പണത്തിന്റെ സകാത്ത് : ചില അടിസ്ഥാന പാഠങ്ങള്‍:.


الحمد لله...

ആമുഖം : വിഷയം സാമ്പത്തികം ആയതിനാല്‍ സാവകാശം വായിക്കുക. ചില അബദ്ധ ധാരണകള്‍ നമുക്കിടയില്‍ ഉള്ളതിനാല്‍ വ്യക്തമായി ശ്രദ്ധയോടെ വായിക്കുവാനും അഭ്യര്‍ത്ഥിക്കുന്നു. കാര്യങ്ങള്‍ വേഗത്തില്‍ മനസ്സിലാകുവാന്‍ വേണ്ടി ചുരുങ്ങിയ രൂപത്തില്‍ പറയുവാന്‍ ആണ് ഇവിടെ ശ്രമിക്കുന്നത്. ഇന്‍ഷാ അല്ലാഹ്..

1. പണം ലഭിക്കുന്നത് വ്യത്യസ്ത രീതിയില്‍ ഉള്ള വരുമാന മാര്‍ഗത്തിലൂടെയാണ്. ജോലിയിലൂടെയും കച്ചവടത്തിലൂടെയും ചിലപ്പോള്‍ മറ്റുള്ളവര്‍ നല്‍കുന്ന സമ്മാനത്തിലൂടെയുമൊക്കെ നമുക്ക് പണം ലഭിക്കാറുണ്ട്. അവ കാശ് ആയോ ബാങ്കിലോ ഒക്കെയായാണ് നാം സൂക്ഷിക്കുന്നത്. കച്ചവടം ഉള്ള ആളാണ്‌ എങ്കില്‍ കച്ചവടത്തിലൂടെ ലഭിക്കുന്ന പണം മാത്രമല്ല, ആ കച്ചവട വസ്തുവും സകാത്ത് നല്കപ്പെടേണ്ട ഒന്നാണ്. അതിനാല്‍ അതിന്‍റെ വില്‍പ്പന മൂല്യവും ഇതിനൊപ്പം കണക്ക് കൂട്ടേണ്ടതാണ്.

2. സകാത്ത് നിര്‍ബന്ധം ആകുന്ന ശര്തുകള്‍ ഇവയാണ്. a)മുസ്ലിം ആകുക, b)സ്വതന്ത്രന്‍ ആകുക, c)ഉടമസ്ഥത ഉണ്ടായിരിക്കുക, d)നിസാബ് തികയുക,e)വര്ഷം പൂര്‍ത്തിയാകുക.

3. സകാത്ത് നിര്‍ബന്ധം ആകുന്ന പരിധിക്കാണ് നിസാബ് എന്ന് പറയുക.
നിസാബ് തികഞ്ഞ സ്വത്തില്‍ നിന്നും നല്‍കേണ്ട കണക്കിനെ സകാത്ത് എന്ന് പറയുന്നു.

4. കറന്‍സി എന്നത് നബിﷺ യുടെ കാലത്ത് സ്വര്‍ണവും വെള്ളിയും ഉപയോഗിച്ച ആവശ്യങ്ങള്‍ക്ക് പകരമായി ഇന്ന് ഉപയോഗിക്കുന്ന ഒന്നാണ്. അതിനാല്‍ അവയുടെ നിസാബ് ആണ്, കണക്ക് കൂട്ടേണ്ടത്. സൂക്ഷ്മതക്ക് വേണ്ടി അവയില്‍ ഏതിന്റെ നിസാബ് ആണോ കുറവ് അത് പരിഗണിക്കാം.
സ്വര്‍ണത്തിന്‍റെ നിസാബ് 85 ഗ്രാമും ( 10.5 പവന്‍) വെള്ളിയുടെത് 595 ഗ്രാമും ആണ്.
ഇന്ന് മൂല്യത്തില്‍ വെള്ളിയുടെ നിസാബ് ആണ് കുറവ്, അതിനാല്‍ സൂക്ഷ്മതയുടെ അടിസ്ഥാനത്തില്‍ കറന്‍സിയുടെ നിസാബ് എന്നത് 595 ഗ്രാം വെള്ളിയുടെ മൂല്യമാണ്. ഏകദേശം 25000/. രൂപ (വെള്ളിയുടെ മാര്‍കറ്റ്‌ വില കൂടിയും കുറഞ്ഞുമിരിക്കും, ഇത് ഏകദേശം മാത്രമാണ്.)
കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യത്തിന്‍റെ നിസാബ് കറന്‍സിയുടെ നിസാബ് ആണ്.

