"അല്ലാഹുവാണേ സത്യം.. അല്ലാഹുവിന്‍റെ ഭൂമിയില്‍ വെച്ച് ഏറ്റവും ഉത്തമം നീയാകുന്നു.. അല്ലാഹുവിന്‍റെ ഭൂമിയില്‍ എനിക്ക് ഏറ്റവും ഇഷ്ടം നിന്നെയാകുന്നു.. "
നമ്മുടെ ജീവനേക്കാള്‍ അധികം നാം സ്നേഹിക്കുന്ന സൃഷ്ടികളിലെ ഏറ്റവും ഉത്തമനായ അല്ലാഹുവിന്‍റെ റസൂല്‍ മുഹമ്മദ് നബിﷺ പരിശുദ്ധമായ ഈ മക്കയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇവ..(رَوَاهُ الترمذيُّ وَابْن مَاجَه)
റസൂല്‍ﷺ വിനു ഏറ്റവും ഇഷ്ടമുള്ള ആ ഭൂമിയിലാകുന്നു നാം നിലകൊള്ളുന്നത്.. അല്ലാഹുവിനാകുന്നു സര്‍വ സ്തുതിയും..
ഈ വിശുദ്ധ ഭൂമിയിലേക്ക് വരാന്‍ ലോകത്തിലെ ഓരോ മുസ്ലിമും കൊതിക്കുകയാണ്.. മുഴുവന്‍ മുസ്ലിമീങ്ങളും നമസ്കരിച്ചു കൊണ്ടിരിക്കുന്നത് ഈ പരിശുദ്ധമായ ഖിബ്ലയിലെക്ക് തിരിഞ്ഞു കൊണ്ടാണ്.. ആ ക'ബയെ കണ്ണ് കൊണ്ട് നേര്‍ക്ക് നേരെ കാണുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നാം.. അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും.
വിശുദ്ധമായ ഈ ഭൂമിയിലേക്ക് കടന്നു വരേണ്ടവരും വിശുദ്ധിയുള്ളവര്‍ ആകണം..
അള്ളാഹു പറഞ്ഞു:
"സത്യവിശ്വാസികളേ, മുശ്രിക്കുകള്‍ അശുദ്ധര്‍ തന്നെയാകുന്നു. അതിനാല്‍ അവര്‍ ഈ കൊല്ലത്തിന് ശേഷം മസ്ജിദുല്‍ ഹറാമിനെ സമീപിക്കരുത്."[9:28]
ഹജ്ജിനും ഉമ്രക്കും വേണ്ടി ഈ പരിശുദ്ധ ഭൂമിയിലേക്ക് വരുമ്പോള്‍ നമ്മളില്‍ ഉണ്ടാകേണ്ട ആ വിശുദ്ധി നാം പ്രക്യാപിച്ചിരുന്നു..
ലബ്ബൈക അല്ലാഹുമ്മ ലബ്ബൈക്.. ലബ്ബൈക ലാ ശരീക ലക്....
ഉറക്കെ നമ്മള്‍ പറഞ്ഞു, അല്ലാഹുവേ നിനക്ക് യാതൊരു പങ്കു കാരനും ഇല്ലായെന്ന്..
"തൌഹീദ് കൊണ്ട് ശബ്ദമുയര്‍ത്തി" എന്നാണു ജാബിര്‍رضي الله عنه റസൂലിന്റെﷺ തല്ബിയ്യതിനെ കുറിച്ച് പറഞ്ഞത്..
ലാ ഇലാഹ ഇല്ലാഹ് വിശ്വസിക്കുന്ന മുസ്ലിമായ നാം വീണ്ടും ഉറക്കെ പറയുന്നു അല്ലാഹുവിനു യാതൊരു പങ്കുകാരനും ഇല്ല എന്ന്. ഈ വിശുദ്ധമായ മണ്ണില്‍ പ്രവേശിക്കാന്‍ അര്‍ഹത ഉള്ളത് ആ വിശ്വാസ വിശുദ്ധി നേടിയവര്‍ക്ക് മാത്രമാണ്.
അതിനാല്‍ തന്നെ നമ്മുടെ ജീവിതത്തില്‍ ശിര്‍ക്കിന്‍റെ അംശങ്ങള്‍ ഉണ്ടോ എന്ന് നാം ആത്മാര്‍ഥമായി ആലോചിക്കേണ്ടതാണ്..
