بِسْمِ اللهِ الرَّحْمنِ الرَّحِيمِ
1) സഊദി അറേബ്യയിലെ ഗ്രാന്‍റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ് حفظه الله ഇതേക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ നല്‍കിയ മതവിധി:
"ഇനി പെരുന്നാള്‍ നമസ്കാരത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഇപ്പോഴത്തെ സാഹചര്യം (ലോക്ഡൗണ്‍) തുടരുകയും, അതിന് പ്രത്യേകം നിശ്ചയിച്ച മുസ്വല്ലകളിലും പള്ളികളിലും വെച്ച് നിര്‍വഹിക്കാന്‍ സാധിക്കാതെ വരികയുമാണങ്കില്‍, അത് വീട്ടില്‍ വെച്ച് ഖുതുബ ഇല്ലാതെ നിര്‍വ്വഹിക്കേണ്ടതാണ്.
ലജ്നതു ദാഇമ (ഫത്വകള്‍ പുറപ്പെടുവിക്കാന്‍ ചുമതലയുള്ള സുഊദിയലെ ഔദ്യോഗിക സമിതി) യുടെ ഒരു ഫത്വ മുമ്പ് ഇപ്രകാരം വന്നിട്ടുണ്ട് : ["ഈദ് നമസ്കാരം (ജമാഅത്തിന്‍റെ കൂടെ) നഷ്ടപ്പെടുകയും, അത് സ്വയം ഖ്വദാഅ് ആയി നിര്‍വ്വഹിക്കാന്‍ താല്പര്യപ്പെടുകയും ചെയ്യുന്ന പക്ഷം അത് അതിന്‍റെ രൂപത്തില്‍ തന്നെ ഖുതുബ കൂടാതെ നിര്‍വ്വഹിക്കല്‍ മുസ്തഹബ്ബ് ആണ്"].
അപ്പോള്‍ ജമാഅത്തായി ഒരു ഇമാം നടത്തിയ ഈദ് നമസകാരം നഷ്ടപ്പെട്ടവരുടെ മേല്‍ ഖ്വദാഅ് ആയി നിര്‍വ്വഹിക്കല്‍ മുസ്തഹബ്ബ് ആണെങ്കില്‍, തീരെ പെരുന്നാള്‍ നമസ്കാരം നടത്തപ്പെടാത്ത ഒരു നാട്ടിലെ ആളുകളെ സംബന്ധിച്ച് തീര്‍ച്ചയായും അത് നടത്തല്‍ ബാധകമാകുന്നതാണ്. കാരണം കഴിയും വിധം ഈ 'ശഈറത്ത്' (മതചിന്ഹം) നടപ്പിലാക്കുക എന്ന കാര്യം അതിലുണ്ട്.
അല്ലാഹു പറഞ്ഞു : "നിങ്ങള്‍ക്ക് സാധിക്കും വിധം അല്ലാഹുവെ സൂക്ഷിക്കുക" (64:16).
നബിﷺ പറഞ്ഞു: "ഞാന്‍ നിങ്ങളോട് ഒരു കാര്യം കല്‍പിച്ചാല്‍ അത് നിങ്ങള്‍ക്ക് കഴിയും വിധം നിര്‍വ്വഹിക്കുക". (متفق عليه)
2) ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ حفظه الله അടക്കമുള്ള അറിയപ്പെട്ട പല മുതിര്‍ന്ന പണ്ഡിതന്മാരും ഈ മതവിധി ശരിവെക്കുകയോ ഇതേ അഭിപ്രായം പറയുകയോ ചെയതിട്ടുള്ളവരാണ് എന്ന് ഇതിനകം അറിയപ്പെട്ടതുമാണ്.
(https://twitter.com/dralfarih/status/1261755663954386944)3) റമദാന്‍ 26 1441 (19/05/2020) ന് മസ്ജിദു നബവിയിലെ മുദരിസും, മസ്ജിദ് ഖുബാ ഇമാമും ഖതീബുമായ ശൈഖ് സുലൈമാന്‍ റുഹൈലി حفظه الله ഈ വിഷയം സംസാരിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ മതവിധി അടിവരയിട്ടു സംസാരിക്കുകയും ചില സുപ്രധാന ഉപദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. അതിലെ ചില പ്രസക്ത ഭാഗങ്ങള്‍കൂടി ഇവിടെ സൂചിപ്പിക്കുന്നു:
- ബഹുഭൂരിപക്ഷം പണ്ഡിതന്മാരും മുസ്വല്ലയില്‍ വെച്ചുള്ള പെരുന്നാള്‍ നമസ്കാരം നഷ്ടപ്പെട്ടവര്‍ക്കോ, പങ്കെടുക്കാന്‍ തടസ്സം നേരിട്ടവര്‍ക്കോ വീട്ടില്‍ വെച്ച് ഒറ്റക്കോ ജമാഅത്തായോ പെരുന്നാള്‍ നമസ്കാരം നിര്‍വഹിക്കാം എന്ന് പറഞ്ഞവരാണ്. അനസ് رضي الله عنه വില്‍ നിന്നും മറ്റും സ്ഥിരപ്പെട്ടുവന്ന ആസാറുകളാണ് അവരിതിന് അടിസ്ഥാനമാക്കുന്നത്.
- അതിനാല്‍ ഈ വിധി നമ്മുടെ ഇപ്പോഴത്തെ കൊറോണ കാലത്തെ (തീരെ നടക്കാത്ത) അവസ്ഥയിലുള്ളവര്‍ക്കാണ് (നിലവിലുള്ള ഒരു ജമാഅത്ത്) നഷ്ടപ്പെട്ടവരുടെ അവസ്ഥയേക്കാള്‍ കൂടുതല്‍ ബാധകമാകുന്നത്.
