ഫലാഹുദ്ധീന്‍ ബിന്‍ അബ്ദുസ്സലാം.
ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട ഒരു ആരാധന കര്‍മമാണ് റമദാനിലെ നോമ്പ്. അത് ശരിയാകുന്നതും നിര്‍ബന്ധമാകുന്നതും ചില നിബന്ധനകള്‍ അഥവാ ശര്തുകള്‍ മുഖേനെയാകുന്നു. പ്രസ്തുത ശര്തുകള്‍ പൂര്‍ണമായും ഉണ്ടാകുമ്പോള്‍ മാത്രമാണ് നോമ്പ് ഒരാളുടെ മേല്‍ നിര്‍ബന്ധമാകുന്നത്. ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ ഫുഖഹാക്കള്‍ സവിസ്തരം വിവരിച്ച ശര്തുകള്‍ സംക്ഷിപ്തമായി താഴെ നല്‍കുന്നു.
1. ഇസ്ലാം :-
നോമ്പ് ശരിയാകുന്നതും നിര്‍ബന്ധമാകുന്നതും മുസ്ലിമിന് മാത്രമാകുന്നു. അമുസ്ലിം നോമ്പ് എടുത്താല്‍ അത് സ്വഹീഹാകുകയില്ല. കാരണം നോമ്പ് ഒരു ഇബാദത്താണ്, അവിശ്വാസിയില്‍ നിന്നും ഇബാദതുകള്‍ സ്വീകാര്യമല്ല. അവിശ്വാസിയുടെ കര്മങ്ങളെ കുറിച്ച് അള്ളാഹു പറഞ്ഞു :
وَقَدِمْنَا إِلَىٰ مَا عَمِلُوا مِنْ عَمَلٍ فَجَعَلْنَاهُ هَبَاءً مَنْثُورًا
(അവര്‍ പ്രവര്‍ത്തിച്ച കര്‍മ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീര്‍ക്കുകയും ചെയ്യും.) [25:23].
നോമ്പ് അവനു ദുന്യാവില്‍ ബാധകമല്ലെങ്കിലും പരലോകത്ത് ഇസ്ലാമിന്‍റെ നിയമങ്ങള്‍ ഒഴിവാക്കിയതിന്റെ പേരില്‍ ശിക്ഷയുണ്ട്.
അമുസ്ലിം ഇസ്ലാം സ്വീകരിച്ചാല്‍ അവന്‍ അവിശ്വാസിയായ കാലത്തെ നോമ്പ് ഖദാ വീട്ടെണ്ടതില്ല. അവന്‍റെ കഴിഞ്ഞ കാലത്തേ പാപങ്ങള്‍ ഇസ്ലാമിലൂടെ പൊറുക്കപ്പെടുന്നതാണ്.
അള്ളാഹു പറഞ്ഞു :
قُلْ لِلَّذِينَ كَفَرُوا إِنْ يَنْتَهُوا يُغْفَرْ لَهُمْ مَا قَدْ سَلَفَ
(സത്യനിഷേധികളോട്, അവര്‍ (കുഫ്രില്‍ നിന്നും) വിരമിക്കുകയാണെങ്കില്‍ അവര്‍ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവര്‍ക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക.)[8:38].
അമുസ്ലിം റമദാനിന്‍റെ പകലില്‍ മുസ്ലിമായാല്‍ ആ ദിവസത്തിന്‍റെ ബാക്കി ഭാഗം അവന്‍ നോമ്പുകാരനെ പോലെ നില്‍ക്കണം. ആ ദിവസത്തെ നോമ്പ് അവന്‍ പിന്നീട് നോറ്റ് വീട്ടണമോ എന്ന വിഷയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ട്. ഷെയ്ഖ് ഇബ്നു ഉസൈമീന്‍ رحمه الله ഈ വിഷയത്തില്‍ കൂടുതല്‍ ശരിയായ അഭിപ്രായമായി പറഞ്ഞത്, അവന്‍ ആ ദിവസത്തെ നോമ്പ് ഖദാ വീട്ടെണ്ടതില്ല എന്നുള്ളതാണ്. കാരണം ആ ദിവസത്തിന്‍റെ തുടക്കത്തില്‍ അവന്‍ നോമ്പ് ബാധകമായ ആളല്ല, എന്നാല്‍ മുസ്ലിമായതോട് കൂടി അവനു നിയമങ്ങള്‍ ബാധകമായതിനാല്‍ ആ ദിവസത്തിന്‍റെ ബാക്കി ഭാഗം അവന്‍ നോമ്പ്കാരനെ പോലെ കഴിയണം.
2. പ്രായപൂര്‍ത്തിയാകുക.