5. തന്‍റെ ഉടമസ്ഥതയില്‍ ഉള്ള പണം + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം എന്നിങ്ങനെ പരസ്പരം കൂട്ടി നിസാബ് തികഞ്ഞാലോ, അതല്ലാതെ ഇതില്‍ ഏതെങ്കിലും ഒന്ന് തന്നെ സ്വയം നിസാബ് തികഞ്ഞാലോ അയാള്‍ സകാത്ത് കൊടുക്കാന്‍ സാധ്യത ഉള്ള ആളായി മാറുന്നു. അത് മുതല്‍ ആണ് വര്ഷം കണക്കാക്കേണ്ടത്.
കിട്ടുമെന്ന് ഉറപ്പുള്ള കടം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് നാം കടം നല്‍കിയ വ്യക്തി അത് തിരിച്ചു നല്‍കാന്‍ പ്രയാസമില്ലാത്ത ആളും നാം ആവശ്യപ്പെട്ടാല്‍ നല്‍കുന്ന ആളുമാണ്. അങ്ങനെ വരുമ്പോള്‍ അത് നമ്മുടെ ഉടമസ്ഥതയില്‍ തന്നെയുള്ള പണം ആണ്. എന്നാല്‍ തിരിച്ചു നല്‍കാന്‍ പ്രയാസമുള്ള വ്യക്തിക്കോ കഴിവുണ്ടായിട്ടും തിരികെ കൃത്യമായി നല്‍കാത്ത വ്യക്തിക്കോ ആണ് നല്‍കിയത് എങ്കില്‍ അതിനെ കണക്ക് കൂട്ടേണ്ടതില്ല, അത് തിരികെ ലഭിച്ചാല്‍ മാത്രം സകാത്ത് നല്‍കുക. ഇതാണ് ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍رحمه الله പോലുള്ള ഉലമാക്കള്‍ കൂടുതല്‍ ശരിയായ അഭിപ്രായമായി പറഞ്ഞത്.
(അത് പോലെ ഒരാളുടെ അടുക്കല്‍ സ്വന്തമായി
സ്വര്‍ണം ഉണ്ട്, എന്നാല്‍ അത് നിസാബ് തികയുന്നില്ല, നിസാബ് തികയാത്ത കുറച്ചു പൈസയുമുണ്ട്, അത് കൂടെ കൂട്ടിയാല്‍ സ്വര്‍ണത്തിന്‍റെ നിസാബ് തികയുമെങ്കില്‍ നിസാബ് തികഞ്ഞതായി മനസ്സിലാക്കി വര്ഷം കണക്കാക്കേണ്ടതാണ്.(ഭാര്യയുടെ സ്വര്‍ണം ഭാര്യയുടെതാണ്, സ്വന്തം ഉടമസ്ഥതയില്‍ ഉള്ളതിന് മാത്രമാണ് ഇത്.) നിസാബ് തികഞ്ഞ സ്വര്‍ണം ഉള്ള ആളുകളും തങ്ങളുടെ കൈവശം സകാത്ത് നല്‍കാത്ത പണം ഉണ്ടെങ്കില്‍ അത് കൂടി ചേര്‍ത്ത് കണക്ക് കൂട്ടേണ്ടതാണ്. ശരിയായ അഭിപ്രായ പ്രകാരം സ്വര്‍ണവും വെള്ളിയും പരസ്പരം കൂട്ടേണ്ടതില്ല.)

6. സകാത്ത് നല്‍കല്‍ വാജിബ് ആകുന്നത് നിസാബ് തികയുകയും ആ സമ്പത്ത് ഒരു വര്ഷം വരെ നിസാബില്‍ നിന്ന് താഴാതെ നില നില്‍ക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ്. അങ്ങനെ വര്ഷം പൂര്‍ത്തിയായാല്‍ അയാള്‍ സകാത്ത് നല്‍കണം. വര്ഷം തികയും മുമ്പേ അയാളുടെ സമ്പത്ത് കുറയുകയും അവ നിസാബിനു താഴെ എത്തുകയും ചെയ്താല്‍ അയാള്‍ 'സകാത്ത് വര്ഷം' കണക്കാക്കേണ്ടതില്ല. പിന്നീട് എന്നാണോ നിസാബ് തികയുന്നത് അന്ന് മുതല്‍ പുതിയ വര്ഷം കണക്കാക്കാം. കാരണം സകാത്ത് നിര്‍ബന്ധം ആകുവാനുള്ള ശര്‍ത്താണിത്. നബിﷺ പറഞ്ഞു "സമ്പത്തിന്‍റെ മേല്‍ വര്ഷം തികയുന്നത് വരെ സകാത്ത് ഇല്ല." رواه الترمذى وأبو داود وصححه الشيخ الالباني
ഉദാഹരണത്തിന് ഒരാള്‍ അത്യാവശ്യം നല്ലൊരു സംഖ്യ സേവിങ്ങ്സ് ആയി വെച്ചു, പക്ഷെ പെട്ടെന്ന് വലിയ പ്രയാസവും മറ്റും വന്നതിലൂടെ ഈ സംഖ്യ ചിലവഴിക്കേണ്ടി വന്നു, അങ്ങനെ നിസാബില്‍ നിന്ന് താഴ്ന്നു എങ്കില്‍ അയാള്‍ പിന്നെ സകാത്ത് വര്‍ഷം കണക്ക് കൂട്ടേണ്ടത് പിന്നീട് നിസാബ് തികയുന്ന കാലം മുതലാണ്‌.
(എന്നാല്‍ സകാത്ത് നല്‍കാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം വര്ഷം തികയും മുമ്പേ നിസാബില്‍ നിന്ന് കുറക്കുകയാണ് എങ്കില്‍ അയാള്‍ സകാത്ത് നല്‍കേണ്ടതാണ്. അല്ലാഹുവിന്‍റെ നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തന്ത്രങ്ങള്‍ പ്രയോഗിക്കല്‍ ജൂതന്റെ സ്വഭാവമാണ്.പ്രവര്‍ത്തനങ്ങള്‍ നിയ്യത്ത് അനുസരിച്ചാകുന്നു)

