സഹോദരാ.. നീ നമസ്കരിച്ചുവോ..!?


ആമുഖങ്ങൾ ഒന്നുമില്ലാതെ നേര്‍ക്ക്‌ നേരെയുള്ള ചോദ്യമാണ്..പ്രിയ സഹോദരാ നീ നമസ്കരിച്ചുവോ..?*

നിന്നെ സൃഷ്ടിച്ച, എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങള്‍ നിനക്ക് നല്‍കിയ, നിനക്ക് ഉപജീവനം നല്‍കുന്ന, ലോകങ്ങളുടെ മുഴുവന്‍ രക്ഷിതാവായ, നിന്‍റെ റബ്ബ് നിന്നോട് കല്പ്പിച്ചില്ലേ നമസ്കരിക്കുവാന്‍...!

*നിന്‍റെ റബ്ബ് നിന്നോട് പറഞ്ഞത് നീ കണ്ടുവോ..?*

إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي
"തീര്‍ച്ചയായും ഞാന്‍ തന്നെ അല്ലാഹു. ഞാനല്ലാതെ ആരാധ്യനില്ല. അതിനാല്‍ എന്നെ നീ ആരാധിക്കൂ. എന്നെ ഓര്‍ക്കാനായി നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക"[20:14]

مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ 
"നിങ്ങള്‍ അല്ലാഹുവിങ്കലേക്ക് മടങ്ങുന്നവരായി നിലകൊള്ളുക. അവനോട് ഭക്തിപുലര്‍ത്തുക. നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. നിങ്ങള്‍ ശിര്‍ക്ക് ചെയ്യുന്നവരില്‍ പെട്ടുപോകരുത് ."[30:31]

وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ 
("നിങ്ങള്‍ നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുക. സകാത്ത് നല്‍കുക. ദൈവദൂതനെ അനുസരിക്കുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.")[24:56]

*സഹോദരാ.. നിന്‍റെ മരണശേഷം നീ പരലോകത്ത് വിചാരണ ചെയ്യപ്പെടുമ്പോള്‍ ആദ്യമായി ചോദ്യം  ചോദ്യപ്പെടുന്ന വിഷയത്തെ കുറിച്ച് നിന്‍റെ പ്രവാചകന്‍ പറഞ്ഞത് നീ കണ്ടുവോ...?*

റസൂല്ﷺ‍ പറഞ്ഞു: "അന്ത്യനാളില്‍ മനഷ്യരുടെ കര്‍മങ്ങളില്‍ ആദ്യമായി വിചാണ ചെയ്യുക നമസ്‌കാരത്തെ കുറിച്ചായിരിക്കും. അത് നന്നാകുകയാണെങ്കില്‍ അവന്‍ വിജയിക്കുയും രക്ഷപ്പെടുകയും ചെയ്തു. അത്  മോശമായാല്‍ അവന്‍ നഷ്ടക്കാരനും, നിര്‍ഭാഗ്യവാനുമായി." (صحيح سنن الترمذي)

*ഞാന്‍ നമസ്കരിക്കാറുണ്ട് എന്നാണു നിന്‍റെ ഉത്തരമെങ്കില്‍ അതില്‍ അള്ളാഹുവിനെ സ്തുതിച്ചു കൊണ്ട് വിനയത്തോടെ വീണ്ടും ചോദിക്കട്ടെ...നീ നമസ്കരിക്കുന്നത് കൃത്യമായാണോ..???*

നമസ്കാരം കൃത്യ സമയങ്ങളിൽ തന്നെ നിർവഹിക്കുവാൻ നീ ശ്രദ്ധി ക്കാറുണ്ടോ..?