അള്ളാഹു നമ്മോടു കല്‍പ്പിച്ചത് അവനോടു മാത്രം തേടുവാനും നേര്‍ച്ചകളും വഴിപാടുകളും അടക്കം എല്ലാ വിധ ആരാധനകളും അവന്നു മാത്രം അര്‍പ്പിക്കുവാനും വേണ്ടിയാണ്.
"(നബിയേ) പറയുക: ഞാന്‍ എന്‍റെ റബ്ബിനെ മാത്രമേ വിളിച്ചു പ്രാര്‍ത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളെയും ഞാന്‍ പങ്കുചേര്‍ക്കുകയില്ല"(72:20 ).
കാരുണ്യവാനായ റബ്ബ് നമുക്ക് ഉറപ്പ് നല്‍കുന്നു അവനോടു തേടിയാല്‍ അവന്‍ ഉത്തരം ചെയ്യുമെന്ന്.
"നിങ്ങളുടെ റബ്ബ് പറഞ്ഞിരിക്കുന്നു: എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം." (40:60)
പക്ഷെ ദൌര്‍ഭാഗ്യവശാല്‍ പല ആളുകളും ചെയ്യുന്നത് എന്താണ് എന്ന് ഓര്‍ത്ത് നോക്കൂ..
ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ടാകുമ്പോള്‍ അവര്‍ അല്ലാഹുവിനോട് തേടുന്നു.. അതോടൊപ്പം തന്നെ പ്രയാസം നീക്കുവാന്‍, ആഗ്രഹങ്ങള്‍ സഫലമാകാന്‍, ജോലി ലഭിക്കുവാന്‍, കുട്ടികള്‍ ഉണ്ടാകുവാന്‍ പല മഖ്ബറകളും സന്ദര്‍ശിക്കുന്നു, അവിടെയുള്ള മരണപ്പെട്ടവരോട് ആവലാതികള്‍ പറയുന്നു. അവിടങ്ങിളിലേക്ക് നേര്‍ച്ചകള്‍ നേരുന്നു, മുഹ്യുധീന്‍ ശൈഖിനെ വിളിക്കുന്നു..ബദരീങ്ങളെ വിളിക്കുന്നു, മമ്പുറത്തെ തങ്ങളെ വിളിക്കുന്നു.. അല്ലാഹുവിനോട് തേടുന്ന ആളുകള്‍ അതെ കാര്യങ്ങള്‍ തന്നെ അള്ളാഹു അല്ലാത്തവരോടും തേടുന്നു.. ഇതല്ലേ സുഹൃത്തേ അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍.. ? ഇത് തന്നെയല്ലേ സഹോദരാ ശിര്‍ക്ക്..?
അള്ളാഹു പറയുന്നു :
"പ്രയാസമനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കുമ്പോള്‍ അതിനുത്തരം നല്‍കുകയും ദുരിതങ്ങളകറ്റുകയും നിങ്ങളെ ഭൂമിയിലെ പ്രതിനിധികളാക്കുകയും ചെയ്തവന്‍ ആരാണ്? ഇതിലൊക്കെ അല്ലാഹുവോടൊപ്പം വേറെ വല്ല ഇലാഹുമുണ്ടോ ? അല്‍പം മാത്രമേ നിങ്ങള്‍ ചിന്തിച്ചറിയുന്നുള്ളൂ."[27:62]
ലോകത്ത് ഏത് മതത്തില്‍ വിശ്വസിക്കുന്നവനും വല്ല പ്രയാസവും ബുദ്ധിമുട്ടും വന്നാല്‍ ഭക്തിയോടെയും പ്രതീക്ഷയോടെയും താഴ്മയോടെയും വിളിച്ചു തേടുന്നതും നേര്‍ച്ചകള്‍ അര്‍പ്പിക്കുന്നതും താന്‍ ആരെയാണോ ആരാധിക്കുന്നത് അവരെയാണ്. തെളിഞ്ഞ മനസ്സോടെ ആലോചിക്കൂ.. നാം അല്ലാഹുവിനെ മാത്രമാണോ ആരാധിക്കുന്നത്.. അവനോടു മാത്രമാണോ വിളിച്ചു തേടുന്നത്... പ്രയാസങ്ങളും ദുരിതവും സംഭവിക്കുമ്പോള്‍ അല്ലാഹുവേ എന്ന വിളിക്ക് പുറമേ ബദ്രീങ്ങളെ എന്നോ മുഹ്യുദ്ധീന്‍ ശൈഖെ എന്നോ വിളിക്കാറുണ്ടോ എന്ന് സ്വയം ചോദിച്ചു നോക്കൂ...
എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാണ് എന്ന് വിശ്വസിക്കുകയും എന്നാല്‍ അല്ലാഹുവല്ലാത്തവരെ വിളിച്ചു തേടുകയും ചെയ്യുന്ന ആളുകളെ കുറിച്ച് റബ്ബ് പറഞ്ഞത് കൂടി കാണുക.
"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് നീ അവരോട് ചോദിക്കുന്ന പക്ഷം തീര്‍ച്ചയായും അവര്‍ പറയും: അല്ലാഹു എന്ന്. നീ പറയുക: എങ്കില്‍ അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവയെപ്പറ്റി നിങ്ങള്‍ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എനിക്ക് വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് അവന്‍റെ ഉപദ്രവം നീക്കം ചെയ്യാനാവുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക് വല്ല അനുഗ്രഹവും ചെയ്യുവാന്‍ ഉദ്ദേശിച്ചാല്‍ അവയ്ക്ക് അവന്‍റെ അനുഗ്രഹം പിടിച്ചു വെക്കാനാകുമോ? പറയുക: എനിക്ക് അല്ലാഹു മതി. അവന്‍റെ മേലാകുന്നു ഭരമേല്‍പിക്കുന്നവര്‍ ഭരമേല്‍പിക്കുന്നത്."()
അല്ലാഹുവിനു പുറമേ വിളിച്ചു തേടപ്പെടുന്ന ഏതൊക്കെ ശക്തികളും വ്യക്തികളുമുണ്ടോ അവരൊക്കെ ഏതെങ്കിലും തരത്തില്‍ ദുര്‍ബലത ഉള്ളവരാകുന്നു. എല്ലാറ്റിനും കഴിവുള്ളവന്‍ അള്ളാഹു മാത്രമാകുന്നു. എന്നിട്ടും മറ്റുള്ളവരോട് ആവലാതികള്‍ തേടുന്ന ആളുകളെ കുറിച്ച് അള്ളാഹു വിവരിച്ച ഈ വിവരണം ഒന്ന് നോക്കൂ..
"മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തുചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്‍റെ പക്കല്‍ നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്നവനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ."(22:73)
അതിനാല്‍ ഈ വിശുദ്ധ ഭൂമിയില്‍ പ്രവേശിക്കാന്‍, അതിലുപരി അല്ലാഹുവിന്‍റെ കോടതിയില്‍ വിജയിക്കുവാന്‍ ഒന്നാമതായി നമ്മില്‍ വേണ്ടത് ഈ വിശ്വാസ വിശുദ്ധിയാണ്. കാരണം അള്ളാഹു അവനില്‍ പങ്കു ചേര്‍ക്കുന്നത് ഒരിക്കലും പോരുക്കുകയില്ല. അള്ളാഹു പറഞ്ഞു:
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്."(4:48)
ഈ വിശുദ്ധമായ ഹറമില്‍ വെച്ച് നടക്കുന്ന ദര്സുകളിലും ജുമുഅ ഖുതുബകളിലും മറ്റും ഇത്തരം കാര്യങ്ങള്‍ ശിര്‍ക്കാണ് എന്ന് നിരവധി തവണ ഇവിടെയുള്ള പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാല്‍ പലരും അറിവില്ലായ്മ നിമിത്തം ഈ കൊടിയ തിന്മ ചെയ്യുകയാണ്. പരിശുദ്ധമായ മക്കയില്‍ വെച്ച് പോലും രഹസ്യമായി റൂമിലും മറ്റും ഇരുന്നു കൊണ്ട് മഹാന്മാരെ പുകഴ്ത്തല്‍ എന്ന ഓമനപ്പേരില്‍ അള്ളാഹു അല്ലാത്തവരോട് ദുആ വരെ ചെയ്യുന്ന കടുത്ത ശിര്‍ക്കന്‍ വരികള്‍ അടങ്ങിയ മൌലിദ് കിതാബുകള്‍ വായിക്കുകയാണ്.. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശിര്‍ക്കിന്റെ മുഴുവന്‍ ചിന്നങ്ങളും തുടച്ചു മാറ്റുകയും ശിര്‍ക്ക് ചെയ്യുന്ന ആളുകള്‍ അടുത്ത് പോകരുത് എന്ന് അള്ളാഹു താക്കീത് ചെയ്യുകയും ചെയ്ത മണ്ണില്‍ വെച്ച് കൊണ്ട് ഈ കൊടിയ തിന്മ ചെയ്യുകയാണ്... അല്ലാഹുവില്‍ അഭയം..!!
