'അങ്ങനെ ആയിരുന്നെങ്കില്‍' (لو) എന്ന് പറയുന്നതിന്‍റെ ഇസ്ലാമിക വിധി.



നമ്മുടെ സംസാരങ്ങളില്‍ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് 'അങ്ങനെ ആയിരുന്നെങ്കില്‍' എന്ന പദം. അധിക ആളുകളും പ്രയാസങ്ങളോ മറ്റോ ബാധിച്ചാല്‍ ഇന്നയിന്നത് ചെയ്തിരുന്നെങ്കില്‍ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു, അങ്ങനെ ആയിരുന്നെങ്കില്‍ കുഴപ്പം ഉണ്ടാകില്ലായിരുന്നു എന്നൊക്കെ പറയാറുണ്ട്. ഈ വിഷയത്തിലുള്ള ദീനിന്‍റെ നിയമത്തെ കുറിച്ച് പൂര്‍ണമായും അജ്ഞരോ അശ്രദ്ധരോ ആണവര്‍ , അതിലൂടെ പലപ്പോഴും അതീവ ഗൌരവതരമായ തിന്മകളില്‍ അവര്‍ എത്തുകയും സങ്കടങ്ങളിലും ദുഖങ്ങളിലും തുടരുകയും ചെയ്യുന്നു.
മറ്റു ചിലരാകട്ടെ ഇങ്ങനെ പറയല്‍ നിരോധിക്കപ്പെട്ട ഹദീസ് അറിയുകയും എന്നാല്‍ അതിനെ തെറ്റിദ്ധരിച്ചു കൊണ്ട് ഒരു നിലക്കും ഇങ്ങനെ ഉപയോഗിക്കാന്‍ പാടില്ല എന്നും ധരിച്ചവര്‍ ആണ്.
ഇതും രണ്ടും ശരിയല്ല. ഇത് രണ്ടിന്‍റെയും ഇടയിലാണ് യാഥാര്‍ത്ഥ്യം, അക്കാര്യം വ്യക്തമായി പ്രമാണങ്ങള്‍ പഠിപ്പിക്കുകയും ഉലമാക്കള്‍ അത് വിശദമാക്കുകയും ചെയ്തിട്ടുണ്ട്. 
'ആയിരുന്നെങ്കില്‍' എന്ന പദത്തെ നിരോധിച്ച് കൊണ്ട് അത് പിശാചിന്റെ പ്രവര്‍ത്തനത്തെ തുറക്കുന്നതാണ് എന്ന് നബിﷺ പറഞ്ഞിട്ടുണ്ട്.
റസൂല്‍ﷺപറഞ്ഞു:
وإن أصابك شيء فَلَا تَقُلْ: لَوْ أَنِّي فَعَلْت لَكَانَ كَذَا وَكَذَا وَلَكِنْ قُلْ: قَدَّرَ اللَّهُ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ
(വല്ലതും നിന്നെ ബാധിച്ചാല്‍ 'ഞാന്‍ ഇന്ന ഇന്നത് ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു' എന്ന് നീ പറയരുത്. പകരം 'അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു' എന്ന് പറയുക. 'ആയിരുന്നെങ്കില്‍' എന്ന പ്രയോഗം പിശാചിന്റെ പ്രവര്ത്തിനങ്ങള്‍ തുറക്കുന്നതാണ്.) (മുസ്‌ലിം).
എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ ഇത്തരം പ്രയോഗം കാണാം.
ഉദാഹരണത്തിന് അള്ളാഹു പറഞ്ഞു:
لَوْ كَانَ فِيهِمَا آلِهَةٌ إلَّا اللَّهُ لَفَسَدَتَا
"ആകാശഭൂമികളില്‍ അല്ലാഹുവല്ലാത്ത വല്ല ദൈവങ്ങളുമുണ്ടായിരുന്നുവെങ്കില്‍ അവ രണ്ടും കുഴപ്പത്തില്‍ ആകുമായിരുന്നു."[21:22].
അപ്പോള്‍ തുടക്കത്തില്‍ വിശദീകരിച്ചത് പോലെ നിരുപാധികം തെറ്റോ ശരിയോ ആയ ഒരു വിഷയമല്ല, വിശദീകരണം ആവശ്യമായ ഒന്നാകുന്നു ഇത്.
ഉന്നതരായ പണ്ടിതന്മാര്‍ ഈ വിഷയത്തില്‍ പറഞ്ഞതിനെ ചുരുങ്ങിയ രൂപത്തില്‍ പറഞ്ഞാല്‍ സംഭവിച്ചതിനെ കുറിച്ചുള്ള ദുഖമോ ആവലാതിയോ സങ്കടമോ ഒക്കെ പറയുവാന്‍ വേണ്ടി 'ആയിരുന്നെങ്കില്‍' എന്ന പദം ഉപയോഗിക്കല്‍ ഹറാമാണ്. എന്നാല്‍ ഒരു നന്മ നിറഞ്ഞ ആഗ്രഹം പറയുവാനോ ഉപകാരമുള്ള അറിവ് നല്‍കുവാനോ ഒക്കെയാണെങ്കില്‍ അത് അനുവദനീയവും നല്ലതുമാണ്.
ഈ വിഷയം വിശദമായി വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ വിശദീകരിച്ചു കൊണ്ട് ഷെയ്ഖ്‌ മുഹമ്മദ്‌ ഇബ്നു സ്വാലിഹ് അല്‍ഉസൈമീന്‍رحمه الله വിശദമാക്കുന്നുണ്ട്. കിത്താബു തൌഹീദിലെ باب ما جاء في "لو എന്ന അദ്ധ്യായത്തിനു ശറഹ് നല്‍കി കൊണ്ട് നല്‍കിയ പ്രസ്തുത വിശദീകരണം ഇപ്രകാരമാണ്.