7. നിസാബ് തികഞ്ഞ സമ്പത്ത് ഒരു വര്ഷം പൂര്‍ത്തിയായാല്‍ സകാത്ത് നല്‍കണം. കൂടുതല്‍ എളുപ്പത്തിനു വേണ്ടി ആ സമയം എത്രയാണോ സമ്പത്തായി തന്‍റെ സ്വന്തം ഉടമസ്ഥതയില്‍ ഉള്ളത് അവക്ക് മൊത്തമായി സകാത്ത് നല്‍കാം. (കാശ് + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം*).
അഥവാ കണക്ക് കൂട്ടാന്‍ എളുപ്പമാണ്.മിച്ചമുള്ള സമ്പത്ത് (നിലവില്‍ ഉടമസ്ഥതയില്‍ ഉള്ള സമ്പത്ത്) കണക്കാക്കിയാല്‍ മതി.
സ്വാഭാവികമായും അതില്‍ നിന്ന് ചിലവായതും സദഖ കൊടുത്തതും കളഞ്ഞു പോയതും അങ്ങനെ ഏതൊക്കെ രൂപത്തില്‍ പോയോ അവ മുഴുവന്‍ കുറഞ്ഞു.
അത്യാവശ്യ ചിലവ് , അവശ്യ ചിലവ്, അനാവശ്യ ചിലവ് എന്നിങ്ങനെ വേര്‍തിരിവില്ല. പലരും ഇങ്ങനെ കരുതി കൊണ്ട് സകാത്ത് കണക്കാക്കുമ്പോള്‍ തന്‍റെ ഉടമസ്ഥതയില്‍ നിലവില്‍ ഇല്ലാത്ത സമ്പത്തിനു കൂടി സകാത്ത് നല്‍കേണ്ടി വരുന്നു.കാരണം ചിലവായ പല പണവും അത്യാവശ്യം അല്ലെന്നു തോന്നിയേക്കാം. ഇത് തെറ്റായ ധാരണയാണ്. ചിലവായതിനല്ല മിച്ചമുള്ള സമ്പത്തിനാണ് സകാത്ത് ഉള്ളത്. നബിﷺ പറഞ്ഞു "സമ്പത്തിന്‍റെ മേല്‍ വര്ഷം തികയുന്നത് വരെ സകാത്ത് ഇല്ല." (എന്നാല്‍ ചിലവഴിക്കുന്നത് തിന്മക്ക് വേണ്ടിയെങ്കില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കണക്ക് പറയേണ്ടി വരും, ഇപ്പോഴത്തെ വിഷയം സകാത്ത് ആണ്, അതിനാല്‍ അതിലേക്ക് പോകുന്നില്ല.)

8. നിങ്ങളുടെ വരുമാനം എത്ര എന്നതല്ല, സമ്പത്ത് നിസാബ് തികഞ്ഞത് മുതല്‍ നിസാബില്‍ നിന്ന് കുറയാതെ വര്ഷം പൂര്തിയാകുക എന്നതാണ് സകാത്ത് നിര്‍ബന്ധം ആകാനുള്ള ഉപാധി. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ സേവിങ്ങ്സിനാണ് (മിച്ചമുള്ളതിനു) സകാത്ത് നല്‍കേണ്ടത്. സേവിങ്ങ്സ് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് കാശ് + കച്ചവട വസ്തുവിന്‍റെ വില്‍പ്പന മൂല്യം+ കിട്ടുമെന്ന് ഉറപ്പുള്ള കടം* എന്നിവയാണ്.

