ഗര്ഭിണികളും മുലയൂട്ടുന്ന
സ്ത്രീകളും നോമ്പ് നോക്കുന്നതിലൂടെ സ്വന്തത്തിനോ കുഞ്ഞിനോ പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാല്‍
അവര്ക്ക് നോമ്പ് ഉപേക്ഷിക്കാന്‍ അനുവാദമുണ്ട്
എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമില്ല.
എന്നാല്‍ അങ്ങനെ ഉപേക്ഷിക്കുന്ന
നോമ്പിനു പകരം പിന്നീട് എന്ത് ചെയ്യണം എന്ന വിഷയത്തില്‍ പൂര്‍വീകരും ആധുനികരും ആയ ഉലമാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് പറഞ്ഞത്.
ആ അഭിപ്രായ ഭിന്നതായകട്ടെ
ന്യായവും ശക്തവുമാണ്. അതിനാല്‍ ഉലമാക്കളിലെ ഏതെങ്കിലും ഒരു അഭിപ്രായം സ്വീകരിച്ചവരെ
മറിച്ചു അഭിപ്രായമുള്ളവര്‍ ആക്ഷേപിക്കുവാനോ കുറ്റപ്പെടുത്തുവാനോ പാടുള്ളതല്ല.
സലഫുകളും പിന്ഗാമികളും
ആയ ഉലമാക്കളുടെ അഭിപ്രായങ്ങള്‍ പരിശോധിച്ചാല്‍
പ്രസിദ്ധമായ അഭിപ്രായങ്ങള്‍ ഇവയാണ്.
1. ഗര്ഭിണികളും മുലയൂട്ടുന്നവരും അക്കാരണത്താല്‍ ഒഴിവാക്കിയ
നോമ്പിനു പകരം പിന്നീട് നോമ്പ് എടുത്ത് വീട്ടണം, ഫിദ്യ കൊടുക്കേണ്ടതില്ല. ഹനഫി മദ്ഹബിന്‍റെ അഭിപ്രായം ഇതാണ്.
സലഫുകളായ ഹസന്‍, ഇബ്രാഹിം നഖഇ,
ഔസായി, തുടങ്ങിയവരും ആധുനികരായ ഷെയ്ഖ് ഇബ്നു ബാസ്, ഇബ്നു ഉസൈമീന്‍ തുടങ്ങിയവരുമൊക്കെ ഈ അഭിപ്രായമാണ് പറഞ്ഞത്. (رحمهم الله)
2. ഗര്ഭിണികളും മുലയൂട്ടുന്നവരും
കുഞ്ഞിനു പ്രയാസം ഉണ്ടാകുമെന്ന് ഭയപ്പെട്ടാണ് ഒഴിവാക്കിയതെങ്കില്‍ പിന്നീട് നോമ്പേടുക്കുകയും
അതിന്‍റെ കൂടെ ഫിദ്യ കൊടുക്കുകയും വേണം. ഇതാണ് ഷാഫി, ഹന്ബലി മദ്ഹബുകളുടെ അഭിപ്രായം. ആധുനികരില്‍ ഷെയ്ഖ് സ്വാലിഹുല്‍
ഫൌസാന്‍, ഷെയ്ഖ് സുലൈമാന്‍ റുഹൈലി (حفظهما الله) തുടങ്ങിയവര്‍ ഈ അഭിപ്രായമാണ് കൂടുതല്‍ ശരിയായതായി പറഞ്ഞത്. മാലികി മദ്ഹബ്കാര് മുലയൂട്ടുന്ന
സ്ത്രീകള്‍ കുഞ്ഞിന്റെയ വിഷയത്തില്‍ ഭയപ്പെട്ടാല്‍ നോമ്പും ഫിദ്യയും കൊടുക്കണമെന്നും
ഗര്ഭിണികള്‍ നോമ്പ് എടുത്താല്‍ മതി, ഫിദ്യ വേണ്ടതില്ല എന്നുമാണ് പറഞ്ഞത്.
3. ഗര്ഭിണികളും മുലയൂട്ടുന്നവരും അത് കാരണത്താല്‍ ഒഴിവാക്കിയ
നോമ്പിനു പകരം ഫിദ്യ കൊടുക്കണം, നോമ്പ് എടുത്ത് വീട്ടേണ്ടതില്ല.