"‘ആയിരുന്നെങ്കില്‍’ എന്ന പദം വ്യത്യസ്ത രൂപത്തില്‍ ഉപയോഗിക്കുന്നു.

1. ദീനി നിയമത്തെ എതിര്ക്കുവാന്‍ വേണ്ടി ഉപയോഗിക്കുന്നത്. ഇത് ഹറാമാണ്. (ദീനിയായ ഒരു നിയമത്തെ കുറിച്ച് അങ്ങനെ ഇല്ലെങ്കില്‍ നന്നായേനെ എന്ന രൂപത്തില്‍ ഉപയോഗിക്കുന്നത്.)
അള്ളാഹു പറയുന്നു.:
لَوْ أَطَاعُونَا مَا قُتِلُوا
(ഞങ്ങളെ അനുസരിച്ചുവെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല).[3:168]
ഇത് ഉഹ്ദ് യുദ്ധത്തിന്റെ സന്ദര്ഭത്തിലാണ്, വഴിയില്‍ വെച്ച് തന്നെ അബ്ദുള്ളാഹ് ബ്നു ഉബയ്യും മൂന്നിലൊന്നു വരുന്ന സൈന്യവും തിരികെ മടങ്ങി. പിന്നീട് എഴുപത് മുസ്ലിമീങ്ങള്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ റസൂല്‍ﷺ യുടെ ആ ദീനി നിയമത്തിനെ മുനാഫിഖുകള്‍ എതിര്ത്തു , അവര്‍ പറഞ്ഞു ഞങ്ങളെ അനുസരിക്കുകയും ഞങ്ങള്‍ മടങ്ങിയത് പോലെ അവരും മടങ്ങുകയും ചെയ്തിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല. റസൂല്‍ﷺ വിന്റെെ നിയമത്തേക്കാള്‍ ഞങ്ങളും വീക്ഷണമാണ് ശരി.. (ഈ നിലപാട്) ഹറാമും കുഫ്രില്‍ എത്തുന്നതുമാണ്. (ഇത് പോലെ ദീനിലെ ഏതെങ്കിലും ഒരു നിയമം അങ്ങനെ ഇല്ലെങ്കില്‍ എത്ര നന്നായേനെ എന്നോ ആ നിയമം ഇങ്ങനെ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ എന്നു പറയലും ഉദാഹരങ്ങള്‍ ആണ്.)