കുട്ടികള്‍ക്ക് പ്രായപൂര്‍ത്തി എത്തുന്നത് വരെ നോമ്പ് നിര്‍ബന്ധമല്ല. ഇസ്ലാമിന്‍റെ ഏതൊരു വിധിവിലക്കും ബാധകമാകുന്നത് പ്രായപൂര്‍ത്തി എത്തുന്നതോട് കൂടിയാണ്. അലി رضي الله عنه ഉദ്ധരിക്കുന്ന ഹദീസില്‍ റസൂല്‍ ﷺ പറഞ്ഞു :
رُفِعَ الْقَلَمُ عَنْ ثَلَاثَةٍ، عَنِ الْمَجْنُونِ الْمَغْلُوبِ عَلَى عَقْلِهِ حَتَّى يَفِيقَ، وَعَنِ النَّائِمِ حَتَّى يَسْتَيْقِظَ، وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ
"“മൂന്ന് പേരിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു (അഥവാ നിയമങ്ങള്‍ അവര്‍ക്ക് ബാധകമല്ല.). ബുദ്ധിഭ്രമം വന്നവന് അത് നീങ്ങുന്നത് വരെ, ഉറങ്ങുന്നവന്- അവന്‍ എഴുന്നേല്‍ക്കുന്നത് വരെ, കുട്ടി- പ്രായപൂര്‍ത്തിയാകുന്നത് വരെ. "
رَوَاهُ التِّرْمِذِيّ وَأَبُو دَاوُد وصححه الالباني
(ആയിഷ رضي الله عنها യെ തൊട്ടും ഇതേ ഹദീസ് സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.)
ആണ്‍ കുട്ടികള്‍ക്ക് പ്രായ പൂര്‍ത്തിയാകുന്നത് മൂന്നിലൊരു കാര്യം സംഭവിച്ചാലാണ്. ഒന്നുകില്‍ ഉറക്കത്തിലോ മറ്റോ സ്കലനം ഉണ്ടാകുക, അല്ലെങ്കില്‍ രഹസ്യ ഭാഗങ്ങളില്‍ രോമം കട്ടിയില്‍ വളരുക, അതുമല്ലെങ്കില്‍ പതിനഞ്ചു വയസ്സാകുക. പെണ്‍കുട്ടിയാണെങ്കില്‍ നാലിലൊരു കാര്യം ഉണ്ടായാല്‍ പ്രയപൂര്തിയായി. ഹൈദ് ഉണ്ടാകുക, അല്ലെങ്കില്‍ മേല്‍ പറയപ്പെട്ട മൂന്നിലൊരു കാര്യം സംഭവിക്കുക എന്നിവയാണവ.
വകതിരിവ് എത്തുകയും നോമ്പ് എടുക്കുവാനുള്ള കഴിവുണ്ടാകുകയും ചെയ്‌താല്‍ കുട്ടികളെ നോമ്പ് എടുപ്പിക്കെണ്ടാതാണ്. രക്ഷിതാക്കള്‍ ഈ വിഷയത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഷെയ്ഖ് സുലൈമാന്‍ റുഹൈലി ഇത് ഇങ്ങനെ ചെയ്യല്‍ രക്ഷിതാവിന്‍റെ മേല്‍ വാജിബാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരിയായത് എന്ന് പറഞ്ഞതായി കാണാം. (പ്രായ പൂര്‍ത്തി എത്താത്ത കാലത്തോളം കുട്ടികള്‍ക്ക് അത് നിര്‍ബന്ധമല്ല, അതിനാല്‍ അവര്‍ ഒഴിവാക്കിയാല്‍ അതിന്‍റെ പേരില്‍ അവര്‍ കുറ്റക്കാരല്ല.പക്ഷെ രക്ഷിതാവ് നല്ല രീതിയില്‍ അതിനു വേണ്ടി അവരെ പ്രേരിപ്പിക്കുകയും നിര്‍ബന്ധിക്കുകയും വേണം.) എന്നാല്‍ നോമ്പ് എടുക്കാന്‍ കഴിയാത്തതോ വകതിരിവ് എത്താത്തതോ ആയ കുട്ടികളെ അവരുടെ കഴിവനുസരിച്ച് നോമ്പ് എടുക്കുവാന്‍ പ്രേരിപ്പിക്കുകയും രാവിലെ കുറച്ചു സമയം, അല്ലെങ്കില്‍ ഉച്ച വരെ, എന്നിങ്ങനെ ദിവസത്തിന്‍റെ കുറച്ചു ഭാഗങ്ങളായും മറ്റുമൊക്കെ അവര്‍ നോമ്പ് എടുക്കുന്നതിനെ അഭിനന്ദിച്ചു കൊണ്ട് നോമ്ബിനോട് ഇഷ്ടമുണ്ടാക്കുകയാണ് വേണ്ടത്. അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് അവരെ പ്രേരിപ്പിക്കെണ്ടത് എന്നും ഷെയ്ഖ് പറഞ്ഞതായി കാണാം.