- മുസ്വല്ലയില്‍ വെച്ചുള്ള നമസ്കാരം നഷ്ടപ്പെട്ടവര്‍ക്ക് പിന്നീടത് വീട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ പറ്റുകയില്ല എന്നും ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈദ് നമസ്കാരം ഇമാമിന്‍റെ കൂടെ മുസ്വല്ലകളിലല്ലാതെ ശരിയാവുകയില്ല എന്നാണ് അവരുടെ വീക്ഷണം.
- അതിനാല്‍ ഈ വിഷയം വിശാലമാണ്. ഒരാള്‍ വീട്ടില്‍ നിന്നും നമസ്കരിച്ചില്ല എങ്കില്‍ അവന്‍റെ മേല്‍ കുഴപ്പമൊന്നുമില്ല.
- ഇനി വീട്ടില്‍ നിന്നും (ഒറ്റക്കോ, ജമാഅത്തായോ) നമസ്കരിക്കുന്നവര്‍ ചെയ്യേണ്ടത് ഇങ്ങനെയാണ് : ഖുതുബ നിര്‍വ്വഹിക്കാതെ- രണ്ട് റകഅത്ത് മുസ്വല്ലയില്‍ നമസ്കരിക്കുന്നത് പോലെ ഒന്നാമത്തെ റകഅത്തില്‍ തക്ബീറതുല്‍ ഇഹ്റാം അടക്കം 7 തക്ബീറുകളും, രണ്ടാമത്തെ റകഅത്തില്‍ എണീക്കുമ്പോഴുള്ള തക്ബീര്‍ കഴിഞ്ഞ് 5 തക്ബീറുകളുമായി നമസ്കരിക്കുക.
- ഖുതുബയുടെ വിഷയവും വിശാലമാണ്. വീട്ടില്‍ വെച്ച് ജമാഅത്തായാണ് നമസ്കരിക്കുന്നതെങ്കില്‍ ഖുതുബ നിര്‍വഹിക്കാം എന്ന് ഷാഫിഈ മദ്ഹബിലെ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും നിര്‍വഹിക്കേണ്ടതില്ല എന്നു തന്നെയാണ് പറഞ്ഞിട്ടുള്ളത്. എനിക്കും അതാണ് അനുയോജ്യമായി തോന്നുന്നത്.
(ഇനി ശ്രദ്ധിക്കുക!)
- ഇത്തരത്തില്‍ പുതുതായി രൂപം കൊള്ളുന്ന ഇജ്തിഹാദിയ്യായ വിഷയങ്ങളില്‍ ഔദ്യോഗികമായ കേന്ദ്രങ്ങളില്‍ നിന്നും വരുന്നമതവിധികളാണ് പരിഗണിക്കപ്പെടേണ്ടത്. അതിലാണ് മുസ്ലിംകളുടെ പൊതു ഐക്യം ഉണ്ടാകുന്നത്.
- ഈയവസരത്തില്‍ മതവിദ്യാര്‍ത്ഥികള്‍ (പ്രബോധകര്‍) ഔദ്യോഗികമായി വന്ന മതവിധികള്‍ക്ക് എതിരായിക്കൊണ്ട് രംഗത്ത് വരരുത്. കാരണം ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നതിനും വെറുക്കപ്പെട്ട ഭിന്നിപ്പുകള്‍ ഉടലെടുക്കുന്നതിനും കാരണമായിത്തീരും.
- അതായത് ഗ്രാന്‍റ് മുഫ്തി, പണ്ഡിത സഭ തുടങ്ങിയ ഔദ്യോഗികമായ കേന്ദ്രങ്ങളില്‍ നിന്നും പെരുന്നാള്‍ വീട്ടില്‍ നി്ന്നും നമസ്കരിക്കാം എന്ന ഫത്വ വന്നുകഴിഞ്ഞാല്‍, നമസ്കരിക്കാന്‍ പറ്റില്ല എന്ന വാദവുമായി ആരും പ്രത്യക്ഷപ്പെടാന്‍ പാടില്ല എന്നു സാരം.
- അതുപോലെ ഖുതുബ നിര്‍വഹിക്കേണ്ടതില്ല എന്ന ഫത്വ വന്നുകഴിഞ്ഞാല്‍, അങ്ങനെ ചെയ്യാം എന്ന അഭിപ്രായവുമായും പ്രത്യക്ഷപ്പെടരുത്.
- ഇനി ആര്‍ക്കെങ്കിലും അങ്ങനെയൊരു ഭിന്നാഭിപ്രായമുണ്ടെങ്കില്‍ അത് സ്വകാര്യമായി -ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാത്ത രീതിയില്‍ - അവരവരുടെ വീടുകളില്‍ നടപ്പിലാക്കാവുന്നതാണ്.
[ശൈഖിന്‍റെ സംസാരം പൂര്‍ണ്ണമായും കേള്‍ക്കാന്‍:
അല്ലാഹു സത്യം മനസ്സിലാക്കാനും അത് പിന്‍പറ്റിക്കൊണ്ട് നډകളില്‍ മുന്നേറി ജീവിക്കുവാനും നമ്മെ അനുഗ്രഹിക്കുമാറാകട്ടെ!
هذا والله اعلم وفق الله الجميع لما يحبه ويرضاه وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين
എഴുതിയത്: മുനീര്‍ സി കോട്ടക്കല്‍ وفقه الله