സ്വഹാബികളായ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍ തുടങ്ങിയവരും
സഅദു ബ്ന്‍ മുസയ്യബ്, സഅദു ബ്ന്‍ ജുബൈര്‍
തുടങ്ങിയവരും ആധുനികരില്‍ ഷെയ്ഖ് അല്ബാനി, ഷെയ്ഖ് ഫര്കൂിസ്, മുഹമ്മദ് ബാസ്മൂല്‍ തുടങ്ങിയവരുമൊകെ ഈ അഭിപ്രായം വ്യക്ത്മാക്കിയവര്‍ ആണ്. (رحمهم الله)
പിന്നീട് നോമ്പ് എടുത്തു
വീട്ടണം എന്ന് പറയുന്ന ഉലമാക്കള്‍ പറഞ്ഞതിന്‍റെ ചുരുക്കം ഇങ്ങനെ സംഗ്രഹിക്കാം.
ഗര്‍ഭിണികളും മുലയൂട്ടുന്നവരും രോഗികളെയും യാത്രക്കാരെയും പോലെയാണ്. രോഗിക്കും യാത്രക്കാരനും
നോമ്പ് ഒഴിവാക്കാന്‍ ഇളവ് നല്കിയതിന്റെ കാരണം അവര്ക്ക് അതിലൂടെ പ്രയാസം ഉണ്ടാകുന്നു എന്നതാണ്.ഗര്ഭിണിയും
മുലയൂട്ടുന്നവരും നോമ്പ് ഒഴിവാക്കുന്നതും പ്രയാസം കാരണത്താല്‍ ആണ്. അതിനാല്‍ അവര്‍ രോഗികളെ പോലെ പിന്നീട് നോമ്പ് എടുത്ത് വീട്ടുകയാണ് വേണ്ടത്.
അത് പോലെ അനസ് ബ്ന്‍ മാലിക്ക് അല്‍ കഅബി
ഉദ്ധരിക്കുന്ന ഹദീസില്‍ യാത്രക്കാരനും ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും നബിﷺ നോമ്പില്‍ നിന്ന് ഇളവ് നല്കിയതായി കാണാം. (താഴെ രണ്ടാം നമ്പര്‍ ആയി ഹദീസ് കൊടുത്തിട്ടുണ്ട്.) അതില്‍ നിന്നും അവര്ക്ക് യാത്രക്കാരനെപ്പോലെ നോമ്പ് ഉപേക്ഷിക്കാമെന്നും ശേഷം
ആ നോമ്പ് നോറ്റ് വീട്ടണമെന്നും മനസ്സിലാക്കാം.
കുട്ടിയുടെ
വിഷയത്തില്‍ ഭയപ്പെട്ടാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ നോമ്പിന്റെ കൂടെ ഫിദ്യ കൂടി
കൊടുക്കണം എന്ന് പറയുന്നവര്‍ ഇബ്നു അബ്ബാസ്, ഇബ്നു ഉമര്‍(رضي الله عنهم) തുടങ്ങിയവര്‍ ഫിദ്യ കൊടുക്കുവാന്‍ പറഞ്ഞതു ഇതിന്‍റെ കൂടെ ചേര്‍ത്ത് വെച്ച് കൊണ്ട് തെളിവായി പറയുകയും ചെയ്യുന്നു.
എന്നാല്‍ നേര്‍ക്ക് നേരെ തെളിവുകളോട്
കൂടുതല്‍ അടുത്ത അഭിപ്രായം ഗര്ഭിണികളും മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി
നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ കൊടുക്കുകയാണ് വേണ്ടതെന്നുമാണ്. കാരണങ്ങള്‍ ഓരോന്നായി താഴെ വിവരിക്കുന്നു.
1. അള്ളാഹു പറഞ്ഞു:
وَعَلَى الَّذِينَ يُطِيقُونَهُ
فِدْيَةٌ طَعَامُ مِسْكِينٍ
((നോമ്പ് എടുക്കുവാന്‍) സാധിക്കുന്നവര്‍ മിസ്കീന്മാര്ക്ക് ഫിദ്യ കൊടുക്കട്ടെ.)