അതിനാല്‍ എല്ലാ തേട്ടങ്ങളും ആരാധനകളും അല്ലാഹുവിനു മാത്രം അര്‍പ്പിച്ചു കൊണ്ട് പ്രശസ്തിയോ മറ്റോ ആഗ്രഹിക്കാതെ അല്ലാഹുവിന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു കൊണ്ട് പൂര്‍ണമായ ഇഖ്ലാസോട് കൂടി നാം നമ്മുടെ അമലുകള്‍ ചെയ്യുക.
അതോടൊപ്പം തന്നെ നമ്മുടെ ഇബാദതുകള്‍ ശരിയാകുവാന്‍ അവ പൂര്‍ണമായും റസൂല്‍ﷺ വിനെ പിന്‍പറ്റി കൊണ്ട് തന്നെയാണോ എന്നത് നാം അറിയേണ്ടതുണ്ട്. ഹജ്ജിന്റെ കര്‍മങ്ങള്‍ പഠിപ്പിച്ചു കൊണ്ട് റസൂല്‍ﷺ പറഞ്ഞത് ഇപ്രകാരമാണ്.
"നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ എന്നില്‍ നിന്ന് സ്വീകരിക്കൂ" رَوَاهُ أَحْمَدُ ومُسْلِمٌ وَالنَّسَائِيُّ1.
ആ റസൂല്‍ﷺ പഠിപ്പിക്കാത്ത പുത്തന്‍ കാര്യങ്ങള്‍ ദീനിലേക്ക് കടത്തിക്കൂട്ടിയാല്‍ അത് പുത്തന്‍ വാദവും ബിദ്'അതുമായി തീരുന്നു. അതിനാല്‍ നാം നമ്മുടെ ഇബാദതുകള്‍ ശരിയാകുവാന്‍ ഈ രണ്ടു നിബന്ധനകളും പാലിക്കേണ്ടതുണ്ട്.
തവാഫ് ചെയ്യുമ്പോള്‍ ഓരോ ചുറ്റലിലും പ്രതീകം പ്രാര്‍ത്ഥനകള്‍ ചൊല്ലലും കൂട്ടമായി അവ ശബ്ദമുയര്‍ത്തി ചൊല്ലലുമൊക്കെ ബിദ്അതുകളുടെ ഉദാഹരണമാണ്. ത്വവാഫെന്ന മഹത്തായ സന്ദര്‍ഭത്തില്‍ മനസ്സ് തുറന്നു ശബ്ദം ഉയര്‍ത്താതെ റബ്ബിനോട് തേടുന്നതിനു പകരം മുദ്രാവാക്യം വിളിക്കുന്നത് പോലെ ഉച്ചത്തില്‍ ആരൊക്കെയോ ചൊല്ലിക്കൊടുക്കുന്നത് യാന്ത്രികമായി ഏറ്റു ചൊല്ലുന്നത് ദുഃഖകരമായ കാഴ്ചയാണ്.
മക്കയില്‍ നിലകൊള്ളുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും സുപ്രധാന പാഠങ്ങളില്‍ മറ്റൊരു വിഷയം മക്കയില്‍ വെച്ചുള്ള തിന്മകളുടെ ഗൌരവമാണ് .
മറ്റു പള്ളികളില്‍ വെച്ചു നമസ്കരിക്കുന്നതിനേക്കാള്‍ ഒരു ലക്ഷം ഇരട്ടി പ്രതിഫലം ലഭിക്കുന്ന, അത് പോലെ പുണ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രേഷ്ടത ഉള്ള ഈ വിശുദ്ധ ഭൂമിയില്‍ അതെ സമയം തന്നെ തിന്മകള്‍ ചെയ്യുവാന്‍ ഉദ്ദേശിക്കുന്നത് പോലും അതീവ ഗുരുതരമായ വിഷയമാണ്. അള്ളാഹു പറയുന്നു.
"അവിടെ (മക്കയില്‍) വെച്ച് വല്ലവനും അന്യായമായി ധര്‍മ്മവിരുദ്ധമായ വല്ലതും ചെയ്യാന്‍ ഉദ്ദേശിക്കുന്ന പക്ഷം അവന്ന് വേദനയേറിയ ശിക്ഷയില്‍ നിന്നും നാം ആസ്വദിപ്പിക്കുന്നതാണ്."(22:25).
