മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം.


മറഞ്ഞ മയ്യിത്തിന് വേണ്ടിയുള്ള നമസ്കാരം അഥവാ ഒരു നാട്ടിൽ വെച്ച് മരണപ്പെട്ട മയ്യിത്തിന് വേണ്ടി അതിന്റെ സാന്നിധ്യം ഇല്ലാതെ മറ്റൊരു നാട്ടിൽ വെച്ച് നമസ്കരിക്കുന്ന വിഷയത്തിൽ 
ഇസ്ലാമിക ലോകത്തിലെ ഉന്നതരായ ഉലമാക്കൾ ഭിന്നിച്ചിരിക്കുന്നു. 

അബ്സ്സീനിയ രാജാവായ നജ്ജാശി രാജാവിന് വേണ്ടി റസൂൽﷺ മദീനയിൽ വെച്ച് നമസ്കരിച്ച സംഭവം ആണ് ഇൗ വിഷയത്തിൽ വന്ന ഏക സംഭവം, ഓരോ വിഭാഗം ഉലമാക്കളും ഇൗ സംഭവം വിശദീകരിച്ചു കൊണ്ടാണ് തങ്ങളുടെ അഭിപ്രായം വ്യക്തമാക്കുന്നതും. 

ഒരു വിഭാഗം അത് ശറഇൽ അനുവദനീയം ആണെന്ന് പറഞ്ഞു, ഷാഫി മദ്ഹബിന്റെയും ഹൻബലി മദ്‌ഹബിന്റെയും പ്രസിദ്ധമായ അഭിപ്രായം ഇതാകുന്നു. അവർ അതിന് വേണ്ടി നജ്ജാശി രാജാവിന് വേണ്ടിയുള്ള നമസ്കാരം തെളിവായി ഉദ്ധരിക്കുകയും അത് എല്ലാ മയ്യിത്തിനും ബാധകമാണ് എന്നും പറഞ്ഞു. 

രണ്ടാമതൊരു വിഭാഗം ഉലമാക്കൾ മറഞ്ഞ മയ്യിത്തിന്റെ വേണ്ടി നമസ്കാരം ശറഇല്‍‌ ഇല്ല എന്നും ഒന്നുകിൽ മയ്യിത്ത് മുമ്പിൽ ഉണ്ടാകണം, അല്ലെങ്കിൽ ഖബറിന്റെ അടുത്ത് വെച്ച് ആകണം എന്നും പറഞ്ഞു. ഇമാം മാലിക്, ഇമാം അബൂ ഹനീഫ തുടങ്ങിയവർ ഇപ്രകാരം പറഞ്ഞവർ ആണ്. നജ്ജാശിക്ക്‌ വേണ്ടി നമസ്കരിച്ചത് നബിﷺക്ക് മാത്രം പ്രത്യേകമാക്കപ്പെട്ട ഒന്നാണ് എന്നും അവർ പറഞ്ഞു. 

മൂന്നാമത് വിഭാഗം പണ്ഡിതന്മാർ മുസ്ലിം ലോകത്തിന് പൊതുവായി സംഭാവന നൽകിയ ഭരണാധികാരികൾ, പണ്ഡിതന്മാർ തുടങ്ങിയവർക്ക് വേണ്ടി നമസ്കരിക്കാം എന്നും പൊതുവായ നിലയിൽ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കാരം ഇല്ല എന്നും പറഞ്ഞു. അവരും നജ്ജാശിയുടെ സംഭവം തന്നെ തെളിവായി ഉദ്ധരിച്ചു.

നാലാമത്തെ അഭിപ്രായം ഒരു മയ്യിത്തിന് വേണ്ടി ആ നാട്ടിലുള്ളവർ നമസ്കരിച്ചിട്ടില്ല എങ്കിൽ ആ മയ്യിത്തിന് വേണ്ടി മറ്റൊരു നാട്ടിൽ വെച്ച് നമസ്കരിക്കാം, ഇനി മയ്യിത്തിനു വേണ്ടി ആ നാട്ടിൽ നമസ്കാരം നടന്നിട്ടുണ്ട്  എങ്കിൽ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കാരം ഇല്ല  എന്നുമാണ്.  ഇമാം ഖത്താബി, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ഇമാം ഇബ്നുൽ ഖയ്യിം തുടങ്ങിയ ഉലമാക്കൾ ഇൗ അഭിപ്രായ ക്കാർ ആണ്.  