(2:184)
ഇത് ആദ്യ കാലത്ത്
ഉള്ള നിയമം ആയിരുന്നു. നോമ്പ് നോക്കുവാന്‍ കഴിവുള്ള ആളുകള്ക്കും വേണമെങ്കില്‍ അത് ഒഴിവാക്കി പകരമായി ഫിദ്യ കൊടുത്താല്‍
മതി.
എന്നാല്‍ തൊട്ടു
ശേഷമുള്ള ആയതിലൂടെ നോമ്പ് നോക്കുവാന്‍ കഴിയുന്ന യാത്രക്കാരന്‍ അല്ലാത്ത ആളുകളുടെ മേല്‍
ഈ നിയമം ദുര്ബലപ്പെട്ടു. അത് ഇമാം ബുഖാരിയും മറ്റും നിവേദനം ചെയ്ത ഹദീസുകളില്‍
വന്നതുമാണ്.മുഫസ്സിരീങ്ങള്‍ വ്യക്തമാക്കിയതുമാണ്.
പക്ഷെ പൂര്‍ണമായും ആയത്തില്‍ പറഞ്ഞ നിയമം ദുര്ബലപ്പെട്ടില്ല.
കാരണം ഈ ആയത്തിന് മറ്റൊരു ഖിറാഅത്ത് ഇബ്നു അബ്ബാസിرضي الله عنهماനെ തൊട്ടു സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.അത് ഇപ്രകാരമാണ് وَعَلَى الَّذِينَ يُطَوَّقُونَهُ നോമ്പ് എടുക്കുവാന്‍ പ്രയാസപ്പെടുന്നവര്‍ ഫിദ്യ കൊടുക്കട്ടെ എന്ന അര്‍ഥമാണ് അപ്പോള്‍ ലഭിക്കുക.
(മലയാളമടക്കമുള്ള പല പരിഭാഷകളിലും “(ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍" എന്ന അര്ഥമാണ് കാണുവാന്‍ കഴിയുക. അത് ഈ ഖിറാഅത്ത് കൂടി പരിഗണിച്ചാണ് എന്ന് അമാനി മൌലവിയെ പോലുള്ളവര്‍ വിശദീകരിച്ചത് ശ്രദ്ധേയമാണ്)
ഇബ്നു അബ്ബാസ്رضي الله عنهما ഈ ഖിറാഅത്ത് പറഞ്ഞു കൊണ്ട് വിശദീകരിക്കുന്നത് കാണുക.
لَيْسَتْ بِمَنْسُوخَةٍ هُوَ الشَّيْخُ
الكَبِيرُ، وَالمَرْأَةُ الكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا
فَيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا
(ഇത്(ഈ ആയത്)ദുര്ബലപ്പെട്ടതല്ല,
അത് നോമ്പ് എടുക്കാന്‍ കഴിയാത്ത അങ്ങേയറ്റം വൃദ്ധനായ പുരുഷനും വൃദ്ധയായ സ്ത്രീയും
ആണ് അത്. അവര്‍ ഓരോ ദിവസത്തിനും മിസ്കീനിനു ഭക്ഷണം കൊടുക്കണം).(സ്വഹീഹുല്‍ ബുഖാരി)
ഒന്ന് കൂടി
വിശദമായി നിയമം ദുരബലപ്പെടാത്ത ആളുകള്‍ ആരൊക്കെയാണ് എന്ന് ഇബ്നു അബ്ബാസ്رضي الله عنهما തന്നെ വിശദീകരിക്കുന്നതും കാണുക.
رخص للشيخ الكبير , والعجوز الكبيرة فى
ذلك وهما يطيقان الصوم أن يفطرا إن شاءا , ويطعما كل يوم مسكينا , ولا قضاء عليهما
, ثم نسخ ذلك فى هذه الآية: (فمن شهد منكم الشهر فليصمه) , وثبت للشيخ الكبير
والعجوز الكبيرة إذا كانا لا يطيقان الصوم , والحبلى والمرضع إذا خافتا أفطرتا ,
وأطعمتا كل يوم مسكينا "
'നോമ്പ് എടുക്കുവാന്‍
കഴിവുള്ള പ്രായമായ പുരുഷന്മാര്ക്കും സ്ത്രീകള്ക്കും ഉദ്ദേശിക്കുന്നുവെങ്കില്‍ നോമ്പ് ഉപേക്ഷിക്കാനും
ഓരോ ദിവസവും മിസ്കീന് ഭക്ഷിപ്പിക്കുവാനും ഇളവു നല്കഴപ്പെട്ടു. അവരുടെ മേല്‍ ഖദാ ഇല്ല.