9. ആവശ്യമെങ്കില്‍ ഒരാള്‍ക്ക് തന്‍റെ സകാത്ത് വര്ഷം തികയും മുമ്പേ കൊടുക്കാം.അബ്ബാസ്رضي الله عنه ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ നബിﷺ അദ്ദേഹത്തിന് ഇളവ് നല്‍കിയ ഹദീസ് അതിനു തെളിവാണ്.
എന്നാല്‍ നിസാബ് തികയും മുമ്പേ നല്‍കിയാല്‍ സകാത്ത് ശരിയാകില്ല. അത് സദഖയാണ്. തന്‍റെ അറിവില്‍ ഈ വിഷയത്തില്‍ അഭിപ്രായ ഭിന്നതയില്ല എന്ന് ഇമാം ഇബ്നു ഖുദാമرحمه الله പറയുന്നുണ്ട്. المغني(2/ 471

10. വീട് നിര്‍മിക്കാണോ വിവാഹ ആവശ്യത്തിനോ അത് പോലുള്ള മറ്റു അടിസ്ഥാന ആവശ്യത്തിനോ വേണ്ടി മാറ്റി വെച്ച പണം ആണെങ്കിലും വര്ഷം തികഞ്ഞാല്‍ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്‌.

അവസാനമായി സകാത്ത് കണക്ക് കൂട്ടുന്നത് മനസ്സിലാകുവാന്‍ വേണ്ടി ഒരു ഉദാഹരണം നല്‍കുന്നു.
25000 രൂപയാണ് പണത്തിന്റെ നിസാബ് എന്ന് കരുതുക. ഒരാളുടെ വരുമാനം ശമ്പളമാണ്.അത് 40000 രൂപയാണ്. അപ്പോള്‍ അത് നിസാബ് തികഞ്ഞ ഒരു സംഖ്യ ആണ്. എന്നാല്‍ അയാള്‍ക്ക് ആ മാസത്തില്‍ തന്നെ 20000 രൂപ ചിലവായി, സേവിങ്ങ്സ് ആയുള്ളത് ബാക്കിയുള്ള 20000 മാത്രമാണ്. അയാള്‍ സകാത്ത് വര്ഷം കണക്ക് കൂട്ടേണ്ട ആളല്ല. അടുത്ത മാസവും ഇതേ ശമ്പളം കിട്ടി, അതില്‍ നിന്നും ഇതേ പോലെ തന്നെ 20000 രൂപ ചിലവായി, ബാക്കിയുള്ളത് 20000 രൂപയാണ്. പക്ഷെ മുന്‍ മാസത്തെ സേവിങ്ങ്സ് കൂടി ചേര്‍ത്താല്‍ അയാള്‍ 40000 രൂപയുടെ ഉടമസ്ഥന്‍ ആണ്. അതിനാല്‍ നിസാബ് തികഞ്ഞു, അത് മുതല്‍ അയാള്‍ സകാത്ത് വര്ഷം കണക്കു കൂട്ടണം. അപ്രകാരം നിസാബ് തികഞ്ഞ സമ്പത്ത് ഒരു വര്ഷം വരെ കയ്യില്‍ ഉണ്ടെങ്കില്‍ അതിനു സകാത്ത് നല്‍കണം. കൂടുതല്‍ എളുപ്പത്തിനു വേണ്ടി ഇങ്ങനെ വര്ഷം തികയുമ്പോള്‍ ഉടമസ്ഥതയില്‍ ഉള്ള മുഴുവന്‍ പണത്തിനും ഒന്നിച്ചു സകാത്ത് നല്‍കാം. അങ്ങനെ ചെയ്യുമ്പോള്‍ അതിലെ എല്ലാ പണവും വര്ഷം തികഞ്ഞതാകണം എന്നില്ല, എന്നാല്‍ നേരെത്തെ ആവശ്യമെങ്കില്‍ സകാത്ത് നല്‍കാം എന്നത് പരിഗണിച്ചു കൊണ്ടും കണക്ക് കൂട്ടാനുള്ള എളുപ്പത്തിനു വേണ്ടിയും ഉലമാക്കള്‍ പറഞ്ഞ എളുപ്പമുള്ള രീതി അതാണ്‌.
അല്ലാഹുവിനാണ് കൂടുതല്‍ അറിയുക.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

✍🏻
ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
NB: (കച്ചവടത്തിന്‍റെ സകാത്ത് കണക്കു കൂട്ടുന്ന രീതി
https://majlisulilm.blogspot.com/2018/04/blog-post.html)