നബിദിനാഘോഷം : ഹൃദയപൂര്‍വ്വം രണ്ടു ചോദ്യങ്ങള്‍

നബിദിനാഘോഷം ദീനിന്റെ ഭാഗമായി കാണുന്ന പ്രിയ സഹോദരങ്ങളോട് രണ്ടു ചോദ്യങ്ങള്‍ ഹൃദയപൂര്‍വം ചോദിക്കട്ടെ..

1. നബിﷺ യുടെ ജന്മ ദിനത്തില്‍ വര്‍ഷം തോറും പ്രത്യേകം ആഘോഷങ്ങള്‍ നടത്തലും ആണ്ടു നടത്തുന്നതും അല്ലാഹുവിന്‍റെ അടുക്കല്‍ പുണ്യം ലഭിക്കുന്ന നല്ല പ്രവര്‍ത്തനമാണ് എന്ന് അല്ലാഹുവിന്‍റെ റസൂല്ﷺ‍ക്ക് അറിയുമോ...? 

2. നബിﷺ യുടെ ജന്മദിനത്തില്‍ വര്‍ഷം തോറും പ്രത്യേകം ആഘോഷങ്ങള്‍ നടത്തലും ആണ്ടു നടത്തുന്നതും അല്ലാഹുവിന്‍റെ അടുക്കല്‍ പുണ്യം ലഭിക്കുന്ന നല്ല പ്രവര്‍ത്തനമാണ് എന്ന് റസൂല്ﷺ‍  വിന്‍റെ സ്വഹാബിമാര്‍ക്ക് അറിയുമോ...?

രണ്ടു ചോദ്യത്തിന്റെയും ഉത്തരം 'ഇല്ല' എന്നുള്ളതാണ്. കാരണം അത്തരമൊരു അറിവ് അല്ലാഹുവിന്‍റെ റസൂല്ﷺ‍ വിനോ  അവിടത്തെ സ്വഹാബത്തിനോ അറിയുമെങ്കില്‍ തീര്‍ച്ചയായും അവരത് നമ്മെ പഠിപ്പിക്കുമായിരുന്നു. ഉമ്മത്തിനെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന കാര്യങ്ങളായി അല്ലാഹു വഹിയ് നല്‍കിയ മുഴുവന്‍ അറിവും അല്ലാഹുവിന്‍റെ റസൂല്ﷺ‍ തന്‍റെ ഉമ്മത്തിനെ അറിയിച്ചിട്ടുണ്ട്.. സ്വഹാബത് അത് തങ്ങള്‍ക് ശേഷമുള്ളവരിലേക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഈ ഹദീസ് ഒന്നു മനസ്സിരുത്തി വായിക്കൂ..

عَنْ أَبِي ذَرٍّ، قَالَ: تَرَكْنَا رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، وَمَا طَائِرٌ يُقَلِّبُ جَنَاحَيْهِ فِي الْهَوَاءِ، إِلَّا وَهُوَ يُذَكِّرُنَا مِنْهُ عِلْمًا، قَالَ: فَقَالَ: صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا بَقِيَ شَيْءٌ يُقَرِّبُ مِنَ الْجَنَّةِ، ويُبَاعِدُ مِنَ النَّارِ، إِلَّا وَقَدْ بُيِّنَ لَكُمْ»

അബൂദര്ര്‍رضي الله عنه  പറഞ്ഞു : "റസൂല്ﷺ‍ ഞങ്ങളെ വിട്ടേച്ചു പോയി, ഒരു പക്ഷിയും അതിന്‍റെ ചിറകുകള്‍ വായുവില്‍ ചലിപ്പിച്ചിട്ടില്ല - അതില്‍ നിന്നുള്ള അറിവ് അദ്ദേഹം ഞങ്ങളെ ഉണര്‍ത്താതെ.!  റസൂല്‍ﷺ പറഞ്ഞിരിക്കുന്നു : "സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുന്ന നരകത്തില്‍ നിന്ന് അകറ്റുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് അറിയിക്കപ്പെടാതിരുന്നിട്ടില്ല"". (الطبراني في "الكبير" (1647) وصححه الألباني)

എന്നാല്‍  തന്‍റെ ജന്മദിനാഘോഷം  പുണ്യമാണ് എന്ന്  അല്ലാഹുവിന്‍റെ റസൂല്ﷺ‍ ഈ ഉമ്മത്തിനു  പറഞ്ഞു തന്നിട്ടില്ല. അവിടത്തെ സ്വഹാബികള്‍ അങ്ങനെയൊന്നു പില്‍ക്കാലക്കാര്‍ക്ക് അറിയിച്ചു കൊടുത്തിട്ടുമില്ല.

റസൂല്ﷺ‍ പഠിപ്പിക്കാത്ത, പ്രവര്‍ത്തിക്കാത്ത ഒരു കാര്യം ദീനിലുള്ള ഒരു അമല്‍ എന്ന നിലയില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന് റസൂല്‍ﷺ നമ്മെ അറിയിച്ച കാര്യമാണ്.
 
 عن عَائِشَةُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ رَدٌّ
ആയിഷ നിവേദനം : റസൂല്ﷺ‍ പറഞ്ഞു: "നമ്മുടെ കല്പ്പനയില്ലാത്ത ഒരു കാര്യം ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അത് തള്ളപ്പെടെണ്ടതാണ്." (മുതഫഖുന്‍ അലൈഹി).

സ്വഹാബികള്‍ പഠിപ്പിക്കാത്ത, പ്രവര്‍ത്തിക്കാത്ത ഒന്ന് ദീനിലുള്ള അമല് എന്ന നിലയില്‍ നാമെങ്ങനെ പ്രവര്‍ത്തിക്കും..?  കാരണം നാം പിന്തുടരേണ്ട മാര്‍ഗം അവരുടെ പാതയല്ലേ...?

അവരുടെ മാര്‍ഗം പിന്തുടരുന്നവര്‍ക്കാകുന്നു സ്വര്‍ഗ്ഗം ലഭിക്കുക എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു:

وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ 
"മുഹാജിറുകളില്‍ നിന്നും അന്‍സാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം." [9:100]

അതിനു വിരുദ്ധമായ മാര്‍ഗത്തെ തുടരുന്നവര്‍ നരകത്തില്‍ പതിക്കുമെന്നും വിശുദ്ധ ഖുര്‍ആന്‍ താക്കീത് ചെയ്യുന്നു.

وَمَن يُشَاقِقِ الرَّسُولَ مِن بَعْدِ مَا تَبَيَّنَ لَهُ الْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ الْمُؤْمِنِينَ نُوَلِّهِ مَا تَوَلَّىٰ وَنُصْلِهِ جَهَنَّمَ ۖ وَسَاءَتْ مَصِيرًا
"തനിക്ക് സന്‍മാര്‍ഗം വ്യക്തമായിക്കഴിഞ്ഞ ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്ത് നില്‍ക്കുകയും, സത്യവിശ്വാസികളുടെതല്ലാത്ത മാര്‍ഗം പിന്തുടരുകയും ചെയ്യുന്ന പക്ഷം അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചുവിടുന്നതും, നരകത്തിലിട്ട് നാമവനെ കരിക്കുന്നതുമാണ്‌. അതെത്ര മോശമായ പര്യവസാനം!"[4:115]

അതിനാല്‍ പ്രിയ സഹോദരാ, അലാഹുവിന്റെ റസൂല്ﷺ‍വിന്‍റെയും അവിടത്തെ സ്വഹാബത്തിന്റെയും മാര്‍ഗത്തെ പിന്തുടരുക, അവര്‍ക്ക് അറിയാത്ത, അവര്‍ പ്രവര്‍ത്തിക്കാത്ത നബിദിനാഘോഷം പോലുള്ള  പുത്തന്‍ ആചാരങ്ങള്‍ ഉപേക്ഷിക്കുക.

അള്ളാഹു സത്യത്തെ മനസ്സിലാക്കാനും അത് ഉള്‍ക്കൊള്ളുവാനുമുള്ള സൌഭാഗ്യം നമുക്ക് നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ.. ആമീന്‍.

✍🏻ഫലാഹുദ്ധീന്‍ ബിന്‍ അബ്ദുസ്സലാം.
https://majlisulilm.blogspot.com/