പിന്നെ ഇത് “ആര് ആ മാസത്തില്‍
ഹാജരുണ്ടോ അവര്‍ നോമ്പ് എടുക്കട്ടെ” എന്ന ആയതിലൂടെ ദുര്ബലപ്പെട്ടു. (എന്നാല്‍) നോമ്പ് എടുക്കാന്‍ സാധിക്കാത്ത പ്രായമുള്ള
പുരുഷനും സ്ത്രീക്കും അത് പോലെ പ്രയാസം ഭയന്നു നോമ്പ് ഉപേക്ഷിച്ച ഗര്ഭിണിക്കും മുലയൂട്ടുന്നവള്ക്കും ഇക്കാര്യം സ്ഥിരപ്പെട്ടു(അഥവാ അവരുടെ മേല്‍ നിയമം
ദുര്ബലപ്പെട്ടില്ല.). അവര്‍ ഓരോ ദിവസത്തിനും മിസ്കീന് ഭക്ഷണം നല്കണം.
( ابن الجارود فى " المنتقى " (381)
والبيهقى (4/230 تفسير الطبري , ارواء الغليل 912 )
അപ്പോള്‍ നോമ്പ് എടുക്കാന്‍ പ്രയസപ്പെടുന്ന പകരമായി ഫിദ്യ കൊടുക്കേണ്ട ആളുകള്‍ പ്രായം കൂടിയ വൃദ്ധര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരാണ് . അവര്‍ക്കുള്ള പ്രസ്തുത നിയമം നിലനില്‍ക്കുകയും ചെയ്യുന്നു.
ചുരുക്കത്തില്‍ ആയതിന്‍റെ മുതവാതിറായി വന്ന ഖിറാഅത്ത് പ്രകാരമുള്ള നിയമം ദുര്‍ബലപ്പെട്ടു. ഷാദ് ആയി വന്ന ഖിറാഅത്ത് പ്രകാരം ലഭിക്കുന്ന നിയമം നില നില്‍ക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ് ഇമാം ഖുര്‍തുബിയെ പോലുള്ളവര്‍ വിശദീകരിച്ചത്.[10 ഖിറാഅത്തില്‍ പെടാത്തതിനാല്‍ ആണ് ഇത് ഷാദ് ആയ ഖിറാഅത്ത് എന്ന് പറയുന്നത്.സ്വഹാബിമാരെ തൊട്ടു സ്ഥിരപ്പെട്ടു വന്ന ഷാദ് ആയ ഖിറാഅത്ത് ഹുജ്ജത്താണ്. ഏറ്റവും ചുരുങ്ങിയത് അത് ഖുര്‍ആനിനെ വിശദീകരിക്കുന്ന ഒന്നാണ്. കാരണം സ്വഹാബി അങ്ങനെ പറയണമെങ്കില്‍ അത് റസൂല്‍ﷺയില്‍ കേട്ടിട്ട് മാത്രമാകും. ]
അതിനാല്‍ ഈ വ്യക്യാനവും അതിനു ബലം നല്‍കുന്ന പാരായണവും ഈ വിഷയത്തിലെ വലിയ തെളിവുമാണ്.
2.നബിﷺപറഞ്ഞു :
إِنَّ اللَّهَ تَعَالَى وَضَعَ عَنِ
المُسَافِرِ الصَّوْمَ، وَشَطْرَ الصَّلَاةِ، وَعَنِ الحَامِلِ أَوِ المُرْضِعِ
الصَّوْمَ أَوِ الصِّيَامَ
അള്ളാഹു തആല യാത്രക്കാരനില്‍
നിന്നും നമസ്കാരത്തിന്റെ പകുതിയും നോമ്പും എടുത്തു മാറ്റി. അത് പോലെ ഗര്ഭിണിയെ തൊട്ടും മുലയൂട്ടുന്നവളെ തൊട്ടും നോമ്പിനെയും എടുത്തു മാറ്റി. (തിര്മുനദി,നസാഇ,ഇബ്നു മാജ, ഷെയ്ഖ് അല്ബാനി സ്വഹീഹെന്നു
സ്ഥിരപ്പെടുത്തി.)