ഇതാണ് കൂടുതൽ ശരിയായതും തെളിവുകളോട് കൂടുതൽ യോജിക്കുന്നതും. 

ഇമാം ഖതാബി رحمه الله പറഞ്ഞു :
"وقَالَ الْخَطَّابِيِّ : " لا يُصَلَّى عَلَى الْغَائِبِ إلا إذَا وَقَعَ مَوْتُهُ بِأَرْضٍ لَيْسَ فِيهَا مَنْ يُصَلِّي عَلَيْهِ , وَاسْتَحْسَنَهُ الرُّويَانِيُّ من الشافعية , وَتَرْجَمَ بِذَلِكَ أَبُو دَاوُد فِي "السُّنَنِ" فَقَالَ : بَابُ الصَّلاةِ عَلَى الْمُسْلِمِ يَلِيهِ أَهْلُ الشِّرْكِ فِي بَلَدٍ آخَرَ."
"മരണം സംഭവിച്ചത് അതിന് വേണ്ടി നമസ്കരിക്കുന്ന ആളുകൾ ഇല്ലാത്ത നാട്ടിൽ വെച്ചായാൽ അല്ലാതെ മറഞ്ഞ മയ്യിത്തിനു വേണ്ടി നമസ്കരിക്കരുത്. ശാഫി മദ്ഹബിലെ റുവയാനി ഇതിനെ നന്നായി കണ്ടു. ഇമാം അബൂദാവൂദ് തന്റെ സുനനിൽ നൽകിയതും അങ്ങനെയാണ്. അദ്ദേഹം പറഞ്ഞു:മറ്റൊരു നാട്ടിൽ മുശ്രിക്കുകളുടെ അടുക്കൽ  മരണപ്പെട്ടവരുടെ മേൽ നമസ്കരിക്കുന്നതിന്റെ അധ്യായം."
(فتح الباري).

ഇൗ നിലപാട് ആണ് കൂടുതൽ ശരി എന്ന് വ്യക്തമാക്കുന്ന ഒന്നാണ് റസൂൽﷺ നജ്ജാശിയുടെ ഒഴികെ ഒരിക്കൽ പോലും മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിച്ചില്ല എന്നത്. ധാരാളം സ്വഹാബികൾ മറ്റു നാടുകളിൽ വെച്ച് മരണപ്പെട്ടു, പക്ഷേ അവർക്കൊന്നും വേണ്ടി റസൂൽ ﷺ അങ്ങനെ മദീനയിൽ വെച്ച് ചെയ്തില്ല, അതിനാൽ അതാണ് നബി ചര്യ, റസൂൽﷺ ചെയ്തതു സുന്നത്താണ്, അത് പോലെ ഉപേക്ഷിച്ചത് ഉപേക്ഷിക്കലും സുന്നത്താണ്.

ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞു :  
 الصواب أن الغائب إن مات ببلدٍ لم يُصلَّ عليه فيه، صُلي عليه صلاة الغائب، كما صلى النبي صلى الله عليه وسلم على النجاشي؛ لأنه مات بين الكفار ولم يُصلَّ عليه، وإن صُلي عليه حيث مات لم يُصلَّ عليه صلاة الغائب، لأن الفرض قد سقط بصلاة المسلمين عليه. والنبي - صلَّى الله عليه وسلَّم - صلَّى على الغائب وترَكه، وفعْلُه وتَرْكه سُنة"