അതില്‍ ഏറ്റവും കടുത്ത തിന്മ ശിര്‍ക്കാകുന്നു, അത് പോലെ മറ്റേതു തിന്മയും അതീവ ഗൌരവമേറിയ ശിക്ഷക്ക് കാരണമാകുന്നതാണ്. പല ആളുകളും മക്കയുടെ പുണ്യത്തിന്റെ വിഷയം മാത്രം മനസ്സിലാക്കുകയും തിന്മയുടെ ഗൌരവത്തെ കുറിച്ച് അറിയാതെ ഈ മക്കയില്‍ വെച്ചും നമസ്കാരത്തെ അവഗണിക്കുകയും പുരുഷന്മാര്‍ അവരുടെ മേല്‍ വാജിബായ ജമാഅത് നമസ്കാരങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. അത് പോലെ കളവും പരദൂഷണവും ഏഷണിയുമൊക്കെ പറയുകയും ഹറാമായ സംഗീതങ്ങളും മറ്റു സംസാരങ്ങളുമൊക്കെ കേള്‍ക്കുകയും ചെയ്യുന്നു. കേവല സാമ്പത്തിക നേട്ടത്തിനായി ഇടപാടുകളില്‍ ചതിയും വഞ്ചനയും നടത്തുകയും ആളുകളെ ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുന്നു.
തിന്മ ചെയ്യും എന്ന് ഒരാള്‍ ഉദ്ദേശിച്ചാല്‍ പോലും അള്ളാഹു വേദനയേറിയ ശിക്ഷ അയാളെ ആസ്വദിപ്പിക്കും എന്ന് അള്ളാഹു താക്കീത് ചെയ്തിരിക്കെ ഉദ്ദേശിക്കുകയും ആ തിന്മ പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ അതിന്‍റെ ഗൌരവം എത്രയേറെ ഭയാനകമാകും...?
അതിനാല്‍ ഈ വിശുദ്ധമായ ഭൂമിയില്‍ വന്നു ചേര്‍ന്ന പ്രിയമുള്ള സഹോദരാ, അല്ലാഹുവിനെ സൂക്ഷിക്കുകയും ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെ മുക്തമാക്കുകയും ചെയ്യുക. ഹറാമുകള്‍ ഒഴിവാക്കുകയും വാജിബുകള്‍ പരമാവധി പ്രവര്‍ത്തിക്കുകയും ചെയ്യുക.
കൂടെ പുണ്യങ്ങള്‍ പരമാവധി വര്‍ധിപ്പിക്കാം, ജീവിതത്തില്‍ പല നന്മകള്‍ക്കും തുടക്കം കുറിക്കാം.. നമ്മുടെ നേതാവായ റസൂല്‍ﷺ യുടെ പേരില്‍ സ്വലാത്ത് അധികരിപ്പിക്കുവാനും നിത്യ ജീവിതത്തിലെ രാവിലെയും വൈകുന്നേരവും രാത്രിയുമോക്കെയുള്ള ദിക്റുകള്‍ പതിവാക്കുവാനും ശ്രമിക്കുക. കുടുംബ ബന്ധങ്ങള്‍ നന്നാക്കുവാനും വിട്ടുവീഴ്ചകള്‍ ചെയ്യുവാനും ക്ഷമ പാലിക്കുവാനും സ്നേഹത്തോടെ പെരുമാറുവാനും അങ്ങനെ നല്ല സ്വഭാവത്തിന്‍റെ ഉടമയാകാനും നമുക്ക് സാധിക്കേണ്ടതുണ്ട്. അപ്രകാരം അല്ലാഹുവിനു ഇഷ്ടമുള്ള അടിമയായി മാറുവാന്‍ ഈ വിശുദ്ധ ഭൂമിയില്‍ വെച്ച് കൊണ്ട് തന്നെ നമുക്ക് തീരുമാനിക്കാം.
"ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല. അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമത്രെ അത്". 46:13-14
അള്ളാഹു തൌഫീഖ് ചെയ്യട്ടെ. അവന്‍ നമ്മുടെ സ്വാലിഹായ കര്‍മങ്ങള്‍ സ്വീകരിക്കുകയും നമ്മുടെ തിന്മകള്‍ പൊറുത്തു നല്‍കുകയും ചെയ്യട്ടെ.. ആമീന്‍.
وصلى الله على نبينا محمد وآله وصحبه وسلم
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം