ഫര്‍ദ് നമസ്കാരം കസേരയില്‍ ഇരുന്നു നിര്‍വഹിക്കുന്നവര്‍ അറിയാന്‍..


ഷെയ്ഖ്‌ സുലൈമാന്‍ അര്‍റുഹൈലി حفظه الله

1. നിങ്ങള്‍ക്ക് നിലത്തിരിക്കാനും ഏഴു അവയവങ്ങളുടെ മേല്‍ സുജൂദ് ചെയ്യാനും കഴിയുകയും കസേരയില്‍ ഇരുന്നാല്‍ അപ്രകാരം (ശരിയായി സുജൂദ് ചെയ്യാന്‍) ചെയ്യാന്‍ കഴിയുകയുമില്ല എങ്കില്‍ (കസേരയില്‍ ഇരിക്കാതെ) നിലത്ത് തന്നെ ഇരിക്കല്‍ നിങ്ങളുടെ മേല്‍ വാജിബാണ്‌.
2. നിന്ന് കൊണ്ട് നമസ്ക്കരിക്കുകയും പിന്നീട് സുജൂദിനും അതിനു ശേഷമുള്ളതിനും വേണ്ടി കസേരയില്‍ ഇരിക്കുകയും ചെയ്യുന്ന ആളാണ്‌ എങ്കില്‍ (അഥവാ നില്‍ക്കുവാന്‍ പ്രയാസമില്ല, എന്നാല്‍ സുജൂദ് നിര്‍വഹിക്കാന്‍ സാധിക്കില്ല എന്നത് കൊണ്ട് ആ സമയത്ത് കസേരയില്‍ ഇരിക്കുന്ന ആളാണ്‌ എങ്കില്‍) സഫ്ഫിന്റെ കൂടെ തന്നെ നില്‍ക്കല്‍ നിങ്ങളുടെ മേല്‍ വാജിബാണ്‌. (കസേര സഫ്ഫിന്റെ പിറകില്‍ വെക്കാം). പിന്നീട് കസേരയില്‍ ഇരിക്കേണ്ട സമയം നിങ്ങളുടെ മുതുക് സഫ്ഫിനു നേരെയാക്കുവാനായി കസേര മുന്നോട്ട് വലിക്കുക. (അഥവാ ആ ഇരിക്കുന്ന സമയം മുതല്‍ കാലുകള്‍ അല്ല, നമ്മുടെ പിറകു വശവും സഫ്ഫിന്റെ പിറക് വശവും ഒരു പോലെ ആക്കുകയാണ് വേണ്ടത്).
3. നിങ്ങള്‍ നമസ്കാരത്തിന്റെ തുടക്കം മുതല്‍ കസേരയില്‍ ഇരുന്നു നിര്‍വഹിക്കുന്ന ആളാണ്‌ എങ്കില്‍ (അഥവാ നില്‍ക്കുവാനോ ഭൂമിയില്‍ സുജൂദ് ചെയ്യാനോ കഴിയാത്ത, കസേരയില്‍ ഇരുന്നു മാത്രം നമസ്കരിക്കാന്‍ സാധിക്കുന്ന ആളാണ്‌ എങ്കില്‍) കസേരയുടെ പിറകു വശത്തെ സഫ്ഫിനോട് ചേര്‍ത്ത് നിര്‍ത്തണം. നിങ്ങളുടെ കാലുകള്‍ സഫ്ഫിനോട് യോജിപ്പിച്ച് ശരീരഭാഗം സഫ്ഫില്‍ നിന്ന് പിന്നോട്ട് ആക്കലും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കലും അനുവദനീയമല്ല.
അവലംബം : ഷെയ്ഖ്‌ ട്വിട്ടെരില്‍ പോസ്റ്റിയത്. (ബ്രാക്കറ്റുകള്‍ വിവര്‍ത്തകന്റെ വിശദീകരണം ആണ്.)
NB : നിന്ന് നമസ്കരിക്കുക എന്നത് ഫര്‍ദു നമസ്കാരത്തിന്റെ റുകുന്‍ ആണ്. നില്‍ക്കാന്‍ കഴിയാതിരിക്കുകയോ നില്‍ക്കുന്നതിലൂടെ വ്യക്തമായ പ്രയാസം ഉണ്ടാകുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ഫര്‍ദു നമസ്കാരത്തില്‍ ഇരിക്കാന്‍ അനുവാദമുള്ളൂ. ഇന്ന് ഈ വിഷയത്തില്‍ ആളുകള്‍ അലസത കാണിക്കുകയും നന്നായി നടക്കുകയും കുറെ സമയം നില്‍ക്കുകയും ചെയ്യുന്നവര്‍ പോലും നമസ്കരിക്കാന്‍ വേണ്ടി ഇരിക്കുന്നത് കാണുന്നു. ഫര്‍ദു നമസ്കാരത്തില്‍ നില്‍ക്കാന്‍ കഴിവുണ്ടായിട്ടും നില്‍ക്കാതെ ഇരുന്നു നമസ്കരിച്ചാല്‍ ആ നമസ്കാരം ബാതിലാണ്. എന്നാല്‍ സുന്നത് നമസ്കാരത്തില്‍ നിരുപാധികം ഇരുന്നു നമസ്കരിക്കാം, പക്ഷെ കഴിവുണ്ടായിട്ടും സുന്നത്തുകള്‍ ഇരുന്നു നിര്‍വഹിച്ചാല്‍ പ്രതിഫലം പകുതി മാത്രമേ ഉള്ളൂ.
الله اعلم