2. അല്ലാഹുവിന്റെ വിധിയെ എതിര്ക്കുാവാന്‍ വേണ്ടി ഉപയോഗിക്കല്‍ :
ഇതും ഹറാം തന്നെ. അള്ളാഹു പറഞ്ഞു:
يَا أَيُّهَا الَّذِينَ آمَنُوا لَا تَكُونُوا كَالَّذِينَ كَفَرُوا وَقَالُوا لِإِخْوَانِهِمْ إِذَا ضَرَبُوا فِي الْأَرْضِ أَوْ كَانُوا غُزًّى لَّوْ كَانُوا عِندَنَا مَا مَاتُوا وَمَا قُتِلُوا لِيَجْعَلَ اللَّـهُ ذَٰلِكَ حَسْرَةً فِي قُلُوبِهِمْ ۗ وَاللَّـهُ يُحْيِي وَيُمِيتُ ۗ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ
(സത്യവിശ്വാസികളേ, നിങ്ങള്‍ (ചില) സത്യനിഷേധികളെപ്പോലെയാകരുത്‌. തങ്ങളുടെ സഹോദരങ്ങള്‍ യാത്രപോകുകയോ, യോദ്ധാക്കളായി പുറപ്പെടുകയോ ചെയ്തിട്ട് മരണമടയുകയാണെങ്കില്‍ അവര്‍ പറയും: ഇവര്‍ ഞങ്ങളുടെ അടുത്തായിരുന്നെങ്കില്‍ മരണപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ലായിരുന്നു. അങ്ങനെ അല്ലാഹു അത് അവരുടെ മനസ്സുകളില്‍ ഒരു ഖേദമാക്കിവെക്കുന്നു. അല്ലാഹുവാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹു നിങ്ങള്‍ പ്രവര്ത്തിുക്കുന്നതെല്ലാം കണ്ടറിയുന്നവനുമത്രെ.)[3:156]
അഥവാ അവര്‍ അവിടെ നിന്നിരുന്നെങ്കില്‍ കൊല്ലപ്പെടുമായിരുന്നില്ല എന്നാണു പറഞ്ഞത്. അവര്‍ അല്ലാഹുവിന്റെ വിധിയെ എതിര്ക്കുകയാണ് ചെയ്തത്.

3. സംഭവിച്ചതിനെ കുറിച്ചുള്ള ദുഖതിനോ പരിതപിക്കുവനോ വേണ്ടി ഉപയോഗിക്കുന്നത്.
ഇതും ഹറാമാണ്. കാരണം അത്തരത്തില്‍ നടന്നു കഴിഞ്ഞതിനെ കുറിച്ച് ദുഃഖം ഉണ്ടാക്കുന്ന ഏതൊരു കാര്യവും വിലക്കപ്പെട്ടതാണ്‌. കഴിഞ്ഞതിനെ കുറിച്ചുള്ള ദുഃഖം സമ്പാതിക്കുന്നത് വിഷമവും ഞെരുക്കവുമാണ്.നാം വിശാലതയിലും സന്തോഷത്തിലും ആകുവാനാണ് അള്ളാഹു ഉദ്ദേശിക്കുന്നത്. നബിﷺ പറഞ്ഞു:
احرص على ما ينفعك واستعن بالله ولا تعجز، وإن أصابك شيء فَلَا تَقُلْ: لَوْ أَنِّي فَعَلْت لَكَانَ كَذَا وَكَذَا وَلَكِنْ قُلْ: قَدَّرَ اللَّهُ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ
നിനക്ക് ഉപകരമുള്ളതിലെക് നീ ദൃതിപ്പെടുക. അല്ലാഹുവിനോട് സഹായം തേടുക, നീ ദുര്ബലനാകരുത്. വല്ലതും നിന്നെ ബാധിച്ചാല്‍ 'ഞാന്‍ ഇന്ന ഇന്നത് ചെയ്തിരുന്നെങ്കില്‍ ഇപ്രകാരമൊക്കെ ആകുമായിരുന്നു' എന്ന് നീ പറയരുത്. പകരം 'അല്ലാഹു കണക്കാക്കിയ വിധി, അവനുദ്ദേശിച്ചത് നടന്നു' എന്ന് പറയുക. 'എങ്കില്‍' എന്ന പ്രയോഗം പിശാചിന്റെ പ്രവര്ത്തിനങ്ങള്‍ തുറക്കുന്നതാണ്. (മുസ്‌ലിം).
ഉദാഹരണത്തിന് ഒരാള്‍ ലാഭമുണ്ടെന്നു കരുതിക്കൊണ്ട് ഒരു വസ്തു വാങ്ങി,ശേഷം അത് നഷ്ടമായി,അപ്പോള്‍ അവന്‍ പറഞ്ഞു ‘ഞാന്‍ അത് വാങ്ങിയില്ലായിരുന്നെങ്കില്‍ എനിക്ക് നഷ്ടം ഉണ്ടാകുമായിരുന്നില്ല. ഇത് വിലാപവും കഴിഞ്ഞതിനെ കുറിച്ചുള്ള ദുഖവുമാണ്, ഇങ്ങനെ ധാരാളം സംഭവിക്കുന്നുണ്ട്. തീര്ച്ചയായും ഇത് നിഷിദ്ധമാക്കപ്പെട്ടതാണ്.