ഇവിടെ യാത്രക്കാര്ക്കും ഗര്ഭിണികള്ക്കും മുലയൂട്ടുന്നവള്ക്കും നോമ്പ് ഇല്ലെന്നു പറഞ്ഞു. എന്നാല്‍ യാത്രക്കാര്‍
മറ്റൊരു ദിവസം നോമ്പ് എടുക്കണം എന്ന് വിശുദ്ധ ഖുര്ആന്‍ തന്നെ പറഞ്ഞു. പക്ഷെ ഗര്ഭിണികളും മുലയൂട്ടുന്നവളും മറ്റൊരു ദിവസം നോമ്പ് എടുക്കണം
എന്ന് ഖുര്ആിനോ സുന്നതോ പറഞ്ഞില്ല. അതിനാല്‍ അവര്ക്ക് അങ്ങനെ എടുത്തു വീട്ടേണ്ടതില്ല.
3. ഈ വിഷയത്തില്‍ സ്വഹാബികള്‍ പറഞ്ഞത് സ്വഹീഹായി വന്നിട്ടുണ്ട്.
ഇബ്നു അബ്ബാസ് رضي الله عنهما ആയത്
വിശദീകരിച്ചു കൊണ്ട് പറഞ്ഞത് മുകളില്‍ കണ്ടു. അദ്ധേഹത്തെ തൊട്ടു തന്നെ വന്ന മറ്റൊരു
രിവായത് കാണുക.
عن ابن عباس قال: " إذا خافت
الحامل على نفسها , والمرضع على ولدها فى رمضان قال: يفطران , ويطعمان مكان كل يوم
مسكينا , ولا يقضيان صوما
".
"ഇബ്നു അബ്ബാസ്رضي الله عنهما പറഞ്ഞു:
“റമദാനില്‍ ഗര്ഭിണി തന്റെ കാര്യത്തില്‍ ഭയപ്പെട്ടാല്‍, അത് പോലെ മുലയൂട്ടുന്നവള്‍ കുഞ്ഞിന്റെ കാര്യത്തിലും ഭയപ്പെട്ടാല്‍
അവര്‍ രണ്ടു പേരും നോമ്പ് മുറിക്കട്ടെ, ഓരോ ദിവസത്തിന്റെയും സ്ഥാനത്ത് മിസ്കീനെ ഭക്ഷിപ്പിക്കട്ടെ, അവര്‍ രണ്ടു പേരും ഖദാ വീട്ടെണ്ടതില്ല.“
(ഇമാം ത്വബരി തഫ്സീറില്‍ ഉദ്ധരിച്ചത്. സ്വഹീഹെന്നു
ഷെയ്ഖ് അല്ബാനി സ്ഥിരപ്പെടുത്തി.)
മറ്റൊരു രിവായത് ഇങ്ങനെയാണ്.
عن ابن عباس: " أنه رأى أم ولد له
حاملا أو مرضعا فقال: أنت بمنزلة الذى لا يطيق , عليك أن تطعمى مكان كل يوم مسكينا
ولا قضاء عليك
"ഇബ്നു അബ്ബാസിനെ തൊട്ടു
നിവേദനം: അദ്ദേഹം തന്റ അടിമ സ്ത്രീയെ കണ്ടു, അവള്‍ ഗര്ഭിണിയോ മുലയൂട്ടുന്നവളോ ആണ്. അദ്ദേഹം പറഞ്ഞു: നീ (നോമ്പ്
എടുക്കുവാന്‍) സാധിക്കാത്തവരുടെ സ്ഥാനത്താണ്. നിന്‍റെ മേല്‍ നിര്ബന്ധമായത് ഓരോ ദിവസത്തിനും
മിസ്കീന് ഭക്ഷണം നല്കലാണ്. നിന്‍റെ മേല്‍ ഖദാ ഇല്ല. (ഇമാം ത്വബരി അതേ സനദോടെ തഫ്സീറില്‍
ഉദ്ധരിച്ചത്.)
ഇബ്നു ഉമര്‍رضي الله عنهما വിനെ
തൊട്ടും ഈ വിഷയം സ്വഹീഹായി വന്നിട്ടുണ്ട്.
عن ابن عمر: " أن امرأته سألته
وهى حبلى , فقال: أفطرى وأطعمى عن كل يوم مسكينا ولا تقضى ".