അള്ളാഹു പറഞ്ഞു.: 
 إِنَّ ٱلصَّلَوٰةَ كَانَتۡ عَلَى ٱلۡمُؤۡمِنِينَ كِتَٰبٗا مَّوۡقُوتٗا

(തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു) (4:103)

സഹോദരാ..നമ്മുടെ പ്രവാചകന്‍ പറഞ്ഞില്ലേ.. "ഞാന്‍ എങ്ങനെ നമസ്കരിക്കുന്നതായി നിങ്ങള്‍ കണ്ടുവോ അത് പോലെ നിങ്ങള്‍ നമസ്കരിക്കുവിന്‍". അതിനാല്‍ നമ്മുടെ നമസ്കാരം പ്രവാചകന്‍ നിര്‍വഹിച്ചത് പോലെ നിര്‍വഹിക്കുവാന്‍ നാം ശ്രമിക്കുന്നുണ്ടോ..ആ വിഷയം ഗൌരവത്തില്‍ നീ പഠിക്കുന്നുവോ...? 


*സഹോദരാ, ബാങ്ക് കേള്‍ക്കുന്ന ദൂരത്ത് ഉണ്ടായിട്ടും പള്ളിയില്‍ പോകാതെ വീട്ടില്‍ വെച്ചാണോ നീ നമസ്കരിക്കുന്നത്..? എങ്കില്‍ നമ്മുടെ പ്രവാചകന്‍ പറഞ്ഞത് നീ കണ്ടുവോ..?*

റസൂല്  പറഞ്ഞു: "ആരെങ്കിലും ബാങ്ക് കേള്‍ക്കുകയും (പള്ളിയില്‍ പോകാതെ) അതിനുത്തരം നല്‍കാതിരിക്കുകയും ചെയ്താല്‍ അവനു നമസ്കാരമില്ല..!(അങ്ങനെ പോകാതിരിക്കാന്‍) കാരണം ഉണ്ടെങ്കില്‍ അല്ലാതെ. (صحيح ابن ماجه).

*നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാതിരിക്കുന്നത് കപട വിശ്വാസിയുടെ സ്വഭാവമാണെന്ന് നീ അറിഞ്ഞുവോ..?*

അബ്ദുല്ലാഹ്‌(رضي الله عنه) പറഞ്ഞു: "രോഗികളോ, കാപട്യം അറിയപ്പെട്ട കപട വിശ്വാസികളോ അല്ലാതെ നമസ്കാരത്തെ ആരും വൈകിപ്പിക്കുന്നത് ഞങ്ങൾ കാണാറില്ലായിരുന്നു, രോഗിയാണെങ്കിൽ രണ്ടാളുകൾക്കിടയിൽ നടന്നുകൊ‍ണ്ടെങ്കിലും നമസ്കാരത്തിലേക്ക്‌ വരാറുന്മായിരുന്നു. അദ്ദേഹം തുടരുന്നു: തീർച്ചയായും റസൂല്ﷺ‍  ഞങ്ങൾക്ക്‌ സന്മാർഗ്ഗ ചര്യ പഠിപ്പിച്ച്‌ തന്നിരിക്കുന്നു, ആ സന്മാർഗ്ഗ ചര്യയിൽ പെട്ടതാണ്‌ ബാങ്ക്‌ കൊടുക്കുന്ന പള്ളിയിൽ വെച്ച്‌ നമസ്കരിക്കുകയെന്നത്‌. (صحيح مسلم).

*സഹോദരാ, നീ നമസ്കാരത്തില്‍ നില്‍ക്കുമ്പോള്‍ അലസമായാണോ നില്‍ക്കുന്നത്.. ആളുകള്‍ കാണട്ടെ എന്ന ലക്ഷ്യതോടെയാണോ നില്‍ക്കുന്നത്... നിന്‍റെ റബ്ബിന്‍റെ താക്കീത് നീ കാണൂ..*

إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّـهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّـهَ إِلَّا قَلِيلًا

(തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്‌. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്‌. അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്‌. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.)[4:142]

*സഹോദരാ, നീ നിന്റെ നമസ്കാരത്തിലെ ഓരോ റുക്‌നുകളും പൂർണമായി നിർവഹിക്കുന്നുണ്ടോ..?*  

റസൂല്ﷺ‍ പറഞ്ഞു: "റുകൂഇലും സുജൂദിലും മുതുക് നേരെയാക്കുന്നതു വരെ നമസ്കാരം ശരിയാകുകയില്ല."(صحيح سنن ابن ماجه).