സ്വഹാബികള്‍ അവരുടെ കുട്ടികളെ നോമ്പ് എടുക്കുവാന്‍ പ്രേരിപ്പിച്ചിരുന്നു. റുബയ്യിഅ് ബിന്‍ത് മുഅവ്വിദ്(رضي الله عنها) പറയുന്നു:
قَالَتْ فَكُنَّا نَصُومُهُ بَعْدُ، وَنُصَوِّمُ صِبْيَانَنَا، وَنَجْعَلُ لَهُمُ اللُّعْبَةَ مِنَ الْعِهْنِ، فَإِذَا بَكَى أَحَدُهُمْ عَلَى الطَّعَامِ أَعْطَيْنَاهُ ذَاكَ، حَتَّى يَكُونَ عِنْدَ الإِفْطَارِ.
"ഞങ്ങള്‍ മുഹറം പത്തിന്‍റെ നോമ്പനുഷ്ഠിക്കുകയും കുട്ടികളെക്കൊണ്ട് അത് നോല്‍പ്പിക്കുകയും ചെയ്യാറുണ്ട്. അവര്‍ക്ക് രോമം കൊണ്ട് കുപ്പായങ്ങളുണ്ടാക്കികൊടുക്കും. വല്ല കുട്ടിയും ഭക്ഷണത്തിന് കരഞ്ഞാല്‍ നോമ്പ് മുറിക്കാന്‍ സമയമാകുന്നതു വരെ കളിപ്പാട്ടങ്ങള്‍ കൊടുത്ത് ഞങ്ങളവരെ കളിപ്പിക്കും."
ഉമര്‍ رضي الله عنه മദ്യപാനിയായ ഒരാളോട് പറയുന്നുണ്ട്, "നിനക്ക് നാശം ഞങ്ങളുടെ കുട്ടികള്‍ നോമ്പ് എടുക്കുന്നവരാണ്." (ഇമാം ബുഖാരി ത'ഇലാഖായി ഉദ്ധരിച്ചത്.)
3. ബുദ്ധിയുണ്ടാകുക;
അഥവാ ബുദ്ധിയില്ലാത്ത, ഭ്രാന്ത് ഉള്ളയാള്‍ക്ക് നോമ്പ് ബാധകമല്ല. അവരുടെ നോമ്പ് സ്വഹീഹുമല്ല. മൂന്നു വിഭാഗം ആളുകളെ തൊട്ടു പേന ഉയര്‍ത്തപ്പെട്ടൂ എന്ന് പഠിപ്പിക്കുന്ന മുകളില്‍ ഉദ്ധരിച്ച ഹദീസാണ് ഈ വിഷയത്തിലെ തെളിവ്. ഇടക്ക് ബുദ്ധിഭ്രമം ഉണ്ടാകുകയും ഇടക്ക് അത് നീങ്ങി ശരിയായ അവസ്ഥയില്‍ ആകുകയും ചെയ്യുന്ന ആളാണ് എങ്കില്‍ അവന്‍ ശരിയായ അവസ്ഥയില്‍ ഉള്ള സമയങ്ങളില്‍ നോമ്പ് എടുക്കണം. ഭ്രാന്ത് ഉണ്ടായ സമയത്തെ നോമ്പ് ഖദാ വീട്ടേണ്ടതില്ല. റമദാനിലെ പകലിലാണ് ഭ്രാന്ത് നീങ്ങിയത് എങ്കില്‍ അവന്‍ ശേഷമുള്ള സമയം നോമ്പ്കാരനെ പോലെ നില്‍ക്കണം. ആ ദിവസത്തെ നോമ്പ് പിന്നീട് ഖദാ വീട്ടെണ്ടതില്ല എന്നതാണ് കൂടുതല്‍ ശരിയായ അഭിപ്രായം.
അത് പോലെ വാര്‍ധക്യം അധികരിച്ച് കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയില്‍ ഉള്ള ആളുകള്‍ക്കും നോമ്പ് ബാധകമല്ല. അവര്‍ നോമ്പിനു പകരം ഫിദ്യയും നല്‍കേണ്ടതില്ല. കാരണം നിയമങ്ങള്‍ ബാധകമല്ലാത്ത അവസ്ഥയിലാണ് അവര്‍ ഉള്ളത്.