✍️.ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

കച്ചവടവസ്തുക്കളുടെയും കടത്തിന്‍റെയും സകാത്തുമായി ബന്ധപ്പെട്ട ചില അടിസ്ഥാന വിഷയങ്ങള്‍

بسم الله الرحمن الرحيم

കച്ചവടവസ്തുക്കളുടെ സകാത്തും കടത്തിന്‍റെ സകാത്തുമായി ബന്ധപ്പെട്ട ചില പൊതു നിയമങ്ങളും ലളിതമായി മനസ്സിലാകുവാന്‍ വേണ്ടി ഓരോ പോയിന്റുകളായി നല്‍കിയിരിക്കുന്നു. 

1). കച്ചവട വസ്തുക്കള്‍ക്കാണ് സകാത്ത് ഉള്ളത്. ചിലര്‍ കരുതുന്നത് പോലെ ആകെയുള്ള മുതല്‍ മുടക്കിനല്ല. മുതല്‍ മുടക്കില്‍ നിന്നും കച്ചവട സ്ഥാപനം ഒരുക്കുവാനും,കച്ചവടത്തെ സഹായിക്കുന്ന മറ്റു കാര്യങ്ങള്‍ക്കും ചിലവഴിക്കുക സ്വാഭാവികമാണ്, (ഉദാ: ഷോപ്പ് ഒരുക്കുവാന്‍,വാഹനം,മാര്‍ക്കറ്റിംഗ് ചിലവുകള്‍,അത് പോലെയുള്ളവ,)ഇവക്കൊന്നിനും സകാത്ത് ഇല്ല.
സകാത്ത് ഉള്ളത് വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുക്കള്‍ക്ക് മാത്രമാണ്.
2). വര്ഷം തികഞ്ഞാല്‍ സ്റൊക്കുള്ള കച്ചവട വസ്തുക്കള്‍ക്ക് സകാത്ത് നല്‍കുക.
3). കച്ചവട വസ്തുക്കളുടെ സകാത്ത് നല്‍കേണ്ട സമയത്തെ വില്‍പ്പന മൂല്യമാണ് കണക്കാക്കേണ്ടത്(സെല്ലിംഗ് പ്രൈസ്).
ഉദാ: നൂറു രൂപയുടെ ഒരു പാത്രം നാം കച്ചവടത്തിനായി വാങ്ങി. അത് വില്‍ക്കുന്നത് 150 രൂപക്കാണ് എങ്കില്‍ 150 രൂപയാണ് സകാത്തിന്റെ മുതലായി കണക്കാക്കേണ്ടത്.
4). അതിന്‍റെ കൂടെ ആ ബിസിനസിന്‍റെ ഭാഗമായ പൈസ ബാക്കിയുണ്ടെങ്കില്‍ (കയ്യിലോ, ബാങ്കിലോ, സ്ഥാപനത്തിലോ , അല്ലെങ്കില്‍ മറ്റെവിടെയെങ്കിലും) ആ പണവും ചേര്‍ക്കുക.
ചിലര്‍ കരുതുന്നത് പോലെ ഓരോ വര്‍ഷത്തെയും ലാഭവിഹിതം കണക്കാക്കുകയല്ല ചെയ്യേണ്ടത്, കാരണം അതില്‍ പലതും ചിലവായിട്ടുണ്ടാകും, അപ്പോള്‍ പലപ്പോഴും ആ കണക്ക് കേവലം കടലാസില്‍ മാത്രവുമാകും. തന്‍റെ ഉടമസ്ഥതയില്‍ എത്രയാണോ മിച്ചമുള്ളത് അതാണ്‌ സകാത്ത് നല്‍കുവാനായി കച്ചവട വസ്തുക്കളുടെ വില്‍പ്പന മൂല്യത്തിന്‍റെ കൂടെ കൂട്ടി ചേര്ക്കേണ്ടത്. അങ്ങനെ കൂട്ടുമ്പോള്‍ നിസാബ് തികയുന്നുണ്ടെങ്കില്‍ അവന്‍ രണ്ടര ശതമാനം നല്‍കണം. നിസാബ് എന്നത് 595 ഗ്രാം വെള്ളിയുടെ മൂല്യമാണ്.
5). വരുമാനത്തിനല്ല സകാത്ത് ഉള്ളത്, കയ്യില്‍ മിച്ചമുള്ളതിനാണ്.സകാത്ത് നല്‍കേണ്ട വസ്തുക്കളില്‍ അത് നല്‍കേണ്ട സമയത്ത് എന്താണോ കയ്യില്‍ ഉള്ളത് അവക്കാണ് സകാത്ത് ബാധകമാകുന്നത്.
അത്യാവശ്യം വരുമാനമുണ്ട്, എന്നാല്‍ ചിലവുകള്‍ വരുന്നതിനാല്‍ മിച്ചം ഇല്ലെങ്കില്‍ അവനു സകാതുമില്ല. അഥവാ സകാത്ത് നല്‍കാനായി കടം വാങ്ങേണ്ട അവസ്ഥ ഇല്ല. കച്ചവടവുമായും മറ്റു സകാതുമായും ബന്ധപ്പെട്ട പൊതുവായ നിയമമാണ് ഇത്.
6).കടമുണ്ടെങ്കിലും സകാത്ത് കൊടുക്കേണ്ട മുതലിന് നിസാബ് എത്തുകയും വര്ഷം തികയുകയും ചെയ്‌താല്‍ അവന്‍ സകാത്ത് നല്‍കണം. സകാത്ത് നല്‍കേണ്ട സമയത്ത് മാത്രം തനിക്ക് കടമുണ്ട് എന്നും പറഞ്ഞു സകാത്ത് നല്കാതിരിക്കരുത്. ഈ കാലത്ത് ഏത് വലിയ ബിസിനസ്കാരനും ഏതെങ്കിലും തരത്തില്‍ കടം ഉള്ളതായി കാണാം. അതിനാല്‍ കടം സകാത്ത് നല്‍കാതിരിക്കാന്‍ ഉള്ള കാരണം അല്ല. എന്നാല്‍ ഒരാള്‍ സകാത്ത് കണക്കാക്കുന്നതിന്‍റെ മുമ്പ് കടം വീട്ടുന്നുവെങ്കില്‍ സ്വാഭാവികമായും മിച്ചമുള്ള പണം എന്നത് ആ കടം വീട്ടിയതിന്റെ ബാക്കിയാകും. സകാത്ത് ബാധകമാകുന്നത് അവക്കാണ്. ഇതും പൊതുവായ നിയമമാണ്
7).നാം മറ്റൊരാള്‍ക്ക് കടം നല്കിയിട്ടുണ്ടെങ്കില്‍, അതിന്‍റെ വിധി ആര്‍ക്കാണോ നല്‍കിയത് അയാളുടെ അവസ്ഥക്ക് അനുസരിച്ചാണ്(ശരിയായ അഭിപ്രായ പ്രകാരം).
കടം നല്‍കിയത് തിരിച്ചു നല്‍കാന്‍ കഴിവുള്ള,തിരികെ നല്‍കുമെന്ന് പ്രതീക്ഷയുള്ള ആള്‍ക്കാണ് എങ്കില്‍ അതിനു നാം സകാത്ത് നല്‍കണം, കാരണം ആ പണം നമ്മുടെ കയ്യിലുള്ളതിനു തുല്യമാണ്.
കടം നല്‍കിയത് തിരിച്ചു നല്‍കാന്‍ പ്രയാസപ്പെടുന്ന,അല്ലെങ്കില്‍ തിരിച്ചടവ് മനപ്പൂര്‍വം താമസിപ്പിക്കുന്ന ആള്‍ക്കാണ് എങ്കില്‍ അതിനു നാം സകാത്ത് നല്‍കേണ്ടതില്ല, കാരണം ആ പണം നമ്മുടെ അധീനതയില്‍ അല്ല.കഷ്ട്ടത അനുഭവിക്കുന്നവര്‍ക്ക് കടം വീട്ടുവാന്‍ സാവകാശം നല്‍കുവാന്‍ കല്പ്പിച്ചിരിക്കെ അതിനു സകാത്ത് നല്‍കണം എന്ന് കൂടി പറയുവാന്‍ കഴിയില്ല. പിന്നീട് കടം തിരികെ നല്‍കിയാല്‍ ആ വര്‍ഷത്തെ സകാത്ത് മാത്രം നല്‍കിയാല്‍ മതി,അതിനു മുമ്പുള്ളതിനു നല്‍കേണ്ടതില്ല. (ഷെയ്ഖ്‌ ഇബ്നു ഉസൈമീന്‍رحمه الله നല്‍കിയ വിശദീകരണം ആണിത്. ). ഇതും പൊതുവായ നിയമമാണ്.

മുകളില്‍ പറഞ്ഞ കാര്യങ്ങളില്‍ കച്ചവടവുമായി ബന്ധപ്പെട്ട വിഷയം മാത്രമായി ലളിതമായി ഇങ്ങനെ പറയാം.
കച്ചവടത്തിന്റെ സകാത്ത്: വര്ഷം തികഞ്ഞാല്‍ സ്റൊക്കുള്ള കച്ചവട വസ്തുക്കളുടെ വില്‍പ്പന മൂല്യവും മിച്ചമുള്ള പണവും കൂട്ടി ചേര്‍ത്താല്‍ നിസാബ് തികയുമെങ്കില്‍ അതിനു രണ്ടര ശതമാനം സകാത്ത് ബാധകമാണ്.നിസാബ് എന്നത് 595 ഗ്രാം വെള്ളിയുടെ മൂല്യമാണ്. മുടക്ക് മുതലോ(capital expenditure), ലാഭമോ ഒന്നും വേറെ വേറെ പരിഗണിക്കേണ്ട കാര്യമില്ല.

الله اعلم
✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.