്കോ പ്രവര്‍ത്തിയോ വന്നു പോയാല്‍ അതിന്റെ പേരില്‍ പ്രശ്നം ഉണ്ടാക്കുന്നവരില്‍ നിന്നു ആളുകള്‍ അകലും, എന്നാല്‍ വിശാലതയും വിട്ടു വീഴ്ചയും ഉള്ളവരോട് ആളുകള്‍ അടുക്കും .

പരസ്പരം വിട്ടുവീഴ്ചയിലും സഹകരണത്തിലും ജീവിക്കുക.. എല്ലാവരോടും നന്നായി പെരുമാറുക. സാരമില്ലെന്നു വെക്കാനുള്ള മനസ്സ് ഉണ്ടാക്കുക..അപ്പോള്‍ നമുക്ക് എല്ലാവരും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു..നാം മറ്റുള്ളവര്‍ക്കും പ്രിയപ്പെട്ടവര്‍ ആയിത്തീരുന്നു.. എല്ലാറ്റിനും ഉപരി ഈമാനുള്ള ഹൃദയമായി മാറുന്നു..

അള്ളാഹു പറഞ്ഞു

إِن تُبْدُوا خَيْرًا أَوْ تُخْفُوهُ أَوْ تَعْفُوا عَن سُوءٍ فَإِنَّ اللَّـهَ كَانَ عَفُوًّا قَدِيرًا
"നിങ്ങള്‍ ഒരു നല്ല കാര്യം രഹസ്യമായോ പരസ്യമായോ ചെയ്യുകയാണെങ്കില്‍, അഥവാ, ഒരു ദുഷ്പ്രവൃത്തി മാപ്പ് ചെയ്ത് കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനല്‍കുന്നവനും സര്‍വ്വശക്തനുമാകുന്നു."[4:149].

وَإِن تَعْفُوا وَتَصْفَحُوا وَتَغْفِرُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ
"നിങ്ങള്‍ മാപ്പുനല്‍കുകയും, വിട്ടുവീഴ്ച കാണിക്കുകയും പൊറുത്തുകൊടുക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു."[64:14]

الَّذِينَ يُنفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنِ النَّاسِ ۗ وَاللَّـهُ يُحِبُّ الْمُحْسِنِينَ
"സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യര്‍ക്ക് മാപ്പുനല്‍കുകയും ചെയ്യുന്നവര്‍ക്ക് വേണ്ടി(സ്വര്‍ഗം ഒരുക്കിയിരിക്കുന്നു). സല്‍കര്‍മ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു."[3:134] .

നബിﷺ പറഞ്ഞു
مَا زَادَ اللَّهُ عَبْدًا بِعَفْوٍ إِلَّا عِزًّا ، وَمَا تَوَاضَعَ أَحَدٌ لِلَّهِ إِلَّا رَفَعَهُ اللَّهُ
"വിട്ടു വീഴ്ച ചെയ്യുന്നതിലൂടെ അടിമയുടെ പ്രതാപമല്ലാതെ അള്ളാഹു വര്‍ധിപ്പിക്കില്ല. എളിമയിലൂടെ അള്ളാഹു പദവി ഉയര്താത്തിരിക്കില്ല "مسلم4689

റസൂല്‍ ﷺ മിമ്പറില്‍ നിന്ന് പറഞ്ഞു

( ارْحَمُوا تُرْحَمُوا وَاغْفِرُوا يَغْفِرْ اللَّهُ لَكُمْ ) .
"കരുണ കാണിക്കൂ, നിങ്ങള്‍ക്ക് കരുണ കാണിക്കും, പൊറുത്തു കൊടുക്കൂ , നിങ്ങള്‍ക്ക് അള്ളാഹു പൊറുത്തു തരും.."صحيح الترغيب"2465 .

അള്ളാഹു അനുഗ്രഹിക്കട്ടെ..

✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

നന്മ നിറഞ്ഞ മനുഷ്യരാകാന്‍ ....(1)

വര്‍ഷങ്ങള്‍ക് മുമ്പ് ഒരു പത്രത്തിന്റെ വാരാന്ത്യപ്പേജില്‍ ഒരു സുബൈദയുടെ കഥ വന്നിരുന്നു . (പേര്‍ അവ്യക്തമായ ഓര്‍മയില്‍ നിന്ന് എഴുതിയതാണ്..) വിവാഹം കഴിഞ്ഞു നാല് മാസം കഴിഞ്ഞപ്പോള്‍ ഒരു അപകടം നടന്നു ശരീരം തളര്‍ന്നു കിടക്കുന്ന ഭര്‍ത്താവിനെ പതിനെട്ടു വര്‍ഷമായി പരിചരിക്കുന്ന ഒരു ഭാര്യ..!
ഇന്നും പരസ്പരം കൈപിടിച്ച് നടക്കുന്ന വൃദ്ധരായ ദമ്പതിമാരെ കണ്ടാല്‍ മനസ്സില്‍ നിറഞ്ഞ സന്തോഷം ഉണ്ടാകാറുണ്ട്..
വിവാഹ ജീവിതത്തെ കുറിച്ച് ചിന്തകള്‍ മനസ്സില്‍ ഉണ്ടാകുന്നതിനു മുമ്പ് കണ്ട, വായിച്ച ഇത്തരം സംഭവങ്ങള്‍ എന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..
പരസ്പ്പരം മനസ്സിലാക്കി ജീവിച്ചാല്‍ വിവാഹ ജീവിതം പോലെ സന്തോഷകരമായ ഒരു വിഷയവും ഇല്ലായെന്നാണ്.. സിഹിറിന്റെ ആയത് വിശദീകരിക്കുന്ന വേളയില്‍ ഇമാം നാസിറു സഅദി(رحمه الله) പറയുന്നുണ്ട് മറ്റൊരു സ്നേഹത്തോടും തുല്യപ്പെടുത്താന്‍ കഴിയാത്ത സ്നേഹമാണ് ദമ്പതിമാര്‍ തമ്മില്‍ ഉള്ളത് എന്ന്..
(പിശാചു എന്നും തെറ്റിക്കാന്‍ ശ്രമിക്കുക ദാമ്പത്യ ജീവിതമാണ്.. അള്ളാഹു ആസ്വാദനം അനുവദിച്ച ഇണയില്‍ വെറുപ്പ് ഉണ്ടാക്കുന്നത് അവനു സന്തോഷമാണല്ലോ ( إن الإلف من الله وإن الفرك من الشيطان ليكره إليه ما أحل الله له))
ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയുവാന്‍ വേണ്ടിയല്ല, സന്തോഷകരമായ ജീവിതം നയിക്കുവാന്‍ ധനികരോ ആരോഗ്യമുള്ളവരോ ആകണം എന്നില്ലെന്നു പറയുവാന്‍ വേണ്ടിയാണ് മുകളിലെ സംഭവവം വിവരിച്ചത്....നമ്മുടെ മനസ്സിന്റെ തൃപ്തിയാണ് പ്രധാനം..പൂര്‍ണമായും നമ്മുടെ റബ്ബിനെ കുറിച്ച് നമുക്ക് ത്രുപ്തിയുണ്ടാകണം..അവന്റെ അടിമകളോടു വിട്ടുവീഴ്ചയോടെ പെരുമാറാന്‍ സാധിക്കണം..
മറ്റുള്ളവരുടെ മനസ്സിന്റെ നന്മകള്‍ കാണാന്‍ നമുക്ക് കഴിഞ്ഞാല്‍ തന്നെ ഒരാളോടും ഗൌരവത്തിലുള്ള വെറുപ്പുകള്‍ നമുക്ക് ഉണ്ടാകില്ല..
ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ മാത്രമല്ല ഏതൊരു വ്യക്തിയോടും നമ്മുടെ നിലപാട് നന്മ നിറഞ്ഞ നമ്മുടെ ദീന്‍ പഠിപ്പിച്ചതാകണം..
വെറുക്കുക എന്നത് നിരുപാധികം തിന്മയല്ല..അത് ചില സമയങ്ങളില്‍ നമ്മില്‍ നിര്‍ബന്ധമായും ഉണ്ടാകേണ്ടതാണ് .. പക്ഷെ അത് ദീനിന്‍റെ വിഷയത്തിലാണ്, അഥവാ അത് പൂര്‍ണമായും റബ്ബിനു വേണ്ടി മാത്രമാകണം.. ആ വെറുപ്പ് നന്മയുമാണ്, വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും മറ്റും റബ്ബിനു വേണ്ടിയല്ലാതെ വെറുക്കുക എന്നത് നമ്മുടെ പിഴവാണ്..
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘടന രംഗത്ത് പ്രവര്‍ത്തിക്കുന്ന കാലത്ത് ഒരു ആവശ്യത്തിനു വേണ്ടി തളിപ്പറമ്പ് സലഫി പള്ളിയില്‍ പോകുകയുണ്ടായി.. അന്ന് യോഗത്തില്‍ ഒരാളുടെ പെരുമാറ്റവും സംസാരവും വളരെ മോശമായ രീതിയില്‍ അനുഭവപ്പെട്ടു..
എന്റെ കൂടെയുണ്ടായിരുന്ന അന്നത്തെ സഹപ്രവര്തകനോട് ഈ വിഷയം വഴിമധ്യേ പറഞ്ഞു.. അപ്പോള്‍ അയാളിലെ ചില നന്മകളെ കുറിച്ച് എനിക്ക് പറഞ്ഞു തന്നു..ശേഷം ഒരു സുന്ദരമായ വാചകം കൂട്ടിച്ചേര്‍ത്തു..നാം ഒരാളിലെ തിന്മകള്‍ നോക്കിയാല്‍ നമുക്ക് ഒരിക്കലും അയാളെ ഇഷ്ടപ്പെടാന്‍ കഴിയില്ല, എന്നാല്‍ നാം നന്മകളിലേക്ക് നോക്കിയാല്‍ ഇഷ്ടമുണ്ടാക്കാനും കഴിയും.. മറ്റൊരാളെ വെറുത്തിട്ടു നമ്മുടെ മനസ്സിനെ എന്തിനു ചീത്തയാക്കണം എന്ന്..
അതിനു മുമ്പും ശേഷവും ഇത്തരം വാചകങ്ങള്‍ വായിക്കുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കിലും അന്ന് അദ്ദേഹം അത് പറഞ്ഞത് ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു..(جزاه الله خيرا)
എന്നാല്‍ സംഘടനയുടെ പേരിലും കുടുംബത്തിന്റെ പേരിലും മറ്റു വ്യത്യസ്തങ്ങളായ വിഷയങ്ങളുടെ പേരിലും ആളുകള്‍ പരസ്പരം വെറുക്കുന്നു.... അതിലൂടെ പലപ്പോഴും സ്വന്തം മനസ്സിനെ തന്നെ അസ്വസ്ഥമാക്കുന്നു..
ഒരാളെ വെറുത്തത് കൊണ്ട് നമുക്ക് ഒന്നും കിട്ടാനില്ല, എന്നാല്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നതിലൂടെ മനസ്സിനെ ഉന്നതമായ ഉയര്ച്ചകളില്‍ എത്തിക്കുവാന്‍ നമുക്ക് സാധിക്കും..
നമ്മുടെ റബ്ബിനെ കുറിച്ച് ഒന്ന് ആലോചിച്ചാല്‍ പോരെ.. എത്രമാത്രം പാപം ചെയ്തവന്‍ ആണെങ്കിലും പശ്ചാതപിച്ചാല്‍ മുഴുവന്‍ പൊറുക്കാന്‍ തയ്യാറായ റബ്ബ്..അടിമ തെറ്റ് ചെയ്തിട്ട് പിന്നീട് റബ്ബേ പൊറുക്കണം എന്ന് പറഞ്ഞാല്‍ അള്ളാഹു പറയുന്ന വാചകം റസൂല്‍(صلى الله عليه و سلم) വിവരിച്ചത് ഇങ്ങനെയാണ്.. "എന്റെ അടിമ പാപം ചെയ്തിരിക്കുന്നു, അവന്‍ തനിക്ക് പാപം പൊറുക്കുന്ന ഒരു റബ്ബുണ്ട് എന്ന് അറിയുകയും ചെയ്തിരിക്കുന്നു" ശേഷം അവന്റെ പാപങ്ങള്‍ എടുത്തുകളയുകയും ചെയ്യുന്നു....(بخاري و مسلم )
അങ്ങനെയുള്ള അല്ലാഹുവിന്റെ അടിമകള്‍ ആയ നമുക്ക് പരസ്പരം പൊറുക്കാനും വിട്ടു വീഴ്ച ചെയ്യാനും കഴിയാത്തത് എന്ത് കൊണ്ടാണ്..
ഇമാം ഇബ്നുല്‍ ഖയ്യും (رحمه الله)പറഞ്ഞത് കണ്ടില്ലേ..
"ഓ ആദം സന്തതീ, നിനക്കും റബ്ബിനുമിടയില്‍ അല്ലാഹുവിനു മാത്രം അറിയാവുന്ന തിന്മകളും പാപങ്ങളും ഉണ്ട്..അതൊക്കെയും റബ്ബ് നിനക്ക് പൊറുത്തു നല്‍കാന്‍ നീ ഇഷ്ടപ്പെടുന്നു , അങ്ങനെ നിനക്ക് പാപങ്ങള്‍ പോറുക്കപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അല്ലാഹുവിന്റെ അടിമക്ക് പൊറുത്തു നല്‍കൂ, നിനക്ക് വിട്ടു വീഴ്ച ചെയ്യപ്പെടാന്‍ നീ ഇഷ്ടപ്പെടുന്നുവെങ്കില്‍ നീ അവന്റെ അടിമക്ക് വിട്ടു വീഴ്ച ചെയ്യൂ.. പ്രവര്തങ്ങളുടെ ഇനം അനുസരിച്ചാണ് പ്രതിഫലം.നീ ഇവിടെ വിട്ടു വീഴ്ച്ച ചെയ്‌താല്‍ അവിടെ (പരലോകത്) (നിനക്ക്) വിട്ടുവീഴ്ച്ച ചെയ്യും. ഇവിടെ നീ പ്രതികാരം ചെയ്‌താല്‍ അവിടെ പ്രതികാരം ചെയ്യപ്പെടും .."
മഹാനായ സ്വഹാബി അബൂബക്കര്‍(رضي الله عنه) വിന്‍റെ ഉമ്മയുടെ സഹോദരി പുത്രനാണ് മുസ്തഹ് ബിന്‍ ഉസാസ (رضي الله عنه), ദരിദ്രനായ അദ്ദേഹത്തിന് സഹായം നല്‍കുന്നത് അബൂബക്കര്‍(رضي الله عنه) ആയിരുന്നു. ആയിഷ ബീവിക്കെതിരെ മുനാഫിഖുകളും മറ്റും വ്യഭിചാരോപണം നടത്തിയപ്പോള്‍ അത് വ്യാപകമായപ്പോള്‍ അതില്‍ ഇദ്ധേഹവും ഭാഗമായിപ്പോയി .. ഓര്‍ക്കുക, സ്വന്തം ചോരയില്‍ പിറന്ന മകളെ കുറിച്ച് താന്‍ ചിലവിനു കൊടുക്കുന്ന മനുഷ്യന്‍ തന്നെ ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന ആ അപവാദം പറയുന്നു..അതും ഒരു പെണ്ണിന്റെ ജീവിതത്തില്‍ അവളെ തകര്‍ക്കുന്ന ഏറ്റവും വലിയ ആരോപണം.. ഏതു പിതാവിനാണ് സഹിക്കാന്‍ കഴിയുക.. അള്ളാഹു തന്നെ നമ്മുടെ ഉമ്മയുടെ നിരപരാധിത്വം വ്യക്തമാക്കി ആയത് ഇറക്കിയപ്പോള്‍ താന്‍ ഇനി അയാള്‍ക്ക് ഒന്നും കൊടുക്കില്ല എന്ന് അദ്ദേഹം പ്രക്യാപിച്ചു..അപ്പോള്‍ പരിശുദ്ധ ഖുര്‍ആനില്‍ വചനം അവതരിക്കുന്നു..
وَلَا يَأْتَلِ أُولُو الْفَضْلِ مِنكُمْ وَالسَّعَةِ أَن يُؤْتُوا أُولِي الْقُرْبَىٰ وَالْمَسَاكِينَ وَالْمُهَاجِرِينَ فِي سَبِيلِ
