ഷെയ്ഖ് മുഖ്ബില്‍ ബ്ന്‍ ഹാദി അല്‍വാദിഈ رحمه الله
ഫ്രാന്‍സില്‍ നിന്നുള്ള സഹോദരി ഉമ്മു യാസര്‍ 'സലഫി സ്ത്രീകളുടെ പ്രത്യേകതകള്‍' (അഥവാ സച്ചിതരുടെ മാര്‍ഗത്തില്‍ നിലകൊള്ളുന്ന സത്യവിശ്വാസിനിയില്‍ ഉണ്ടായിരിക്കേണ്ട പ്രത്യേകതകള്‍) എന്തൊക്കെയാണ് എന്നു ചോദിച്ചപ്പോള്‍ അഹ്ലുസ്സുന്നയുടെ ഉന്നതനായ പണ്ഡിതനും മുഹദ്ദിസും ആയ ഷെയ്ഖ് മുഖ്ബില്‍ ബ്നു ഹാദി رحمه الله നല്‍കിയ മറുപടിയാണ് ഇത്. അടിസ്ഥാനപരമായി ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ ആണ് വളരെ ലളിതമായി ഷെയ്ഖ് വിശദീകരിച്ചത്. അള്ളാഹു ഷെയ്ഖിന്‍റെ മേല്‍ റഹ്മത്ത് ചൊരിയട്ടെ , ഇത് ഉപകാരപ്രദമായ ഉപദേശമായി മാറ്റട്ടെ,...ആമീന്‍.ഉത്തരം : ഇത് വിശാലവും വലുപ്പവുമുള്ള ചോദ്യമാണ്. അള്ളാഹു എളുപ്പമാക്കിയതിനെ കൊണ്ട് നാം അതിനെ ക്രോടീകരിക്കാം.
1. അല്ലാഹുവിന്‍റെ കിതാബിനെയും റസൂല്‍ﷺ യുടെ സുന്നതിനെയും സ്വാലിഹീങ്ങളായ മുന്‍ഗാമികളുടെ ബോധ്യം അനുസരിച്ച് തനിക്ക് സാധിക്കുന്നത്രയും അവള്‍ മുറുകെ പിടിക്കേണ്ടതാണ്
2. അവള്‍ തന്‍റെ ഇടപാടുകളില്‍ മുസ്ലിംകളോടും അമുസ്ലിംകളോടും സംശുദ്ധമായ രീതിയില്‍ ഇടപെടുവാന്‍ നാം താല്‍പ്പര്യപ്പെടുന്നു.
അള്ളാഹു അവന്‍റെ ഉന്നതമായ കിത്താബില്‍ പറഞ്ഞിരിക്കുന്നു: "നിങ്ങള്‍ ജനങ്ങളോട് നല്ല വാക്ക് പറയുക" (2:83).
അവന്‍ പറഞ്ഞു: "വിശ്വസിച്ചേല്‍പിക്കപ്പെട്ട അമാനത്തുകള്‍ അവയുടെ അവകാശികള്‍ക്ക് നിങ്ങള്‍ കൊടുത്തു വീട്ടുക”(4:58).
അള്ളാഹു പറഞ്ഞിരിക്കുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.”(4:135).
3. ഇസ്ലാമിന്‍റെ വസ്ത്രത്തെ മുറുകെ പിടിക്കുകയും ഇസ്ലാമിന്‍റെ ശത്രുക്കളോടു സാദൃശ്യം ഉണ്ടാകുന്നതില്‍ നിന്നും ഒഴിവാകുകയും അവളുടെ മേല്‍ നിര്‍ബന്ധമാണ്. ഇമാം അഹ്മദ് അദ്ധേഹത്തിന്റെ മുസ്നദില്‍ അബ്ദുള്ളാഹ് ബ്നു ഉമറിرضي الله عنهما ല്‍ നിന്ന് ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു: ആര് ഒരു ജനതയോട് സാദൃശ്യം പുലര്‍ത്തിയോ അവന്‍ അവരില്‍ പെട്ടവനാണ്”.
പ്രതാപവാനായ റബ്ബ് (സ്ത്രീകളുടെ) വസ്ത്രത്തിന്‍റെ കാര്യത്തില്‍ പറയുന്നു:
“നബിയേ, നിന്‍റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.”(33:59).
അബ്ദുള്ളാഹ് ബ്നു മസ്ഊദില്‍رضي الله عنه നിന്നും ഇമാം തിര്‍മുദി ഉദ്ധരിക്കുന്നു: റസൂല്‍ﷺ പറഞ്ഞു : സ്ത്രീ ഔറതാണ്, അവള്‍ പുറത്തിറങ്ങിയാല്‍ ശൈത്താന്‍ അവളെ നിരീക്ഷിക്കും. (അവളെ തെറ്റിക്കുവാനും അവളെ കൊണ്ട് മറ്റുള്ളവരെ തെറ്റിക്കുവാനും ശൈത്താന്‍ ശ്രമിക്കും.)
4. സന്തോഷകരമായ ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ അവള്‍ തന്‍റെ ഭര്‍ത്താവിനോട് നല്ല നിലയില്‍ വര്‍ത്തിക്കുവാന്‍ നാം ഉപദേശിക്കുന്നു.
റസൂല്‍ﷺ പറഞ്ഞു: ഒരു പുരുഷന്‍ തന്‍റെ ഭാര്യയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയും അവള്‍ വിസമ്മതിക്കുകയും ചെയ്‌താല്‍ അവളെ മലക്കുകള്‍ ശപിക്കുന്നതാണ്.(ബുഖാരി, മുസ്ലിം), ആകാശത് നിന്നും അവളുടെ മേല്‍ കോപം ഉണ്ടാകും എന്ന് മുസ്ലിം ഉദ്ധരിച്ച രിവായത്തില്‍ ഉണ്ട്.
5. അത് പോലെ അവള്‍ തന്‍റെ മക്കളെ ഇസ്ലാമിക പരിചരണത്തില്‍ വളര്‍ത്തണം. ഇമാം ബുഖാരിയും മുസ്ലിമും അബ്ദുള്ളാഹ് ബ്നു ഉമര്‍رضي الله عنهما വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു : “നിങ്ങള്‍ എല്ലാവരും മേല്‍നോട്ടക്കാര്‍ ആണ്, നിങ്ങള്‍ എല്ലാവരും തങ്ങളുടെ അധീനതയില്‍ ഉള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”. പെണ്ണിനെ കുറിച്ച് പറഞ്ഞു അവള്‍ “തന്‍റെ ഭര്‍ത്താവിന്‍റെ ഭവനത്തിലെ മേല്‍നോട്ടക്കാരിയാണ്, അവളുടെ മേല്നോട്ടത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും”
ബുഖാരിയും മുസ്ലിമും മ’ഖല്‍ ബ്ന്‍ യസാര്‍رضي الله عنه വില്‍ നിന്നും ഉദ്ധരിക്കുന്നു, റസൂല്‍ﷺ പറഞ്ഞു :”അള്ളാഹു ഒരാളെ കാര്യ നിര്‍വഹണം ഏല്‍പ്പിക്കുകയും അയാള്‍ ഗുണകാംക്ഷയോടു കൂടി അത് സംരക്ഷിക്കാതിരിക്കുകയും ചെയ്‌താല്‍ സ്വര്‍ഗത്തിലെ വാസന പോലും അനുഭവിക്കില്ല”. അതിനാല്‍ മക്കളുടെ പരിപാലനത്തില്‍ നിന്നും ദഅവത് (പ്രബോധനം ചെയ്യല്‍) അവളെ തെറ്റിച്ചു കളയരുത്.
6. സ്ത്രീയേക്കാള്‍ പുരുഷനെ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ വിധിയില്‍ അവള്‍ തൃപ്തിപ്പെടേണ്ടതാണ്.
അള്ളാഹു പറഞ്ഞു:”നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്”. (4:32)
അള്ളാഹു പറഞ്ഞു: “പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്. എന്നാല്‍ അനുസരണക്കേട് കാണിക്കുമെന്ന് നിങ്ങള്‍ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങള്‍ ഉപദേശിക്കുക. കിടപ്പറകളില്‍ അവരുമായി അകന്നു നില്‍ക്കുക. അവരെ അടിക്കുകയും ചെയ്ത് കൊള്ളുക. എന്നിട്ടവര്‍ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങള്‍ അവര്‍ക്കെതിരില്‍ ഒരു മാര്‍ഗവും തേടരുത്. തീര്‍ച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.”(4:34).
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച അബൂ ഹുറൈറرضي الله عنه വിന്‍റെ ഹദീസില്‍ കാണാം. റസൂല്‍ﷺ പറഞ്ഞു: “സ്‌ത്രീകളോട് നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയം സ്‌ത്രീ സൃഷ്‌ടിക്കപ്പെട്ടത് വാരിയെല്ലില്‍ നിന്നാണ്. നിശ്ചയമായും വാരിയെല്ലില്‍ ഏറ്റവും വളഞ്ഞത് മേല്‍ഭാഗത്തുള്ളതാണ്. അത് നീ നേരെയാക്കാനുദ്ദേശിച്ചാല്‍ നീ പൊട്ടിക്കുന്നതാണ്. അതിനെ നീ (നിവര്‍ത്താതെ) വിട്ടാല്‍ അത് വളഞ്ഞ് തന്നെയിരിക്കുന്നതാണ്.”
അതിനാല്‍ പുരുഷനെ തന്നേക്കാള്‍ സ്രെഷ്ടപ്പെടുത്തിയ അല്ലാഹുവിന്‍റെ നിര്‍ണയത്തില്‍ അവള്‍ ക്ഷമ കാണിക്കണം. അതിനര്‍ത്ഥം അവള്‍ അടിമയാണ് എന്നതല്ല.
റസൂല്‍ﷺ പറഞ്ഞു ““സ്‌ത്രീകളോട് നിങ്ങള്‍ നന്മ ഉദ്ദേശിച്ചു പെരുമാറണം. നിശ്ചയമായും അവര്‍ നിങ്ങളുടെയടുക്കല്‍ ബന്ധിതരാണ്. അതല്ലാതെ മറ്റൊന്നും നിങ്ങളവരില്‍ ഉടമപ്പെടുത്തുന്നില്ല. എന്നാല്‍ അവര്‍ വ്യക്തമായ തെറ്റ് ചെയ്‌താല്‍ കിടപ്പറയില്‍ നിങ്ങളവരോട് പിണങ്ങുകയും (എന്നിട്ടും അവര്‍ അനുസരിച്ചില്ലെങ്കില്‍) ഉപദ്രവം വരുത്താത്ത അടി നിങ്ങള്‍ അവരെ അടിക്കണം. അപ്പോള്‍ അവര്‍ നിങ്ങളെയനുസരിച്ചാല്‍ അവര്‍ക്കെതിരെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നും നിങ്ങള്‍ തേടരുത്. അറിയണം നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളോട് ചില കടമകളുണ്ട്. നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യമാരോട് ചില കടമകളുണ്ട്. അവളുടെ മേല്‍ നിങ്ങള്‍ക്കുള്ള അവകാശമാണ് നിങ്ങള്‍ ഇഷ്ട്ടപ്പെടാത്ത ആളുകളെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുകയും നിങ്ങള്‍ ഇഷ്ട്ടപെടാത്ത ആളുകളെ വീട്ടില്‍ അനുവടിക്കാതിരിക്കലും. അവള്‍ക്ക് നിങ്ങളുടെ മേല്‍ ഉള്ള അവകാശമാണ് അവളുടെ വസ്ത്രത്തിലും ഭക്ഷണത്തിലും നിങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യണം എന്നത്.”
ഇമാം അഹ്മദ് സുനനിലും മുസ്നദിലും ഉദ്ധരിച്ച മുആവിയ ബ്നു ജൈദ് الله عنهവിന്‍റെ ഹദീസില്‍ കാണാം, ഒരു മനുഷ്യന്‍ ചോദിച്ചു: ഭാര്യമാരോടുള്ള ഞങ്ങളുടെ കടമകള്‍ എന്തൊക്കെയാണ്. റസൂല്‍ﷺ പറഞ്ഞു: നിങ്ങള്‍ ഭക്ഷിക്കുമ്പോള്‍ അവളെയും ഭക്ഷിപ്പിക്കുക, നിങ്ങള്‍ വസ്ത്രം ധരിക്കുമ്പോള്‍ അവളെയും ധരിപ്പിക്കുക, അവളുടെ മുഖത്ത് അടിക്കരുത്, ആക്ഷേപിക്കരുത്, വീട്ടില്‍ വെച്ചല്ലാതെ പിണങ്ങരുത്”
അതിനാല്‍. അള്ളാഹു നിങ്ങളുടെ മേല്‍ ബറകത്ത് ചൊരിയട്ടെ, നാം എല്ലാവരും പരസ്പരം നന്മയില്‍ സഹായിക്കണം. പുരുഷന്‍ തന്‍റെ ഭാര്യയോടു ഇസ്ലാമിക രീതിയില്‍ ഇടപെടണം, ദീനി പഠനത്തിലും പ്രബോധനതിലും അവളെ സഹായിക്കണം. അത് പോലെ സ്ത്രീകളും തങ്ങളുടെ ഭര്‍ത്താക്കന്മാരോട് ഇസ്ലാമിക രീതിയില്‍ പെരുമാറണം, ദീനി പഠനത്തിലും പ്രബോധനതിലും വീടിനെ നല്ല നിലയില്‍ മാറ്റുവാനും അവള്‍ അവനെ സഹായിക്കണം.
അള്ളാഹു പറഞ്ഞിരിക്കുന്നു:” പുണ്യത്തിലും ധര്‍മ്മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്..”(5:2)
അല്ലാഹുവാണ് സഹായിക്കുന്നവന്‍.
വിവര്‍ത്തനം: ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
അവലംബം:
أسئلة أم ياسر
الفرنسية لمحدث الديار اليمنية