4. നോമ്പ് നോക്കുവാനുള്ള കഴിവുണ്ടാകുക.
അഥവാ ആരോഗ്യപരമായി നോമ്പ് നോക്കുവാന്‍ അശക്തിയുള്ള ആളുകള്‍ക്ക് നോമ്പ് നിര്‍ബന്ധമല്ല. എന്നാല്‍ പ്രസ്തുത കാരണത്താല്‍ നോമ്പ് ഒഴിവാക്കിയ ആളുകള്‍ പിന്നീട് നോമ്പ് എടുത്ത് വീട്ടെണ്ടതാണ്. അള്ളാഹു പറയുന്നു :
وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ
(ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) [2:185].
എന്നാല്‍ അശക്തിയുള്ള ആളുകള്‍ നോമ്പ് എടുത്താല്‍ അത് സ്വഹീഹാണ്.
നോമ്പ് എടുക്കുന്നതില്‍ അശക്തനായ ആളുകള്‍ രണ്ടു തരത്തില്‍ ഉണ്ട്, പ്രസ്തുത അശക്തി നീങ്ങുമെന്ന പ്രതീക്ഷ ഉള്ള ആളുകളാണ് ഒരു വിഭാഗം. (സാധാരണ രോഗം പോലുള്ളവ), അങ്ങനെയുള്ളവര്‍ അത് നീങ്ങിയാല്‍ നോമ്പ് എടുത്തു വീട്ടേണ്ടതാണ്. പ്രസ്തുത അശക്തി നീങ്ങുമെന്ന പ്രതീക്ഷ ഇല്ലാത്തയാള്‍ (മാറാ രോഗം ഉള്ളയാള്‍, നോമ്പ് എടുക്കുവാന്‍ കഴിയാത്ത വൃദ്ധരായ ആളുകള്‍ പോലുള്ളവര്‍), അവര്‍ നോമ്പിനു പകരം ഫിദ്യ നല്‍കുകയാണ് ചെയ്യേണ്ടത്. (എന്നാല്‍ സ്ഥിര ബുദ്ധി നീങ്ങിയ പടു വൃദ്ധര്‍ക്ക് ഫിദ്യ ഇല്ല എന്ന് നേരെത്തെ പറഞ്ഞത് ഓര്‍മിക്കുക,).
5. യാത്രക്കാരന്‍ അല്ലാതിരിക്കുക.
യാത്രക്കാരനു നോമ്പ് നിര്‍ബന്ധമല്ല, പിന്നീട് നോറ്റ് വീട്ടിയാല്‍ മതി. മുകളില്‍ നല്‍കിയ ആയത് തന്നെയാണ് തെളിവ്. എന്നാല്‍ യാത്രക്കാരന്‍ നോമ്പ് എടുത്താല്‍ അത് സ്വഹീഹാണ് , അഥവാ അതില്‍ തെറ്റില്ല. യാത്രയില്‍ നോമ്പ് നോക്കുന്നത് പ്രയാസകരമെങ്കില്‍ നോമ്പ് ഒഴിവാക്കലാണ് ഉത്തമം എന്ന അഭിപ്രായത്തില്‍ നാല് മദ്ഹബുകളും ഒന്നിച്ചിരിക്കുന്നു.
6. സ്ത്രീകള്‍ക്ക് ഹൈദോ നിഫാസോ ഇല്ലാതിരിക്കുക.
ഹൈദോ നിഫാസോ ഉള്ള സ്ത്രീകള്‍ക്ക് പ്രസ്തുത സമയങ്ങളില്‍ നോമ്പ് ബാധകമല്ല, അവര്‍ നോമ്പ് എടുത്താല്‍ അത് ശരിയാകുകയില്ല, നോമ്പ് എടുക്കുന്നത് ഹറാമുമാണ്. അവര്‍ മറ്റൊരു ദിവസം നോമ്പ് എടുത്തു വീട്ടുകയാണ് വേണ്ടത്. ഈ വിഷയങ്ങളില്‍ ഇജ്മാ ഉണ്ട്.
((المجموع)) (2/354)، ((شرح النووي على مسلم)) (4/26)، وانظر ((المجموع)) للنووي (6/257).
ഏറ്റവും നന്നായി അറിയുന്നവന്‍ അല്ലാഹുവാണ് .
هذا، والعلم عند الله تعالى، وآخِرُ دعوانا أنِ الحمدُ لله ربِّ العالمين، وصلَّى الله على نبيِّنا محمَّدٍ وعلى آله وصحبِه وإخوانِه إلى يوم الدِّين، وسلَّم تسليمًا.