റസൂല്ﷺ‍ പറഞ്ഞു: "ജനങ്ങളിൽ ഏറ്റവും മോശമായ മോഷ്ടാവ് തന്റെ നമസ്കാരത്തിൽ മോഷണം നടത്തുന്നവൻ നാണ്. അവ൪(സ്വഹാബികള്‍) ചോദിച്ചു :  നമസ്കാരത്തില്‍ എങ്ങനെയാണ് കളവ് ചെയ്യുന്നത്?നബിﷺ‍  പറഞ്ഞു: റുകൂഉം സുജൂദും പൂ൪ണ്ണമായി നി൪വ്വഹിക്കാതിരിക്കല്‍. (رواه أحمد صححه الألباني). 

*സഹോദരാ നീ നിന്‍റെ കുടുംബത്തിന്‍റെ നമസ്കാര വിഷയം ശ്രദ്ധിക്കുന്നുണ്ടോ...?അല്ലാഹുവിന്‍റെ കല്‍പ്പന നീ കണ്ടില്ലയോ..?*

അള്ളാഹു പറഞ്ഞു: 

وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا ۖ لَا نَسْأَلُكَ رِزْقًا ۖ نَّحْنُ نَرْزُقُكَ ۗ وَالْعَاقِبَةُ لِلتَّقْوَىٰ

(നിന്‍റെ കുടുംബത്തോട് നീ നമസ്കരിക്കാന്‍ കല്‍പിക്കുകയും, അതില്‍(നമസ്കാരത്തില്‍) നീ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. നിന്നോട് നാം ഉപജീവനം ചോദിക്കുന്നില്ല. നാം നിനക്ക് ഉപജീവനം നല്‍കുകയാണ് ചെയ്യുന്നത്‌. സൂക്ഷ്മതക്കാകുന്നു ശുഭപര്യവസാനം.)[20:132].

*നിന്‍റെ മക്കളുടെ നമസ്കാര വിഷയത്തില്‍ നീ അല്ലാഹുവിന്‍റെ റസൂല്ﷺ‍വിന്‍റെ കല്‍പ്പന അനുസരിക്കുന്നുണ്ടോ..?*

റസൂല്ﷺ‍ പറഞ്ഞു:"ഏഴു വയസ്സായാല്‍ നിങ്ങളുടെ കുട്ടികളെ നമസ്കാരം കൊണ്ട് കല്‍പ്പിക്കുക, പത്ത് വയസ്സായാല്‍ അതിന്മേല്‍ അവരെ അടിക്കുക.." أبو داود وأحمد صححه الألباني.

സഹോദരാ, നമസ്കാരവുമായി ബന്ധപ്പെട്ടു നിന്നില്‍ അപാകതകള്‍ ഉള്ളതായി നിനക്ക് തോന്നുന്നുവെങ്കില്‍ നീ അത് തിരുത്തൂ.. അല്ലാഹുവിനോട് പാപ മോചനം തേടൂ.. നമസ്കാര വിഷയത്തെ അതീവ താല്പ്പര്യതോടെയും ഗൌരവത്തോടെയും കാണൂ.

*ജീവിതത്തില്‍ തിരുത്തലുകള്‍ നടത്തുവാന്‍ നീ ആരെയാണ് കാത്തിരിക്കുന്നത്..?നിന്‍റെ ആയുസ്സിന്‍റെ പുസ്തകത്തില്‍ ഇനിയെത്ര നിമിഷങ്ങള്‍ കൂടിയുണ്ട് എന്ന് പോലും അറിയാത്ത നീ തിരുത്തലുകള്‍ മാറ്റി വെക്കുന്നത് എങ്ങനെ.. മരണശേഷമുള്ള ജീവിതത്തില്‍ വിലപിച്ചാല്‍ എന്തുണ്ട് സഹോദരാ കാര്യം..?*