اللَّـهِ ۖ وَلْيَعْفُوا وَلْيَصْفَحُوا ۗ أَلَا تُحِبُّونَ أَن يَغْفِرَ اللَّـهُ لَكُمْ ۗ وَاللَّـهُ غَفُورٌ رَّحِيمٌ
"നിങ്ങളുടെ കൂട്ടത്തില്‍ ശ്രേഷ്ഠതയും കഴിവുമുള്ളവര്‍ കുടുംബബന്ധമുള്ളവര്‍ക്കും സാധുക്കള്‍ക്കും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞു വന്നവര്‍ക്കും ഒന്നും കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്‌. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ."
സഹോദരാ... റബ്ബ് പറഞ്ഞത് അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ എന്നാണു.. എന്നിട്ട് അല്ലാഹു ചോദിക്കുന്ന ചോദ്യമാണ് അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ എന്ന്....!!!!!!
ആയതു കേട്ടപ്പോള്‍ അബൂബക്കര്‍ (رضي الله عنه) പറഞ്ഞു.. വള്ളാഹി , എനിക്ക് എന്റെ റബ്ബ് പൊറുത്തു നല്‍കാന്‍ ഞാന്‍ ഇഷ്ട്ടപ്പെടുന്നു ..അദ്ധേഹം മസ്തഹിന്റെ അടുക്കലേക്ക് പോയി അദ്ധേഹത്തെ ഒരിക്കലും ഒഴിവാക്കില്ല എന്ന് പറഞ്ഞു.. (ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത് ....)
സ്വന്തം മകളെ കുറിച്ച് , അതും ചെറിയ പ്രായം മാത്രമുള്ള മകളെ കുറിച്ചുള്ള അപവാദ പ്രചാരണത്തില്‍ പങ്കാളിയായ വ്യക്തിക്ക് പൊറുത്തു കൊടുക്കാന്‍ റബ്ബ് കല്‍പ്പിക്കുന്നു.
ഈ ദീനിന്‍റെ അനുയായികളാണ് നാം.....ഈ വചനം അവരിപ്പിച്ച റബ്ബിനെയാണ് നാം ആരാധിക്കുന്നത്..
ആ നാം എങ്ങനെ നമ്മോട് പറഞ്ഞ വാചകങ്ങളുടെ മേല്‍ പിടിച്ചു നമ്മുടെ സഹോദരനെ വെറുക്കുന്നു.. നമ്മുടെ മനസ്സ് ഈമാന്‍ നിറഞ്ഞ മനസ്സായി മാറേണ്ടേ..
പറഞ്ഞ വാചകങ്ങളെ ആളുകള്‍ ഉദ്ദേശിക്കാത്ത രീതിയില്‍ വരെയെടുത്തു വെറുപ്പോടെ എന്തിനു നാം നടക്കണം...നമ്മിലും ചിലപ്പോള്‍ അത്തരം തെറ്റുകള്‍ വരാറില്ലേ..എന്റെ സഹോദരന്‍ എന്നോട് പറഞ്ഞത് പോലെ തിന്മകള്‍ നോക്കിയാല്‍ നമുക്കിടയില്‍ ആരാണ് നല്ലവര്‍ ഉണ്ടാകുക.. എങ്ങനെ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കാന്‍ കഴിയും..നന്മ നിറഞ്ഞ ആരോടും വെറുപ്പോ ദേഷ്യമോ ഇല്ലാത്ത മനസ്സുമായി അല്ലാഹുവിന്റെ അടുക്കലേക്ക് മടങ്ങേണ്ടാവരല്ലേ നാം..
അതിനാല്‍ ബന്ധങ്ങള്‍ നന്നാക്കുക, മറ്റുള്ളവര്‍ പറയുന്നത് ഏറ്റവും നല്ല രീതിയില്‍ എടുക്കുക, നന്മകള്‍ ചിന്തിക്കുക..വിട്ടു വീഴ്ച ചെയ്യുക, അവരുടെ നന്മകളെ കാണാന്‍ ശ്രമിക്കുക.. നമ്മുടെ പ്രവര്‍ത്തനത്തിന്റെ രീതിയനുസരിച്ചാണ് നമുക്കുള്ള പ്രതിഫലം..
ഇമാം ശാഫിയുടെതായി(رحمه الله) വന്ന കവിതാ ശകലതിലെ രണ്ടു വരി ഇതാണ്..
لَمَّا عَفَوْتُ وَلَمْ أَحْقِدْ عَلَى أَحَدٍ * * أَرَحْتُ نَفْسِي مِنْ هَمِّ الْعَدَاوَاتِ
"ഞാന്‍ മാപ്പ് കൊടുക്കുകയും ആരെയും വെറുക്കാതിരിക്കുകയും ചെയ്തപ്പോള്‍
ശത്രുതയില്‍ നിന്നും നിന്നും എന്റെ മനസ്സിനെ ഞാന്‍ റാഹത്താക്കി .."
അതിനാല്‍ നമ്മുടെ മനസ്സിന് റാഹത് ഉണ്ടാകട്ടെ. ധാരാളമായി വിട്ടുവീഴ്ചകള്‍ ചെയ്യട്ടെ, പരസ്പരം സ്നേഹിക്കുന്ന വിശ്വാസികള്‍ ആകട്ടെ, അടിമകളുടെ നന്മകള്‍ തിരിച്ചറിഞ്ഞു നല്ലത് ചിന്തിക്കട്ടെ.. സ്വഭാവത്തിലും മറ്റും തിന്മകള്‍ ഉള്ളവരോട്
ഉള്ളുതുറന്ന് നസീഹത്തോടെ സംസാരിച്ചു പ്രശ്നങ്ങള്‍ തീര്‍ക്കട്ടെ..എല്ലാവര്ക്കും നന്മകള്‍ വരാന്‍ പ്രാര്‍ത്ഥിക്കുന്ന നല്ല മനസ്സിന്റെ ഉടമകളായി നാം മാറട്ടെ..അതിനു വേണ്ടി ഈ പരിശുദ്ധ മാസത്തെ ഉപയോഗപ്പെടുത്താന് നമുക്ക് സാധിക്കണം.. നമ്മുടെ റസൂല്‍(صلى الله عليه و سلم) നിയോഗിതനായത് സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണത്തിനാണ് ..
അല്ലാഹുവിന്റെ ചോദ്യം നമ്മുടെ കാതുകളില്‍ അലയടിക്കട്ടെ..
"അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ....?"
അള്ളാഹു അനുഗ്രഹിക്കട്ടെ....
جعلنا الله من العافين عن الناس , ورزقنا عفو ورحمة رب الناس وجنبنا الزلل في القول والعمل .
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
NB:(മുസ്തഹ് (رضي الله عنه) ആയിഷ(رضي الله عنها)യുടെ നിരപരധിപത്യം വെളിപ്പെടുത്തി ആയത് ഇറങ്ങിയപ്പോള്‍ പശ്ചാത്തപിച്ചു. അദ്ദേഹം സ്വഹബിയാണ്..വിശ്വാസികള്‍ പോലും വിശ്വസിച്ചു പോകുന്ന അത്രയും വ്യാപകമായ പ്രചാരണം ആയിരുന്നു നമ്മുടെ ഉമ്മക്കെതിരെ ഉണ്ടായത്, ആയിഷ ബീവി തന്നെ വിശദമായി വിവരിച്ച ഹദീസില്‍ അങ്ങേയറ്റം വേദന നിറഞ്ഞ പെണ്ണിന്റെ ഹൃദയവും റബ്ബിനെ കുറിച്ച് പ്രതീക്ഷയര്‍പ്പിക്കുന്ന നിറഞ്ഞ ഈമാനും ഒരു പോലെ കാണാന്‍ കഴിയും , ഒരായിരം തവണ വായിച്ചാലും കണ്ണുകളെ ഈറനണിയിക്കുന്ന നീണ്ട ഹദീസാണത്..)