4. തെറ്റുകള്‍ക്ക് അല്ലാഹുവിന്‍റെ  വിധിയെ തെളിവ് പിടിക്കുവാന് വേണ്ടി ഉപയോഗിക്കല്‍.
ഉദാഹരണത്തിന് മുശ്രിക്കുകള്‍ പറഞ്ഞു:
لَوْ شَاءَ اللَّـهُ مَا أَشْرَكْنَا
അള്ളാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ ശിര്ക്ക് ചെയ്യുമായിരുന്നില്ല [6:148].
لَوْ شَاءَ الرَّحْمَـٰنُ مَا عَبَدْنَاهُم
പരമ കാരുണ്യകന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവയെ ആരാധിക്കുമായിരുന്നില്ല [43:20] ز
ഇങ്ങനെ പറയല്‍ ബാതിലാണ്.

5. ആഗ്രഹം പ്രകടിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കല്‍.
പ്രസ്തുത ആഗ്രഹത്തിനു അനുസരിച്ചാണ് അതിന്‍റെ വിധി. അത് നന്മയാണെങ്കില്‍ (അതിന്റെ വിധി)നന്മയും തിന്മയാണ് എങ്കില്‍ തിന്മയും ആണ്.
നാല് പേരുടെ കഥ പറയുന്ന നബിﷺ യുടെ സ്വഹീഹായ ഹദീസില്‍ (സമ്പത്തും ഇല്മും ഉണ്ടാകുകയും അവ രണ്ടിലും തഖ്‌വ പാലിക്കുകയും ചെയ്ത ആളെ ഉദ്ദേശിച്ചു ഇല്മു ഉണ്ടാകുകയും എന്നാല്‍ സമ്പത്ത് ഇല്ലാതിരിക്കുകയും ചെയ്ത) ആള്‍ പറഞ്ഞു: “എന്റെയടുക്കള്‍ സമ്പത്ത് ഉണ്ടായിരുന്നെങ്കില്‍ ഞാനും അദ്ദേഹത്തിന്റെ പ്രവര്ത്തനങ്ങള്‍ ചെയ്യുമായിരുന്നു”. ഇവിടെ ഇദ്ദേഹം നന്മയാണ് ആഗ്രഹിച്ചത്.
എന്നാല്‍ (സമ്പത്ത് ഉണ്ടാകുകയും ഇല്മു ഇല്ലാതിരിക്കുകയും തന്റെമ സമ്പത്ത് തിന്മയില്‍ നശിപ്പിക്കുകയും ചെയ്ത ആളെ ഉദ്ദേശിച്ചു സമ്പത്തോ ഇല്മോ ഇല്ലാത്ത) രണ്ടാമന്‍ പറഞ്ഞു: എന്റെയടുക്കല്‍ സമ്പത്ത് ഉണ്ടായിരുന്നെങ്കില്‍ ഞാനും അദ്ദേഹത്തിന്റൊ പ്രവര്ത്തനങ്ങള്‍ ചെയ്യുമായിരുന്നു”. ഇവിടെ ഇയാള്‍ തിന്മയാണ് ആഗ്രഹിച്ചത്. നബിﷺ ഒന്നാമനെ കുറിച്ച് പറഞ്ഞു: “അവന്‍ അവന്‍റെ നിയ്യത്തനുസരിച്ചാകുന്നു. അവര്‍ രണ്ടു പേരുടെയും(നന്മകള്‍ ചെയ്ത ധനികന്റെയും ആ നന്മകള്‍ ആഗ്രഹിച്ച പാവപ്പെട്ടവന്റെയും) പ്രതിഫലം തുല്യമാകുന്നു”. രണ്ടാമനെ കുറിച്ച് നബിﷺ പറഞ്ഞു: “അവന്‍ അവന്‍റെ നിയ്യത്ത് അനുസരിച്ചാകുന്നു. അവര്‍ രണ്ടു പേരുടെയും(തിന്മകള്‍ ചെയ്ത ധനികന്റെയും ആ തിന്മകള്‍ ആഗ്രഹിച്ച പാവപ്പെട്ടവന്റെയും) പാപഭാരം തുല്യമാകുന്നു”.
( الترمذي وصححه الألباني في " صحيح سنن الترمذي 2325) ).

6. കേവലമായ കാര്യങ്ങള്‍ പറയുവാന്‍ വേണ്ടി ഉപയോഗിക്കല്‍.
ഇത് അനുവദനീയമാണ്. ഉദാഹരണത്തിന് ഞാന്‍ ദര്സില്‍ പങ്കെടുത്തിരുന്നെങ്കില്‍ അതില്‍ നിന്ന് ഗുണം കിട്ടുമായിരുന്നു എന്ന് പറയല്‍.അതില്‍ പെട്ടതാണ് നബിﷺ പറഞ്ഞത്
"ഇപ്പോള്‍ അറിഞ്ഞത് നേരെത്തെ അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ ബലി മൃഗത്തെ കൊണ്ട് വരില്ലായിരുന്നു, നിങ്ങളുടെ കൂടെ തഹല്ലുല്‍ (മുടി മുറിച്ചു കൊണ്ട് ഇഹ്രാമില്‍ നിന്ന് മോചിതനാകല്‍) ആകുമായിരുന്നു"(ബുഖാരി മുസ്ലിം).
സ്വഹാബികളില്‍ ഇങ്ങനെയൊന്നു ഉണ്ടാകും എന്നറിഞ്ഞെങ്കില്‍ ഞാന്‍ ബലി മൃഗത്തെ കൊണ്ട് വരില്ലായിരുന്നു എന്നും ഇപ്പോള്‍ തന്നെ തഹല്ലുല്‍ ആകുമായിരുന്നു എന്നും നബിﷺ അറിയിക്കുകയാണ് ചെയ്തത്. (ഹജ്ജിനും ഉമ്രക്കും വേണ്ടി മക്കയില്‍ എത്തുകയും ഉമ്ര കഴിയുകയും ചെയ്തപ്പോള്‍ ബലി മൃഗത്തെ കൊണ്ട് വരാത്ത എല്ലാവരോടും തഹല്ലുല്‍ ആകാന്‍ പറഞ്ഞു, ശേഷം താന്‍ അപ്രകാരം ചെയ്യാത്തത് ബലി മൃഗത്തെ നാട്ടില്‍ നിന്ന് കൊണ്ട് വന്നത് കൊണ്ടാണ് എന്ന വിഷയം പഠിപ്പിക്കുകയാണ് ഇവിടെ നബിﷺ ചെയ്തത്).(നീ വന്നിരുന്നെങ്കില്‍ അത് തരുമായിരുന്നു, തുടങ്ങിയവ ഉദാഹരണങ്ങള്‍ ആണ്, ഒരു കാര്യം അറിയിക്കല്‍ മാത്രമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്)
(ശൈഖിന്‍റെ വാചകം അവസാനിച്ചു, ബ്രാക്കറ്റുകള്‍ ലേഖകന്‍റെ വിശദീകരണങ്ങള്‍ ആണ്.)1

ഷെയ്ഖ്‌ നാസ്സിറു സ്സഅ'ദിرحمه الله യുടെ വാക്കുകള്‍ കൂടി കൂടുതല്‍ വ്യക്തതക്ക് വേണ്ടി നല്‍കുന്നു:
فاستعمال لو تكون بحسب الحال الحامل عليها إن حمل عليها الضجر والحزن وضعف الإيمان بالقضاء والقدر أو تمني الشر كان مذموما وإن حمل عليها الرغبة في الخير والإرشاد والتعليم كان محمودا
(ആയിരുന്നെങ്കില്‍ എന്നതിന്‍റെ ഉപയോഗം അത് ഉപയോഗിക്കുന്നയാളുടെ പ്രയോഗത്തിനു അനുസരിച്ചാണ്.വിരസതക്കും സങ്കടത്തിനും ദുഖത്തിനും വിധി വിശ്വാസത്തിലെ ദുര്‍ബലതക്കും അല്ലെങ്കില്‍ തിന്മ ഉദ്ദേശിച്ചോ ആണ് ഉപയോഗിക്കുന്നത് എങ്കില്‍ അത് ആക്ഷേപിക്കപ്പെട്ടതും നന്മയോടുള്ള താല്പര്യതിലോ പഠിപ്പിക്കുവാനോ നിര്‍ദേശിക്കാനോ വേണ്ടിയെങ്കില്‍ അത് പ്രശംസനീയവുമാണ്.)2

അതിനാല്‍ തന്നെ ഇന്ന് ആളുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് പോലെ സംഭവിച്ച കാര്യങ്ങളിലെ ദുഖമോ സങ്കടമോ പറയുവാനോ വിധിയില്‍ അമര്‍ഷം രേഖപ്പെടുതാനോ മറ്റോ ഇങ്ങനെ പറയല്‍ ഹറാമാണ്‌. അത് നിര്‍ബന്ധമായും നമ്മില്‍ ഉണ്ടാകേണ്ട ക്ഷമക്ക് വിരുദ്ധവും നമ്മുടെ വിധി വിശ്വാസത്തിനു വിരുദ്ധവുമാണ്. എല്ലാ സന്ദര്‍ഭത്തിലും അല്ലാഹുവിനെ പൂര്‍ണമായും ത്രുപ്തിപ്പെടാനും ക്ഷമ കൈ കൊള്ളുവാനും നമുക്ക് സാധിക്കേണ്ടതുണ്ട്.

ശുറൈഹ്رحمه اللهയെ തൊട്ടു ഉദ്ധരിക്കപ്പെട്ട വാചകം ശ്രദ്ധേയമാണ്:
إِنِّي لأُصَابُ بِالمُصِيبَةِ ، فَأَحْمَدُ اللهَ عَلَيْهَا أَرْبَعَ مَرَّاتٍ
،أَحْمَدُ إِذْ لَمْ يَكُنْ أَعْظَمَ مِنْهَا، وَأَحْمَدُ إِذْ رَزَقَنِي الصَّبْرَ عَلَيْهَا ، وَأَحْمُدُ إِذْ وَفَّقَنِي لِلاسْتِرْجَاعِ لِمَا أَرْجُو مِنَ الثَّوَابِ ، وَأَحْمَدُ إِذْ لَمْ يَجْعَلْهَا فِي دِينِي)).
(എന്നില്‍ പ്രയാസം ബാധിച്ചാല്‍ ഞാന്‍ നാല് തവണ അല്ലാഹുവിനെ സ്തുതിക്കും: അതിനേക്കാള്‍ വലിയത് ആകാത്തതില്‍ ഞാന്‍ സ്തുതിക്കും. അതിന്മേല്‍ ക്ഷമ നല്‍കിയതിനും ഞാന്‍ അവനെ സ്തുതിക്കും, എനിക്ക് പ്രതിഫലം പ്രതീക്ഷിക്കാവുന്ന ഇന്നാ ലില്ലാ..എന്ന വചനത്തലേക്ക് എനിക്ക് തൌഫീഖ് നല്‍കിയതില്‍ ഞാന്‍ അവനെ സ്തുതിക്കും, ആ പ്രയാസം എന്‍റെ ദീനില്‍ ആക്കാത്തതില്‍ ഞാന്‍ അവനെ സ്തുതിക്കും.) ( شعب الايمان للبيهقي)

അള്ളാഹു ശക്തമായ ഈമാനുള്ള വിശ്വാസികളില്‍ നമ്മെ ഉള്‍പ്പെടുത്തട്ടെ.. ആമീന്‍.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

✍️ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം.

അവലംബം:
1. القول المفيد على كتاب التوحيد
2. القول السديد في مقاصد التوحيد