ഇബ്നു ഉമറിനെ തൊട്ടു
നിവേദനം: ഗര്ഭിണിയായ ഒരു സ്ത്രീ അദ്ധേഹത്തോട്(നോമ്പിനെ കുറിച്ച്) ചോദിച്ചു.
അദ്ദേഹം പറഞ്ഞു : നീ നോമ്പ് ഉപേക്ഷിക്കുകയും ഓരോ ദിവസത്തിനും പകരം മിസ്കീനെ ഭക്ഷിപ്പിക്കുകയും
ചെയ്യുക. ഖദാ വീട്ടേണ്ടതില്ല. (സ്വഹീഹായ സനദോടെ
ഇമാം ദാരുഖ്തുനി ഉദ്ധരിച്ചത്.)
(ഈ രണ്ടു സ്വഹാബികളുടെ
ഈ വിഷയത്തിലെ അസറുകള്‍ ഷെയ്ഖ് അല്ബാനി رحمه الله തന്റെ ഇര്‍വാഇല്‍ കൊടുക്കുകയും സിഹ്ഹത് വിശദമാക്കുകയും
ചെയ്യുന്നുണ്ട്. നം:912).
ചുരുക്കത്തില്‍ ഈ
രണ്ടു സ്വഹാബികളും വ്യക്തമായി പറഞ്ഞത് ഗര്ഭി്ണികളും മുലയൂട്ടുന്നവരും ഫിദ്യ കൊടുക്കുവാനും
ഖദാ വീട്ടെണ്ടതില്ല എന്നുമാണ്.
ഷെയ്ഖ് മുഹമ്മദ് ബാസ്മൂല്‍حفظه الله പറഞ്ഞു: "സ്വഹാബികളുടെ ഈ വിശദീകരണത്തിന് വിരുദ്ധമായി ഒന്നും തന്നെ അവര്‍ക്കിടയില്‍ ഉള്ളതായി അറിയപ്പെട്ടില്ല. അപ്പോള്‍ ഇത് ഇജ്മാഉ സുകൂതി ആകുന്നതാണ്".
4.രോഗിയുമായി ഖിയാസ് ആക്കുന്നത് ശരിയല്ല. കാരണം തെളിവുകള്‍ക്ക് മുമ്പില്‍ ഖിയാസ് നില നില്‍ക്കില്ല. ഷെയ്ഖ് മുഹമ്മദ് ബാസ്മൂല്‍حفظه الله പറഞ്ഞു: "തെളിവുകള്‍ക്ക് അഭിമുഖമായി വന്നതിനാല്‍ രോഗിയുമായി ഖിയാസ് ആക്കുന്നത് ശരിയാവുകയില്ല."
അതിനാല്‍ തന്നെ ഗര്ഭിണികളും
മുലയൂട്ടുന്നവരും ഉപേക്ഷിച്ച നോമ്പിനു പകരമായി നോമ്പ് എടുക്കേണ്ടതില്ല എന്നും ഫിദ്യ
കൊടുക്കുകയാണ് വേണ്ടതെന്നുമാണ് കൂടുതല്‍ ശരിയായ അഭിപ്രായമായി മുകളില്‍ ഉദ്ധരിച്ച തെളിവുകള്‍
മുഖേനെ വ്യക്തമാകുന്നത്.
കൂടുതല്‍ അറിയുന്നവന്‍
അള്ളാഹു ആണ്.
✍🏻ഫലാഹുദ്ധീന്‍ ബ്ന്‍ അബ്ദുസ്സലാം
അവലംബ സൂചകം:
പ്രധാന അവലംബം ഷെയ്ഖ് മുഹമ്മദ് ബാസ്മൂല്‍حفظه الله എഴുതിയ
الترجيح في مسائل الصوم والزكاة എന്ന കിതാബ് ആണ്. അത് പോലെ ഷെയ്ഖ് അല്‍ബാനി رحمه الله യുടെ ഇര്‍വാഉല്‍ ഗലീല്‍, മുഹമ്മദ് ഫര്‍കൂസ് حفظه الله നല്‍കിയ ഫത്‌വ, മറ്റു ഉലമാക്കള്‍ നല്‍കിയ ഉത്തരങ്ങള്‍ എന്നിവയും അവലംബമാക്കിയിട്ടുണ്ട്.