"ഏറ്റവും ശരിയായത്, ഒരു നാട്ടിൽ വെച്ച് മരണപ്പെട്ടു അവിടെ ആരും ആ മയ്യിത്തിന് വേണ്ടി നമസ്കരിച്ചിട്ടില്ല എങ്കിൽ ആ മറഞ്ഞ മയ്യിത്തിന്റെ വേണ്ടി നമസ്കരിക്കണം , റസൂൽﷺ നജ്ജാശിക്ക്‌ വേണ്ടി നമസ്കരിച്ചത് പോലെ, അദ്ദേഹം  കുഫ്ഫാറുകളുടെ ഇടയിൽ മരണപ്പെടുകയും അദ്ദേഹത്തിന്റ മേൽ നമസ്കാരം നിർവഹിക്കുകയും ചെയ്തില്ല. ഇനി മയ്യിത്തിന് വേണ്ടി അവിടെ വെച്ച് നമസ്കരിച്ചു എങ്കിൽ മറഞ്ഞ നിലയിൽ നമസ്കരിക്കരുത്. കാരണം ആ (നാട്ടിലെ) മുസ്ലിമീങ്ങളുടെ നമസ്കാരത്തിലൂടെ ആ ഫർള് നീങ്ങിക്കഴിഞ്ഞു. റസൂൽﷺ മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കുകയും നമസ്കരിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. നബിയുടെ പ്രവർത്തനവും ഉപേക്ഷിച്ചതും സുന്നതിൽ പെട്ടതാണ്."
[زاد المعاد، ابن القيم، ]

ഇതാണ് സ്വഹാബിമാരുടെയും മാതൃക. 

ശൈഖ് അൽബാനി رحمه الله പറഞ്ഞു: 
: "ومما يؤيِّد عدم مشروعيَّة الصلاة على كلِّ غائب، أنه لَمَّا مات الخُلفاء الراشدون وغيرُهم، لَم يُصلِّ أحدٌ من المسلمين عليهم صلاة الغائب، ولو فُعِل، لتواتَر النقل بذلك عنهم.."
"എല്ലാ മറഞ്ഞ മയ്യിത്തിനും വേണ്ടിയുള്ള നമസ്കാരം ശറഇൽ ഇല്ല എന്നതിനെ ശക്തിപ്പെടുത്തുന്ന കാര്യമാണ് ഖുലഫാഉ റാഷിദീങ്ങളും അതുപോലെ മറ്റുള്ളവരും മരണപ്പെട്ടപ്പോൾ മുസ്ലിംകളിലെ ഒരാൾ പോലും മറഞ്ഞ മയ്യിത്തിന്റെ നമസ്കാരം അവർക്ക് വേണ്ടി നിർവഹിച്ചില്ല , അവർ അങ്ങനെ ചെയ്തിരുന്നു വെങ്കിൽ അത് അവരെ തൊട്ടു ധാരാളമായി ഉദ്ധരിക്കപ്പെടുമായിരുന്നു." ( أحكام الجنائز، ص (93).)

അതിനാൽ ഒന്നുകിൽ നേർക്ക് നേരെയുള്ള മയ്യിത്ത് നമസ്കാരം നിർവഹിക്കുക, അല്ലെങ്കിൽ ഖബറിന്റെ അടുത്ത് ചെന്ന് നമസ്കരിക്കുക, അതുമല്ലെങ്കിൽ ആ മയ്യിത്തിന് വേണ്ടി പ്രാർത്ഥിക്കുക , ഇവയൊക്കെ മയ്യിത്തിന് ഉപകാരം ലഭിക്കുന്ന പ്രവർത്തനമാണ്. ഇതാണ് കൂടുതൽ ശരിയായതും.  ഇനി ഇസ്ലാമിക ഭരണാധികാരി ഏതെങ്കിലും മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കാൻ കൽപ്പിച്ചാൽ അതിനെ അനുസരിക്കണം. കാരണം അഭിപ്രായ വ്യത്യാസമുള്ള വിഷയത്തിൽ വലിയ്യുൽ അംറ് കൽപിച്ചാൽ അതിനെ സ്വീകരിക്കണം. ശൈഖ് ഇബ്നു ഉസൈമീൻ رحمه الله മറഞ്ഞ മയ്യിത്തിന് വേണ്ടി നമസ്കരിക്കൽ സുന്നത്തില്ല എന്ന് പറഞ്ഞതിന്റെ കൂടെ ഇത് കൂട്ടി ചേർത്തതായി കാണാം. 

അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. 

وصلى الله على محمد وعلى اله وصحبه اجمعين. 

✍🏻 ഫലാഹുദ്ധീൻ ബിൻ അബ്ദുസ്സലാം