*അല്ലാഹുവിന്‍റെ ഈ വചനം നീ കണ്ടില്ലയോ..?*

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَا أَخْرِجْنَا نَعْمَلْ صَالِحًا غَيْرَ الَّذِي كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَاءَكُمُ النَّذِيرُ ۖ فَذُوقُوا فَمَا لِلظَّالِمِينَ مِن نَّصِيرٍ 
(അവര്‍ അവിടെ വെച്ച് മുറവിളികൂട്ടും: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളെ നീ പുറത്തയക്കണമേ. (മുമ്പ്‌) ചെയ്തിരുന്നതില്‍ നിന്ന് വ്യത്യസ്തമായി ഞങ്ങള്‍ സല്‍കര്‍മ്മം ചെയ്തുകൊള്ളാം. (അപ്പോള്‍ നാം പറയും:) ആലോചിക്കുന്നവന് ആലോചിക്കാന്‍ മാത്രം നിങ്ങള്‍ക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരന്‍ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു. അതിനാല്‍ നിങ്ങള്‍ അനുഭവിച്ചു കൊള്ളുക. അക്രമികള്‍ക്ക് യാതൊരു സഹായിയുമില്ല.)[35:37]

*അതിനാല്‍ സഹോദരാ,  നീ ആലോചിക്കൂ.., നിന്‍റെ നാളേക്ക് വേണ്ടി നീ എന്താണ് ഒരുക്കി വെച്ചത് എന്ന്.. നിന്‍റെ റബ്ബിന്‍റെ താക്കീത് നീ കാണൂ..!*

"يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ ﴿١٨﴾ وَلَا تَكُونُوا كَالَّذِينَ نَسُوا اللَّـهَ فَأَنسَاهُمْ أَنفُسَهُمْ ۚ أُولَـٰئِكَ هُمُ الْفَاسِقُون

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കൂ... നാളേക്കുവേണ്ടി താന്‍ തയ്യാറാക്കിയത് എന്തെന്ന് ഓരോ മനുഷ്യനും ആലോചിക്കട്ടെ. അല്ലാഹുവിനെ സൂക്ഷിക്കൂ. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. അല്ലാഹുവെ മറന്നതിനാല്‍, തങ്ങളെത്തന്നെ മറക്കുന്നവരാക്കി അല്ലാഹു മാറ്റിയ ജനത്തെപ്പോലെ ആകരുത് നിങ്ങള്‍. അവര്‍ തന്നെയാണ് ദുര്‍മാര്‍ഗികള്‍."[59:17-18].

*സഹോദരാ നമസ്കാരം വെളിച്ചമാണ്..നിന്‍റെ ദുന്യവില്‍ അത് നിനക്ക് വെളിച്ചമാണ്, നിന്‍റെ ഖബറിലും  അത് നിനക്ക് വെളിച്ചമാണ്, നിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളിലും അത് വെളിച്ചമാണ്, നിന്‍റെ വിചാരണ വേളയിലും അത് വെളിച്ചമാണ്.. അത് മുഖേനെ നിനക്ക് നന്മകള്‍ രേഖപ്പെടുത്തും, അത് മുഖേനെ നിന്‍റെ പാപങ്ങള്‍ പൊറുക്കും, അത് മുഖേനെ നിന്‍റെ പദവികള്‍ ഉയര്‍ത്തും.. അതിനാല്‍ അതിനെ കാത്തു സൂക്ഷിക്കൂ.*

*وَالَّذِينَ يُمَسِّكُونَ بِالْكِتَابِ وَأَقَامُوا الصَّلَاةَ إِنَّا لَا نُضِيعُ أَجْرَ الْمُصْلِحِينَ*

*(വേദഗ്രന്ഥത്തെ മുറുകെപിടിക്കുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുന്നവരാരോ ആ സല്‍കര്‍മ്മകാരികള്‍ക്കുള്ള പ്രതിഫലം നാം നഷ്ടപ്പെടുത്തിക്കളയുകയില്ല; തീര്‍ച്ച.)[7:170].*

അള്ളാഹു അനുഗ്രഹിക്കട്ടെ.

✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം